Powered By Blogger
Showing posts with label ബ്ലോഗുകള്‍. Show all posts
Showing posts with label ബ്ലോഗുകള്‍. Show all posts

Wednesday, June 13, 2012

സ്വയം എന്തെങ്കിലും ഗുണമില്ലാത്ത കാര്യം ആരെങ്കിലും ചെയ്യുമോ ?

ജനസേവനത്തിനും രാജ്യസേവനത്തിനും മതസേവനത്തിനും ഒക്കെയായി പ്രവര്‍ത്തിക്കുന്ന അനേകം മനുഷ്യ സ്നേഹികളും രാജ്യസ്നേഹികളും മതസ്നേഹികളും അഹോരാത്രം പ്രയഗ്നിക്കുന്നതു നാം ദിവസേന കാണുകയും കേള്‍ക്കുകയും വായിക്കുകയും ഒക്കെ ചെയ്യുന്നു.  

ഇതില്‍ വാരെന്‍ ബഫറ്റ്, ബില്‍ ഗേറ്റ്സ് , രത്തന്‍ ടാറ്റ  മുതലായ വ്യവസായ പ്രമുഖര്‍ ബിസിനസ്സിലൂടെ പണം നേടുകയും അതില്‍ നല്ല ഒരു പങ്കു സേവനകാര്യത്തിനായി മാറ്റി ചെലവിടുക മാത്രമല്ല അങ്ങനെയുള്ള സേവന പദ്ധതികള്‍ ശ്രദ്ധയോടെ നടത്താന്‍ സമയവും ബുദ്ധിയും വിനിയോഗിക്കുകയും ചെയ്യുന്നു.

അത്രയൊന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലും തങ്ങളാല്‍ കഴിയുന്നത് യാതൊരു പ്രതിഫലവും കൂടാതെ അനേകായിരങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു.

എത്രയെത്ര സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ അങ്ങനെ ചെറുതും വലുതുമായ സംഭാവനകളില്‍ കൂടിയും നിസ്വാര്‍ഥ സേവനങ്ങളില്‍ കൂടിയും മഹത്തായ പൊതു പ്രവര്‍ത്തനം തുടര്‍ന്നു പോകുന്നു.

നിരാലംബരായ വ്യക്തികളുടെ നന്‍മയ്ക്ക് മാദ്ധ്യമങ്ങളും തങ്ങളാല്‍ കഴിയുന്നത് ചെയ്തു കൊണ്ടിരിക്കുന്നു.

പ്രശസ്തമായ പല വിദ്യാലയങ്ങളും ആശുപത്രികളും സ്തുത്യര്‍ഹമായ രീതിയില്‍ നടത്തുന്നത് പേരും പെരുമയും പണവും ആഗ്രഹിക്കാത്ത പലരുടെയും സേവന മനോഭാവം ഒന്ന് കൊണ്ട് മാത്രം എന്ന് വേണമെങ്കില്‍ പറയാം.

ചാരിറ്റബിള്‍ സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ ഇങ്ങനെയുള്ള സര്‍ക്കാരിതര സേവനങ്ങള്‍ക്ക് നിയമപരമായ പിന്‍ബലം നല്‍കി മുമ്പോട്ട്‌ പോകാന്‍ സഹായം ചെയ്യുന്നു.

ഇതൊക്കെ കാര്യങ്ങളുടെ ഒരു വശം.

ഇന്ന് ഇങ്ങനെയുള്ള നിസ്വാര്‍ഥ സേവന മേഖല സ്വാര്‍ഥ താല്പര്യക്കാരുടെ കളിക്കളം ആയിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യ വ്യവസ്ഥിതിയില്‍ നിസ്വാര്‍ഥ ജന സേവനത്തിന്‍റെ പരമോന്നത മാതൃകയാണ് രാഷ്ട്രീയം അഥവാ രാഷ്ട്ര സേവനം.

കുറച്ചു കാലം ജനസേവനം നടത്തി മറ്റുള്ളവര്‍ക്ക് വേണ്ടി മാറിക്കൊടുക്കുക എന്നതാണ് ജനാധിപത്യത്തില്‍ മാതൃക ആവേണ്ടത്. ഉദാഹരണത്തിന് അമേരിക്കയിലെ വ്യവസ്ഥയില്‍ അവിടുത്തെ ഒരു പൌരന്‍ രാഷ്ട്രപതി പദവി രണ്ടു തവണയില്‍ കൂടുതല്‍ വഹിക്കാന്‍ പാടില്ല. രാഷ്ട്രപതി ആയി കഴിഞ്ഞ ആള്‍ എല്ലാവരാലും അറിയപ്പെടുന്ന വ്യക്തി ആയിക്കഴിയും. അങ്ങനെയുള്ള ഒരാള്‍ക്ക്‌ ജനപിന്തുണയോടെ ഒരു രാജാവിന്‍റെ രീതിയില്‍ ആയുഷ്ക്കാലം മുഴുവന്‍ ആ പദവിയില്‍ തുടരാന്‍ കഴിഞ്ഞേക്കും. അങ്ങനെയായാല്‍ ജനാധിപത്യം രാജ ഭരണമായി രൂപാന്തരം പ്രാപിക്കും. അമേരിക്കന്‍ ഭരണഘടന ഈ സ്ഥിതിവിശേഷം തടയുന്നു.

നമ്മുടെ രാജ്യത്തിന്‍റെ ആദ്യകാല ശില്‍പ്പികള്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞോ അറിയാതെയോ വിട്ടു കളഞ്ഞു എന്ന് വേണം കരുതാന്‍. 

രാഷ്ട്രീയ സേവനം ജനാധിപത്യത്തിന്‍റെ പേരില്‍ ഒരുതരം രാജ വാഴ്ച ആക്കാന്‍ ഈ വിട്ടുകളയല്‍ അവസരമൊരുക്കി എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

മക്കള്‍ രാഷ്ട്രീയവും, കുടുംബ രാഷ്ട്രീയവുമൊക്കെ ഇതില്‍ നിന്ന് ഉളവായി.

ജനസേവനത്തിന്‍റെ മാതൃക ഇന്ത്യാ മഹാരാജ്യത്തില്‍ തെറ്റിപ്പോയോ എന്നു സംശയിക്കണം.

പൊതുസേവനം സ്വാര്‍ഥ ഗുണമുള്ള കാര്യം എന്നു സാധാരണക്കാര്‍ വിചാരിച്ചു പോയാല്‍ അവരെ എന്തിനു കുറ്റം പറയണം?

ഒരു ജന സേവന പദവിയില്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാ ചെലവും പൊതുഖജനാവില്‍ നിന്നായാല്‍ പിന്നെ ഒരു രൂപ പോലും കൂലി വാങ്ങിയില്ലെങ്കിലെന്താ? രാജാവിനു ശമ്പളം വേണോ?

കാര്യം സേവനമല്ല എന്നായപ്പോ പിന്നെ പിന്താങ്ങികളെ കൂടെ നിര്‍ത്താന്‍ ഗുണഭോഗ വ്യവസ്ഥിതികളെ വീതം വയ്ക്കണം എന്ന അവസ്ഥയും വന്നു ചേര്‍ന്നു.

ഇതൊക്കെ ആയപ്പോള്‍ ഇപ്പൊ എല്ലാവര്‍ക്കും സംശയം.

സ്വയം എന്തെങ്കിലും ഗുണമില്ലാത്ത കാര്യം ആരെങ്കിലും ചെയ്യുമോ ?

അങ്ങനെ ചെയ്യുന്നവര്‍ ഇപ്പോഴും അവിടവിടെ കാണുമായിരിക്കും.

എന്നാല്‍ പൊതുജനം ഇപ്പോള്‍ അവരെയും സംശയ ദൃഷ്ടില്‍ നോക്കുന്നു എന്നു അവര്‍ മറക്കരുത്.

ജനസേവനം എന്ന പേരില്‍ സ്ഥാന മാനങ്ങള്‍ക്ക് വേണ്ടി മല്ലിടുകയും കൊല്ലുകയും ഒക്കെ ചെയ്യുന്നവര്‍ അതൊക്കെ എന്ത് ഗുണം കിട്ടാനാണ് ചെയ്യുന്നത് എന്ന് ആലോചിച്ചാ പറഞ്ഞറിയിക്കാന്‍ കുറെ മിനക്കെട്ടാലും പറ്റിയില്ല എന്നു വരും.

പണം സമ്പാദിക്കാന്‍ ആണോ ? ചിലരൊക്കെ അതിനായിരിക്കാം. എന്നാല്‍ എല്ലാവര്ക്കും പണമല്ല പ്രധാനം.

ഇന്നോ നാളെയോ ചത്തു പോകുമെന്ന തരത്തില്‍ കഴിയുന്ന ചില പടുവൃദ്ധന്മാര്‍ പോലും സ്ഥാന മാന മോഹ വലയത്തിനു പുറത്തു പോകാന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണു കണ്ടു വരുന്നത്.

പണമല്ല പ്രധാന ഗുണമെങ്കില്‍ പിന്നെന്തായിരിക്കും?

തേനീച്ച കൂട്ടിലെ റാണിയുടെ മനസ്ഥിതി ആയിരിക്കും ഇങ്ങനെയുള്ളവര്‍ക്ക്.

തേനീച്ച കൂട്ടില്‍ ഒരു റാണി ഈച്ചയെ വാഴൂ.

ബാക്കിയുള്ള എല്ലാ ഈച്ചകളും റാണിയെ അകമ്പടി സേവിച്ചു കൊള്ളണം.

അടിമകളുടെ അകമ്പടി റാണിയെ ഹരം കൊള്ളിച്ചു കൊണ്ടിരിക്കും.

റാണി ഈച്ചയ്ക്ക് കീര്‍ത്തനം പാടി അകമ്പടി നടക്കുന്ന അടിമ ഈച്ചകള്‍ റാണിക്ക് വേണ്ടി കൊല്ലാനും ചാകാനും മടിക്കില്ല. റാണിക്ക് അതും ഹരം തന്നെ.

കൂട്ടില്‍ വേറൊരു ചെറുപ്പക്കാരി റാണി ജനിച്ചാല്‍ വയസ്സി റാണി പക്ഷെ സ്ഥാനം ഒഴിഞ്ഞു കൊടുക്കില്ല.

അടിമ ഈച്ചകള്‍ അങ്ങോട്ടും ഇങ്ങോട്ടും കൂറ് മാറ്റം നടത്തും.

പിന്നെ ആഭ്യന്തര യുദ്ധം ആരംഭിക്കുകയായി.

നശിച്ചു നാരാണക്കല്ല് കാണും വരെ യുദ്ധം ചെയ്യും.

കൂടിന്റെ കുളം തോണ്ടി എന്നതു മിച്ചം.

ഇത് പക്ഷെ തലയും തലച്ചോറും ഭൂതക്കണ്ണാടി വച്ചു നോക്കിയാലും കാണാത്ത ഈച്ചകളുടെ കാര്യം.

മനുഷ്യരുടെ കാര്യം അങ്ങനെ ആണോ?

എന്ത് ഗുണം കിട്ടാനാണ് മനുഷ്യര്‍ ഈ പെടാ പാടുകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്?

കൊല്ലുകയും കൊല്ലിക്കുകയും ചാകുകയും ഒക്കെ ചെയ്യുന്നത് ?

തേനീച്ചകളുടെ ബുദ്ധി പോലും മനുഷ്യര്‍ക്കില്ലേ ?

ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ !

എന്‍റെ ബുദ്ധിയും തേനീച്ച ബുദ്ധി ആയിപ്പോയോ ?

[എന്‍റെ എല്ലാ ബ്ലോഗുകളും ഇവിടെ !]


All my blogs here !]  

Thursday, May 31, 2012

Updated, Hyperlinked and Grouped List of All Blogs of Rajan C Mathew !

THIS PAGE GIVES
THE COMPREHENSIVE LIST OF ALL MY BLOGS
IN BROAD SUBJECT-WISE  GROUPS.
ഈ പേജില്‍ എന്‍റെ എല്ലാ ബ്ലോഗുകളുടെയും പട്ടിക വിശദമായി ഗ്രൂപ്‌ ചെയ്തു ഉള്‍പ്പെടുത്തിയിരിക്കുന്നു.


