Powered By Blogger
Showing posts with label സ്വാര്‍ത്ഥ താത്പര്യം. Show all posts
Showing posts with label സ്വാര്‍ത്ഥ താത്പര്യം. Show all posts

Wednesday, June 13, 2012

സ്വയം എന്തെങ്കിലും ഗുണമില്ലാത്ത കാര്യം ആരെങ്കിലും ചെയ്യുമോ ?

ജനസേവനത്തിനും രാജ്യസേവനത്തിനും മതസേവനത്തിനും ഒക്കെയായി പ്രവര്‍ത്തിക്കുന്ന അനേകം മനുഷ്യ സ്നേഹികളും രാജ്യസ്നേഹികളും മതസ്നേഹികളും അഹോരാത്രം പ്രയഗ്നിക്കുന്നതു നാം ദിവസേന കാണുകയും കേള്‍ക്കുകയും വായിക്കുകയും ഒക്കെ ചെയ്യുന്നു.  

ഇതില്‍ വാരെന്‍ ബഫറ്റ്, ബില്‍ ഗേറ്റ്സ് , രത്തന്‍ ടാറ്റ  മുതലായ വ്യവസായ പ്രമുഖര്‍ ബിസിനസ്സിലൂടെ പണം നേടുകയും അതില്‍ നല്ല ഒരു പങ്കു സേവനകാര്യത്തിനായി മാറ്റി ചെലവിടുക മാത്രമല്ല അങ്ങനെയുള്ള സേവന പദ്ധതികള്‍ ശ്രദ്ധയോടെ നടത്താന്‍ സമയവും ബുദ്ധിയും വിനിയോഗിക്കുകയും ചെയ്യുന്നു.

അത്രയൊന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലും തങ്ങളാല്‍ കഴിയുന്നത് യാതൊരു പ്രതിഫലവും കൂടാതെ അനേകായിരങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു.

എത്രയെത്ര സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ അങ്ങനെ ചെറുതും വലുതുമായ സംഭാവനകളില്‍ കൂടിയും നിസ്വാര്‍ഥ സേവനങ്ങളില്‍ കൂടിയും മഹത്തായ പൊതു പ്രവര്‍ത്തനം തുടര്‍ന്നു പോകുന്നു.

നിരാലംബരായ വ്യക്തികളുടെ നന്‍മയ്ക്ക് മാദ്ധ്യമങ്ങളും തങ്ങളാല്‍ കഴിയുന്നത് ചെയ്തു കൊണ്ടിരിക്കുന്നു.

പ്രശസ്തമായ പല വിദ്യാലയങ്ങളും ആശുപത്രികളും സ്തുത്യര്‍ഹമായ രീതിയില്‍ നടത്തുന്നത് പേരും പെരുമയും പണവും ആഗ്രഹിക്കാത്ത പലരുടെയും സേവന മനോഭാവം ഒന്ന് കൊണ്ട് മാത്രം എന്ന് വേണമെങ്കില്‍ പറയാം.

ചാരിറ്റബിള്‍ സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ ഇങ്ങനെയുള്ള സര്‍ക്കാരിതര സേവനങ്ങള്‍ക്ക് നിയമപരമായ പിന്‍ബലം നല്‍കി മുമ്പോട്ട്‌ പോകാന്‍ സഹായം ചെയ്യുന്നു.

ഇതൊക്കെ കാര്യങ്ങളുടെ ഒരു വശം.

ഇന്ന് ഇങ്ങനെയുള്ള നിസ്വാര്‍ഥ സേവന മേഖല സ്വാര്‍ഥ താല്പര്യക്കാരുടെ കളിക്കളം ആയിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യ വ്യവസ്ഥിതിയില്‍ നിസ്വാര്‍ഥ ജന സേവനത്തിന്‍റെ പരമോന്നത മാതൃകയാണ് രാഷ്ട്രീയം അഥവാ രാഷ്ട്ര സേവനം.

