Monday, July 30, 2012

ഇന്ത്യയുടെ പിന്നോക്കാവസ്ഥ: മായമോ മായയോ ?

ഇന്ത്യ പിന്നോക്കാവസ്ഥയില്‍ ആണോ ? അല്ലെന്നു പറയാനാണ് ഇഷ്ടമെങ്കിലും അത് സത്യമല്ലെന്നുള്ളത് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? കണ്ണടച്ചാല്‍ എല്ലാവര്ക്കും ഇരുട്ട് ആകില്ലല്ലോ ! എന്നാലും സംശയം കൂടി കൂടി വരുന്നു.

ഇപ്പോള്‍ ലണ്ടനില്‍ ഒളിമ്പിക്‌ അരങ്ങേറുകയാണ്. പണ്ടൊക്കെ മെഡല്‍ ഒന്നും കിട്ടിയില്ലെങ്കിലും ഇന്ത്യക്കാരെ ആരും ഒന്നും പറയില്ലായിരുന്നു. അത്രക്കൊക്കെ അവരെ കൊണ്ട് ആവൂ എന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി.  ആറ്റം ബോംബും ബഹിരാകാശ ഗവേഷണവും ഭൂഖണ്ഡാന്തര മിസൈലുകളും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌ വെയറുകളും ഒക്കെ പടച്ചു വിടുകയും ആയുധങ്ങള്‍ വാങ്ങാന്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെലവ് ചെയ്യുകയും ലോകത്ത്‌ ഖനനം ചെയ്യുന്ന സ്വര്‍ണത്തിന്‍റെ ഒട്ടു മുക്കാലും വാങ്ങി കൂട്ടുകയും ചെയ്യുന്ന ഒരു അതി പ്രധാന രാജ്യമായി കഴിഞ്ഞിരിക്കുന്നു ഇന്ത്യ.

അപ്പോഴെങ്ങനെ ഇന്ത്യ പിന്നോക്കാവസ്ഥയില്‍ ആകും?

ചില ഇന്ത്യക്കാര്‍ അനേകായിരം കോടികളുടെ ആസ്തിയുള്ളവര്‍ ആയിക്കഴിഞ്ഞിരിക്കുന്നു.

ചിലരുടെ അനേകായിരം കോടികളുടെ അംബരചുമ്പി വസതികള്‍ ഉടുതുണിക്ക് മറുതുണി ഇല്ലാത്ത ഇന്ത്യക്കാര്‍ക്ക് രസം പകര്‍ന്നു കൊടുത്ത് ഉയര്‍ന്നു നില്‍ക്കുന്നു.

ഇത് പിന്നോക്കാവസ്ഥ ആണോ?

കോടികള്‍ വിലയുള്ള കാറുകളും മോട്ടര്‍ സൈക്കിളുകളും പാട്ട് പെട്ടികളും ഇന്ത്യയില്‍ ചൂടപ്പം പോലെ വിറ്റു തീരുന്നു. പലതരം കാറുകളുടെ ബാഹുല്യം മൂലം റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥ.

ഇത് പിന്നോക്കാവസ്ഥ ആകുമോ?

ചില ആയിരങ്ങള്‍ മാത്രം ശമ്പളം കിട്ടുന്ന എംപി യും എം എല്‍ എ യും ആകാന്‍ ലക്ഷങ്ങളും കോടി കളും മുടക്കാന്‍ തയ്യാറായി ക്യൂ നില്‍ക്കുന്ന അനേകം ഇന്ത്യന്‍ പൌരന്മാര്‍.

ഇത് പിന്നോക്കാവസ്ഥയുടെ ലക്ഷണമാണോ ?

ചില രാജ്യങ്ങളില്‍ ഒരു അപകടം വന്നു കുറച്ചു പൌരന്മാര്‍ അപായപ്പെട്ടാല്‍ അവിടങ്ങളിലെ ഭരണ കൂടത്തിനു വിറയല്‍ വരുന്നത് കാണാം. എന്നാല്‍ ഇന്ത്യയില്‍ നൂറു കണക്കിന് ഇന്ത്യക്കാര്‍ കാഞ്ഞു പോയാലും അങ്ങനൊന്നു അറിഞ്ഞ ഭാവം പോലും കാണത്തില്ല. ഇത് മുന്നോക്ക ലക്ഷണമല്ലെങ്കില്‍ പിന്നെന്താണ്?

ഇന്ത്യന്‍ ഭരണ തലപ്പത്ത് ഇരിക്കുന്നവര്‍ അസാമാന്യ ധൈര്യശാലികള്‍ ആണെന്ന് സമ്മതിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് നിറഞ്ഞ എ കെ ഫോര്‍ട്ടികള്‍ പിടിച്ചു ഉറക്കം തൂങ്ങി നില്‍ക്കുന്ന ജവാന്‍മാരുടെ വലയത്തിനുള്ളില്‍ പേടി കൂടാതെ നടക്കാനോ നിക്കാണോ ഉറങ്ങാനോ പറ്റുമോ ? അതും മുന്നോക്കാവസ്ഥയുടെ ലക്ഷണം തന്നെ എന്ന് പറയാതിരിക്കാന്‍ വയ്യ.