CLICK THE HYPERLINKED GROUP TITLE TO OPEN THE DETAILED LIST PAGE
വിശദമായ ബ്ലോഗ്‌ പട്ടികയിലേക്ക് പോകുവാന്‍ ഹൈപ്പര്‍ ലിങ്ക് ചെയ്തിരിക്കുന്ന തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക


Topics Related to Engineers and Engineering !
എന്ജിനിയര്‍മാര്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങള്‍

ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള ബ്ലോഗുകള്‍


എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം, പരിസ്ഥിതി, മാനേജ്മെന്‍റ്, ഭരണം എന്നിങ്ങനെയുള്ള വിഷയങ്ങളെ കുറിച്ചുള്ള ബ്ലോഗുകളുടെ പട്ടിക 


ഉറങ്ശ്യാ പുസ്തകവുമായി ബന്ധപ്പെട്ട ബ്ലോഗുകളുടെ പട്ടിക


Blogs in Malayalam Language 


After opening the blog-list page, click on the hyperlinked blog title to open the blog
ബ്ലോഗ്‌ പട്ടികയുടെ പുറം തുറന്നിട്ട്‌ ഹൈപ്പര്‍ ലിങ്ക് ചെയ്തിരിക്കുന്ന ബ്ലോഗ്‌ തലക്കെട്ടില്‍ ക്ലിക്ക് ചെയ്‌താല്‍ ബ്ലോഗ്‌ പേജ് തുറക്കാം.

Wednesday, May 30, 2012

പത്തു പേര് പറഞ്ഞാ നിങ്ങടെ ആട് പട്ടിയാകുമോ ?

സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ കേട്ടിരുന്ന ഒരു കഥ ഒരു പക്ഷെ നിങ്ങള്‍ പലരും കേട്ടിരിക്കാം.

ഒരു ഓണം കേറാ മൂലയിലെ ചെറു കര്‍ഷകനും മകനും മാസങ്ങള്‍ വളര്‍ത്തി വലുതാക്കിയ അവരുടെ ആടിനെ വില്‍ക്കാന്‍ അഞ്ചാറു നാഴിക ദൂരെയുള്ള ചെറു പട്ടണത്തിലേക്ക് കാല്‍ നടയായി പോവുകയായിരുന്നു.

എഴുത്തും വായനയും അറിയാത്ത പാവങ്ങള്‍. ആടിനെ വിട്ടു കിട്ടുന്ന പണം കിട്ടിയിട്ട് വേണം പല കാര്യങ്ങളും സാധിക്കാന്‍. മാസങ്ങള്‍ക്ക് മുമ്പ് ആരുടെയോ കൈയില്‍ നിന്ന് വാങ്ങിയ ആട്ടിന്‍കുട്ടി ഇപ്പോള്‍ വളര്‍ന്നു വലുതായിരിക്കുന്നു. വിറ്റാല്‍ നല്ല കാശ് കിട്ടണം. ആ മനക്കോട്ട മനസ്സില്‍ കെട്ടിയാണ് പാവങ്ങള്‍ പട്ടണത്തിലേക്ക് തിരിച്ചിരിക്കുന്നത്.

പട്ടണത്തോടു അടുക്കാറായപ്പോള്‍ അവിടുത്തെ തരികിടകള്‍ ഈ പാവങ്ങളെ നോട്ടമിട്ടു.

തോട്ടു വക്കിലിരുന്ന് അതില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ കുറെ ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങി:

" അയ്യോടാ! ഈ പട്ടിയെ കയറിട്ടു കെട്ടി ഇവരെവിടെ കൊണ്ട് പോവാ ? പട്ടിയെ കെട്ടാന്‍ തുടലല്ലേ വേണ്ടേ ? " ഒരു തരികിടയുടെ കമന്‍ട്.

" ആടിന്‍റെ മോന്ത പോലെയാ ഈ പട്ടിയുടെ തല. ആടാന്നു വിചാരിച്ചു കാണും പാവങ്ങള്."  വേറൊരുത്തന്‍ ഒരു ചിരിയോടെ മറ്റവനെ പിന്താങ്ങി.

നമ്മുടെ കര്‍ഷകന്‍  ഉള്ളില്‍ വന്ന രോഷം പ്രകടിപ്പിക്കുന്ന തരത്തില്‍ അവരെ ഒന്ന് നോക്കിയിട്ട് മകനെയും ആടിനെയും കൊണ്ട് വേഗത്തില്‍ മുമ്പോട്ട്‌ നടന്നു. രോഷവും സംശയവും അപ്പോള്‍ ‍ ഒരുപോലെ ആ സാധുക്കളുടെ മനസ്സില്‍ കടന്നുകൂടി കഴിഞ്ഞിരുന്നു.

കുറെ ദൂരം ചെന്നപ്പോള്‍ അതാ വേറെ ഒരു കൂട്ടം ചെറുപ്പക്കാര്‍.

" വല്യപ്പാ, ചന്തേ പോവായിരിക്കും. ഈ പട്ടിയെ കയറിട്ടു കെട്ടി എന്തിനാ കൂടെ കൂട്ടിയത് ?" ഒരാള്‍ ഒരു അടുത്ത ബന്ധുവിനെ പോലെ ചോദിച്ചു.

കര്‍ഷകന്‍ സ്വല്‍പ്പം ദേഷ്യത്തില്‍ തന്നെ പ്രതികരിച്ചു:

" ഇത് പട്ടിയല്ലെടാ പിള്ളേരെ. ആടാ. ചന്തേ വിക്കാന്‍ പോവാ "

" അയ്യോ, അത് കൊള്ളാം. ആടിന്‍റെ കൂട്ടിരിക്കുന്ന ഇത്തരം പട്ടികളെ നിങ്ങള്‍ കണ്ടിട്ടില്ല എന്നു തോന്നുന്നല്ലോ. ഇവിടെല്ലാം ഇത്തരം പട്ടികള്‍ ധാരാളം. ആരാ ആടാന്നു പറഞ്ഞു നിങ്ങള്‍ക്ക് ഇതിനെ തന്നത്? നിങ്ങളെ പറ്റിച്ചതാണല്ലോ" തരികിട ആത്മാര്‍ഥതയോടെ എന്ന വണ്ണം പറഞ്ഞു.

കൂടെയുള്ള മറ്റു തരികിടകള്‍ അത് ശരി വച്ച പോലെ പല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.

നമ്മുടെ പാവം കഥാപാത്രങ്ങളുടെ ഇളകിയ മനസ്സ് ശരിക്കും ആടിത്തുടങ്ങി.

അടുത്ത തരികിടകള്‍ കൂടി അവരുടെ ആടിനെ പട്ടി എന്നു വിശേഷിപ്പിച്ചതോടെ പാവങ്ങള്‍ ആടിനെ വഴിയില്‍ വിട്ടിട്ടു പോയെന്നാണ് കഥ.

ഈ കഥ വലിച്ചു നീട്ടി പറയാനല്ല ഞാന്‍ ഉദ്ദേശിച്ചത്.

നമ്മില്‍ പലരും ഈ കഥയിലെ വിഡ്ഢികളായ ആ കര്‍ഷകരെ പോലെ തന്നെ ആണ് പലപ്പോഴും.

" അയ്യോ എന്തു പറ്റി ? വല്ലാതെ ക്ഷീണിച്ചു പോയല്ലോ. കാന്‍സര്‍ ആയി മരിച്ച ഞങ്ങടെ അപ്പാപ്പനും  ആദ്യം ഇതുപോലെ ആയിരുന്നു. പെട്ടെന്നു തൂക്കമങ്ങു പോയി. പിന്നല്യോ വിവരം അറിഞ്ഞത്."

ആത്മാര്‍ഥത പ്രകടമാക്കി ഇങ്ങനെയൊക്കെ പറയുന്ന ബന്ധുക്കളും സുഹൃത്തുക്കളും ആയ തരികിടകള്‍ പറയുന്നത് കേട്ട് അപ്പോളോയും വെല്ലൂരും തിരക്കി ഇറങ്ങുന്നവര്‍ നമ്മുടെ ഇടയില്‍ ഇല്ലെന്നു പറയാമോ?

കുറെയധികം തരികിടകള്‍ ഒന്നിച്ചു കൂടി ക്രിക്കറ്റ് എന്ന കളി കാണാത്തവരും കേള്‍ക്കാത്തവരും മനുഷ്യരല്ല എന്ന നിലയില്‍ നാളുകളായി അലമുറയിടുന്നത് കേട്ടു കേട്ടു മനുഷ്യരാകാന്‍ നമ്മള്‍ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നില്ല എന്നു പറയാന്‍ പറ്റുമോ ?

അമേരിക്കയിലെ വലിയ പണക്കാര്‍ ഇടുന്ന പ്രത്യേക വസ്ത്രമായി ചില തരികിടകള്‍ പ്രഘോഷിക്കുന്ന കീറിയ ജീന്‍സ്‌ വാങ്ങിയിടാന്‍ ആയിരങ്ങള്‍ മുടക്കാന്‍ നമ്മളില്‍ പലരും നെട്ടോട്ടം ഓടുന്നില്ല എന്നു പറയാമോ?

" അയ്യോ ഈ കൊച്ചു കാര്‍ ഇക്കാലത്ത് അന്തസ്സുള്ള ആരെങ്കിലും ഓടിക്കുമോ" എന്നു ഏതെങ്കിലുമൊക്കെ തരികിടകള്‍ പറയുമെന്ന് ഭയന്ന് അന്തസ്സ് കാക്കാന്‍ കിടപ്പാടം പണയപ്പെടുത്തി ഓടിക്കാന്‍ വയ്യാത്ത വല്യ ഇമ്പാല പോലെയൊന്ന് വാങ്ങാന്‍ നമ്മളില്‍ പലരും വെമ്പുന്നില്ല എന്നു പറയാന്‍ സാധിക്കുമോ?

അങ്ങനെ പലതും.

സ്വന്തമായി കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയാത്ത മനുഷ്യര്‍ കൂടുതലുള്ളത് കാരണം  പ്രൊഫഷണല്‍   തരികിട കളിക്കാര്‍ക്ക് പരസ്യ തന്ത്രങ്ങള്‍ പയറ്റി തെളിയാനുള്ള വേദി ആയിരിക്കുന്നു ആധുനിക മാധ്യമങ്ങള്‍.

മേല്‍പ്പറഞ്ഞ കഥയിലെ വിഡ്ഢികളായ കര്‍ഷകരെ പോലെയോ അതോ ആ തരികിട ചെറുപ്പക്കാരെ പോലെയോ ഒക്കെയാണ് നമ്മളില്‍ പലരും.

ഏതു കൂട്ടത്തില്‍ പെടും എന്നു സ്വയം ആലോചിച്ചു നോക്കിയാല്‍ മതി.

[* തരികിടകള്‍ = മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കാന്‍ വിഡ്ഢി വേഷം കെട്ടുന്നവര്‍ ]

[രാജന്‍ സി മാത്യുവിന്‍റെ മലയാളം ബ്ലോഗ്‌ ലിസ്റ്റ് ഇവിടെ കാണാം !]

(This blog is a satirical writing in Malayalam Language which depicts the gullibility of common people in blindly believing others and acting on such beliefs and about those clever fellows who take advantage of this. Cleverness of the latter group has now become professional which gets reflected in modern advertisements!) 

Friday, May 25, 2012

അദൃശ്യ കരങ്ങളുടെ സഹായം !

ഒരിക്കല്‍ ഒരു രാത്രി സമയം കാറോടിച്ചു വീട്ടിലേക്കു പോവുകയായിരുന്നു. എവിടെ നിന്നെന്നു അറിയാതെ ഒരു വയസ്സന്‍ കാറിന്‍റെ മുമ്പിലേക്ക് ചാടി എന്‍റെ വാഹനം തടഞ്ഞു നിര്‍ത്തി. താടിയും മുടിയും നീട്ടി വളര്‍ത്തി ചില പ്രത്യേക തരത്തില്‍ വേഷം ധരിച്ച ഒരു രൂപം. പകുതി ഹിന്ദു സന്യാസി പോലെയും പകുതി മുസ്ലിം ഫക്കീര്‍ പോലെയും തോന്നിപ്പിക്കുന്ന ഒരു അര്‍ദ്ധ നഗ്ന വൃദ്ധന്‍. മുഖത്ത് പേടിപ്പിക്കുന്ന തരം രുദ്ര ഭാവം.

