Powered By Blogger
Showing posts with label സഹായം. Show all posts
Showing posts with label സഹായം. Show all posts

Friday, May 25, 2012

അദൃശ്യ കരങ്ങളുടെ സഹായം !

ഒരിക്കല്‍ ഒരു രാത്രി സമയം കാറോടിച്ചു വീട്ടിലേക്കു പോവുകയായിരുന്നു. എവിടെ നിന്നെന്നു അറിയാതെ ഒരു വയസ്സന്‍ കാറിന്‍റെ മുമ്പിലേക്ക് ചാടി എന്‍റെ വാഹനം തടഞ്ഞു നിര്‍ത്തി. താടിയും മുടിയും നീട്ടി വളര്‍ത്തി ചില പ്രത്യേക തരത്തില്‍ വേഷം ധരിച്ച ഒരു രൂപം. പകുതി ഹിന്ദു സന്യാസി പോലെയും പകുതി മുസ്ലിം ഫക്കീര്‍ പോലെയും തോന്നിപ്പിക്കുന്ന ഒരു അര്‍ദ്ധ നഗ്ന വൃദ്ധന്‍. മുഖത്ത് പേടിപ്പിക്കുന്ന തരം രുദ്ര ഭാവം.

ആരുമില്ലാ നേരത്ത് തടഞ്ഞു നിര്‍ത്തി പേടിപ്പിച്ചു കാശ് പിടുങ്ങാന്‍ ആയിരിക്കുമല്ലോ ഇയാളുടെ വരവെന്ന് ഞാനും അടുത്തിരുന്ന സഹധര്‍മിണിയും ഒരുപോലെ മനസ്സില്‍ വിചാരിച്ചു.

എന്നാല്‍ പെട്ടെന്ന് അയാളുടെ രുദ്ര ഭാവം അയഞ്ഞു. പെട്ടെന്ന് ഹിന്ദിയില്‍ അയാള്‍ ഇങ്ങനെ പറഞ്ഞു.

" നിങ്ങള്‍ ആര്‍ക്കും ഒരു ദോഷവും ചെയ്യാത്ത നല്ല മനുഷ്യനാണ്. എന്നിട്ടും അനേകം പേര്‍ നിങ്ങടെ ചുറ്റും നിങ്ങള്‍ക്ക് ശത്രുക്കള്‍ ആയി ദോഷം ചെയ്യാന്‍ കരുക്കള്‍ നീക്കുന്നു. എന്നാല്‍ ആര്‍ക്കും നിങ്ങളെ ഒന്നും ചെയ്യാന്‍ ആവില്ല. നിങ്ങടെ ചുറ്റും അദൃശ്യ ശക്തികള്‍ നിങ്ങളെ കാക്കുന്നു."

ഇത്രയും പറഞ്ഞു വന്നതു പോലെ അയാള്‍ കാറിന്‍റെ മുന്‍പില്‍ നിന്നും മാറിത്തന്നു.

ഞാന്‍ പെട്ടെന്ന്‌ വാഹനം വീട്ടിലേക്കു ഓടിച്ചു. 

ആ രൂപത്തെ പിന്നീട് ഒരിക്കലും ഞാന്‍ കാണാന്‍ ഇടയായിട്ടില്ല.

എന്നാല്‍ ആ സംഭവവും അയാള്‍ പറഞ്ഞ ആ വാചകങ്ങളും മനസ്സില്‍ മായാതെ കിടക്കുന്നു.

കാരണം അയാള്‍ പറഞ്ഞ കാര്യങ്ങളില്‍ ചില വാസ്തവങ്ങള്‍ ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിരുന്നു.

