Powered By Blogger
Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Tuesday, August 21, 2018

കേരളത്തിനെ സങ്കടക്കടലാക്കിയ വെള്ളപ്പൊക്കത്തിനു ആര് ഉത്തരം പറയും?

[This blog article in Malayalam language is concerning the recent flood disaster that happened in Kerala in August 2018. The author here highlights the dangers of having humanly controllable spillway shutters instead of normally open spillways in the dams. The possibility of errors that might have happened in taking decisions and its execution for opening the dam shutters is also highlighted . It is felt that this flood mishap would not have been this serious had there been a better coordination between the technical and administrative wings of the state government that controlled the dam shutters. There is a need for introspection and corrective measures to avoid this kind of a situation in the future]

രണ്ടായിരത്തി പതിനെട്ടു ആഗസ്റ്റ്‌ മാസം മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കഷ്ട നഷ്ടങ്ങള്‍ വരുത്തിയ ഒന്നായി വന്നിരിക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ഒരു മലയാളിയും ഇത്രയും നാശ നഷ്ടങ്ങള്‍ വരുത്തിയ ഒരു വെള്ളപ്പൊക്ക ദുരിതം നേരിട്ടോ അല്ലാതെയോ അനുഭവിച്ചു കാണാന്‍ വഴിയില്ല.
ഇക്കഴിഞ്ഞ കുറെ ദിവസങ്ങള്‍ കേരളത്തിനു സമ്മാനിച്ചത്‌ തോരാത്ത മഴ മാത്രമല്ല, തീരാത്ത മഴക്കെടുതിയും കൂടെ ആണ്.

മഴയില്ലെങ്കില്‍ വെള്ളംകുടി മുട്ടും. മഴ കൂടിയാലും വെള്ളം കുടി മുട്ടും. അത് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു.

എന്നാല്‍ ഈ മഴക്കെടുതിയെ വനനശീകരണം മൂലവും മറ്റും നമ്മള്‍ തന്നെ ഉണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനം കാരണമെന്നു പറഞ്ഞു വെറുതെ നിസംഗതയോടെ നിന്നാല്‍ മാത്രം മതിയോ?

പ്രകൃതിയെയോ ദൈവത്തെതന്നെയോ പഴിചാരി നമുക്ക് മാറി നില്‍ക്കാമോ?

കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വികൃതികളും ഒക്കെ കാലാകാലങ്ങളായി സംഭവിക്കുന്നത്‌ തന്നെ. അതൊക്കെ മാറിയും മറിഞ്ഞും ഇരിക്കും. അതില്‍ നമുക്കൊന്നും ചെയ്യാനും കഴിയില്ല.

പ്രകൃതി വികൃതികളുടെ കാരണം കാണാന്‍ നമ്മുടെ ശാസ്ത്രഞ്ജന്‍മാരെ ഏര്‍പ്പെടുത്തിയാല്‍ പലതരം അഭിപ്രായങ്ങള്‍  പറയുക സാധാരണം. എന്നാല്‍ അതുപോലെയൊന്നും എപ്പോഴും സംഭവിക്കാറില്ല. അതാണ് പ്രകൃതിയുടെ മറ്റൊരു  വികൃതി.

എന്നാല്‍ കേരളത്തെ ഇപ്പോള്‍ നടുക്കിയ മഹാപ്രളയം പ്രകൃതിയുടെ ഒരു വികൃതി തന്നെയോ? അത് നമുക്ക് ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നോ?

സാമാന്യ ബുദ്ധിയില്‍ കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ ഈ വന്ന ദുരന്തം ഒഴിവാക്കാന്‍ പറ്റുമായിരുന്നു എന്ന് തന്നെ ആണ് എനിക്ക് തോന്നുന്നത്.

നാല് പതിറ്റാണ്ട് കാലത്തെ എഞ്ചിനീയറിംഗ് രംഗത്ത അനുഭവ പരിചയം വച്ച് പറയുകയാണ്‌: ഈ ദുരന്തത്തിനു നിര്‍ത്താതെ പെയ്ത മഴ മാത്രമല്ല കാരണം.