ആരുമില്ലാ നേരത്ത് തടഞ്ഞു നിര്‍ത്തി പേടിപ്പിച്ചു കാശ് പിടുങ്ങാന്‍ ആയിരിക്കുമല്ലോ ഇയാളുടെ വരവെന്ന് ഞാനും അടുത്തിരുന്ന സഹധര്‍മിണിയും ഒരുപോലെ മനസ്സില്‍ വിചാരിച്ചു.

എന്നാല്‍ പെട്ടെന്ന് അയാളുടെ രുദ്ര ഭാവം അയഞ്ഞു. പെട്ടെന്ന് ഹിന്ദിയില്‍ അയാള്‍ ഇങ്ങനെ പറഞ്ഞു.

" നിങ്ങള്‍ ആര്‍ക്കും ഒരു ദോഷവും ചെയ്യാത്ത നല്ല മനുഷ്യനാണ്. എന്നിട്ടും അനേകം പേര്‍ നിങ്ങടെ ചുറ്റും നിങ്ങള്‍ക്ക് ശത്രുക്കള്‍ ആയി ദോഷം ചെയ്യാന്‍ കരുക്കള്‍ നീക്കുന്നു. എന്നാല്‍ ആര്‍ക്കും നിങ്ങളെ ഒന്നും ചെയ്യാന്‍ ആവില്ല. നിങ്ങടെ ചുറ്റും അദൃശ്യ ശക്തികള്‍ നിങ്ങളെ കാക്കുന്നു."

ഇത്രയും പറഞ്ഞു വന്നതു പോലെ അയാള്‍ കാറിന്‍റെ മുന്‍പില്‍ നിന്നും മാറിത്തന്നു.

ഞാന്‍ പെട്ടെന്ന്‌ വാഹനം വീട്ടിലേക്കു ഓടിച്ചു. 

ആ രൂപത്തെ പിന്നീട് ഒരിക്കലും ഞാന്‍ കാണാന്‍ ഇടയായിട്ടില്ല.

എന്നാല്‍ ആ സംഭവവും അയാള്‍ പറഞ്ഞ ആ വാചകങ്ങളും മനസ്സില്‍ മായാതെ കിടക്കുന്നു.

കാരണം അയാള്‍ പറഞ്ഞ കാര്യങ്ങളില്‍ ചില വാസ്തവങ്ങള്‍ ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിരുന്നു.

മനസ്സുകൊണ്ടോ പ്രവൃത്തി കൊണ്ടോ ആര്‍ക്കും ദോഷം ആഗ്രഹിക്കുകയോ ചെയ്യുകയോ ചെയ്യാത്ത പ്രകൃതമാണ് ചെറുപ്പം മുതലേ എനിക്കുള്ളത്. എന്നിട്ടും പലരും എനിക്ക് ശത്രുക്കള്‍ ആകുകയും എന്‍റെ വിരോധികള്‍ ആകുകയും ചെയ്ത അനുഭവം പലപ്പോഴും എനിക്ക് നേരിട്ടിരിക്കുന്നു.

എന്നാല്‍ ഈ വിധ വിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും എന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നതും ഒരു തരത്തില്‍ എന്നെ  അത്ഭുധപ്പെടുത്തിയിരുന്നു.

അതൊക്കെ അദൃശ്യ കരങ്ങളുടെ സഹായം തന്നെ ആണോ?

അതുപോലെ വേറൊരു കാര്യവും വളരെ കാലം മുമ്പ്‌ ഒരാള്‍ എന്നോട് പറഞ്ഞത് ഓര്‍മയില്‍ വരുന്നു.

എനിക്കെതിരെ കരുക്കള്‍ നീക്കുന്ന ശത്രുക്കള്‍ അതുമൂലം പ്രയാസം അനുഭവിക്കും എന്നതായിരുന്നു അത്.

വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ ഒരു വൃദ്ധന്‍ എന്നേ അന്വേഷിച്ചു വീട്ടില്‍ വന്നു. എനിക്ക് ആളെ മനസ്സിലായില്ല. വന്ന പാടെ അയാള്‍ എന്നോട് മാപ്പ് അപേക്ഷിച്ചു. എനിക്ക് കാര്യം ഒട്ടും പിടി കിട്ടിയില്ല. പിന്നെ അയാള്‍ വിശദമാക്കി. കുറെ നാളുകള്‍ക്കു മുമ്പ്‌ എനിക്ക് സ്വല്‍പ്പം നഷ്ടമുണ്ടാക്കുന്ന ഒരു കാര്യം അയാള്‍ ചെയ്തിരിക്കുന്നു. അതില്‍ എന്‍റെ ഭാഗത്തുനിന്നും പ്രതികരിക്കാത്തത് കാരണം അയാള്‍ക്ക് കുറ്റബോധം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. അയാള്‍ക്ക്‌ പല പ്രശ്നങ്ങളും നേരിട്ടതു അതു കാരണം എന്ന് അയാള്‍ കരുതുന്നു. ഞാന്‍ എന്നേ മറന്ന ഒരു കാര്യം. ആശ്വസിപ്പിച്ചു വിട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അതുപോലെ മറ്റു ചില സംഭവങ്ങള്‍.

വര്‍ഷങ്ങള്‍ എന്‍റെ ജൂനിയര്‍ ആയി പ്രവര്‍ത്തിച്ച ഒരു വനിതാ എഞ്ചിനീയര്‍ ഒരിക്കല്‍ എന്നോട് ചോദിച്ചത് ഓര്‍മയില്‍ വരുന്നു.

"സാറിനെ പുറകില്‍ കൂടി പലരും ചീത്ത പറയുന്നു ഒരു കാരണവുമില്ലാതെ.എന്നാല്‍  അവരൊക്കെ സാറിന്‍റെ മുമ്പില്‍ വന്നാല്‍ ആ വിരോധം ഒരിക്കലും പ്രകടമാക്കാത്തത് എന്താണ് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല."

ഇതെല്ലാം ആ അദൃശ്യ കരങ്ങളുടെ സഹായം തന്നെ ആയിരിക്കണം. 

നമുക്കറിയാത്ത ഒരുപാടു കാര്യങ്ങള്‍ ഈ ലോകത്തില്‍ നടക്കുന്നു.

എല്ലാത്തിനും ശാസ്ത്ര വിശദീകരണത്തിനു തുനിയുന്നതും ആശാസ്യമായിരിക്കയില്ലല്ലോ !  

[രാജന്‍ സി മാത്യുവിന്‍റെ കൂടുതല്‍ മലയാളം ബ്ലോഗുകള്‍ ഇവിടെ കാണുക !] 

Wednesday, April 25, 2012

വിമാനവും വൈമാനികരും മങ്ങിയ ചില ഓര്‍മ്മകളും!

ആയിരത്തി തൊള്ളായിരത്തി അമ്പതിന്റെ അവസാന വര്‍ഷങ്ങളില്‍ എപ്പോഴോ ആയിരിക്കണം ഞാന്‍ ഒരു വിമാനം അടുത്തു കാണുന്നത്. അന്നെനിക്ക് അഞ്ചില്‍ താഴെ മാത്രം പ്രായം.

എന്‍റെ പിതാവ്‌ അന്ന് ഏതോ കാര്യത്തിനായി തിരുവനന്തപുരം നഗരിയിലേക്ക് യാത്ര പോയപ്പോള്‍ എന്നെയും കൂടെ കൊണ്ട് പോയി.പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈ സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിനു അന്ന് തന്‍റെ പൂര്‍വ വിദ്യാര്‍ഥികളില്‍  ആരോ ഒരാള്‍ വിമാനത്താവളത്തില്‍ ജോലി നോക്കുന്ന കാര്യം അറിയാമായിരുന്നിരിക്കണം.

അത് നിമിത്തമായിരിക്കണം അന്നെപ്പോഴോ അദ്ദേഹം വിമാനം കാണിക്കാമെന്നു എന്നോട് പറഞ്ഞതും വിമാനത്താവളത്തിലേക്ക് എന്നെയും കൊണ്ട് നടന്നതും.

അദ്ദേഹത്തിന്‍റെ കൈയില്‍ പിടിച്ചു ശംഖുമുഖം കടല്‍ത്തീരത്തു കൂടി മണലില്‍ ചവിട്ടി നടന്നതും ദൂരെ കിടക്കുന്ന വിമാനത്തെ അടുത്തു കാണാനുള്ള ആകാംക്ഷയോടെ വേഗം വേഗം നടന്നതും ഇപ്പോഴും ഓര്‍മയില്‍ മങ്ങാതെ കിടക്കുന്നു.

അന്ന് പേരിനു ഒരു ഏറോഡ്രോം മാത്രമായിരുന്നു ഇന്നത്തെ രാജ്യാന്തര വിമാനത്താവളം. ഹാങ്ങറില്‍ ഒരു കൊച്ചു പരിശീലന വിമാനം മാത്രം. വിമാനം തട്ടിക്കൊണ്ടു പോകല്‍ പരിപാടിയൊന്നും അന്ന് തുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ട് വിമാനത്തിനടുത്തു പോകാന്‍ സെക്യൂരിറ്റി പരിശോധനകളും ഒന്നും ആവശ്യം ഇല്ലായിരുന്നു.

വിമാനത്താവള ജോലിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ശിഷ്യന്‍ എന്നെ എടുത്തുയര്‍ത്തി ഒരു സീറ്റ്‌ മാത്രമുള്ള ആ കൊച്ചു വിമാനത്തിന്റെ ഉള്‍വശം കാട്ടിത്തന്നത് ഓര്‍ക്കുന്നു.

വിമാനം ഒന്ന് പറന്നുയരുന്നത് പക്ഷെ അന്ന് കാണാന്‍ കഴിഞ്ഞില്ല. മൂന്നു ചാടുള്ള ആ സാധനം വായുവില്‍ എങ്ങനെ ഉയര്‍ന്നു പോകുമെന്ന് എന്‍റെ കൊച്ചു മനസ്സ് അന്ന് ഒരു പാട് ആലോചിക്കുമായിരുന്നു.

അതിലും കുറെ നാളുകള്‍ക്കു മുമ്പ് പുക ഒരു നൂല് പോലെ പിന്നിലാക്കി ഒരു പൊട്ടു പോലെ അതി ശബ്ദത്തില്‍ പറന്നു പോകുന്ന ഒരു വിമാനത്തെ വിമാനം എന്ന് ആദ്യമായി പ്രായമുള്ളവര്‍ മനസ്സിലാക്കി തന്നതും ഓര്‍മയില്‍ നിന്നിരുന്നു.

വിമാന ഭാവന ചടുലമാകാന്‍ അന്ന് ഇത് ധാരാളം ആയിരുന്നു.  

തിരുവന്തപുരയാത്രയ്ക്ക് ശേഷം ഒന്ന് രണ്ടു കൊല്ലങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഒരു വിമാനം പിന്നീട് അടുത്തു കാണാന്‍ സൗകര്യം ആകുന്നത്. അന്ന് പത്തനംതിട്ട കൊല്ലം ജില്ലയിലെ ഒരു താലൂക്ക്‌ മാത്രമായിരുന്നു. വളരെ വിസ്താരമേറിയ ഒരു താലൂക്ക്‌. കിഴക്കന്‍ ഭാഗങ്ങള്‍ ഒക്കെ അന്ന് ബ്രിട്ടീഷ്‌ സായിപ്പന്മാരുടെ അദ്ധ്വാനഫലമായി വികസനം പ്രാപിച്ച റബ്ബര്‍ തോട്ടങ്ങള്‍. ഈ റബ്ബര്‍ തോട്ടങ്ങള്‍ അന്നും കുറെയൊക്കെ സായിപ്പന്മാര്‍ തന്നെ ആയിരുന്നു നോക്കി നടത്തിയിരുന്നത്. ഈ റബ്ബര്‍ തോട്ടങ്ങളില്‍ തുരിശ് അടിക്കാന്‍ അന്ന് അവര്‍ ചെറിയ വിമാനം എവിടെ നിന്നോ ഏര്‍പ്പെടുത്തി. ഈ വിമാനത്തിന് താഴാനും ഉയരാനും റണ്‍വേ വെറും തുറസ്സായ നിരപ്പുള്ള സ്ഥലം മാത്രം മതിയാകുമായിരുന്നു.  അന്ന് പമ്പാ നദി വിസ്താരമേറിയതും വെള്ള മണല്‍ തീരത്തോട് കൂടിയതും ആയിരുന്നു. അങ്ങനെ എന്‍റെ ഗ്രാമമായ ഇലന്തൂരില്‍ നിന്നും ഒരു ആറേഴു കിലോമീറ്റര്‍ അകലെ ചെറുകോല്‍പുഴ എന്ന പമ്പാ നദീ തീരം തുരിശടി വിമാനത്തിന്‍റെ റണ്‍വേ ആയി.