മുംബൈയും ചെന്നൈയും പോലെയുള്ള ഇന്ത്യന്‍ മഹാ നഗരങ്ങള്‍ക്ക് മറ്റൊരു വിദേശ നഗരങ്ങള്‍ക്കും ഇല്ലാത്ത ഒരു പ്രത്യേക മണമാണ്. അത് നാറ്റമാണെന്ന് അസൂയാലുക്കള്‍ മാത്രമേ പറയൂ. ആ നഗരങ്ങളില്‍ ചില്ല് മേടകളില്‍ ഇരിക്കുന്നവര്‍ക്ക് ആ മണം ഒരു ഹരമാണ്. അതും മുന്നോക്ക അവസ്ഥയാണല്ലോ.

പ്രകൃതി സ്നേഹികള്‍ ആണ് ഇന്ത്യക്കാര്‍. എയര്‍ കണ്ടീഷന്‍ കാറുകളില്‍ ഇന്ത്യന്‍ ഹൈവേ യാത്ര നടത്തുന്ന മന്ത്രിമാര്‍ക്ക് പോലും തുറന്ന വഴിയരുക് തന്നെ മലമൂത്ര വിസര്‍ജനത്തിനു പഥ്യം. അപ്പൊ പിന്നെ വഴിയോരത്തു പബ്ലിക്‌ ടോയിലറ്റുകള്‍ ഇല്ലാത്തത് പിന്നോക്കാവസ്ഥ മൂലമെന്ന് പറയാന്‍ പറ്റില്ലല്ലോ.

ലക്ഷങ്ങള്‍ ഫീസ്‌ വാങ്ങുന്ന എന്ജിനിയരിംഗ് മെഡിക്കല്‍ നഴ്സിംഗ് മാനേജ്മെന്‍റ് കോളേജുകള്‍ തലങ്ങും വിലങ്ങും തല ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ച മുന്നോക്കമോ പിന്നോക്കമോ ? മുടക്ക് മുതല്‍ ആയുസ്സില്‍ ശമ്പളമായി കിട്ടിയില്ലെങ്കില്‍ എന്താ? വിദ്യ അഭ്യസിക്കാന്‍ പറ്റിയത് ചില്ലറ കാര്യമാണോ ?

ഒരു പൌരന് അനേകം ഐടെന്‍ടിറ്റി രേഖകള്‍ അനായാസം സംഘടിപ്പിക്കാന്‍ ഈ മഹാ രാജ്യത്ത് കഴിയും എന്നത് എടുത്തു പറയേണ്ട നേട്ടമല്ലെന്ന് പറയാമോ?

കുറ്റം ചെയ്‌താലും ചെയ്തില്ലെങ്കിലും ജയിലില്‍ പോകാന്നുള്ള ചാന്‍സ് ഏകദേശം ഒരു പോലെ ആണ് ഇന്ത്യയില്‍ എന്നത് ഒരു വലിയ കാര്യമല്ലേ ? റോഡില്‍ ഇറങ്ങിയാല്‍ അപകടം വരാം, വരാതിരിക്കാം  എന്ന പോലെ !

ജാതിയും മതവും വലിയ പ്രശ്നമാണ് ഇന്ത്യയില്‍ എന്ന് ചില ഇന്ത്യാ വിരോധികള്‍ പറയുമായിരിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ഏതു ജാതിക്കാരന്‍ വച്ച ഭക്ഷണമെന്നു ഒരു ഇന്ത്യാക്കാരനും ചോദിക്കില്ല. വയറു നിറഞ്ഞു കഴിഞ്ഞു രാഷ്ട്രീയം പറയുമ്പോ ചിലപ്പോ അടി പിടി കൂടുമെങ്കിലും. അതൊരു നേരമ്പോക്കല്ലേ?

കഴിവുള്ള ഡ്രൈവറെ വച്ചു ശമ്പളം കൊടുക്കുകയും കഴിവില്ലാത്തവനെ കൊണ്ട് വണ്ടി ഓടിപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ ബോസമ്മാരുടെ ഒരു തമാശയാണ്. വഴക്ക് പറയാന്‍ ഒരു കാരണം കിട്ടിയില്ലേ പിന്നെ ബോസായി ഇരുന്നിട്ട് എന്ത് കാര്യം?

അങ്ങനെ ഒരു മനസ്ഥിതി ഇന്ത്യയില്‍ എല്ലാ മേഖലകളിലും ഉള്ളതു മൂലം ചിലപ്പോ ഒളിമ്പിക്കില്‍ കളിപ്പിക്കാന്‍ കൊണ്ട് പോയത് കളി അറിയുന്നവനെ ആയിരിക്കണമെന്നില്ല.

കളിക്കാന്‍ അറിയുന്ന ഇന്ത്യക്കാര്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഇന്ത്യാ രാജ്യത്ത് അവിടവിടെ ലണ്ടന്‍ ഒളിമ്പിക്ക് ടി വി യില്‍ കണ്ടു ചിരിക്കുന്നുണ്ടാവും.

മെഡല് കിട്ടാത്തത് ഇന്ത്യയുടെ പിന്നോക്കാവസ്ഥ മൂലമെന്ന് പറയാന്‍ പറ്റുമോ ?

ഇതെല്ലാം ഇങ്ങനെ ആലോചിച്ചു പോയപ്പോ ഒരു കാര്യം പിടി കിട്ടി.

ഈ രാജ്യത്ത് സകലതും മായയോ മായമോ ആണെന്ന കാര്യം ![View the linked list of all Blogs of the Author Here ]

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Inappropriate comments promoting vulgarity or hate or spam will likely get deleted when noticed. As a step to promote responsible comments, commenting is restricted to registered users with effect from 12th December 2017.