കുറച്ചു കാലം ജനസേവനം നടത്തി മറ്റുള്ളവര്‍ക്ക് വേണ്ടി മാറിക്കൊടുക്കുക എന്നതാണ് ജനാധിപത്യത്തില്‍ മാതൃക ആവേണ്ടത്. ഉദാഹരണത്തിന് അമേരിക്കയിലെ വ്യവസ്ഥയില്‍ അവിടുത്തെ ഒരു പൌരന്‍ രാഷ്ട്രപതി പദവി രണ്ടു തവണയില്‍ കൂടുതല്‍ വഹിക്കാന്‍ പാടില്ല. രാഷ്ട്രപതി ആയി കഴിഞ്ഞ ആള്‍ എല്ലാവരാലും അറിയപ്പെടുന്ന വ്യക്തി ആയിക്കഴിയും. അങ്ങനെയുള്ള ഒരാള്‍ക്ക്‌ ജനപിന്തുണയോടെ ഒരു രാജാവിന്‍റെ രീതിയില്‍ ആയുഷ്ക്കാലം മുഴുവന്‍ ആ പദവിയില്‍ തുടരാന്‍ കഴിഞ്ഞേക്കും. അങ്ങനെയായാല്‍ ജനാധിപത്യം രാജ ഭരണമായി രൂപാന്തരം പ്രാപിക്കും. അമേരിക്കന്‍ ഭരണഘടന ഈ സ്ഥിതിവിശേഷം തടയുന്നു.

നമ്മുടെ രാജ്യത്തിന്‍റെ ആദ്യകാല ശില്‍പ്പികള്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞോ അറിയാതെയോ വിട്ടു കളഞ്ഞു എന്ന് വേണം കരുതാന്‍. 

രാഷ്ട്രീയ സേവനം ജനാധിപത്യത്തിന്‍റെ പേരില്‍ ഒരുതരം രാജ വാഴ്ച ആക്കാന്‍ ഈ വിട്ടുകളയല്‍ അവസരമൊരുക്കി എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

മക്കള്‍ രാഷ്ട്രീയവും, കുടുംബ രാഷ്ട്രീയവുമൊക്കെ ഇതില്‍ നിന്ന് ഉളവായി.

ജനസേവനത്തിന്‍റെ മാതൃക ഇന്ത്യാ മഹാരാജ്യത്തില്‍ തെറ്റിപ്പോയോ എന്നു സംശയിക്കണം.

പൊതുസേവനം സ്വാര്‍ഥ ഗുണമുള്ള കാര്യം എന്നു സാധാരണക്കാര്‍ വിചാരിച്ചു പോയാല്‍ അവരെ എന്തിനു കുറ്റം പറയണം?

ഒരു ജന സേവന പദവിയില്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാ ചെലവും പൊതുഖജനാവില്‍ നിന്നായാല്‍ പിന്നെ ഒരു രൂപ പോലും കൂലി വാങ്ങിയില്ലെങ്കിലെന്താ? രാജാവിനു ശമ്പളം വേണോ?

കാര്യം സേവനമല്ല എന്നായപ്പോ പിന്നെ പിന്താങ്ങികളെ കൂടെ നിര്‍ത്താന്‍ ഗുണഭോഗ വ്യവസ്ഥിതികളെ വീതം വയ്ക്കണം എന്ന അവസ്ഥയും വന്നു ചേര്‍ന്നു.

ഇതൊക്കെ ആയപ്പോള്‍ ഇപ്പൊ എല്ലാവര്‍ക്കും സംശയം.

സ്വയം എന്തെങ്കിലും ഗുണമില്ലാത്ത കാര്യം ആരെങ്കിലും ചെയ്യുമോ ?

അങ്ങനെ ചെയ്യുന്നവര്‍ ഇപ്പോഴും അവിടവിടെ കാണുമായിരിക്കും.

എന്നാല്‍ പൊതുജനം ഇപ്പോള്‍ അവരെയും സംശയ ദൃഷ്ടില്‍ നോക്കുന്നു എന്നു അവര്‍ മറക്കരുത്.