വിമാനം താഴ്ത്തുകയും ഉയര്‍ത്തുകയും മാത്രമല്ല തുരിശു വെള്ളത്തില്‍ കലക്കി ഈ ടാങ്കര്‍ വിമാനത്തില്‍ നിറക്കുകയും ചെയ്യാം. പമ്പാ നദിയില്‍ അന്ന് വെള്ളത്തിനും പഞ്ഞമില്ലായിരുന്നു ഇന്നത്തെ പോലെ.

ഒരു ദിവസം പല പ്രാവശ്യം വിമാനം വരുകയും തുരിശു നിറച്ചു പറന്നു പോവുകയും ചെയ്യും. വിമാനം എന്ന് പറയുന്ന അദ്ഭുത വാഹനം അടുത്തുകാണാന്‍ ചെറുകോല്‍പുഴക്കാര്‍ക്കും അടുത്തുള്ള ഗ്രാമവാസികള്‍ക്കും അങ്ങനെ ഭാഗ്യം സിദ്ധിച്ചു.

പിന്നെ ചെറുകോല്‍ പുഴയിലേക്ക് ഒരു വലിയ ജന പ്രവാഹമായിരുന്നു. അന്ന് ഇന്നത്തെ പോലെ അധികം യാത്രാ സൌകര്യങ്ങള്‍ ഒന്നുമില്ല. ജനം കൂടിയാല്‍ പിന്നെ പറയുകയും വേണ്ട. വിമാനം കാണാന്‍ വേണ്ടി എന്ത് പ്രയാസം അനുഭവിക്കാനും ജനങ്ങള്‍ ഒരുക്കമായിരുന്നു.

ഒരു ദിവസം ഇലന്തൂരു നിന്നും എന്‍റെ അമ്മ വീടായ നെല്ലിക്കാലായില്‍ നിന്നും ഉള്ള ഒരു ചെറിയ ഗ്രൂപ്പിന്‍റെ കൂടെ നടന്നു ചെറുകോല്‍ പുഴയില്‍ എത്തി ജനക്കൂട്ടത്തില്‍ ആകാംക്ഷയോടെ വിമാനം താഴുന്നത് നോക്കി നിന്നത് മറക്കാന്‍ പറ്റുന്നില്ല. ആ കാഴ്ചയുടെ ഒരു മങ്ങിയ ഓര്‍മ്മ മാത്രമേ ഇന്നുള്ളൂ എങ്കിലും.

പിന്നീട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ പോയി അന്നത്തെ കാലത്തെ വലിയ യാത്രാ വിമാനമായ ആവ്രോ വിമാനം കാണാനും അതോടിക്കുന്ന വെളുത്ത യൂണിഫോം ധരിച്ച സുന്ദര സുകുമാരന്മാരായ പൈലറ്റ്‌ എന്ന അദ്ഭുത മനുഷ്യരെ ദൂരെ നിന്ന് ആരാധനയോടെ നോക്കി കാണാനും ഭാഗ്യം സിദ്ധിച്ചു.

വൈമാനികരോടുള്ള എന്‍റെ ആരാധനാ മനോഭാവം മനസ്സിലാക്കിയ എന്‍റെ പിതാവ്‌ ഒരു ദിവസം ഒരു വിവരം എന്നെ ധരിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഒരു ഇളയ അമ്മാവന്‍ അന്ന് വിദേശങ്ങളിലേക്കും മറ്റും വിമാനം പറപ്പിക്കുന്ന ഒരു വലിയ പൈലറ്റ്‌ ആണെന്നായിരുന്നു ആ വിവരം.

അദ്ദേഹത്തിന്‍റെ ലോകം ചുറ്റുന്ന ഈ പൈലറ്റ്‌ അമ്മാച്ചന്‍ വലിയ ഒരു അമാനുഷ പ്രതിഭയായി അന്ന് എന്‍റെ മനസ്സില്‍ കടന്നു കൂടി. എന്നാല്‍ പ്രതാപത്തില്‍ ഇരുന്ന ആ കാലത്ത് ഈ അമ്മാച്ചനെ ഒന്ന് കാണാന്‍ അദ്ദേഹത്തിന്‍റെ  ഓണം കേറാ മൂലയിലുള്ള വീട്ടുകാര്‍ക്കൊന്നും ഭാഗ്യമുണ്ടായതായി ഓര്‍മയില്ല.

എന്നാല്‍ പിന്നീട് കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പൈലറ്റ് അമ്മാച്ചന്‍ തറ പറ്റി. ഏതോ സാമ്പത്തിക ക്രമക്കേടിന് വിമാന കമ്പനി അദ്ദേഹത്തെ പിരിച്ചു വിട്ടു. സീനിയര്‍ നിലയില്‍ ഉള്ള ഒരു ഇന്ത്യന്‍ വൈമാനികന് വേറൊരു ജോലി കൊടുക്കാന്‍ അന്ന് മറ്റു വിമാന കമ്പനികള്‍ ഒന്നും ഇന്ത്യയില്‍ നിലവില്‍ ഇല്ലായിരുന്നു. 

ജീവിതത്തിലെ വലിയ പ്രതിസന്ധി അദ്ദേഹത്തിനെയും കുടുംബത്തെയും ബാധിച്ചു എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. അതൊന്നും ഇവിടെ എഴുതാന്‍ എനിക്ക് ഉദ്ദേശമില്ല. 

ഞാന്‍ ഹൈസ്കൂളില്‍ പ്രവേശിച്ച സമയം. എന്‍റെ ഈ അമാനുഷ പ്രതിഭയായ വലിയമ്മാച്ചന്‍ എന്‍റെ വീട്ടിലെ ഒരു അന്തേവാസിയായി. ജീവിതത്തിന്റെ ഉന്നത തലങ്ങളില്‍ നിന്നും നിലംപതിച്ചു ഒരു ഗതിയും ഇല്ലാത്ത നിലയില്‍ ആയിരുന്നു അപ്പോള്‍ എന്ന് മാത്രം.

ഒരു മൂന്ന് കൊല്ലക്കാലം അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ പാര്‍ത്തു. അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത  കൂട്ട് അക്കാലത്ത് കൌമാരക്കാരനായ ഞാന്‍ ആയിരുന്നു.

പല രാത്രികളിലും മണിക്കൂറുകള്‍ അദ്ദേഹം എന്‍റെ അടുത്തു കഥകള്‍ പറയാന്‍ ചെലവഴിച്ചിരുന്നു. ജീവിതത്തിന്റെ പച്ച യാഥാര്‍ദ്ധ്യങ്ങള്‍ പലതും അദ്ദേഹം തുറന്നു കാട്ടി. രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ബ്രിട്ടിഷ് റോയല്‍ എയര്‍ ഫോര്‍സില്‍ യുദ്ധ വിമാനം പറത്തിയത്‌ മുതലുള്ള അനുഭവങ്ങള്‍ അദ്ദേഹം പങ്കു വച്ചു. കൂടെ ഉന്നത ഉദ്യോഗസ്ഥരുടെ ക്ലബ്ബുകളുടെയും മറ്റും കഥകളും.

വിമാനത്തിന്‍റെ പല ടെക്നിക്കല്‍ കാര്യങ്ങളും അദ്ദേഹം എനിക്ക് മനസ്സിലാക്കി തന്നു. 

പിന്നീടും ചില വൈമാനികരോടു സംസാരിക്കാന്‍ അവസരം ലഭിച്ചു. അതില്‍ ഒരാള്‍ ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരു പൈലറ്റ്‌ ആയിരുന്നു. രാജീവ്‌ ഗാന്ധി പൈലറ്റ്‌ ആയി ജോയിന്‍ ചെയ്ത സമയം ഇദ്ദേഹത്തിന്‍റെ ജൂനിയര്‍ ആയി കുറേക്കാലം സേവനം ചെയ്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞതു ഓര്‍ക്കുന്നു. അന്നത്തെ ചില രസകരമായ സംഭവങ്ങളും.

ഞാന്‍ കാണുന്ന സമയം ഹൃദയാഘാതം നിമിത്തം വളരെ ക്ഷീണാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു ഇദ്ദേഹം. എന്നാലും ജീവിതത്തെ ഒരു നേരമ്പോക്ക് എന്ന നിലയില്‍ കാണാന്‍ ഉള്ള അദ്ദേഹത്തിന്‍റെ മാനസികാവസ്ഥ എന്നെ ആകര്‍ഷിച്ചു.

തന്‍റെ രോഗാവസ്ഥയെ തോലോം വക വയ്ക്കാതെ അദ്ദേഹം പല തമാശുകള്‍ വാ തോരാതെ പറഞ്ഞു കേള്‍പ്പിച്ചു. പലതും അദ്ദേഹത്തിന്‍റെ പൈലറ്റ്‌ അനുഭവങ്ങള്‍.

അതില്‍ ഒരു കഥ ഒരു എയര്‍ ഹോസ്റ്റസ്സിന്‍റെ പരിശീലന കാല അനുഭവം ആയിരുന്നു. വൈമാനികര്‍ ഏറ്റവും ടെന്‍ഷന്‍ അനുഭവിക്കുന്നത് ഒരു എയര്‍ ക്രാഫ്റ്റ്‌ ലാന്‍ഡ്‌ ചെയ്യുന്ന സമയം ആണ്. ഭീമാകാരമായ ഈ പറക്കും സാധനത്തെ ആകാശ വിതാനത്തില്‍ നിന്നും ഉന്നം വച്ചു ഒരു ചെറിയ റണ്‍വേയില്‍ ഒരു കൃത്യമായ സ്ഥലത്ത് ഒരു തൂവല്‍ സ്പര്‍ശം പോലെ ഇറക്കുന്നത് ഒരു സര്‍ക്കസ്‌ അഭ്യാസം തന്നെ ആണ്. അണുവിടെ തെറ്റിയാല്‍ സ്വന്തം ജീവന്‍ മാത്രമല്ല നൂറുകണക്കിന് മറ്റുള്ളവരുടെയും ജീവന്‍ നൊടിയിടെ പരലോകത്ത്‌ എത്തിപ്പെടാന്‍ സാധ്യതയുള്ള ഒരു അഭ്യാസം.

അതും ദിവസേന ചെയ്യേണ്ട ഒരു കസര്‍ത്ത്‌ ആണെങ്കില്‍ അവരുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കവുന്നതെ ഉള്ളൂ. ഇന്നത്തെ പോലെ അത്യാധുനിക കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ഉള്ള വിമാനങ്ങള്‍ ആയിരുന്നില്ല പത്തു നാപ്പതു കൊല്ലങ്ങള്‍ക്ക് മുമ്പ്‌. അതും ഇന്ത്യയില്‍.

അന്നത്തെ വിമാനം ഇറക്കു പരിപാടി പൈലറ്റിന്‍റെ പൂര്‍ണമായ ഒരു കല ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. വിമാനത്തെ പല പൈലറ്റുമാരും അനുസരണമില്ലാത്ത ഒരു സ്ത്രീ ആയി ആണ് അക്കാലത്ത് കണക്കാക്കിയിരുന്നത്. അവളുടെ അനുസരണക്കേട്‌ ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് നിലത്തിറക്കുന്ന സമയത്തും. കണ്ട്രോള്‍ കോളത്തില്‍ പിടിച്ചിരിക്കുന്ന പൈലറ്റ്‌ ആ സമയം ചിലപ്പോള്‍ ആര്‍ത്ത് അലറും      " ഇരിക്കെടീ, ഇരിക്കെടീ നായിന്‍റെ മോളേ" ("സിറ്റ് ദൌന്‍ യൂ ബിച് !")

അങ്ങനെ നമ്മുടെ പൈലറ്റ്‌ അച്ചായന്‍ പെങ്കൊച്ചിനെ പുറകില്‍ നിര്‍ത്തി വിമാനമിറക്കി. വിമാനം റണ്‍വേയില്‍ ഓടിച്ചു നിര്‍ത്തിയിട്ടു അച്ചായന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ നമ്മുടെ എയര്‍ ഹോസ്ടസ്സ് പെണ്ണിനെ കാണാനില്ല. നല്ലത് പോലെ പരതിയപ്പോ ആളെ കിട്ടി. പൈലറ്റ്‌ സീറ്റിനു പുറകില്‍ ഭയന്നു വിറച്ചു ഇരിക്കുന്നു. പാവം വിമാനം അതിവേഗം നിലത്തിടിക്കുന്ന കാഴ്ച മൂലം പേടിച്ചു പോയിരിക്കണം !

