Powered By Blogger
Showing posts with label ഗ്രാമം. Show all posts
Showing posts with label ഗ്രാമം. Show all posts

Monday, October 1, 2012

ജീവന്‍ നശിക്കുന്ന ദേശത്തു ജീവന്‍ നിലനിര്‍ത്തുന്ന ഡോക്ടര്‍ ജീവന്‍ !

ഇന്നലെ ഒരു ഞായറാഴ്ച ആയിരുന്നു. കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികള്‍ പള്ളികളില്‍ പോയി കൂട്ടായ്മ ആചരിക്കുകയും ഒപ്പം പറ്റുമെങ്കില്‍ അല്‍പ്പം പൊങ്ങച്ചം പ്രകടമാക്കുകയും ചെയ്യുന്ന ഒരു ദിവസം.

ഇങ്ങു വടക്കു കിഴക്ക് പഴയ ബീഹാര്‍ സംസ്ഥാനം വെട്ടി മുറിച്ചു രൂപീകരിച്ച ജാര്‍ഖണ്ട് എന്ന ഈ ആദി വാസി സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ താമസമാക്കിയിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇവിടെ പക്ഷേ പഴയ മലയാളി സമൂഹം നാമമാത്രമായി കഴിഞ്ഞിരിക്കുന്നു. ഒരു ചെറിയ കൂട്ടായ്മയ്ക്കു പോലും ആളില്ലാത്ത അവസ്ഥ. 

അതു മൂലം ഉള്ള മലയാളികള്‍ക്ക് പതിവില്ലാത്ത ഒരടുപ്പം. ഉര്‍വശി ശാപം ഉപകാരപ്പെട്ട പോലെ!

കേരളത്തില്‍ ആയിരുന്നെങ്കില്‍ പൊങ്ങച്ചക്കാരുടെ ആധിക്യം ഉളവാക്കുന്ന കൃത്രിമത്വം നിമിത്തം പള്ളിയില്‍ പോകാന്‍ തോന്നുമായിരുന്നില്ല എന്ന് കരുതുന്നതായിരിക്കും ശരി. കുറച്ചൊക്കെ അപ്രകാരം  ആയിരുന്നു പത്തു മുപ്പതു കൊല്ലത്തെ ഭിലായിയിലെ താമസത്തിനിടെ മലയാളി പെരുപ്പം മൂലം ഉളവായ അനുഭവം.


തികച്ചും അപരിചിതമായ റാഞ്ചി പ്രദേശത്തു ആകസ്മികമായി എത്തിച്ചേര്‍ന്നപ്പോള്‍ ഊഷ്മളമായ സൗഹൃദം ലഭ്യമായി. മുപ്പതില്‍ താഴെ കുടുംബങ്ങള്‍ ഉള്ള റാഞ്ചി മാര്‍ത്തോമ്മ ക്രിസ്ത്യന്‍ [Mar Thoma Syrian Church Parish of Ranchi] ഇടവക അംഗങ്ങള്‍ അങ്ങനെ ആദിമ ക്രിസ്ത്യന്‍ കൂട്ടായ്മയുടെ ഒരു അനുഭവത്തിലേക്ക് കുറച്ചൊക്കെ മാറിയിരിയ്ക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. 

ഈ കൂട്ടായ്മയെ ഓജസ്സോടെ ഇപ്പോള്‍ നയിക്കുന്നത് റാഞ്ചി സെന്‍റ് തോമസ്‌ സ്കൂള്‍ [St.Thomas School Ranchi]  പ്രിന്‍സിപ്പലും മാര്‍ത്തോമ്മാ പള്ളി വികാരിയുമായ ജോസഫ്‌ അയ്‌രൂര്‍ക്കുഴി അച്ചന്‍ [Rev. Joseph Ayroorkuzhi]  ആണ്. ആ ഓജസ് നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ ഇടവകാംഗങ്ങള്‍ ആയ സണ്ണിയും, ബിന്ജുവും, രാജുവും, ജോര്‍ജുകുട്ടിയും, സാലിയും, സജിയും ഒക്കെ അഹോരാത്രം പ്രയഗ്നിക്കുന്നു.

