Is there anything to worry about the Indian economy now?
(Blog article in Malayalam language)
ഇന്ത്യയുടെ നല്ലകാലം ഇപ്പോൾ കഷ്ടകാലമായി മാറിക്കൊണ്ടിരിക്കുന്നോ? ഇന്ത്യാ ഗവർമെന്റ് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്നും കൂടുതൽ തുക ആവശ്യപ്പെട്ടതിനെപ്പറ്റിയും ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷം കോടി സർക്കാരിനു കൊടുക്കാൻ റിസർവ് ബാങ്ക് അവസാനം സമ്മതിച്ചു എന്നും ഒക്കെ വാർത്തകൾ കണ്ടും കേട്ടുമൊക്കെ ഇരിക്കയാണല്ലോ.
ഇന്ത്യാ ഗവർമെന്റ് പണത്തിനു ഞെരുക്കം അനുഭവിക്കുന്നു എന്നു വേണം കരുതാൻ. ഒന്നുകിൽ ടാക്സ് വരുമാനം ഉദ്ദേശിച്ച അത്ര വരുന്നില്ല. അല്ലെങ്കിൽ വരുമാനത്തേക്കാൾ സർക്കാർ ചെലവുകൾ വർദ്ധിച്ചിരിക്കുന്നു.
സാമാന്യ ജനത്തേക്കാൾ വിവരം കൂടിയ ഇന്ത്യക്കാർ ഈ ഒരു അവസ്ഥയെ പറ്റി പൊതുവിൽ പറയുകയും എഴുതുകയും ഒക്കെ ചെയ്യുന്നു. റിസർവ് ബാങ്കിന്റെ കരുതൽ ധനം എന്തെന്നറിയാൻ താഴെയുള്ള വിഡിയോ കാണാംഃ
ഇന്ത്യയുടെ സമ്പത് വ്യവസ്ഥ അപകടമാകും വിധമുള്ള തകർച്ചയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നു എന്ന് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനും മുൻ പ്രധാന മന്ത്രിയുമായ ശ്രീ മൻ മോഹൻ സിംഗ് ഈ അടുത്ത ദിവസം അഭിപ്രായപ്പെട്ടത് ഒരു മലയാളം ടി വി ചാനൽ റിപ്പോർട്ട് ചെയ്ത വിഡിയൊ ആണു താഴെ കാണുന്നത്ഃ
അദ്ദേഹം പറയുന്ന ഒരു കാര്യം പ്രത്യേകിച്ചും ശ്രദ്ധേയം ആണ്. മോശം ഭരണം അല്ലെങ്കിൽ നല്ല ഭരണം നയിക്കാൻ ഇപ്പോഴത്തെ സർക്കാരിനു കഴിയാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു സ്ഥിതി വന്നത് എന്ന് അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ സാമ്പത്യ സ്ഥിതിയുടെ ഒരു ഏകദേശ ധാരണ കിട്ടാൻ വാഹന വിപണിയുടെ ഇപ്പോഴത്തെ നില നോക്കിയാൽ മതി. വാഹന വിൽപ്പന വലിയ തോതിൽ കുറഞ്ഞു കൊണ്ടിരിക്കുന്നു. താഴെ കാണുന്ന ചാനൽ വാർത്ത കാണുകഃ
ഇന്ത്യയുടെ സാമ്പത്യ സ്ഥിതിയുടെ ഒരു ഏകദേശ ധാരണ കിട്ടാൻ വാഹന വിപണിയുടെ ഇപ്പോഴത്തെ നില നോക്കിയാൽ മതി. വാഹന വിൽപ്പന വലിയ തോതിൽ കുറഞ്ഞു കൊണ്ടിരിക്കുന്നു. താഴെ കാണുന്ന ചാനൽ വാർത്ത കാണുകഃ
എന്നാൽ രാജ്യത്ത് ഒരു സാമ്പത്തിക പ്രശ്നങ്ങളും ഇല്ല എന്നാണു ഇപ്പോഴത്തെ ഇന്ത്യൻ ധനകാര്യ മന്ത്രി ശ്രീമതി നിർമലാ സീതാരാമൻ പറയുന്നത്. അവർ പറഞ്ഞത് റ്റി വി യിൽ വന്നത് കൂടി കേൾക്കാംഃ
കാര്യങ്ങൾ എങ്ങനെയൊക്കെ ആയാലും ഈ പ്രതിസന്ധിയുടെ തിക്തഫലം ഇന്ത്യയിലെ ജനങ്ങൾ പരോക്ഷമായെങ്കിലും ഇപ്പോൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാൻ. ഇതു ഒരു താൽക്കാലിക പ്രതിഭാസമോ അതോ ദീർഘകാലത്തേക്കുള്ള പ്രശ്നങ്ങളുടെ തുടക്കമോ എന്നേ ഇനി അറിയാനുള്ളൂ.