അതിതീവ്ര മഴമൂലം മലയോര പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ എന്ന ഭയാനക മണ്ണിടിയലും കുത്തൊഴുക്കും പലയിടങ്ങളിലും സംഭവിച്ചു. തീവ്ര മഴയില്‍ അത് തടയുക പലപ്പോഴും സാധ്യമല്ല. എന്നാല്‍ ഉരുള്‍ പൊട്ടല്‍ നാശം മഹാപ്രളയ നാശത്തിനു ഒപ്പം ഒരിക്കലും വരില്ല.

എന്‍റെ വിശകലനത്തില്‍ ഇപ്പോള്‍ സംഭവിച്ച വന്‍ വെള്ളപ്പൊക്കം നമ്മുടെ കൊച്ചു കേരളത്തിലെ അണക്കെട്ടുകളെ നമ്മള്‍ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ രാഷ്ട്രീയവല്‍ക്കരിച്ചതു മൂലം വന്ന പിശകുകള്‍ കാരണം ആണ് എന്ന് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.

മനുഷ്യനിര്‍മിതമായ കെട്ടിടങ്ങളും, റോഡുകളും, പാലങ്ങളും, ഡാമുകളും ഒക്കെ വളരെ പ്രയോജനം ചെയ്യുന്നവ തന്നെ ആണ്. എന്നാല്‍ ഇതൊക്കെയും പിഴവുകള്‍ സംഭവിക്കാവുന്നവയും ആണ്.

അണക്കെട്ടുകള്‍ അഥവാ ഡാമുകള്‍ മഴക്കാലത്തെ വലിയതോതിലുള്ള ജലപ്രവാഹത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കെട്ടി നിര്‍ത്തി മഴയില്ലാ സമയത്ത് ഉപയോഗിക്കുവാന്‍ സഹായിക്കുന്നു. ജലസേചനം കൃഷിഉല്‍പ്പാദനം കൂട്ടും. ജല വൈദ്യുതിയും വികസനത്തിന് അവശ്യ ഘടകം തന്നെ. അതിനുപരി ഒരു പരിധി വരെ സാധാരണ മഴക്കാലത്തെ വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാക്കാനും അണക്കെട്ടുകള്‍ സഹായകരം ആകും.

എന്നാല്‍ അണക്കെട്ടുകള്‍ വളരെ സൂക്ഷ്മതയോടെ ഡിസൈന്‍ ചെയ്തു നിര്‍മിച്ചു കൃത്യതയോടെ നോക്കി നടത്തേണ്ട ഭീമന്‍ നിര്‍മ്മിതികള്‍ ആണ് എന്നതില്‍ ഒരു സംശയവും വേണ്ട. അല്ലാത്ത പക്ഷം അണക്കെട്ടുകള്‍ വന്‍ മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ക്കും കാരണം ആയേക്കാം എന്നത് ഇതിനോടകം ലോക ചരിത്രം നമ്മെ മനസ്സിലാക്കിത്തന്ന കാര്യവും ആണ്.

കൊച്ചു കേരളം അണക്കെട്ടുകളുടെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്ത ഒരു പ്രദേശം ആണ്. കൂടുതല്‍ അണക്കെട്ട് സാധ്യതകള്‍ ആരായുന്ന ഭരണാധികാരികള്‍ ഉള്ള സംസ്ഥാനവും ആണ് എന്നത് മറന്നുകൂടാ.

അണക്കെട്ടുകളുടെ പ്രയോജനവും അതിലൂടെയുള്ള ചെറുതും വലുതുമായ ലാഭ മോഹവും  ചിലപ്പോള്‍ ചില അധികാരികളെയും അവരുടെ പിന്നാളന്‍മാരെയും അതിയായി വശീകരിക്കാനുള്ള സാധ്യത ഇന്ത്യയില്‍ പലയിടത്തും ഇതിനോടകം നമ്മള്‍ കണ്ടിരിക്കുന്നു.