ഈ ചെറിയ സമൂഹത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില വ്യക്തികളില്‍ എടുത്തു പറയേണ്ട ഒരാളാണ് ഡോക്ടര്‍ ജീവന്‍ കുരുവിള. റാഞ്ചിയിലെ ചെറിയ മാര്‍ത്തോമ പള്ളി ആരാധനയില്‍ പങ്കു ചേരാന്‍ അദ്ധേഹവും പത്നി ഡോക്ടര്‍ ഏയ്‌ന്‍ജലും ചെറിയ മൂന്നു കുഞ്ഞുങ്ങളും നാലു മണിക്കൂറില്‍ അധികം നീളുന്ന റോഡ്‌ യാത്ര നടത്തുന്നു. ജാര്‍ഖണ്ടിലെ നക്സല്‍ വിളയാട്ട കേന്ദ്രങ്ങളില്‍ ഒന്നായ പലാമു ജില്ലയിലെ സത്ബര്‍വ എന്ന സ്ഥലത്തു നിന്നും. റാഞ്ചിയില്‍ നിന്നും നൂറ്റി നാല്‍പതു കിലോമീറ്റര്‍ പടിഞ്ഞാറാണ് ഈ സ്ഥലം.

സത്ബര്‍വയില്‍ തുംബഗടാ എന്ന സ്ഥലത്ത്  നൂറു കിടക്കകള്‍ ഉള്ള നവ ജീവന്‍ ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ആണ് ഡോക്ടര്‍ ജീവന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിദേശ മിഷനറി ഡോക്ടര്‍മാര്‍ ആരംഭിച്ചതും പിന്നീട് അവര്‍ വിട്ടു പോയപ്പോള്‍ സമൂഹ നന്മ ആഗ്രഹിക്കുന്ന ചില ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ക്രിസ്തീയ പ്രതിബദ്ധത നിമിത്തം ഏറ്റെടുത്തു നടത്തുന്ന ചില ആശുപത്രികളില്‍ ഒന്നാണ് ഈ ആശുപത്രി. 

മലയാളിയായ ഈ യുവ ഡോക്ടര്‍ ജീവന്‍റെയും അദ്ദേഹത്തിന്‍റെ കൂട്ടാളികളുടെയും പ്രയഗ്നം തികച്ചും അധോഗതിയില്‍ ആയ പലാമു പ്രദേശത്തു എങ്ങനെ ഒരു വെളിച്ചമായി നില നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഞങ്ങളില്‍ ആഗ്രഹം ജനിപ്പിച്ചതും അതിനു മുന്‍കൈ എടുത്തതും ജോസഫ്‌ അച്ചന്‍ ആണ്.

ഇന്നലെ ഞങ്ങള്‍ ഇടവക അംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു സത്ബര്‍വയിലേക്ക് യാത്രയായി. രാവിലെ ആറു മണിക്കു തിരിച്ച ഞങ്ങള്‍ പത്തരയോടെ നവജീവന്‍ ആശുപത്രി കാമ്പസ്സില്‍ ഉള്ള മേന്നോനിറ്റ്‌ പള്ളിയുടെ അങ്കണത്തില്‍ എത്തിച്ചേര്‍ന്നു.



റാഞ്ചിയിലെ സ്കൂള്‍ ബസ്‌ ഞങ്ങളുടെ യാത്ര സുഗമമാക്കി.



 അധികം താമസിയാതെ എല്ലാവരും ചേര്‍ന്ന് മലയാളത്തിലും ഹിന്ദിയിലും ആയി ആ ചാപ്പലില്‍ വച്ചു ഇന്നലത്തെ പള്ളി ആരാധന നടത്തി. ഡോക്ടര്‍ ജീവന്‍ കുരുവിള ജോസഫ്‌ അച്ചന്‍റെ മലയാള പ്രഭാഷണം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി.

ആരാധനയ്ക്ക് ശേഷം ആശുപത്രി ചുറ്റി നടന്നു കാണുവാനും പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതലായി മനസ്സിലാക്കുവാനും റാഞ്ചിയിലെ മലയാളി മാര്‍ത്തോമക്കാര്‍ക്ക് അവസരം കിട്ടി.