സമ്പത്ത് വ്യവസ്ഥയുടെ അളവുകൾ എങ്ങനെ എന്ന് നമ്മൾ സാധാരണക്കാർ നോക്കേണ്ട കാര്യമില്ല. മൊത്തം രാജ്യത്തിന്റെ വളർച്ച ഏഴര ശതമാനത്തിൽ നിന്ന് അഞ്ചായി അല്ലെങ്കിൽ അഞ്ചര ആയി എന്നൊക്കെ കേട്ടാൽ ഒരു സാധാരണ ഇന്ത്യക്കാരന് ഒന്നും മനസ്സിലായെന്നു വരികയില്ല.
എന്നാൽ പതിനായിരം രൂപ മുടക്കി മൂന്നു കൊല്ലം മുമ്പ് എടുത്ത മ്യൂച്ചൽ ഫണ്ട് ഇന്ന് വെറും നാലായിരം രൂപയുടെ മാത്രം ആയിരിക്കുന്നു എന്നത് വലിയ ചതി ആയല്ലോ എന്ന് സാധാരണക്കാരൻ കരുതും. ഷെയറിലും മ്യൂച്വൽ ഫണ്ടിലും ഒക്കെയുള്ള വിശ്വാസം തകർന്ന അവസ്ഥയിൽ ആയിരിക്കുന്നു ഇന്ത്യയിലെ സാധാരണക്കാരൻ. ഇതിനൊക്കെ ഉത്തരവാദി ഭരിക്കുന്ന സർക്കാർ അല്ലെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
ജീവിതകാലം മുഴുവൻ വിദേശത്തും സ്വദേശത്തും കഷ്ടപ്പെട്ട് പണം സ്വരുക്കൂട്ടി സർക്കാരിന്റെ എല്ലാവിധ അനുമതികളും കിട്ടിയതായി അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്കാർ തെളിവു സഹിതം വിശ്വസിപ്പിച്ച ഫ്ലാറ്റ് സമുച്ചയങ്ങളിൽ മുടക്കി വാങ്ങിയ ഫ്ലാറ്റിൽ സമാധാനത്തോടെ മൂന്നാലു കൊല്ലം താമസിച്ചു കഴിഞ്ഞപ്പോൾ സർക്കാരിന്റെ തന്നെ വേറൊരു വിഭാഗക്കാർ ഈ ഫ്ലാറ്റുകൾ നിയമവിധേയമല്ല എന്നു പറഞ്ഞ് സുപ്രീം കോടതി വരെ വാദിച്ച് ഈ വൻ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവ് സമ്പാദിച്ച് പത്തഞ്ഞൂറു കുടുംബങ്ങളെ വഴിയാധാരമാക്കാൻ ഇറങ്ങിത്തിരിച്ചിട്ട് ഇതാ നിയമം എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോൾ ഈ രാജ്യത്ത് ഇനി സ്വബോധമുള്ള ആരെങ്കിലും ഫ്ലാറ്റു വാങ്ങാൻ പോകുമൊ?
എന്തൊരു വെള്ളരിക്കാ രാജ്യമാണു നമ്മുടെ എന്നു നോക്കിക്കേ! കാശു മുടക്കിയ ഈ രാജ്യക്കാർ സർക്കാർ സംവിധാനങ്ങളുടെ തൊഴുത്തിൽ കുത്തു കാരണം എപ്പോൾ പെരുവഴിയിൽ ആകും എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ഈ രാജ്യത്തെ സുപ്രീം കോടതി തന്നെ പരസ്പര വിരുദ്ധമായ വിധികൾ ഒന്നിനു പുറകേ ഒന്നായി പുറപ്പെടുവിക്കുമ്പോൾ ആർക്ക് എന്തു ചെയ്യാൻ പറ്റും?
