Powered By Blogger
Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Friday, May 8, 2026

നിയമങ്ങളിലെ പഴുതുകൾ ഉപയോഗിച്ച് കിറുക്കന്മാർ ഏകാധിപത്യ അധികാരം പിടിച്ചെടുക്കുമ്പോൾ സംഭവിയ്ക്കുന്നത്!

​ചരിത്രം പലപ്പോഴും യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും കഥയായാണ് നാം പഠിക്കാറുള്ളത്. 

എന്നാൽ 1930-കളിൽ ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്‌ലർ അധികാരം പിടിച്ചെടുത്തത് പരിശോധിച്ചാൽ, നിയമം ലംഘിച്ചുകൊണ്ടല്ല, മറിച്ച് നിയമത്തെ ഒരു ആയുധമാക്കി മാറ്റിക്കൊണ്ടാണ് ഒരു ജനാധിപത്യം തകർക്കപ്പെട്ടതെന്ന് നമുക്ക് കാണാം.

​ഹിറ്റ്‌ലർ അധികാരം 'പിടിച്ചെടുക്കുക' ആയിരുന്നില്ല, മറിച്ച് വ്യവസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് അതിനെ ഉള്ളിൽ നിന്ന് തകർക്കുകയായിരുന്നു. 1923-ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്ക് ശേഷം, ജനാധിപത്യ മാർഗങ്ങളിലൂടെ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുക എന്ന തന്ത്രമാണ് അദ്ദേഹം സ്വീകരിച്ചത്.

​വെയ്മർ റിപ്പബ്ലിക്കിന്റെ ഭരണഘടനയിൽ 'ആർട്ടിക്കിൾ 48' എന്നൊരു പ്രത്യേക വകുപ്പുണ്ടായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ പാർലമെന്റിനെ മറികടന്ന് ഉത്തരവുകളിലൂടെ ഭരിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്നതായിരുന്നു ഇത്. സാമ്പത്തിക തകർച്ചയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും കാലത്ത് ഈ വകുപ്പ് ഒരു സ്ഥിരം സംവിധാനമായി മാറി. ഹിറ്റ്‌ലറെ നിയന്ത്രിക്കാമെന്ന് കരുതിയ മറ്റ് രാഷ്ട്രീയക്കാർ അദ്ദേഹത്തെ ചാൻസലറായി വാഴിച്ചപ്പോൾ, ഈ 'അടിയന്തരാവസ്ഥാ ഭരണം' ഒരു സ്വേച്ഛാധിപത്യത്തിലേക്കുള്ള വാതിലായി മാറി.

​ഏകാധിപതികൾ തങ്ങളെത്തന്നെ അവതരിപ്പിക്കുന്നത് രാജ്യത്തെ രക്ഷിക്കാൻ വന്ന ഏക രക്ഷക വേഷം ധരിച്ചാവും. ഹിറ്റ്ലർ ചെയ്തതും അങ്ങനെ ഒക്കെത്തന്നെ. 1933 ഫെബ്രുവരിയിലെ റീഷ്സ്റ്റാഗ് (പാർലമെന്റ് മന്ദിരം) തീപിടുത്തം ഇതിനൊരു അവസരമായി. ഇതൊരു കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന് വരുത്തിതീർത്ത് ഹിറ്റ്‌ലർ പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കി. എതിരാളികളെ നിയമപരമായി തന്നെ ജയിലിലടക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു. പോലീസ്, കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ (Permanent Executive) ഭരണാധികാരിയുടെ താൽപ്പര്യങ്ങൾക്കായി നിലകൊണ്ടപ്പോൾ ജനാധിപത്യത്തിന്റെ കാവൽപ്പുരകൾ തകർന്നു.

​ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും, ഭീഷണികളിലൂടെയും വാഗ്ദാനങ്ങളിലൂടെയും 'എനേബിളിങ് ആക്ട്' പാസാക്കാൻ ഹിറ്റ്‌ലർക്ക് കഴിഞ്ഞു. ഇതോടെ നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരം പാർലമെന്റിൽ നിന്ന് ഹിറ്റ്‌ലറുടെ കൈകളിലെത്തി. ചെറിയ മാറ്റങ്ങളിലൂടെ തുടങ്ങി, ഒടുവിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും യൂണിയനുകളെയും നിരോധിച്ചുകൊണ്ട് അദ്ദേഹം അധികാരം ഉറപ്പിച്ചു. ഓരോ ചെറിയ മാറ്റത്തെയും എതിർക്കുന്നതിൽ അധികാരികൾ കാണിക്കുന്ന വിമുഖത ഒടുവിൽ വലിയൊരു വിപത്തായി മാറി.