ഉത്തര ഇന്ത്യയിലെ ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത് ഒരു ദേശീയ പാതയുടെ അരികില്‍ [NH75] തന്നെ ആണെന്നു വരികിലും വികസന കാര്യത്തില്‍ ഇവിടം  ഒരു ഓണം കേറാ മൂലയായി തന്നെ തുടരുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ സ്ഥലം നക്സല്‍ വാദികളുടെ അതി പ്രസരമുള്ള ഒന്നായി ഇപ്പോള്‍ തീര്‍ന്നിരിക്കുന്നു. ചുറ്റുപാടുമുള്ള ഗ്രാമങ്ങളില്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും ഇല്ലാതെ ഇപ്പോഴും കഴിയുന്നു. നല്ല സ്കൂളുകള്‍ ഇല്ല, വൈദ്യുതി ഇല്ല, വാഹന സൗകര്യം ഇല്ല , ശുദ്ധ ജല സൗകര്യം ഇല്ല, ആശുപത്രി സൗകര്യം ഇല്ല, അങ്ങനെ പോകുന്നു ഇല്ലായ്മകളുടെ കാര്യങ്ങള്‍.

ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ [Emmanuel Hospital Association] എന്ന സംഘടനയില്‍ പെട്ട നവജീവന്‍ ഹോസ്പിറ്റല്‍ സൊസൈറ്റി [Nav Jeevan Hospital Society] ആണ് സത് ബര്‍വയില്‍ തുംബഗാര എന്ന ഈ സ്ഥലത്ത് നവജീവന്‍ ആശുപത്രി ഇപ്പോള്‍ നടത്തുന്നത്. ഇരുപത്തഞ്ചു ഏക്കറില്‍ പഴയ മട്ടിലുള്ള ആസ്ബസ്റ്റോസ് മേല്‍ക്കൂരയുള്ള പല കെട്ടിടങ്ങളിലായി ആശുപത്രിയും അനുബന്ധ സൌകര്യങ്ങളും പ്രവര്‍ത്തിക്കുന്നു. വൈദ്യുതി കണക്ഷന്‍ പേരിനു മാത്രമായതിനാല്‍ കൂടുതല്‍ സമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കാര്യങ്ങള്‍ നടത്തുന്നു. ഓപ്പറേഷനും മറ്റും.

പത്തു ഡോക്ടര്‍മാര്‍ അടക്കം നൂറോളം സേവന തല്പരരായ സ്ത്രീപുരുഷന്മാന്‍ ഇവിടെ ആതുര സേവനം നടത്തുന്നു. പലരും കേരളത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍. സാങ്കേതിക സഹായം ചെയ്യാന്‍ കേരളത്തില്‍ നിന്ന് ഒരു യുവ എന്‍ജിനീയറും ഉണ്ട്.

നേഴ്സിംഗ് പരിശീലന കേന്ദ്രത്തിലും കണ്ണ് ചികില്‍സാ കേന്ദ്രത്തിലും ഒക്കെ വിദഗ്ദ്ധരായ ആളുകള്‍ സേവനം ചെയ്യുന്നു. ധന മോഹം അല്‍പ്പവും ഇല്ലാതെ.

നൂറു കിടക്കകള്‍ ഒന്ന് പോലും ഒഴിഞ്ഞതായി കണ്ടില്ല. അതുപോലെ ദിനം പ്രതി നൂറു കണക്കിന് ആള്‍ക്കാര്‍ പലയിടങ്ങളില്‍ നിന്നായി ഔട്ട് പേഷ്യന്‍റ് ആയി എത്തുന്നു. 

ഈ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആധുനികമാക്കാന്‍ ഡോക്ടര്‍ ജീവനും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ആഗ്രഹിക്കുന്നു. അതിനു പണവും മറ്റു പല വിധ സഹായങ്ങളും അവര്‍ക്ക് ആവശ്യമായിട്ടുണ്ട്.

 
ഒരു പക്ഷെ അവരെ ഏറ്റവും അധികം പിന്തുണക്കേണ്ടത് സര്‍ക്കാര്‍ ആവണം. സര്‍ക്കാരിനോ മറ്റു പണ മോഹികളായ ഹോസ്പിറ്റല്‍ ബിസിനസ്കാര്‍ക്കോ ഇതുവരെ ചെയ്യാന്‍ സാധിക്കാത്ത കാര്യം ആണ് ഇവിടത്തെ നിസഹായരായ ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍വഹിച്ചു പോരുന്നത്. സര്‍ക്കാരില്‍ നിന്ന് വാഗ്ദാനങ്ങള്‍ പലതും വരുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ  സഹായം ഇല്ല എന്നത് ഒരു വാസ്തവം.