ഇന്ത്യയിലെ സംസ്ഥാന സർക്കാരുകളും, കേന്ദ്ര സർക്കാരും, ഇവരുടെയൊക്കെ പലവിധ വിഭാഗങ്ങളും കോടതികളും പരസ്പരം കൊമ്പ് കോർക്കുന്ന ഈ രാജ്യത്ത് എന്തു സർക്കാർ? എന്തു സമ്പത്ത് വ്യവസ്ഥ? തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും എന്നോരു ചൊല്ല് കേട്ടിട്ടില്ലേ? അതുപോലെയോ അതിലും കഷ്ടത്തിലോ ആയിരിക്കുന്നു ഈ മഹാരാജ്യം ഇപ്പോൾ!
കുറ്റവും ശിക്ഷയും തമ്മിൽ ഒരു ബന്ധവും ഇല്ലായെന്നു വ്യക്തമാക്കി കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ആരെ വിശ്വസിച്ച് മുതൽ മുടക്കും? അതായത് കുറ്റങ്ങളുടെ നിർവചനങ്ങളും അതിനൊക്കെ കൊടുക്കാവുന്ന ശിക്ഷകളും ഒക്കെ തോന്നിയ പോലെ. പലതിനും പരസ്പര വിരുദ്ധത ഇഷ്ടം പോലെ ആയതിനാൽ ഒരു കോടതി വിധി മറ്റൊരു കോടതിയിൽ തല തിരിയുന്നു. ഇതൊക്കെ നേരെയാക്കാൻ നിയമങ്ങൾ ഉണ്ടാക്കാനായി തെരെഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികൾ പലർക്കും നിയമം പോയിട്ട് സാദാ പത്രം വായിക്കാൻ പോലുമുള്ള അറിവില്ല. പൂച്ചക്ക് ആരു മണി കെട്ടും?
ഇപ്പോൾ പടച്ചു വിട്ട ഒരു നിയമം കണ്ടില്ലേ? വാഹനം വാങ്ങുന്നതു മൂലം വൻ ശിക്ഷകൾ കിട്ടുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചാൽ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് പലരും പിന്മാറുകയില്ലേ? വാഹനങ്ങൾ കൊണ്ടുള്ള ബിസിനസ് പലരും വേണ്ടെന്നു തന്നെ വയ്ക്കില്ലേ? അതി ഭയങ്കര നികുതികളും നിബന്ധനകളും വച്ചിട്ട് വാഹനം ഓടിക്കാൻ നല്ല റോഡുകൾ നിർമ്മിച്ചു പരിപാലിക്കയും കൂടെ ചെയ്യാത്ത സർക്കാരുകളെ വിശ്വസിച്ച് വാഹനങ്ങൾ ഉപയോഗത്തിൽ വരുത്തേണ്ട എന്തെങ്കിലും ബിസിനസ് ചെയ്യാൻ അല്പമെങ്കിലും മൂളയുള്ളവർ തുനിഞ്ഞിറങ്ങുമോ?