അങ്ങനെ വരുമ്പോള്‍ അണക്കെട്ടുകള്‍ മൂലം സംഭവിക്കാവുന്ന ദുരന്തങ്ങള്‍ നമുക്ക് തള്ളിക്കളയാനും പറ്റില്ല.

ഇപ്പോള്‍ കേരളം കണ്ട മഹാപ്രളയം അങ്ങനെ ഒരു ദുരന്തം തന്നെ ആയിരുന്നു എന്നാണു എന്‍റെ വിലയിരുത്തല്‍.

ഇനി അതെങ്ങനെ എന്ന് ഒന്ന് പരിശോധിക്കാം.

എല്ലാ അണക്കെട്ടുകള്‍ക്കും ഒരു ഉന്നത ജല രേഖയുണ്ട്. അതായത് ആ അണക്കെട്ടിന്റെ ഏറ്റവും ഉയര്‍ന്ന ജല സംഭരണ ഉയരം. അതില്‍ കൂടുതല്‍ ഉയരം വെള്ളം ആ അണക്കെട്ടില്‍ സംഭരിക്കാന്‍ പാടില്ല എന്ന്  സാധാരണ ഗതിയില്‍ ആ അണക്കെട്ട് രൂപകല്‍പന ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ നിഷ്കര്ഷിക്കും. അതില്‍ കൂടിയാല്‍ ഉടന്‍ അണക്കെട്ട് പൊട്ടിപ്പോകും എന്നല്ല അതിനര്‍ഥം. സാധാരണ ഗതിയില്‍ അണക്കെട്ടിന്റെ മുകളില്‍ കൂടി ജലം ഒഴുകിയാലും അണക്കെട്ടിനു ഒന്നും സംഭവിക്കാത്ത നിലയില്‍ ആയിരിക്കും അണക്കെട്ടുകള്‍ രൂപ കല്പന നടത്തിയിട്ടുള്ളത്. അങ്ങനെ ചെയ്യേണ്ടത് ദീര്‍ഘ കാലത്തെ അപകടം ഒഴിഞ്ഞ  നിലനില്‍പ്പിനും ആവശ്യം ആണ്.

എന്നാല്‍ കൂടിയ ജല രേഖയുടെ മുകളില്‍ അണക്കെട്ടില്‍ വെള്ളം പൊങ്ങുന്നത് ഒരിക്കലും ആശാസ്യം അല്ല. അങ്ങനെ വന്നാല്‍ അണക്കെട്ടിന്റെ സംഭരണി പ്രദേശത്തു കൂടുതല്‍ സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങും. മാത്രമല്ല ഉദ്ദേശിക്കാത്ത തരത്തില്‍ സംഭരണി പ്രദേശത്തു മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഭൂകമ്പങ്ങളും ഒക്കെ വന്നെന്നിരിക്കും.

അപ്പോള്‍ ഒരു കാരണവശാലും ഉയര്‍ന്ന ജല സംഭരണ രേഖയുടെ മുകളില്‍ വെള്ളം പൊങ്ങാതെ നോക്കേണ്ടത് വളരെ പ്രാധാന്യം ഉള്ള ഒരു കാര്യം തന്നെ.

അതിനു ഏറ്റവും സഹായകരമായ കാര്യം അണക്കെട്ടില്‍ ഏറ്റവും ഉയര്‍ന്ന ജലവിതാനത്തിന് സമാനമായി വെള്ളം ഒഴുകി വെളിയില്‍ പോകാന്‍ ആവശ്യമായ രീതിയില്‍ ഒരു പാത്തി അല്ലെങ്കില്‍ വിയര്‍ ചാനല്‍ അണക്കെട്ടില്‍ ഉണ്ടാവുക എന്നത് തന്നെ. അതിനെ ഓവര്‍ഫ്ലോ വിയര്‍ എന്ന് പറയും. അണക്കെട്ട് സാങ്കേതിക വിദഗ്ദ്ധര്‍ ഇതിനെ പലപ്പോഴും സ്പില്‍വേ എന്നാണ് പറയാറുള്ളത്.