​ചരിത്രത്തിലെ മറ്റൊരു വലിയ വൈരുദ്ധ്യം ഏകാധിപതികളുടെ അന്ത്യമാണ്. തങ്ങൾ അജയ്യരാണെന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിക്കുന്ന ഇവർ, ഒടുവിൽ അങ്ങേയറ്റം ദയനീയമായാണ് വീണുപോകുന്നത്.

​ പറയുന്നവരെ ശിക്ഷിക്കുന്നത് വഴി ഏകാധിപതികൾക്ക് ചുറ്റും പുകഴ്ത്തലുകാർ മാത്രമായി മാറുന്നു. തന്റെ അവസാന നാളുകളിൽ, നിലവിലില്ലാത്ത സൈന്യത്തിന് ഉത്തരവുകൾ നൽകിക്കൊണ്ട് ബങ്കറിനുള്ളിൽ ഹിറ്റ്‌ലർ കഴിഞ്ഞുകൂടിയത് ഇതിന് ഉദാഹരണമാണ്.

 ചക്രവർത്തിമാരെപ്പോലെ വേഷമിട്ടിരുന്ന മുസ്സോളിനി, ഒരു സാധാരണ സൈനികന്റെ കോട്ടിട്ട് രാജ്യം വിടാൻ ശ്രമിക്കവേയാണ് പിടിക്കപ്പെട്ടത്.

​സദ്ദാം ഹുസൈൻ മണ്ണിലെ ഒരു ചെറിയ കുഴിയിൽ നിന്ന് പിടിക്കപ്പെട്ടതും, സെസെസ്ക്യൂ എന്ന റൊമാനിയൻ ഏകാധിപതി സൈനിക കോടതിയുടെ വിധിക്ക് പിന്നാലെ കൊല്ലപ്പെട്ടതും ചരിത്രത്തിലെ ദയനീയ കാഴ്ചകളാണ്.

​ഒരു ഏകാധിപത്യത്തിന്റെ തകർച്ച പലപ്പോഴും അരാജകത്വത്തിന് വഴിമാറുമെങ്കിലും, അവരുടെ ദയനീയമായ അന്ത്യം അവർ വെറുമൊരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു എന്ന യാഥാർത്ഥ്യം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്നു.

​ഒരു രാജ്യത്തിന്റെ കരുത്ത് എഴുതപ്പെട്ട നിയമങ്ങളിൽ മാത്രമല്ല, മറിച്ച് ഭരണഘടനാ സ്ഥാപനങ്ങളിൽ ഇരിക്കുന്ന വ്യക്തികളുടെ ആർജ്ജവത്തിലാണ്.

നിയമത്തിലെ പഴുതുകൾ അധികാരമോഹികൾക്കായി തുറന്നുകൊടുക്കാതിരിക്കാൻ ഉദ്യോഗസ്ഥരും നീതിപീഠവും പൗരന്മാരും ജാഗ്രത പാലിക്കണമെന്നാണ് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്.

ചരിത്രം എന്തു തന്നെ ഓർമ്മിപ്പിച്ചാലും അതുകൊണ്ട് തലയിൽ വെളിവില്ലാത്ത കിറുക്കന്മാരുടെ വട്ട് മാറില്ലല്ലോ. മാനസിക രോഗം ജനിതകമായതു കൊണ്ട് ഇന്നത്തെ അവസ്ഥയിൽ വാക്‌സിനേഷൻ ഫലം കാണുകയുമില്ല.

ഭൂരിപക്ഷം അരക്കിറുക്കന്മാർ ആയ സമൂഹത്തിൽ വട്ടില്ലാത്തവരുടെ കാര്യമാണ് കഷ്ടം! ഏകാധിപത്യ  ഭരണാധികാരി എന്തു വിക്രാസുകൾ കാണിച്ചാലും അരവട്ടു ഭൂരിപക്ഷത്തിന് ഒന്നും അങ്ങോട്ട് മനസ്സിലാവില്ലല്ലോ! തലമുറകൾ കഴിയുമ്പോൾ വട്ടു മാറി വരുമ്പോൾ അവരിൽ ചിലർ ഈ വട്ടൻ തലമുറയുടെ ചരിത്രം പഠിച്ച് അഭിപ്രായങ്ങൾ പറയുമായിരിക്കാം!

Tuesday, March 20, 2012

ഇലന്തൂരും ഇലന്തൂര്‍ സി ടി മത്തായിയും: ഒരു ഓര്‍മ്മക്കുറിപ്പ്‌ !