പണമിടപാടുകൾ എല്ലാം സുതാര്യമായ ഡിജിറ്റൽ രീതിയിൽ നടത്താൻ ഒരു കൊല്ലത്തിനകം നടപടി ഉണ്ടാകും എന്നൊക്കെ പറഞ്ഞു രാജ്യത്തെ കറൻസി നോട്ടുകൾ നിരോധിച്ച് പൊതു ജനങ്ങളെ വൻ ദുരിതത്തിൽ ആക്കിയിട്ട് ഡിജിറ്റൽ കാര്യം മിണ്ടാതെ പല നിറങ്ങളിലും സൈസുകളിലും ഒക്കെ കൂടുതൽ കറൻസി അടിച്ചിറക്കി കള്ള നോട്ടു വ്യാപാരം പുതിയ രീതിയിൽ തുടങ്ങാൻ അവസരം ഒരുക്കിയ സർക്കാരിനെ എങ്ങനെ വിശ്വസിക്കും? നോട്ടു നിരോധനം എന്ന കേന്ദ്ര സർക്കാർ തീരുമാനം ഒരുപാട് ഗുണങ്ങൾക്ക് വേണ്ടി ചെയ്തു എങ്കിലും വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്കാണു എത്തിച്ചേർന്നത്ഃ
രാജ്യത്ത് ജോലി സംബന്ധമായൊ ബിസിനസ് സംബന്ധമായൊ മാറിത്താമസിക്കേണ്ടി വന്നാൽ പുതിയ മേൽ വിലാസത്തിനു പ്റൂഫ് ആയി ആ വിലാസത്തിന്റെ തന്നെ പ്രൂഫ് വേണമെന്നു പറയുന്ന സർക്കാർ സംവിധാനത്തിനു ബുദ്ധിയെന്നൊന്ന് ഇല്ലെന്ന് ജനം പിറുപിറുത്ത് പ്രാകിയാൽ അവരെ കുറ്റം പറയാമോ?
ഒരു സ്ഥലത്തു നിന്നും വേറൊരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ ഒരു മേൽ വിലാസം എങ്ങനെ പുതിയതായി ഉണ്ടാക്കാൻ പറ്റും എന്നതിനു വിവേകപൂർണ്ണമായ ഒരു നിർദ്ദേശം സ്വന്തം ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ പറ്റാത്ത സർക്കാർ എന്തു സർക്കാർ? എല്ലാത്തിനും അടിസ്ഥാനം ആധാർ. അപ്പോൾ ആധാറിനും മറ്റൊരു അടിസ്ഥാനം ആവശ്യപ്പെട്ടാൽ ഈ ആധാർ എന്തിന്റെ ആധാർ? ഈ സർക്കാരിനെ ശപിക്കയല്ലാതെ സ്തുതിക്കുമോ?
രാജ്യത്ത് ആദായ നികുതി കൊടുക്കേണ്ടി വരുന്ന എല്ലാവരും ഇങ്ളീഷിൽ കമ്പ്യൂട്ടർ വഴി നികുതി റിട്ടേൺ സമർപ്പിക്കണമെന്ന് ഒരു സുപ്രഭാതത്തിൽ ഉത്തരവ് ഇടുന്ന സർക്കാരിനു ഈ രാജ്യത്തെ പറ്റി എന്തു വിവരം? റിട്ടേൺ സമയത്തു കമ്പ്യൂട്ടറിൽ അടിച്ചു കയറ്റിയില്ലെന്കിൽ ശിക്ഷയൊ അതി ഭയങ്കരം! അപ്പോൾ പിന്നെ ആദായ നികുതി കൊടുക്കത്തക്ക ആദായം ഇല്ലാതെയിരിക്കുന്നതു ഭാഗ്യം എന്നു സാധാരണ ഇന്ത്യക്കാർ കരുതുന്നതിൽ അവരെ കുറ്റം പറയാൻ പറ്റുമോ? നേരാം ചൊവ്വെ എഴുതാനും വായിക്കാനും അറിയാത്തവരും കമ്പ്യൂട്ടർ എന്തു കുന്തമെന്നു അറിയാത്തവരും കോടിക്കണക്കിനു ഉള്ള ഒരു രാജ്യമാണിതെന്നു ഭരണക്കാർക്ക് അറിയില്ല എന്നുണ്ടോ?
അതു തന്നെ ജി എസ് റ്റി എന്ന ഭരണ പരിഷ്കാരത്തിലും പറ്റിയത്. ഇന്ത്യയിൽ കച്ചവടവും കൊച്ചു കൊച്ചു നിർമ്മാണ പ്രവർത്തനങ്ങളും ഒക്കെ ചെയ്യുന്നവർക്കേ അതു തന്നെ എന്തു പ്രയാസപ്പെട്ടാണ് ചെയ്യുന്നതെന്നു അറിയുള്ളൂ. അപ്പോഴാണീ പുതിയ ഭരണ പരിഷ്കാരം. മാസാ മാസം വാങ്ങിയതും വിറ്റതും ഒക്കെ കമ്പ്യൂട്ടർ വഴി അടിച്ച് കേറ്റണം. ഒന്നും തെറ്റാൻ പാടില്ല.