വൃഷ്ടി പ്രദേശത്തു എത്ര മഴ പെയ്തു അണക്കെട്ടില്‍ വെള്ളം നിറഞ്ഞു പൊങ്ങിയാലും ഓവര്‍ഫ്ലോ വിയര്‍ അഥവാ സ്പില്‍വേ ഉണ്ടെങ്കില്‍ അതിനു മുകളില്‍ അത്രയൊന്നും വെള്ളം പൊങ്ങില്ല. വെള്ളം പൊങ്ങുന്നതിന് അനുസരിച്ച് സ്പില്‍വേയില്‍  കൂടി വെള്ളം ഡാമിന് താഴെ നദിയിലേക്ക് ഒഴുകും. ഒരിക്കലും അതൊരു കുത്തൊഴുക്ക് ആവുകയില്ല. മാത്രമല്ല അങ്ങനെ സാവധാനം കവിഞ്ഞു ഒഴുകുന്ന വെള്ളം താഴെ നദീതീരങ്ങളില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുകയും ഇല്ല. ഇങ്ങനെ അണക്കെട്ടിന്റെ പലവിധമായ സേഫ്റ്റിക്ക് ഉതകും വിധം ഉണ്ടാക്കിയിരിക്കുന്ന ഓവര്‍ഫ്ലോ വിയര്‍ ഒരിക്കലും ഒരു അപകടക്കെണി ആയി മാറുകയും ഇല്ല.

സാധാരണ ഗതിയില്‍ കൂടിയ ജല നിരപ്പ് മനുഷ്യ പ്രയഗ്നം ഇല്ലാതെ തന്നെ കൂടാതെ ഇരിക്കാന്‍ ഒരു സാധാരണ ഓവര്‍ഫ്ലോ വിയര്‍ കൊണ്ട് സാധിക്കും. ഡാമിന്റെ സേഫ്റ്റി ഇതില്‍ പരിരക്ഷിക്കപ്പെടുന്നതിനു  ഇതിനെ ഏറ്റവും ലളിതമായ രൂപകല്പനയില്‍ ചെയ്യേണ്ടതും ആവശ്യം തന്നെ. ഒരു കാരണവശാലും ഓവര്‍ഫ്ലോ സേഫ്റ്റി വിയറില്‍ മനുഷ്യ പ്രയഗ്നമോ വൈദ്യുതി നിയന്ത്രണമോ ആവശ്യമുള്ള ഗേറ്റ് അല്ലെങ്കില്‍ ഷട്ടര്‍ ഉണ്ടാകാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വെള്ളം കൂടുതല്‍ ഉയരങ്ങളിലേക്ക് പൊങ്ങുകയും ഷട്ടറുകള്‍ തുറക്കുമ്പോള്‍ അതിഭയങ്കര കുത്തൊഴുക്കോടു കൂടി ഡാമില്‍ നിന്ന് വെള്ളം താഴെ നദിയില്‍ ഒഴുകി വെള്ളപ്പൊക്ക സാദ്ധ്യത ഉയര്‍ത്തും. ഇതാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്.