 

ആധുനിക രീതിയില്‍ ഒരു കെട്ടിടം പണിയാന്‍ കോണ്‍ട്രാക്റ്റ്‌ എടുത്തു നടത്താന്‍ പോലും ഇവിടെ ആളില്ല. മാവോ വാദികളെ പേടിച്ചു ദൂരെ നിന്നും ജോലിക്കാരും മറ്റും വരാന്‍ ഭയക്കുന്നു. മാവോ വാദികളെ കൊണ്ട് ഹോസ്പിറ്റലിനു ഇതുവരെ ഭീഷണികള്‍ ഒന്നും തന്നെ ഇല്ലെങ്കില്‍ പോലും.



ഡോക്ടര്‍ ജീവനും ഭാര്യയും അദ്ദേഹത്തിന്‍റെ എല്ലാ സഹപ്രവര്‍ത്തകരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പണവും പട്ടണ സൌകര്യങ്ങളും തേടി പോകുന്ന ഇക്കാലത്തെ ഡോക്ടര്‍മാര്‍ക്ക് ഇവര്‍ ഉദാത്ത മാതൃക ആകുന്നു. യഥാര്‍ത്ഥ ആതുര സേവനം വഴി ദൈവ സ്നേഹം മനുഷ്യരില്‍ എത്തിക്കുന്ന ഇവരോട് നാമൊക്കെ കടപ്പെട്ടിരിക്കുന്നു. ഈ യുവ ആതുര സേവകരെ പരിചയപ്പെടുവാനും അവരുടെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുവാനും ലഭിച്ച ഇന്നലത്തെ ഞായറാഴ്ച റാഞ്ചി മലയാളി മാര്‍ത്തോമാ ഇടവകക്കാര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു എന്ന് പറയാം.



ഇവരുടെ പ്രവര്‍ത്തങ്ങളെ സഹായിക്കുവാനും അതില്‍  ഏതെന്കിലും വിധത്തില്‍ പങ്കെടുക്കുവാനും താല്പര്യമുള്ളവര്‍ അതിനു ശ്രമിക്കുമെന്ന് കരുതട്ടെ.

പല പല കാരണങ്ങളാല്‍ പിന്നോക്കാവസ്ഥയുടെ പാരമ്യത്തില്‍ പെട്ട് ജീവന്‍ നില നിര്‍ത്താന്‍ തന്നെ പാട് പെടുന്ന ഇവിടങ്ങളിലെ ഇന്ത്യക്കാരെ സ്വന്തം സുഖ സൌകര്യങ്ങള്‍ മറന്ന് സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഡോക്ടര്‍ ജീവനെയും അദ്ദേഹത്തിന്‍റെ സഹ പ്രവര്‍ത്തകരെയും നമുക്ക് കണ്ടില്ലെന്നു നടിക്കാമോ? നമ്മുടെ മനസ്സാക്ഷി അതിനു സമ്മതിക്കുമോ?

ഇല്ലെന്നു തന്നെ ആണ് എന്‍റെ ഒരു തോന്നല്‍ !!

ഈ ബ്ലോഗ്‌ ടൈപ്പ് ചെയ്തിരുന്നപ്പോള്‍ ഡോക്ടര്‍ ജീവന്‍ കുരുവിള യുടെ ബ്ലോഗുകളും ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഡോക്ടറുടെ തന്നെ വാക്കുകളില്‍ കൂടി വായിക്കാം. [Read the blogs of Dr Jeevan Kuruvilla here- The Learner ]   


[This blog-in Malayalam- is about the medical mission activities being carried out by a group of young medical professionals from India, in the under developed, extremist infested and violence prone tribal belts of north India, such as the Palamau District of Jharkhand State. The young doctor Jeevan Kuruvilla from Kerala and his team of young medicos including his wife work as a dedicated team providing medical aid to thousands of poor and underprivileged people from scores of interior villages of this region. They work facing all odds, but with smiling faces flowing with love to their brothers and sisters. Do we need to consider to help and support such people ?]


[View the linked list of all Blogs of the Author Here ] 
  







Tuesday, March 20, 2012

ഇലന്തൂരും ഇലന്തൂര്‍ സി ടി മത്തായിയും: ഒരു ഓര്‍മ്മക്കുറിപ്പ്‌ !

പത്തനംതിട്ടയ്ക്കും കോഴെന്‍ചേരിയ്ക്കും ഏകദേശം നടുവിലായിട്ടാണ് ഇലന്തൂര്‍ നെടുവേലി ജങ്ക്ഷന്‍. നെടുവേലി മുക്കെന്നു ഇലന്തൂര്‍ക്കാര്‍ വിളിക്കുന്ന ഈ മുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ ഓമല്ലൂര്‍ റോഡില്‍ പോയാല്‍ ഇലന്തൂര്‍ പുത്തന്‍ചന്ത ആയി.