എന്നാലും അച്ചായന്‍ ചോദിച്ചു : എന്താ കൊച്ചെ നിലത്തിരുന്നത് ?

അപ്പൊ കിട്ടി ഉത്തരം: " അയ്യോ സാറല്ലേ എന്നെ ചീത്ത വിളിച്ചു ഇരിക്കാന്‍ പറഞ്ഞത് ? " 

അന്ന് ഈ കഥയും മറ്റു പല കഥകളും പറഞ്ഞു അദ്ദേഹം ചിരിച്ചു. കൂടെ ഞാനും. 

അത് കഴിഞ്ഞു അധികം ദിവസങ്ങള്‍ അദ്ദേഹം ഈ ലോകത്ത്‌ ഇരുന്നില്ല. 

അതുപോലെ വലിയമ്മാച്ചന്‍ പൈലറ്റും ഇന്നില്ല. 

ഇന്ന് വിമാനങ്ങളും പൈലറ്റുമാരും വിമാനക്കമ്പനികളും സര്‍വ സാധാരണമായിരിക്കുന്നു. 

എന്നാലും വിമാനങ്ങളെയും അതോടിക്കുന്ന പൈലട്ടുമാരെയും ഇപ്പോഴും എനിക്ക് ആദരവോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. 

ഈ വലിയ ലോകത്തെ ചെറുതാക്കാന്‍ അവര്‍ നടത്തുന്ന സംഭാവനകള്‍ ഒട്ടും ചെറുതല്ല ! 

വിമര്‍ശനവും കുററം പറച്ചിലും കളിയാക്കലും സുഖിച്ചു നേരിടാമോ?

സാധാരണ ഒരു മനുഷ്യര്‍ക്കും വിമര്‍ശനം നേരിടാന്‍ അത്ര എളുപ്പം കഴിയില്ല. ആരെങ്കിലും കുററം പറഞ്ഞാല്‍ പറഞ്ഞവനെ ഒതുക്കിയാലും വാശി തീരില്ല. കളിയാക്കിയാല്‍ അത് ഒട്ടും സുഖിക്കില്ല എന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ.

എന്‍റെ കാര്യത്തിലും ഇത് ഇങ്ങനെ തന്നെ ആയിരുന്നു കുറച്ചു നാള്‍ മുമ്പ് വരെ.

എന്‍റെ കുറവുകള്‍ ആരെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ എവിടെങ്കിലും വച്ചു ആരോടെങ്കിലും പറഞ്ഞെന്നിരിക്കട്ടെ. അത് ഞാന്‍ കേട്ടാല്‍ ആ പറഞ്ഞ ആളെ കൊല്ലാനുള്ള ദേഷ്യം വന്നിരിക്കും. സുഹൃത്താണ് പറഞ്ഞതെങ്കില്‍ ആ സുഹൃത്ത് ബന്ധം അതോടെ തീര്‍ന്നെന്നും ഇരിക്കും. ബന്ധു ജനങ്ങള്‍ ആരെങ്കിലും ആണെങ്കില്‍ വിഷമം വരും.

സ്ഥിതി പലരുടെയും ഇങ്ങനെ തന്നെ ആയതിനാല്‍ പരോക്ഷമായി കുററം പറയാനാണ് പലര്‍ക്കും താത്പര്യം. കുററം പറയുന്നതിനേക്കാള്‍ രസമുള്ള വേറൊരു കാര്യവും പലര്‍ക്കുമില്ല. സ്വന്തം കുററം കേള്‍ക്കെരുത് എന്നേയുള്ളൂ.

നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ പരസ്യമായി കുറ്റാരോപണങ്ങള്‍ ഉന്നയിക്കാനും നേരിടാനും ഉന്നത കഴിവ് നേടിയവര്‍ ആണെന്നാണ്‌ പൊതുവെ ഉള്ള ധാരണ. അവരുടെ ആരോപണ പ്രത്യാരോപണ ലീലാ വിലാസങ്ങള്‍ പൊതുജനത്തെ അറിയിക്കുന്നതാണ് മാധ്യമങ്ങളുടെ പ്രധാന കടമ എന്ന്  പൊതുവായി വിശ്വസിക്കപ്പെടുന്ന തരത്തില്‍ വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

എന്നാല്‍ നേതാക്കന്മാര്‍ ആരോപണങ്ങളെ കൂളായി എടുത്തു കളയും എന്ന് ധരിക്കരുത്. രാഷ്ട്രീയം എന്ന് പറയുന്നത് തന്നെ ആരോപണ പ്രത്യാരോപണ കലയാണ്‌ എന്ന് നമ്മളൊക്കെ ധരിച്ചു വച്ചിരിക്കുമ്പോഴും  ആ കലയില്‍ അതി പ്രാവീണ്യമുള്ള മഹാന്മാരും മഹതികളും കളിയാക്കലുകളെ വെറുതെ വിട്ടുകളയും എന്നും വിചാരിക്കരുത്. 

അങ്ങ് കിഴക്ക് ഒരു ദേശത്തു ഒരു പ്രൊഫസര്‍ അങ്ങനെ കരുതിയത്‌ അദ്ദേഹത്തിനു വലിയ വിനയായി.

പൊതുവെ ഇതാണ് സ്ഥിതി എന്നിരിക്കിലും വിമര്‍ശനവും കളിയാക്കലുകളും അറിയുന്നതും കേള്‍ക്കുന്നതും പലതുകൊണ്ടും നല്ലതാണെന്നാണ് എനിക്ക് കുറെ നാളായി മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു സത്യം.

പുറത്തെ ചൊറി കണ്ണാടിയില്‍ കാണാന്‍ പറ്റില്ലല്ലോ.

അത് മറ്റുള്ളവര്‍ക്കെ കാണാന്‍ പറ്റൂ. അത് കാണുന്നവര്‍ അത് പറഞ്ഞു തന്നാല്‍ അത് നമ്മുടെ കുററം തന്നെ ആണ് പറഞ്ഞത് എന്നാല്‍ തന്നെയും ചൊറി വ്രണമായി തീരുന്നതിനു മുമ്പ് നമുക്ക് അത് തടയാന്‍ സഹായകരമാകും എന്നത് മൂലം ഒരു ഉപകാരമായി കാണുന്നതല്ലേ ബുദ്ധി? 

കടിച്ചു കീറുന്ന നായുടെ സ്വഭാവം എടുത്താല്‍ നഷ്ടം പലപ്പോഴും നായിക്കു തന്നെ ആയിരിക്കും.

ഏതായാലും കുററം പറച്ചിലും കളിയാക്കലുകളും രസിക്കാന്‍ ഞാന്‍ ഇപ്പൊ പഠിച്ചു കൊണ്ടിരിക്കുന്നു.

മിനക്കെട്ടു എന്‍റെ കുറ്റവും കുറവുകളും കാര്യമായും കളിയായും പറയാന്‍ ശ്രമിക്കുന്നവരാണ് ഒരു പക്ഷെ എന്‍റെ ഏറ്റവും അടുത്ത മിത്രങ്ങള്‍.

അങ്ങനെയുള്ളവര്‍ ചുറ്റും ഉണ്ടെങ്കില്‍ നിങ്ങള്‍ അതി ഭാഗ്യം ചെയ്തവരാണ്‌ എന്നേ ഞാനിപ്പോ പറയൂ.

അവരുടെ സേവനം ഒന്ന് എന്‍ജോയ് ചെയ്യാന്‍ കഴിയുമോ എന്ന് നോക്കുക.

സാധിച്ചാല്‍ അത് ഒരു വലിയ ജീവിത വിജയത്തിന്റെ മുന്നോടി ആയി തീര്‍ന്നെന്നിരിക്കും.

എന്‍റെ അനുഭവം അതാണ്‌.

ജീവിത വിജയത്തിന്റെ ഒരു പുതിയ മേഖല.

പരീക്ഷിച്ചു നോക്കുക !

ആശംസകളോടെ,

രാജന്‍ സി മാത്യു

[കൂടുതല്‍ മലയാളം ബ്ലോഗുകള്‍ ഇവിടെ കാണുക !]

Saturday, April 21, 2012

രാജന്‍ സി മാത്യുവിന്‍റെ മലയാളം ബ്ലോഗുകള്‍ !

എന്‍റെ ബ്ലോഗുകള്‍ പതിവായി വായിക്കുന്ന ഒരു സുഹൃത്തു ഒരു നിര്‍ദേശം തന്നത് ഒരു തരത്തില്‍ ശരി എന്ന് എനിക്ക് തോന്നുന്നു. മലയാളത്തിലും ഇംഗ്ലീഷ് ഭാഷയിലും ഉള്ള ബ്ലോഗുകള്‍ തരം തിരിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു എന്നാണു അദ്ദേഹം പറഞ്ഞത്.ഈ ലിസ്റ്റില്‍ ഉള്ള ബ്ലോഗ്‌ ടൈറ്റിലുകള്‍ ലിങ്ക് ചെയ്തിരിക്കുന്നതു മൂലം എല്ലാ മലയാളം ബ്ലോഗുകളും ഈ ലിസ്റ്റില്‍ നിന്ന് തന്നെ തുറക്കാം.പുതിയ ബ്ലോഗുകള്‍ പബ്ലിഷ് ചെയ്യുന്നത് അനുസരിച്ചു ഈ ലിസ്റ്റ്‌ അപ്പ്‌ ഡേറ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു.അത് പോലെ മറ്റു ലിസ്റ്റുകളും തയ്യാര്‍ ചെയ്യണമെന്നു വിചാരിക്കുന്നു. ബ്ലോഗുകള്‍ വായിക്കാന്‍ ടൈറ്റിലില്‍ ക്ലിക്ക്‌ ചെയ്‌താല്‍  പേജ് തുറന്നു കിട്ടും.


മലയാളം ബ്ലോഗ്‌ ലിസ്റ്റ്‌


മണിയടിയില്‍ സായൂജ്യം നേടുന്നതും സോപ്പിട്ട് കാലു വാരുന്നതും നിര്‍ത്താന്‍ കാലമായില്ലേ ?


പട്ടണവാസികള്‍ ആകാന്‍ വെമ്പുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക് !


മോഹന്‍ലാലും മീരാ ജാസ്മിനും ഇലന്തൂരും പിന്നെ ഈ ഞാനും !


ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ !


ജീവന്‍ നശിക്കുന്ന ദേശത്തു ജീവന്‍ നിലനിര്‍ത്തുന്ന ഡോക്ടര്‍ ജീവന്‍ !


ആറന്മുള വിമാനത്താവളവും മുന്നേറുന്ന കേരളവും !


ചാലയിലെ ടാങ്കര്‍ ലോറി അപകടത്തിനു ആരാണ് ഉത്തരവാദി ?


ഇന്ത്യയുടെ പിന്നോക്കാവസ്ഥ: മായമോ മായയോ ?


ഉറാന്‍ഷ്യ പുസ്തകം: ഒരു ജീവിത കാലത്ത് വായിച്ചിരിക്കേണ്ട ഒന്ന് !


സ്വയം എന്തെങ്കിലും ഗുണമില്ലാത്ത കാര്യം ആരെങ്കിലും ചെയ്യുമോ ?


പത്തു പേര് പറഞ്ഞാ നിങ്ങടെ ആട് പട്ടിയാകുമോ ?


വിമാനവും വൈമാനികരും മങ്ങിയ ചില ഓര്‍മ്മകളും !


വിമര്‍ശനവും കുററം പറച്ചിലും കളിയാക്കലും സുഖിച്ചു നേരിടാമോ?


പട്ടാളവും പോലീസും ചുറ്റി നിന്നാ കൊതുകു കടിക്കില്ലേ ?

ഉറങ്ശ്യ പുസ്തകത്തെ കേരളത്തിലെ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തട്ടെ !


മുളക് പൊടി വില്‍ക്കാന്‍ കെമിക്കല്‍ എഞ്ചിനീയര്‍ തന്നെ വേണോ ?


അഴിമതി കുറയണമെങ്കില്‍ വേര് മുറിച്ചിട്ട് കാര്യമില്ല, മണ്ട ഉണക്കണം!


ആത്മീയ പ്രബോധന സേവനങ്ങളെ കുറിച്ച് ചില കാര്യങ്ങള്‍.