പത്തനംതിട്ടയ്ക്കും കോഴെന്‍ചേരിയ്ക്കും ഏകദേശം നടുവിലായിട്ടാണ് ഇലന്തൂര്‍ നെടുവേലി ജങ്ക്ഷന്‍. നെടുവേലി മുക്കെന്നു ഇലന്തൂര്‍ക്കാര്‍ വിളിക്കുന്ന ഈ മുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ ഓമല്ലൂര്‍ റോഡില്‍ പോയാല്‍ ഇലന്തൂര്‍ പുത്തന്‍ചന്ത ആയി.

ഇന്നീ ഇലന്തൂര്‍ ഓമല്ലൂര്‍ റോഡ്‌ വാഹന ബാഹുല്യം കൊണ്ട് നടക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. അതുമൂലം നെടുവേലി മുക്കില്‍ നിന്നും ഇലന്തൂര്‍ മാര്‍ക്കറ്റ്‌ വരെ പോകണമെങ്കില്‍ ഓട്ടോ തന്നെ ശരണം. ഓട്ടോകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഉത്തര ഭാരതത്തിലെ പല വലിയ സിറ്റികളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഓട്ടോകള്‍ നെടുവേലി മുക്കിലുണ്ട്.

എന്റെ കുട്ടിക്കാലത്ത് ഈ റോഡ്‌ മെറ്റല്‍ ഇട്ട ഒരു പ്രധാന വഴി മാത്രമായിരുന്നു. പെട്രോളും ഡീസലും അല്ലാത്ത നീരാവി മൂലം ഓടുന്ന തീ വണ്ടി ബസുകള്‍ ഇത് വഴി സര്‍വീസ്‌ നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത്തരം ഒരു ബസില്‍ എനിക്ക് ഒന്നോ രണ്ടോ വയസു പ്രായമുള്ളപ്പോള്‍ യാത്ര ചെയ്ത ഓര്‍മ്മ ഇപ്പോഴും ഒരു പുകപ്പാട് പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

അതിനു ശേഷം പെട്രോള്‍ ബസുകള്‍ ഓടാന്‍ തുടങ്ങി. കൂര്‍ത്ത മുന്‍വശവും കഷ്ട്ടിച്ചു പത്തിരുപതു പേര്‍ക്ക് ഇരിക്കാവുന്നതുമായ ഒന്നോ രണ്ടോ ബസുകള്‍ ആയിരുന്നു ആദ്യമൊക്കെ. കൊഴെഞ്ചേരിയെയും കായംകുളത്തെയും യോജിപ്പിക്കുന്ന ബസ്‌ സര്‍വീസുകള്‍. ആദ്യം ഓടി തുടങ്ങിയത് ഗോപാലകൃഷ്ണന്‍ ബസും കെ സി ടി ബസും ആണെന്നു തോന്നുന്നു.

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനം കേരളപ്പിറവിക്കു ശേഷം വന്ന ഈ എം എസിന്റെ കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ വിമോചന സമരം കുറെയൊക്കെ എന്റെ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. ആരുടെ ഒക്കെയോ എളിയില്‍ ഇരുന്നു പോലീസ് വണ്ടിയില്‍ കയറിയ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ല.

അന്നത്തെ ഇലന്തൂരിലെ പ്രധാന വിദ്യാഭ്യാസ ഉപാധികള്‍ ചാക്കല്‍ ഗവ. യു.പി സ്കൂളും (ഇന്നത്തെ ഗവ. മോഡല്‍ ഹൈ സ്കൂള്‍) ഗാന്ധി ശിഷ്യനായിരുന്ന കെ കുമാര്‍ജി നടത്തിയിരുന്ന ശ്രീ ഗാന്ധി സര്‍വോദയ ലോവര്‍ പ്രൈമറി സ്കൂളും (അന്ന് പെമ്പള്ളിക്കൂടമെന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂള്‍ ഇന്നില്ല) ആയിരുന്നു. ഇതില്‍ രണ്ടാമത്തെ സ്കൂളില്‍ ആണ് ഞാന്‍ എന്‍റെ ആദ്യ വിദ്യാഭ്യാസം നടത്തിയതെന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. കാരണം അന്നീ സ്കൂളിന് ലഭിച്ചിരുന്ന ബഹുമാനം ഇന്നത്തെ ഹൈ ഫൈ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളുകള്‍ക്ക് ഇല്ലെന്നത് തന്നെ.