ഇന്നീ ഇലന്തൂര്‍ ഓമല്ലൂര്‍ റോഡ്‌ വാഹന ബാഹുല്യം കൊണ്ട് നടക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. അതുമൂലം നെടുവേലി മുക്കില്‍ നിന്നും ഇലന്തൂര്‍ മാര്‍ക്കറ്റ്‌ വരെ പോകണമെങ്കില്‍ ഓട്ടോ തന്നെ ശരണം. ഓട്ടോകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഉത്തര ഭാരതത്തിലെ പല വലിയ സിറ്റികളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഓട്ടോകള്‍ നെടുവേലി മുക്കിലുണ്ട്.

എന്റെ കുട്ടിക്കാലത്ത് ഈ റോഡ്‌ മെറ്റല്‍ ഇട്ട ഒരു പ്രധാന വഴി മാത്രമായിരുന്നു. പെട്രോളും ഡീസലും അല്ലാത്ത നീരാവി മൂലം ഓടുന്ന തീ വണ്ടി ബസുകള്‍ ഇത് വഴി സര്‍വീസ്‌ നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത്തരം ഒരു ബസില്‍ എനിക്ക് ഒന്നോ രണ്ടോ വയസു പ്രായമുള്ളപ്പോള്‍ യാത്ര ചെയ്ത ഓര്‍മ്മ ഇപ്പോഴും ഒരു പുകപ്പാട് പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

അതിനു ശേഷം പെട്രോള്‍ ബസുകള്‍ ഓടാന്‍ തുടങ്ങി. കൂര്‍ത്ത മുന്‍വശവും കഷ്ട്ടിച്ചു പത്തിരുപതു പേര്‍ക്ക് ഇരിക്കാവുന്നതുമായ ഒന്നോ രണ്ടോ ബസുകള്‍ ആയിരുന്നു ആദ്യമൊക്കെ. കൊഴെഞ്ചേരിയെയും കായംകുളത്തെയും യോജിപ്പിക്കുന്ന ബസ്‌ സര്‍വീസുകള്‍. ആദ്യം ഓടി തുടങ്ങിയത് ഗോപാലകൃഷ്ണന്‍ ബസും കെ സി ടി ബസും ആണെന്നു തോന്നുന്നു.

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനം കേരളപ്പിറവിക്കു ശേഷം വന്ന ഈ എം എസിന്റെ കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ വിമോചന സമരം കുറെയൊക്കെ എന്റെ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. ആരുടെ ഒക്കെയോ എളിയില്‍ ഇരുന്നു പോലീസ് വണ്ടിയില്‍ കയറിയ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ല.

അന്നത്തെ ഇലന്തൂരിലെ പ്രധാന വിദ്യാഭ്യാസ ഉപാധികള്‍ ചാക്കല്‍ ഗവ. യു.പി സ്കൂളും (ഇന്നത്തെ ഗവ. മോഡല്‍ ഹൈ സ്കൂള്‍) ഗാന്ധി ശിഷ്യനായിരുന്ന കെ കുമാര്‍ജി നടത്തിയിരുന്ന ശ്രീ ഗാന്ധി സര്‍വോദയ ലോവര്‍ പ്രൈമറി സ്കൂളും (അന്ന് പെമ്പള്ളിക്കൂടമെന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂള്‍ ഇന്നില്ല) ആയിരുന്നു. ഇതില്‍ രണ്ടാമത്തെ സ്കൂളില്‍ ആണ് ഞാന്‍ എന്‍റെ ആദ്യ വിദ്യാഭ്യാസം നടത്തിയതെന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. കാരണം അന്നീ സ്കൂളിന് ലഭിച്ചിരുന്ന ബഹുമാനം ഇന്നത്തെ ഹൈ ഫൈ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളുകള്‍ക്ക് ഇല്ലെന്നത് തന്നെ.