അതിശയകരം എന്ന് തന്നെ പറയട്ടെ, കേരളത്തിലെ ഒട്ടു മിക്കവാറും അണക്കെട്ടുകളും ഓവര്‍ഫ്ലോ ഷട്ടറുകള്‍ ഉള്ളവ ആണ്. അതിനാല്‍ ഉയര്‍ന്ന ജല നിരപ്പ് അധികാരികളുടെ നിയന്ത്രണത്തിനു വിധേയമായി ഇരിക്കുന്നു. വെള്ളം കൂടിയ ഉയരത്തില്‍  നിന്ന് ഉയരുന്നതിന് ആനുപാതികമായി താഴെ നദിയിലേക്ക് സ്പില്‍ വേയില്‍ കൂടി പതിക്കുന്നില്ല. ഷട്ടര്‍ ഇല്ലാത്ത സ്പില്‍വേ എപ്പോഴും തുറന്നിരിക്കുന്നതാണ്. എന്നാല്‍ ഷട്ടര്‍ ഉള്ള  സ്പില്‍വേകള്‍ സാധാരണയായി അടച്ചു വച്ചിരിക്കുന്ന പതിവാണ് ഉള്ളത്. അപ്പോള്‍ ഷട്ടര്‍ അടച്ചു വച്ച്  സ്പില്‍വേയുടെ നിരപ്പിനു മുകളില്‍ അധികമായി പല അടി വെള്ളം ഉയര്‍ത്തുവാനും അണക്കെട്ടിന്റെ ജല സംഭരണശേഷി ഉയര്‍ത്തുവാനും കഴിയും. ഇത് പക്ഷേ ചെയ്യേണ്ടത് അണക്കെട്ടിനെ നിയന്ത്രിക്കുന്ന സാങ്കേതിക അധികാര കേന്ദ്രങ്ങളുടെ തീരുമാനങ്ങള്‍ക്ക് വിധേയമായിട്ട് ആയിരിക്കണം . മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും അത്യധികം സാങ്കേതിക നിപുണതയും ഭരണ നിപുണതയും ഒന്നിച്ചു വേണ്ടി വരുന്ന ഒരു കാര്യവുമാണ്. വലിപ്പവും ഭാരവുമുള്ള സ്പില്‍വേ ഷട്ടറുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുന്നത് ശ്രമകരമായ കാര്യമാണ്. ചിലപ്പോള്‍ ഈ യന്ത്ര സംവിധാനങ്ങള്‍ പണിമുടക്കി ഉടക്കിയെന്നുമിരിക്കും. അതിനാല്‍ ഷട്ടര്‍ ഇല്ലാത്ത ഓവര്‍ഫ്ലോ സ്പില്‍വേ വിദേശ രാജ്യങ്ങളില്‍ പല അണക്കെട്ടുകളിലും കൊടുത്തിരിക്കുന്നത് കാണാം. ഇങ്ങനെ ഒന്ന് കേരളത്തിലെ ഡാമുകളില്‍ ഇല്ല എന്ന് തന്നെ പറയാം.

അപ്പോള്‍ ഡാം ഷട്ടര്‍ നിയന്ത്രണം പലപ്പോഴും നിയന്ത്രണാതീതം ആയി പോകുന്നത് നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ ഭരണയന്ത്ര പരിമിതികള്‍ മൂലം ആണെന്ന് പറയേണ്ടി വരും . ചിലപ്പോഴൊക്കെ, ഇപ്പോള്‍ പറ്റിയ പോലെ, അത് വലിയ അപകടങ്ങളില്‍ എല്ലാവരെയും എത്തിച്ചെന്നും ഇരിക്കും.

എന്താണ് സംഭവിച്ചതെന്ന് നോക്കാം.

ഇക്കൊല്ലം നമ്മുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ വരള്‍ച്ച എല്ലാം മാറ്റുന്ന തരത്തില്‍ പ്രകൃതിയും  ദൈവവും കനിഞ്ഞു നമുക്ക് മഴ തന്നു.

നമ്മുടെ നദികളില്‍ വെള്ളം കര കവിയുന്ന രീതിയില്‍ പൊങ്ങി. നമ്മുടെ എല്ലാ അണക്കെട്ടുകളും വെള്ളത്താല്‍ സമൃദ്ധമായി. വെള്ളം അണക്കെട്ടുകളുടെ ഉയര്‍ന്ന ജല വിതാനത്തിന് അടുത്തേക്ക്‌ ഉയര്‍ന്നു കൊണ്ടിരുന്നു.

മനുഷ്യ നിയന്ത്രണം ഇല്ലാത്ത ഓവര്‍ഫ്ലോ വിയറുകള്‍ ആയിരുന്നു നമ്മുടെ ഡാമുകളില്‍ എങ്കില്‍ വെള്ളം ഒരു പ്രശ്നവും ഇല്ലാതെ നദികളിലേക്ക് ഒലിച്ചു പോയേനെ. നമ്മുടെ ഡാമുകള്‍ സ്പില്‍വേ നിരപ്പില്‍ നിറഞ്ഞും നിന്നേനെ.