ഇലന്തൂരിനെ കേരളം ആകമാനം അറിയുന്ന ഒരു പ്രദേശം ആക്കാന്‍ സഹായിച്ച എഴുത്തുകാരനും പ്രാസംഗികനും ആയിരുന്നു ഇലന്തൂര്‍ സി ടി മത്തായി എന്നറിയപ്പെട്ടിരുന്ന എന്റെ ജോണിച്ചായന്‍. മുട്ടത്തുകോണം  എസ് എന്‍ ഡി പി സ്കൂളിലെ അദ്ധ്യാപകന്‍ ആയിരുന്നു ഇദ്ദേഹം. എന്റെ ബന്ധുവും അതിലുപരി സുഹൃത്തും. ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി വളരെ കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒരു പ്രധാന അധ്യാപക സംഘടനയുടെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു.

പത്രങ്ങളിലും മറ്റും എഴുതിയിരുന്ന ഇദ്ദേഹം ആണ് ഇല്ലങ്ങളുടെ ഊര് എന്ന പ്രയോഗം ഇലന്തൂരിനു കൈ വരാന്‍ ശ്രമിച്ച ആദ്യ എഴുത്തുകാരന്‍. ഇലന്തൂരിന്റെ ചരിത്രം പഠിക്കുവാന്‍ ഒരു ചരിത്ര അദ്ധ്യാപകന്‍ ആയിരുന്ന ഇദ്ദേഹം വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. 

അദ്ദേഹത്തിന്റെ അകാല മരണത്തിനു ശേഷം ആ ഓര്‍മ നില നിര്‍ത്താന്‍ ഇലന്തൂര്‍ക്കാര്‍ ആദ്യ കാലങ്ങളില്‍ കുറെയൊക്കെ ശ്രമിച്ചിരുന്നു. 

കെ കുമാര്‍ജിയും സി ടി മത്തായിയുമൊക്കെ അങ്ങനെ വെറും ഓര്‍മകളില്‍ കൂടി ഇല്ലാതെ ആയിരിക്കുന്നു.

വളര്‍ന്നു കൊണ്ടിരിക്കുന്ന പട്ടണ സംസ്കാരം അധികം താമസിയാതെ ഈ ഇലന്തൂര്‍ പോലെയുള്ള കേരള ഗ്രാമങ്ങളെ ഒക്കെ വിഴുങ്ങി എന്നിരിക്കും.

അത് നല്ലത് എന്നാണല്ലോ ഇപ്പോഴത്തെ ജന വിചാരം. 

കാലം പോയ പോക്കെ !

അല്ലാതെന്തു പറയാന്‍ ?

ഇലന്തൂരിന്റെ പുതിയ തലമുറക്കാര്‍ കൊച്ചിക്കും തിരുവനന്തപുരത്തേക്കും ഒക്കെ ചേക്കേറി കൂടു കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ്.

പേരെടുത്ത ഇലന്തൂര്‍ക്കാരായ പുതു തലമുറയിലെ മീരാ ജാസ്മിനും മോഹന്‍ലാലിനും ഒന്നും ഇപ്പോള്‍ ഇലന്തൂരില്‍ വേരുകള്‍ ഇല്ല.

അത് പോലെ മറ്റു പലരും.

അവരുടെ ഒക്കെ അടുത്ത തലമുറകള്‍ ഈ നാടിനെ ഒരു കാലത്ത് തേടി വരുമെന്ന് നമുക്ക് കരുതാം.

ആയിരത്തിലധികം വര്‍ഷങ്ങള്‍ കൊച്ചിയില്‍ തമ്പടിച്ചിരുന്ന ജൂതന്മാരുടെ പിന്‍തലമുറ ഇസ്രയേലില്‍ തിരിച്ചു പോയതും നമ്മള്‍ക്ക് അറിവുള്ള കാര്യമാണല്ലോ.

[ലേഖകന്‍റെ കൂടുതല്‍ മലയാള ബ്ലോഗുകള്‍ ഇവിടെ കാണാം !]

[The above lines are written in Malayalam -the native language of Kerala. It tells about my village Elanthoor (Elanthur) which lies between the two towns, Pathanamthitta and Kozhencherry  and about my childhood friend and guide who used to be known in Kerala as Elanthoor C T Mathai . He was a teacher, local politician and a local historian who had  exemplary literary qualities. His oratory skills in the vernacular language used to keep people listen attentively to him. It is over a decade that Elanthoor C T Mathai passed away. Many such prominent personalities of this village are no more. Though Elanthoor is an important administrative unit in the progressive state of Kerala, there is a growing trend among affluent and well known people of the village to move out of the village and to settle abroad or in other cities. But it is hoped that those left the village would come back some time later. ]