ബിസിനസ് ചെയ്യുമോ അതോ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്ന് പ്രാകുമോ? പിന്നെ ഈ കമ്പ്യൂട്ടർ നെറ്റ് വർക്ക് ഒരു കുഴപ്പവും ഇല്ലാതെ രാജ്യത്ത് എല്ലായിടത്തും ഒരു പോലെ ആണെന്നാണല്ലോ പുതിയ ഭരണക്കാർ കരുതിയിരിക്കുന്നത്. അല്ലെങ്കിൽ അവരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്! അപ്പോൾ രായ്ക്കു രാമാനം പഴയതു കളഞ്ഞ് പുതിയതാക്കി. അതിനിപ്പോൾ വരുന്ന കുഴപ്പങ്ങൾ ആരോട് പറയും? പറഞ്ഞാൽ തന്നെ ആർക്കറിയാം അതിനൊരു പരിഹാരം ഉണ്ടാക്കാൻ? ബിസിനസ് തന്നെ വേണ്ടെന്നു വച്ചാൽ അതല്ലേ നല്ലത്?
അങ്ങനെയങ്ങനെ ജനങ്ങൾ ഫ്ലാറ്റും കാറും സ്ഥലവും മ്യൂച്ച്വൽ ഫണ്ടും ഒക്കെ വാങ്ങുന്നത് നിർത്തി കൊണ്ടിരിക്കുന്നു.
കൈയിൽ ബിസിനസ് ഒക്കെ തുടങ്ങാൻ ഉള്ള പ്രാപ്തി ഉണ്ടെങ്കിലും വഴിയിൽ കിടന്ന വയ്യാവേലി വലിച്ചു തലയിൽ വയ്കേണ്ട എന്നു കരുതുന്നു.
അപ്പോൾ ജനങ്ങളുടെ ആവശ്യങ്ങൾ ചുരുങ്ങുന്നു. അത്യാവശ്യം അല്ലാത്ത സാധനങ്ങളും സേവനങ്ങളും ജനങ്ങൾക്ക് വേണ്ടാതായി തുടങ്ങുന്നു. അതിനൊക്കെയായി നടത്തിയിരുന്ന ബിസിനസുകൾ കച്ചവടം കുറഞ്ഞ് നഷ്ടക്കച്ചവടം ആയി മാറുന്നു. അവയിലെ ജോലി അവസരങ്ങൾ നഷ്ടപ്പെട്ടു തുടങ്ങുന്നു.
രാജ്യത്ത് നികുതി കൊടുക്കുന്ന ആൾക്കാർ കുറയുന്നു. സർക്കാരിന്റെ വരുമാനം കുറഞ്ഞു വരുന്നു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ പണം ഇല്ലാതെ ആവുന്നു.
ഫലം രാജ്യം സാമ്പത്തിക തളർച്ചയിലേക്കു കൂപ്പു കുത്തുന്നു. അതായത് സർക്കാരിന്‍റെ ബുദ്ധി മോശമായ തീരുമാനങ്ങൾ രാജ്യത്തെ ഭയങ്കര കുഴപ്പങ്ങളിൽ കൊണ്ട് ചാടിക്കുന്നു. ആദ്യം എല്ലാവർക്കും പ്രശ്നം ഉണ്ടായെന്നു വരില്ല. എന്നാൽ ക്രമേണെ എല്ലാവരെയും അതു ബാധിക്കുന്നു.
കുറെ വർഷങ്ങൾക്ക് മുമ്പ് അർജെന്റീനയിൽ അതു സംഭവിച്ചു. മറ്റു രാജ്യങ്ങളിലും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്.
ഈ രാജ്യം അങ്ങനെ ഒരു വൻ പ്രശ്നത്തിൽ അകപ്പെടാതിരിക്കാൻ രാജ്യം ഭരിക്കുന്നവർക്ക് സൽ ബുദ്ധി വരണേ എന്ന് പ്രാർത്ഥിക്കാനേ നമുക്ക് കഴിയൂ!