ആര്‍ക്കും വേണ്ടാത്ത മുള്ളാത്തയ്ക്ക ഇത്ര വല്യ ഔഷധമോ?  


വിനാശ കാലേ വിപരീത ബുദ്ധി !


ഇലന്തൂരും ഇലന്തൂര്‍ സി ടി മത്തായിയും: ഒരു ഓര്‍മ്മക്കുറിപ്പ്‌ !


ചീഞ്ഞു നാറുന്ന നാടോ കേരളം ?


നഗരവല്‍ക്കരണം കേരളത്തെ നശിപ്പിക്കുന്നുവോ ?


ഇംഗ്ലീഷ് ബ്ലോഗുകള്‍ ഇവിടെ വായിക്കാം   
[List of English Blogs on Contemporary Issues ] 
  ഉറങ്ശ്യാ പുസ്തകവുമായി ബന്ധപ്പെട്ട ബ്ലോഗുകള്‍  
[List of English Blogs Related to the Concepts of the Urantia Book ]   
എഞ്ചിനീയറിംഗ് / മാനേജ്മെന്‍റ് ബ്ലോഗുകള്‍  
[List of English Blogs on Engineering, Management, Leadership]


[This page gives a linked list of Rajan C Mathew's Blogs in Malayalam Language, the mother tongue of the Blog Author ]

Tuesday, April 10, 2012

പട്ടാളവും പോലീസും ചുറ്റി നിന്നാ കൊതുകു കടിക്കില്ലേ ?

ഖജനാവു കാലിയല്ലാത്ത ഒരു ഉത്തര ഭാരത സംസ്ഥാനത്തിന്‍റെ തലസ്ഥാന നഗരിയില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് പ്രകാരം പണി കഴിപ്പിച്ചിരിക്കുന്ന ഒരു ടൌണ്‍ഷിപ്പില്‍ ആണ് ഞാന്‍ താമസിക്കുന്നത്.മറ്റു പല നഗര ഗ്രാമ പ്രദേശങ്ങളുമായി താരതമ്യ പെടുത്തിയാല്‍ വൃത്തി ഹീനമെന്നു പറയാന്‍ പറ്റില്ലെന്ന് മാത്രമല്ല വൃത്തിയില്‍ മുന്‍ പന്തിയിലെന്നു സാദാ ജനം സര്‍ട്ടിഫികട്ട് തരാന്‍ മടിക്കാത്ത ഒരു താമസ സ്ഥലമെന്ന് വേണമെങ്കില്‍ പറയാം. ഇരുപത്തിനാല് മണിക്കൂറും സെക്യുരിറ്റി ജീവനക്കാര്‍ തോക്കും പിടിച്ചു കാവല്‍ നില്‍ക്കുകയും റോന്തു ചുറ്റുകയും ചെയ്യുന്ന ഒരു പ്രൊട്ടെക്ടട് പ്രദേശം കൂടിയാണിത്.

അതിനും പുറമേ ബ്രിട്ടിഷ് ഭരണ കാലത്ത് സായിപ്പന്‍മാര്‍ സുഖ വാസത്തിനു തെരഞ്ഞു പിടിച്ച അപൂര്‍വം ചില ഇന്ത്യന്‍ പ്രദേശങ്ങളില്‍ ഒന്ന് കൂടിയാണീ നഗരം. 

ഭാഗ്യവാന്‍. ഒരു പക്ഷെ നിങ്ങള്‍ എന്നെ അങ്ങനെ വിശേഷിപ്പിച്ചേക്കാം.

എന്നാ എനിക്കങ്ങനെ തോന്നുന്നില്ല. 

കൊതുകു കടി മൂലം ചൊറിയാതെ നിക്കാനും ഇരിക്കാനും കിടക്കാനും പറ്റത്തില്ലേ പിന്നെന്തു ഭാഗ്യം കൂട്ടരേ?

അപ്പൊ നിങ്ങള് ചോദിച്ചേക്കാം 'കൊള്ളാമല്ലോ കൂവേ ഏതു ശീമേന്നു വന്നതാ ഇയാള്? കൊതുകു കടി കൊള്ളാത്ത ആരെങ്കിലും ഈ ഇന്ത്യാ മഹാരാജ്യത്ത് കാണുമോ ?' 

അത് ശരിയായിരിക്കാം. കൊതുകു കടി കൊള്ളാതെ ജീവിക്കാന്‍ പറ്റുന്ന പ്രദേശങ്ങള്‍ ഈ മഹാ രാജ്യത്ത് കാണുമോ എന്ന് എനിക്കറിയില്ല. 

എന്‍റെ അറിവില്‍ നഗരങ്ങളും പട്ടണങ്ങളും ഇല്ല.

പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്ന ആളുകള്‍ താമസിക്കുന്ന ചില ഗ്രാമ പ്രദേശങ്ങള്‍ കൊതുക് ഇല്ലാത്തതായി അവിടവിടെ ഉള്ള കാര്യം എനിക്ക് ബോദ്ധ്യമായി കഴിഞ്ഞ കാര്യമാണ്.

അതില്‍ ഒന്നാമത്തേത് കേരളത്തിലെ ഞാന്‍ ജനിച്ചു വളര്‍ന്ന ഇലന്തൂര്‍ എന്ന ഗ്രാമം.

എന്‍റെ കുട്ടിക്കാലത്ത് ഇന്നത്തെ പോലെ ഫാനും ഏസിയുമോന്നും ഇല്ലാതിരുന്ന ആ കാലത്ത് കൊതുക് കടി മൂലം വിഷമിച്ചതായി എനിക്ക് ഓര്‍മയില്ല.

എന്നാല്‍ ഇടയ്ക്ക് എപ്പോഴോ കുറെ കാലം കൊതുക് ഞങ്ങടെ ഗ്രാമത്തെ നരകം ആക്കിയത് പറയാതിരിക്കാന്‍ വയ്യ.  പരിസരങ്ങള്‍ വൃത്തിയായി വയ്ക്കാന്‍ ഗ്രാമ വാസികള്‍ മടി കാണിച്ചതും തുറന്ന കുഴി കക്കൂസുകളും തുറന്ന മല മൂത്ര വിസര്‍ജനവും ചിലരൊക്കെ പതിവാക്കിയപ്പോഴുമായിരുന്നു അങ്ങനെ ഒരു ഗതികേട് ഇലന്തൂരിനു വന്നത്.

എന്നാല്‍ ഗ്രാമ പഞ്ചായത്തിന്‍റെ പല വിധമായ പരിപാടികള്‍ മൂലം ആ ദുരവസ്ഥക്ക് ഒരു അറുതി വന്നതും ഞാന്‍ നേരില്‍ മനസ്സിലാക്കിയ കാര്യമാണ്.

ഇന്ന് ഇലന്തൂര്‍ ജന ബാഹുല്യം മൂലം പട്ടണ സദൃശ്യമായ ഒരു ഗ്രാമമാണ്. എന്നാല്‍ ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ഭരണ കര്‍ത്താക്കള്‍‍  ഉറങ്ങുന്ന അനന്തപുരിയെയോ കേരള കോടിപതികള്‍ ഉറങ്ങുന്ന കൊച്ചി പോലുള്ള മറ്റു പട്ടണങ്ങലെക്കാളുമോ ഒക്കെ ഭേദപ്പെട്ട നിലയിലാണ് ഇലന്തൂര്‍ക്കാര്‍, കൊതുക് കടിയുടെ കാര്യത്തില്‍.  എന്നാണു എനിക്ക് തോന്നുന്നത്.

ഇപ്പോഴത്തെ അവിടത്തെ സ്ഥിതി എന്താണെന്ന് ഇലന്തൂര്‍ക്കാര്‍ വിലയിരുത്തട്ടെ !

എന്നാല്‍ എന്‍റെ  ഉള്ളില്‍ കൊതുക് കടി ഏല്‍ക്കുമ്പോള്‍ തികട്ടി വരുന്ന ഒരു സംശയം ഇതാണ്.

അധികാരത്തിന്‍റെ ഉള്ള പത്രാസു മുഴുവന്‍ ഇപ്പോഴും ജനങ്ങളെ കാണിക്കാന്‍ വെമ്പുന്ന നമ്മുടെ മന്ത്രിമാരെയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഈ കൊതുകുകള്‍ കടിക്കാതെ വെറുതെ വിട്ടിരിക്കയാണോ?

ഒരു ഈച്ച പോലും കടക്കാത്ത സെക്യുരിറ്റി മൂലം കൊതുകുകള്‍ക്കും രക്ഷയില്ലാത്തതു മൂലമാണോ ഇവരൊക്കെ രക്ഷ പെടുന്നത്?

അതോ പട്ടാളക്കാര്‍ക്ക് കൊതുക് കടിയില്‍ നിന്നും രക്ഷപെടാന്‍ വികസിപ്പിച്ചെടുത്ത ഡി ആര്‍ ഡി ഓ മരുന്ന് പൂശി നടക്കാനുള്ള പ്രോട്ടോക്കോള്‍ അവര്‍ക്കൊക്കെ ഉള്ളത് മൂലമോ?

ഏതായാലും ഒരു കാര്യം തീര്‍ച്ച. നമ്മുടെ മന്ത്രിമാര്‍ക്കും മറ്റു അധികാര പ്രമുഖര്‍ക്കും കൊതുക് കടി കിട്ടുന്നുണ്ടാവില്ല.

കിട്ടിയിരുന്നുവെങ്കില്‍ കൊതുകുകള്‍ക്കെതിരെ അവരുടെ യുദ്ധം നമുക്ക് കാണാനും കേള്‍ക്കാനും കഴിഞ്ഞേനെ.

എന്നാലും അവരെ ഒക്കെ രക്ഷ പെടുത്തുന്ന കൊതുകു മാരണ സാമഗ്രികള്‍ എന്ന നിലയില്‍ പരസ്യ കസര്‍ത്ത് നടത്തി കോടികള്‍ നേടിക്കൊണ്ടിരിക്കുന്ന കൊതുകു കമ്പനികളും മലമ്പനി മരുന്ന് കമ്പനികളും  നമ്മളെ നാള്‍ക്കു നാള്‍ ആശ്വസിപ്പിച്ചു പണം പിടുങ്ങി കൊണ്ടിരിക്കുന്നു.

കൊതുകുകളുടെ കഴിവ് കൂടി കൊണ്ടുമിരിക്കുന്നു.

കൊതുകുകളെ വളര്‍ത്തി വികസിപ്പിച്ചു വിട്ടിട്ട് നശീകരണത്തിനു കോടികളുടെ മരുന്നുകളും ഉപകരണങ്ങളും വിപണനം ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് എതായാലും അത്ര സുഖമുള്ള കാര്യമല്ല. കൊതുകു കടി കൊള്ളുന്നവര്‍ക്കെ അത് മനസ്സിലാകൂ.

കൊതുകിനു പോലും തുളക്കാന്‍ പറ്റാത്ത തൊലിക്കട്ടി ഉള്ളവര്‍ക്ക് കൊതുക്‌ ഒരു പ്രശ്നമല്ലായിരിക്കാം.

തൊലിക്കട്ടി കുറവായ എന്നെ പോലുള്ളവര്‍ക്ക് കൊതുകുകള്‍ നഗരങ്ങളെ നരകങ്ങള്‍ ആക്കിക്കൊണ്ടിരിക്കുന്ന ജീവികളും.

ഇതില്‍ നിന്ന് ഈ രാജ്യത്തിന് ഒരു മോചനം പ്രതീക്ഷിക്കാമോ ?

[ലേഖകന്‍റെ മലയാളത്തിലുള്ള കൂടുതല്‍ എഴുത്തുകള്‍ ഇവിടെ വായിക്കാം !]

[* A satire in Malayalam language to make people aware of the growing mosquito menace in the Indian cities, towns and clustered villages.]

Tuesday, March 20, 2012

ഇലന്തൂരും ഇലന്തൂര്‍ സി ടി മത്തായിയും: ഒരു ഓര്‍മ്മക്കുറിപ്പ്‌ !

പത്തനംതിട്ടയ്ക്കും കോഴെന്‍ചേരിയ്ക്കും ഏകദേശം നടുവിലായിട്ടാണ് ഇലന്തൂര്‍ നെടുവേലി ജങ്ക്ഷന്‍. നെടുവേലി മുക്കെന്നു ഇലന്തൂര്‍ക്കാര്‍ വിളിക്കുന്ന ഈ മുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ ഓമല്ലൂര്‍ റോഡില്‍ പോയാല്‍ ഇലന്തൂര്‍ പുത്തന്‍ചന്ത ആയി.