ജനസേവനം എന്ന പേരില്‍ സ്ഥാന മാനങ്ങള്‍ക്ക് വേണ്ടി മല്ലിടുകയും കൊല്ലുകയും ഒക്കെ ചെയ്യുന്നവര്‍ അതൊക്കെ എന്ത് ഗുണം കിട്ടാനാണ് ചെയ്യുന്നത് എന്ന് ആലോചിച്ചാ പറഞ്ഞറിയിക്കാന്‍ കുറെ മിനക്കെട്ടാലും പറ്റിയില്ല എന്നു വരും.

പണം സമ്പാദിക്കാന്‍ ആണോ ? ചിലരൊക്കെ അതിനായിരിക്കാം. എന്നാല്‍ എല്ലാവര്ക്കും പണമല്ല പ്രധാനം.

ഇന്നോ നാളെയോ ചത്തു പോകുമെന്ന തരത്തില്‍ കഴിയുന്ന ചില പടുവൃദ്ധന്മാര്‍ പോലും സ്ഥാന മാന മോഹ വലയത്തിനു പുറത്തു പോകാന്‍ ഇഷ്ടപ്പെടുന്നില്ല എന്നാണു കണ്ടു വരുന്നത്.

പണമല്ല പ്രധാന ഗുണമെങ്കില്‍ പിന്നെന്തായിരിക്കും?

തേനീച്ച കൂട്ടിലെ റാണിയുടെ മനസ്ഥിതി ആയിരിക്കും ഇങ്ങനെയുള്ളവര്‍ക്ക്.

തേനീച്ച കൂട്ടില്‍ ഒരു റാണി ഈച്ചയെ വാഴൂ.

ബാക്കിയുള്ള എല്ലാ ഈച്ചകളും റാണിയെ അകമ്പടി സേവിച്ചു കൊള്ളണം.

അടിമകളുടെ അകമ്പടി റാണിയെ ഹരം കൊള്ളിച്ചു കൊണ്ടിരിക്കും.

റാണി ഈച്ചയ്ക്ക് കീര്‍ത്തനം പാടി അകമ്പടി നടക്കുന്ന അടിമ ഈച്ചകള്‍ റാണിക്ക് വേണ്ടി കൊല്ലാനും ചാകാനും മടിക്കില്ല. റാണിക്ക് അതും ഹരം തന്നെ.

കൂട്ടില്‍ വേറൊരു ചെറുപ്പക്കാരി റാണി ജനിച്ചാല്‍ വയസ്സി റാണി പക്ഷെ സ്ഥാനം ഒഴിഞ്ഞു കൊടുക്കില്ല.

അടിമ ഈച്ചകള്‍ അങ്ങോട്ടും ഇങ്ങോട്ടും കൂറ് മാറ്റം നടത്തും.

പിന്നെ ആഭ്യന്തര യുദ്ധം ആരംഭിക്കുകയായി.

നശിച്ചു നാരാണക്കല്ല് കാണും വരെ യുദ്ധം ചെയ്യും.

കൂടിന്റെ കുളം തോണ്ടി എന്നതു മിച്ചം.

ഇത് പക്ഷെ തലയും തലച്ചോറും ഭൂതക്കണ്ണാടി വച്ചു നോക്കിയാലും കാണാത്ത ഈച്ചകളുടെ കാര്യം.

മനുഷ്യരുടെ കാര്യം അങ്ങനെ ആണോ?

എന്ത് ഗുണം കിട്ടാനാണ് മനുഷ്യര്‍ ഈ പെടാ പാടുകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്?

കൊല്ലുകയും കൊല്ലിക്കുകയും ചാകുകയും ഒക്കെ ചെയ്യുന്നത് ?

തേനീച്ചകളുടെ ബുദ്ധി പോലും മനുഷ്യര്‍ക്കില്ലേ ?

ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ !

എന്‍റെ ബുദ്ധിയും തേനീച്ച ബുദ്ധി ആയിപ്പോയോ ?

[എന്‍റെ എല്ലാ ബ്ലോഗുകളും ഇവിടെ !]


All my blogs here !]