ഇലന്തൂരിനെ കേരളം ആകമാനം അറിയുന്ന ഒരു പ്രദേശം ആക്കാന്‍ സഹായിച്ച എഴുത്തുകാരനും പ്രാസംഗികനും ആയിരുന്നു ഇലന്തൂര്‍ സി ടി മത്തായി എന്നറിയപ്പെട്ടിരുന്ന എന്റെ ജോണിച്ചായന്‍. മുട്ടത്തുകോണം  എസ് എന്‍ ഡി പി സ്കൂളിലെ അദ്ധ്യാപകന്‍ ആയിരുന്നു ഇദ്ദേഹം. എന്റെ ബന്ധുവും അതിലുപരി സുഹൃത്തും. ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി വളരെ കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒരു പ്രധാന അധ്യാപക സംഘടനയുടെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു.

പത്രങ്ങളിലും മറ്റും എഴുതിയിരുന്ന ഇദ്ദേഹം ആണ് ഇല്ലങ്ങളുടെ ഊര് എന്ന പ്രയോഗം ഇലന്തൂരിനു കൈ വരാന്‍ ശ്രമിച്ച ആദ്യ എഴുത്തുകാരന്‍. ഇലന്തൂരിന്റെ ചരിത്രം പഠിക്കുവാന്‍ ഒരു ചരിത്ര അദ്ധ്യാപകന്‍ ആയിരുന്ന ഇദ്ദേഹം വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. 

അദ്ദേഹത്തിന്റെ അകാല മരണത്തിനു ശേഷം ആ ഓര്‍മ നില നിര്‍ത്താന്‍ ഇലന്തൂര്‍ക്കാര്‍ ആദ്യ കാലങ്ങളില്‍ കുറെയൊക്കെ ശ്രമിച്ചിരുന്നു. 

കെ കുമാര്‍ജിയും സി ടി മത്തായിയുമൊക്കെ അങ്ങനെ വെറും ഓര്‍മകളില്‍ കൂടി ഇല്ലാതെ ആയിരിക്കുന്നു.

വളര്‍ന്നു കൊണ്ടിരിക്കുന്ന പട്ടണ സംസ്കാരം അധികം താമസിയാതെ ഈ ഇലന്തൂര്‍ പോലെയുള്ള കേരള ഗ്രാമങ്ങളെ ഒക്കെ വിഴുങ്ങി എന്നിരിക്കും.

അത് നല്ലത് എന്നാണല്ലോ ഇപ്പോഴത്തെ ജന വിചാരം. 

കാലം പോയ പോക്കെ !

അല്ലാതെന്തു പറയാന്‍ ?

ഇലന്തൂരിന്റെ പുതിയ തലമുറക്കാര്‍ കൊച്ചിക്കും തിരുവനന്തപുരത്തേക്കും ഒക്കെ ചേക്കേറി കൂടു കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ്.

പേരെടുത്ത ഇലന്തൂര്‍ക്കാരായ പുതു തലമുറയിലെ മീരാ ജാസ്മിനും മോഹന്‍ലാലിനും ഒന്നും ഇപ്പോള്‍ ഇലന്തൂരില്‍ വേരുകള്‍ ഇല്ല.

അത് പോലെ മറ്റു പലരും.

അവരുടെ ഒക്കെ അടുത്ത തലമുറകള്‍ ഈ നാടിനെ ഒരു കാലത്ത് തേടി വരുമെന്ന് നമുക്ക് കരുതാം.

ആയിരത്തിലധികം വര്‍ഷങ്ങള്‍ കൊച്ചിയില്‍ തമ്പടിച്ചിരുന്ന ജൂതന്മാരുടെ പിന്‍തലമുറ ഇസ്രയേലില്‍ തിരിച്ചു പോയതും നമ്മള്‍ക്ക് അറിവുള്ള കാര്യമാണല്ലോ.

[ലേഖകന്‍റെ കൂടുതല്‍ മലയാള ബ്ലോഗുകള്‍ ഇവിടെ കാണാം !]

[The above lines are written in Malayalam -the native language of Kerala. It tells about my village Elanthoor (Elanthur) which lies between the two towns, Pathanamthitta and Kozhencherry  and about my childhood friend and guide who used to be known in Kerala as Elanthoor C T Mathai . He was a teacher, local politician and a local historian who had  exemplary literary qualities. His oratory skills in the vernacular language used to keep people listen attentively to him. It is over a decade that Elanthoor C T Mathai passed away. Many such prominent personalities of this village are no more. Though Elanthoor is an important administrative unit in the progressive state of Kerala, there is a growing trend among affluent and well known people of the village to move out of the village and to settle abroad or in other cities. But it is hoped that those left the village would come back some time later. ]