ഇന്നീ ഇലന്തൂര്‍ ഓമല്ലൂര്‍ റോഡ്‌ വാഹന ബാഹുല്യം കൊണ്ട് നടക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. അതുമൂലം നെടുവേലി മുക്കില്‍ നിന്നും ഇലന്തൂര്‍ മാര്‍ക്കറ്റ്‌ വരെ പോകണമെങ്കില്‍ ഓട്ടോ തന്നെ ശരണം. ഓട്ടോകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഉത്തര ഭാരതത്തിലെ പല വലിയ സിറ്റികളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഓട്ടോകള്‍ നെടുവേലി മുക്കിലുണ്ട്.

എന്റെ കുട്ടിക്കാലത്ത് ഈ റോഡ്‌ മെറ്റല്‍ ഇട്ട ഒരു പ്രധാന വഴി മാത്രമായിരുന്നു. പെട്രോളും ഡീസലും അല്ലാത്ത നീരാവി മൂലം ഓടുന്ന തീ വണ്ടി ബസുകള്‍ ഇത് വഴി സര്‍വീസ്‌ നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത്തരം ഒരു ബസില്‍ എനിക്ക് ഒന്നോ രണ്ടോ വയസു പ്രായമുള്ളപ്പോള്‍ യാത്ര ചെയ്ത ഓര്‍മ്മ ഇപ്പോഴും ഒരു പുകപ്പാട് പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

അതിനു ശേഷം പെട്രോള്‍ ബസുകള്‍ ഓടാന്‍ തുടങ്ങി. കൂര്‍ത്ത മുന്‍വശവും കഷ്ട്ടിച്ചു പത്തിരുപതു പേര്‍ക്ക് ഇരിക്കാവുന്നതുമായ ഒന്നോ രണ്ടോ ബസുകള്‍ ആയിരുന്നു ആദ്യമൊക്കെ. കൊഴെഞ്ചേരിയെയും കായംകുളത്തെയും യോജിപ്പിക്കുന്ന ബസ്‌ സര്‍വീസുകള്‍. ആദ്യം ഓടി തുടങ്ങിയത് ഗോപാലകൃഷ്ണന്‍ ബസും കെ സി ടി ബസും ആണെന്നു തോന്നുന്നു.

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനം കേരളപ്പിറവിക്കു ശേഷം വന്ന ഈ എം എസിന്റെ കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ വിമോചന സമരം കുറെയൊക്കെ എന്റെ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. ആരുടെ ഒക്കെയോ എളിയില്‍ ഇരുന്നു പോലീസ് വണ്ടിയില്‍ കയറിയ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ല.

അന്നത്തെ ഇലന്തൂരിലെ പ്രധാന വിദ്യാഭ്യാസ ഉപാധികള്‍ ചാക്കല്‍ ഗവ. യു.പി സ്കൂളും (ഇന്നത്തെ ഗവ. മോഡല്‍ ഹൈ സ്കൂള്‍) ഗാന്ധി ശിഷ്യനായിരുന്ന കെ കുമാര്‍ജി നടത്തിയിരുന്ന ശ്രീ ഗാന്ധി സര്‍വോദയ ലോവര്‍ പ്രൈമറി സ്കൂളും (അന്ന് പെമ്പള്ളിക്കൂടമെന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂള്‍ ഇന്നില്ല) ആയിരുന്നു. ഇതില്‍ രണ്ടാമത്തെ സ്കൂളില്‍ ആണ് ഞാന്‍ എന്‍റെ ആദ്യ വിദ്യാഭ്യാസം നടത്തിയതെന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. കാരണം അന്നീ സ്കൂളിന് ലഭിച്ചിരുന്ന ബഹുമാനം ഇന്നത്തെ ഹൈ ഫൈ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളുകള്‍ക്ക് ഇല്ലെന്നത് തന്നെ.

ഇലന്തൂരിനെ കേരളം ആകമാനം അറിയുന്ന ഒരു പ്രദേശം ആക്കാന്‍ സഹായിച്ച എഴുത്തുകാരനും പ്രാസംഗികനും ആയിരുന്നു ഇലന്തൂര്‍ സി ടി മത്തായി എന്നറിയപ്പെട്ടിരുന്ന എന്റെ ജോണിച്ചായന്‍. മുട്ടത്തുകോണം  എസ് എന്‍ ഡി പി സ്കൂളിലെ അദ്ധ്യാപകന്‍ ആയിരുന്നു ഇദ്ദേഹം. എന്റെ ബന്ധുവും അതിലുപരി സുഹൃത്തും. ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി വളരെ കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒരു പ്രധാന അധ്യാപക സംഘടനയുടെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു.

പത്രങ്ങളിലും മറ്റും എഴുതിയിരുന്ന ഇദ്ദേഹം ആണ് ഇല്ലങ്ങളുടെ ഊര് എന്ന പ്രയോഗം ഇലന്തൂരിനു കൈ വരാന്‍ ശ്രമിച്ച ആദ്യ എഴുത്തുകാരന്‍. ഇലന്തൂരിന്റെ ചരിത്രം പഠിക്കുവാന്‍ ഒരു ചരിത്ര അദ്ധ്യാപകന്‍ ആയിരുന്ന ഇദ്ദേഹം വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. 

അദ്ദേഹത്തിന്റെ അകാല മരണത്തിനു ശേഷം ആ ഓര്‍മ നില നിര്‍ത്താന്‍ ഇലന്തൂര്‍ക്കാര്‍ ആദ്യ കാലങ്ങളില്‍ കുറെയൊക്കെ ശ്രമിച്ചിരുന്നു. 

കെ കുമാര്‍ജിയും സി ടി മത്തായിയുമൊക്കെ അങ്ങനെ വെറും ഓര്‍മകളില്‍ കൂടി ഇല്ലാതെ ആയിരിക്കുന്നു.

വളര്‍ന്നു കൊണ്ടിരിക്കുന്ന പട്ടണ സംസ്കാരം അധികം താമസിയാതെ ഈ ഇലന്തൂര്‍ പോലെയുള്ള കേരള ഗ്രാമങ്ങളെ ഒക്കെ വിഴുങ്ങി എന്നിരിക്കും.

അത് നല്ലത് എന്നാണല്ലോ ഇപ്പോഴത്തെ ജന വിചാരം. 

കാലം പോയ പോക്കെ !

അല്ലാതെന്തു പറയാന്‍ ?

ഇലന്തൂരിന്റെ പുതിയ തലമുറക്കാര്‍ കൊച്ചിക്കും തിരുവനന്തപുരത്തേക്കും ഒക്കെ ചേക്കേറി കൂടു കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ്.

പേരെടുത്ത ഇലന്തൂര്‍ക്കാരായ പുതു തലമുറയിലെ മീരാ ജാസ്മിനും മോഹന്‍ലാലിനും ഒന്നും ഇപ്പോള്‍ ഇലന്തൂരില്‍ വേരുകള്‍ ഇല്ല.

അത് പോലെ മറ്റു പലരും.

അവരുടെ ഒക്കെ അടുത്ത തലമുറകള്‍ ഈ നാടിനെ ഒരു കാലത്ത് തേടി വരുമെന്ന് നമുക്ക് കരുതാം.

ആയിരത്തിലധികം വര്‍ഷങ്ങള്‍ കൊച്ചിയില്‍ തമ്പടിച്ചിരുന്ന ജൂതന്മാരുടെ പിന്‍തലമുറ ഇസ്രയേലില്‍ തിരിച്ചു പോയതും നമ്മള്‍ക്ക് അറിവുള്ള കാര്യമാണല്ലോ.

[ലേഖകന്‍റെ കൂടുതല്‍ മലയാള ബ്ലോഗുകള്‍ ഇവിടെ കാണാം !]

[The above lines are written in Malayalam -the native language of Kerala. It tells about my village Elanthoor (Elanthur) which lies between the two towns, Pathanamthitta and Kozhencherry  and about my childhood friend and guide who used to be known in Kerala as Elanthoor C T Mathai . He was a teacher, local politician and a local historian who had  exemplary literary qualities. His oratory skills in the vernacular language used to keep people listen attentively to him. It is over a decade that Elanthoor C T Mathai passed away. Many such prominent personalities of this village are no more. Though Elanthoor is an important administrative unit in the progressive state of Kerala, there is a growing trend among affluent and well known people of the village to move out of the village and to settle abroad or in other cities. But it is hoped that those left the village would come back some time later. ]

Monday, January 23, 2012

ആത്മീയ പ്രബോധന സേവനങ്ങളെ കുറിച്ച് ചില കാര്യങ്ങള്‍.

കേരളത്തില്‍ നിന്നും പത്തു മൂവായിരം കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഒരു മറു നാടന്‍ മലയാളി ആയ എനിക്ക് കേരളത്തിലെ എല്ലാ ടി വി ചാനലുകളും കാണാന്‍ സൗകര്യം ഇല്ല എന്ന് തന്നെ പറയാം. മലയാളി കൂട്ടങ്ങള്‍ അധികമൊന്നും ഇല്ലാത്തതിനാല്‍ കേബിളുകാരും ഡി ടി എച്ച് കാരും വളരെ വിഷമിച്ച് ഒന്ന് രണ്ടു മലയാള ചാനെലുകള്‍ അവരുടെ പാക്കേജില്‍ ഉള്‍പെടുത്തിയാല്‍ അത് തന്നെ വലിയ ഭാഗ്യം.

എല്ലാ മലയാള ചാനെലുകളും കിട്ടിയാത്തന്നെ അത് കാണാനോ നോക്കാനോ ഉള്ള സമയമോ സാവകാശാമോ എനിക്കില്ല എന്നത് വേറൊരു കാര്യം. ഒന്ന് രണ്ടു തന്നെ ധാരാളം!

പറയാന്‍ വന്നത് ഇതൊന്നുമല്ല.

പതിവായി രാവിലെ സൂര്യ ടി വി കാണുന്നത് ഒരു പതിവായിരിക്കുന്നു.

സൂര്യക്കാര്‍ രാവിലെ ഒന്ന് രണ്ടു സ്ലോട്ടുകള്‍ ആത്മീയ പ്രബോധനങ്ങള്‍ക്ക് മാത്രമായി മാറ്റി വച്ചിരിക്കുന്നു.

കൂടുതലും ക്രൈസ്തവ സ്വതന്ത്ര വിഭാഗങ്ങളുടെ തീവ്രതയാര്‍ന്ന പ്രഭാഷണങ്ങളും രോഗ ശാന്തി പ്രാര്‍ഥനകളും.

പലയിടങ്ങളിലായി നടക്കുന്ന കൂട്ടായ്മകളുടെ എഡിറ്റ്‌ ചെയ്ത റെക്കോര്‍ഡ്‌കള്‍.

ധാരാളം ആളുകള്‍ ഈ പ്രഭാഷണങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നേരിട്ട് സംബന്ധിക്കുകയും ടി വി യില്‍ പരോക്ഷമായി കാണുകയും ചെയ്തു കൊണ്ടിരിക്കുന്നു.

ദിവസേന ഈ പ്രോഗ്രാമുകള്‍ സ്പോണ്‍സര്‍ ചെയ്യാനായി പതിനായിരമോ അതിലധികമോ കൊടുക്കാന്‍ മടിയില്ലാത്തവരും ധാരാളം.

നമ്മുടെ ജനങ്ങളില്‍ ആത്മീയത വളര്‍ന്നു വരുന്നത് നല്ലത് തന്നെ. വിമര്‍ശകര്‍ എന്ത് തന്നെ പറഞ്ഞാലും.

എന്‍റെ സഹധര്‍മിണി ഈ പ്രോഗ്രാമുകളില്‍ ചിലത് കാണുന്നത് പതിവാക്കിയിരിക്കുന്നത് കൊണ്ട് ഞാനും അത് പതിവായി ഇടയ്ക്കിടെ ശ്രദ്ധിക്കുന്നത് ഒരു പതിവാക്കിയിരിക്കുന്നു എന്നത് ഒരു വാസ്തവം.