മനസ്സുകൊണ്ടോ പ്രവൃത്തി കൊണ്ടോ ആര്‍ക്കും ദോഷം ആഗ്രഹിക്കുകയോ ചെയ്യുകയോ ചെയ്യാത്ത പ്രകൃതമാണ് ചെറുപ്പം മുതലേ എനിക്കുള്ളത്. എന്നിട്ടും പലരും എനിക്ക് ശത്രുക്കള്‍ ആകുകയും എന്‍റെ വിരോധികള്‍ ആകുകയും ചെയ്ത അനുഭവം പലപ്പോഴും എനിക്ക് നേരിട്ടിരിക്കുന്നു.

എന്നാല്‍ ഈ വിധ വിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും എന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നതും ഒരു തരത്തില്‍ എന്നെ  അത്ഭുധപ്പെടുത്തിയിരുന്നു.

അതൊക്കെ അദൃശ്യ കരങ്ങളുടെ സഹായം തന്നെ ആണോ?

അതുപോലെ വേറൊരു കാര്യവും വളരെ കാലം മുമ്പ്‌ ഒരാള്‍ എന്നോട് പറഞ്ഞത് ഓര്‍മയില്‍ വരുന്നു.

എനിക്കെതിരെ കരുക്കള്‍ നീക്കുന്ന ശത്രുക്കള്‍ അതുമൂലം പ്രയാസം അനുഭവിക്കും എന്നതായിരുന്നു അത്.

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഒരു വൃദ്ധന്‍ എന്നേ അന്വേഷിച്ചു വീട്ടില്‍ വന്നു. എനിക്ക് ആളെ മനസ്സിലായില്ല. വന്ന പാടെ അയാള്‍ എന്നോട് മാപ്പ് അപേക്ഷിച്ചു. എനിക്ക് കാര്യം ഒട്ടും പിടി കിട്ടിയില്ല. പിന്നെ അയാള്‍ വിശദമാക്കി. കുറെ നാളുകള്‍ക്കു മുമ്പ്‌ എനിക്ക് സ്വല്‍പ്പം നഷ്ടമുണ്ടാക്കുന്ന ഒരു കാര്യം അയാള്‍ ചെയ്തിരിക്കുന്നു. അതില്‍ എന്‍റെ ഭാഗത്തുനിന്നും പ്രതികരിക്കാത്തത് കാരണം അയാള്‍ക്ക് കുറ്റബോധം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. അയാള്‍ക്ക്‌ പല പ്രശ്നങ്ങളും നേരിട്ടതു അതു കാരണം എന്ന് അയാള്‍ കരുതുന്നു. ഞാന്‍ എന്നേ മറന്ന ഒരു കാര്യം. ആശ്വസിപ്പിച്ചു വിട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അതുപോലെ മറ്റു ചില സംഭവങ്ങള്‍.

വര്‍ഷങ്ങള്‍ എന്‍റെ ജൂനിയര്‍ ആയി പ്രവര്‍ത്തിച്ച ഒരു വനിതാ എഞ്ചിനീയര്‍ ഒരിക്കല്‍ എന്നോട് ചോദിച്ചത് ഓര്‍മയില്‍ വരുന്നു.

"സാറിനെ പുറകില്‍ കൂടി പലരും ചീത്ത പറയുന്നു ഒരു കാരണവുമില്ലാതെ.എന്നാല്‍  അവരൊക്കെ സാറിന്‍റെ മുമ്പില്‍ വന്നാല്‍ ആ വിരോധം ഒരിക്കലും പ്രകടമാക്കാത്തത് എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല."

ഇതെല്ലാം ആ അദൃശ്യ കരങ്ങളുടെ സഹായം തന്നെ ആയിരിക്കണം. 

നമുക്കറിയാത്ത ഒരുപാടു കാര്യങ്ങള്‍ ഈ ലോകത്തില്‍ നടക്കുന്നു.

എല്ലാത്തിനും ശാസ്ത്ര വിശദീകരണത്തിനു തുനിയുന്നതും ആശാസ്യമായിരിക്കയില്ലല്ലോ !  

[രാജന്‍ സി മാത്യുവിന്‍റെ കൂടുതല്‍ മലയാളം ബ്ലോഗുകള്‍ ഇവിടെ കാണുക !]