ക്രൈസ്തവ പ്രഭാഷകരുടെ താല്‍ക്കാലിക പ്രശ്നങ്ങള്‍ക്കുള്ള  പ്രാര്‍ത്ഥനാ സേവനങ്ങള്‍ ഒരു പക്ഷെ ദൈവത്തെ കച്ചവടമാക്കുന്ന ഒരു കാര്യമായിട്ടു ചിലര്‍ക്കൊക്കെ തോന്നുമെന്കില്‍ പോലും പലര്‍ക്കും അതുമൂലം മനശാന്തിയും രോഗശാന്തിയും പ്രശ്ന പരിഹാരവും കൈവരുന്നത് മൂലമായിരിക്കുമല്ലോ ആളുകള്‍ ആ സേവനങ്ങള്‍ക്കായി ആഗ്രഹിക്കുന്നത്.

അതുമൂലം ഞാന്‍ ഈ കാര്യങ്ങളെ ഒരു മുന്‍ വിധിയോടെ കാണാന്‍ ആഗ്രഹിക്കുന്നില്ല.

നമുക്കറിയാന്‍ വയ്യാത്ത പലതും നമ്മുടെ ചുറ്റിലും നടക്കുന്നു.

അതൊന്നും അപഗ്രഥിക്കാന്‍ ഞാന്‍ ആളല്ല. അതിനൊട്ടു തുനിയുന്നുമില്ല.

ഈ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്ന കൂട്ടത്തില്‍ ചില ഹൈന്ദവ സന്യാസിമാരുടെ പ്രഭാഷണങ്ങളും ഞാന്‍ കേള്‍ക്കാറുണ്ട്.

അതിലൊരു സന്യാസിയുടെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമാണ് എന്ന് തന്നെ പറയാം.

ഭാരത സമൂഹത്തില്‍ അത്യാവശ്യം ആയിരിക്കുന്ന ചില സംഗതികളെ അദ്ദേഹം തുറന്നടിച്ചു പറയുന്നു.

കഴിഞ്ഞ ആഴ്ച അദ്ദേഹം അഞ്ചു C-കളെ കുറിച്ചു പറഞ്ഞത് ഞാനോര്‍ക്കുന്നു.

ഇന്ത്യയില്‍ ഒരു പൊതു സിവില്‍ കോഡും മതമില്ലാതെ മരിച്ചവരെ മറവു ചെയ്യാനുള്ള സൌകര്യവും വേണമെന്ന് അദ്ദേഹം പറഞ്ഞത് നമ്മുടെ രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും ഒന്ന് കേട്ടിരുന്നെങ്കില്‍!

പക്ഷേ, എന്ത് ചെയ്യാം?

അതൊക്കെ മനസ്സിലാക്കി ജനസേവനം നടത്തിയാല്‍ അധികാരത്തില്‍ തുടരാനാവില്ല എന്ന് അവരൊക്കെ ഭയക്കുന്നു എന്ന് വേണമെങ്കില്‍ കരുതാം.

ഇങ്ങനെയുള്ള ഭയമില്ലാത്ത നേതാക്കളെ ആണ് നമുക്കാവശ്യം.

അവരെ തുണയ്ക്കുന്ന ജനങ്ങളെയും!

Friday, January 20, 2012

അഴിമതി കുറയണമെങ്കില്‍ വേര് മുറിച്ചിട്ട് കാര്യമില്ല, മണ്ട ഉണക്കണം!

ചിന്തിക്കാന്‍ കഴിവുള്ളവരും, എന്നാല്‍ നിസ്സഹായരുമായ ലക്ഷോപലക്ഷം പൌരന്മാരുടെ മാതൃ രാജ്യമാണ് ഭാരത ദേശം. അങ്ങനെ പറഞ്ഞാല്‍ ചിന്തിക്കാന്‍ കഴിവില്ലാത്തവരും നിസ്സഹായാവസ്ഥയില്‍ അല്ലാത്തവരും ഇവിടില്ല എന്ന് അര്‍ത്ഥമാക്കരുത്.

അഴിമതിയില്‍ കുളിച്ചു മുങ്ങിയ ഒരു ദേശം. അങ്ങനെയാണ് ഇവിടുത്തുകാരും വിദേശികളും ഇന്ത്യയെന്ന ഭാരത വര്‍ഷത്തെ ഇപ്പോള്‍ വിലയിരുത്തുന്നത്. എല്ലാ ഇന്ത്യക്കാരും അഴിമതിക്കാരാണെന്ന് എന്നതല്ല അത് സൂചിപ്പിക്കുന്നത്.

കോഴ കൊടുക്കാതെ ഒരു കാര്യവും നേരെ ചൊവ്വേ നടക്കാത്ത ഭരണ സംവിധാനമുള്ള ഒരു മഹാ രാജ്യം.

 എന്നാല്‍ അത് കൊണ്ട് ഇവിടെ ഉള്ള എല്ലാവരും വലിയ ജീവിത പ്രതിസന്ധി നേരിടുന്നു എന്ന് പറഞ്ഞാല്‍ അതത്ര ശരിയാവില്ല.

ഉടുതുണിക്ക് മറു തുണി ഇല്ലാത്ത ദരിദ്ര ഭാരതീയരുടെ സംഖ്യ മറ്റു പല രാജ്യങ്ങളുടെ ജന സംഖ്യയുടെ പല മടങ്ങ് വരും. എന്നാല്‍ അവരും അവരുടേതായ രീതിയില്‍ ഇവിടെ ജീവിക്കുന്നു. മരിക്കുന്നു. ഒരു പക്ഷെ ജീവിക്കാതെ മരിക്കുന്നു.

എന്നാല്‍ അതുപോലെ തന്നെ ലക്ഷോപലക്ഷം ജന്മിമാരും പുതു പണക്കാരും മുതലാളിമാരും ഭരണക്കാരും രാഷ്ട്രീയക്കാരും അവരെ അനുകരിക്കാന്‍ വെമ്പുന്ന ഇടത്തരക്കാരും പണത്തില്‍ മുങ്ങി മതി മറന്നവരും ഇവിടുണ്ട്.

പണമില്ലെങ്കില്‍ വെറും പിണം എന്ന വിശാസം ഭാരതീയരില്‍ വര്‍ദ്ധിച്ചു വരുന്നു എന്നു തോന്നുന്ന തരത്തിലാണ് ഇന്ന് ഈ രാജ്യത്തിന്റെ സംസ്കാരം ചെന്ന് നില്‍ക്കുന്നത്.

ആ സംസ്കാരത്തിന് വളം വയ്ക്കുന്ന തരത്തിലാണ് ഇന്ന് ഇവിടത്തെ പല കാര്യങ്ങളും നീങ്ങുന്നത്.

അഴിമതിയും കോഴയും ശിക്ഷാര്‍ഹാമാണെങ്കിലും അതൊന്നും ആരും അത്ര കാര്യമായി എടുക്കുന്നില്ല എന്നു വേണമെങ്കില്‍ പറയാം.

പണം എങ്ങനെ വന്നാലും കയ്ക്കില്ല എന്ന മട്ട്. കട്ടിട്ടായാലും കുഴപ്പമില്ല. പിടുത്തം വരാതെ നോക്കിയാല്‍ മതി എന്ന ഒരു ധാരണ വലിയവരിലും ചെറിയവരിലും പടര്‍ന്നു പിടിച്ചിരിക്കുന്നു. കുറ്റം ആരോപിക്കപ്പെടുന്നവന്‍ കുറ്റവാളി അല്ല എന്ന് ആധികാരികമായി പറയുന്നവര്‍ ഈ രാജ്യത്തില്‍ ഉന്നത പദവികളില്‍ വിരാജിക്കുന്നു. അതുകൊണ്ട് തന്നെ കുറ്റകൃത്യം നടത്തി പോലീസ് പിടിയിലും ജയിലിലും ഒക്കെ ആയ വിദ്വാന്മാര്‍ക്കും ആരും അയിത്തം കല്‍പ്പിച്ചിട്ടില്ല.

ജനസേവനത്തിന് ഇറങ്ങിയ രാഷ്ട്രീയക്കാരും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും ഇത് ശരിയെന്നു കാണാന്‍ തുടങ്ങിയതോടെ ഭാരതം അഴിമതിയുടെയും കോഴയുടെയും ഈറ്റില്ലം ആയിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ വയ്യാത്ത ഒരു സ്ഥിതി ആയിരിക്കുന്നു. അങ്ങനെ അല്ലാത്തവരും അവിടവിടെയൊക്കെ കാണുമെങ്കില്‍ പോലും!

പണ്ടൊക്കെ നക്കാപ്പിച്ച കാശ് ശമ്പളം പറ്റുന്ന താഴേക്കിട ഉദ്യോഗസ്ഥര്‍ കൊച്ചു കൊച്ചു കാര്യങ്ങള്‍ക്ക് ഒന്നും രണ്ടും കോഴ വാങ്ങുന്നതായിരുന്നു അഴിമതി എന്നു സാദാ ജനം പറഞ്ഞിരുന്നത്. അന്ന് കോഴക്കാരെ കണ്ടു പിടിച്ചാല്‍ ശിക്ഷിക്കാനും ശാസിക്കാനും കോഴ വാങ്ങാത്ത മേലുദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നു.

എന്നാല്‍ ഇന്നതല്ല സ്ഥിതി. വേലി തന്നെ വിള തിന്നുന്ന ഒരു അവസ്ഥ.

അഴിമതിക്ക് ശാസിക്കാണോ ശിക്ഷിക്കാനോ സല്‍ഭരണം നടത്താനോ പറ്റാത്ത ഉന്നതര്‍ എല്ലായിടത്തും കയറിപ്പറ്റി ഇരിക്കുന്നുവെന്നു മാത്രമല്ല അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നവരും കുറവല്ലാത്ത ഒരു സ്ഥിതി വിശേഷം ഭാരതത്തില്‍ സംജാതമായിരിക്കുന്നുവെന്നു സംശയിക്കേണ്ടി ഇരിക്കുന്നു.

അങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു അണ്ണാ ഹസാരെ ഗാന്ധിയെ അനുകരിച്ചു പട്ടിണി സമരം നടത്തിയാ ഉടനെ ഒരു ഒറ്റമൂലി നിയമം നടപ്പായി ഈ അഴിമതി ആര്‍ഷ ഭാരതത്തില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചു മാറ്റാം കഴിയും എന്ന് കരുതുന്നത് വിഡ്ഢിത്തരമല്ലെമ്കിലും ബുദ്ധിപരമല്ല.

കോഴപ്പണമെന്ന വളം വലിച്ചു വേരുറച്ച ആ വന്‍ അഴിമതി വട മരത്തിന്റെ വേരുകള്‍ അവിടവിടെ ഇടക്കിടെ വെട്ടിയതുകൊണ്ട് ആ മരത്തിനോന്നും സംഭവിക്കാന്‍ പോകുന്നില്ല.

നമുക്ക് തണലായി ഈ മരം തന്നെ വേണ്ടെന്നു വച്ചാല്‍ അത് മൂടോടെ വെട്ടാന്‍ ഒരു പക്ഷെ നമുക്ക് തീരുമാനിക്കാന്‍ കഴിഞ്ഞെന്നു വരും.  അങ്ങനെ ആയാല്‍ ഈ വട വൃക്ഷത്തിന്‍റെ കായ്കള്‍ ഭക്ഷിച്ചു സുഭിക്ഷമായി കഴിയുന്ന വവ്വാലുകള്‍ അതിന്റെ കുരുക്കള്‍ എല്ലായിടത്തും വിതറി നാടൊക്കെ ഈ മരം പടര്‍ന്നു പന്തലിക്കുന്നത് തടയാന്‍ സാധിച്ചേക്കാം.

അഴിമതിയുടെ വേര് വെട്ടിക്കൊണ്ടിരിക്കാതെ മണ്ട ഉണക്കി ഉന്‍മൂല നാശം വരുത്താന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് ചിന്താ ശക്തി നശിച്ചിട്ടില്ലാത്ത ഇന്ത്യക്കാര്‍ ആലോചിക്കുന്നത് നന്നായിരിക്കും.

അതിനു കഴിയുന്നില്ലെങ്കില്‍ അഴിമതിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി അതിലെന്കിലും ലോക ജനതയ്ക്ക് മുമ്പില്‍ ഭാരതത്തെ ഉയര്‍ത്തി പിടിക്കാന്‍ ശ്രമിച്ചാലും മതിയായിരുന്നു !

[ലേഖകന്‍റെ ബ്ലോഗുകളുടെ ലിസ്റ്റ്‌ ഇവിടെ കാണുക ]