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലായിരുന്നു കേരളത്തില്‍.

നമ്മുടെ ഡാമുകളുടെ ജല ഉയരം നമ്മുടെ വൈദ്യുതി കമ്പനിയുടെയും അതിനെ നിയന്ത്രിക്കുന്ന ജനപ്രതിനിധികളായ മന്ത്രിമാരുടെയും ഒക്കെ തീരുമാനങ്ങള്‍ അനുസരിച്ച് അണക്കെട്ട് ഷട്ടറുകള്‍  പ്രവര്‍ത്തിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ കൈകളില്‍ ആയിരുന്നു.

തീരുമാനങ്ങളും ഷട്ടര്‍ പൊക്കല്‍ താക്കല്‍ പരിപാടികളും മുറപോലെ നടന്നു. എന്നാല്‍ അത് മഴമൂലം വെള്ളം പൊങ്ങി നിന്ന നദികളുടെ ശേഷിക്കു മുകളില്‍ വരുന്ന കുത്തൊഴുക്ക്‌ ഉണ്ടാക്കാനുള്ള കാരണങ്ങള്‍ ആയി. തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍  സാങ്കേതിക-ഭരണ നിപുണത കൈവിട്ടു പോയി എന്ന് കരുതണം.

കേരളത്തിന്‍റെ ഭാഗ്യദോഷം എന്നല്ലാതെ എന്ത് പറയാന്‍.

ബുദ്ധിക്കു കുഴപ്പം ഒന്നും വന്നില്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ. ഡാമുകളുടെ ഉയര്‍ന്ന ജല നിരപ്പ് നമുക്ക് മന്ത്രി നിയന്ത്രണത്തില്‍ വേണമോ അതോ അതില്‍ കൂടുതല്‍ ഒരു കാരണവശാലും ഉയരാതെ മനുഷ്യ നിയന്ത്രണം ഇല്ലാത്ത രീതിയില്‍ വേണമോ?

ഒരു ബക്കെറ്റ് വെള്ളം ഒന്നിച്ചു കാല്‍ച്ചുവട്ടില്‍ ഒഴിച്ചാല്‍ മണ്ണിളകി കാലില്‍ ചെളിയും മണ്ണും കയറും. അത് പതുക്കെ എടുത്തു ഒഴുക്കിയാല്‍ കാല്‍ വൃത്തിയായി കഴുകാം. രണ്ടും  ഒരു ബക്കെറ്റ് വെള്ളം തന്നെ.

കേരളത്തിനു ഇനിയും ഡാമുകളില്‍ ഉയര്‍ന്ന ജലനിരപ്പ്‌ നിയന്ത്രണം വേണ്ട എന്ന് വയ്ക്കാന്‍ നമ്മുടെ അധികാരികള്‍ മനസ്സ് വയ്ക്കണം. കുറഞ്ഞ പക്ഷം മേല്പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടോ എന്ന് തെളിഞ്ഞ ബുദ്ധിയോടെ ആലോചിച്ചെങ്കിലും നോക്കണം.

ഇന്ത്യയിലെയും വിദേശത്തെയും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങള്‍ മഴ ഇനിയെത്ര പെയ്യും എന്ന് ഒരുവിധം നന്നായി തന്നെ ഇക്കൊല്ലം പ്രവചിച്ചതാണ്. അപ്പോള്‍ സ്പില്‍വേ ലെവല്‍ വരെ ഡാമില്‍ വെള്ളം എത്തിയപ്പോഴേ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വയ്ക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്യാതെ സ്പില്‍വേ ലെവെലിനു മുകളിലേക്ക് വെള്ളം ആവുന്നത്ര  ഉയര്‍ത്തി വൈദ്യുതി ഉത്‌പാദനത്തിന് ഉപയോഗപ്പെടുത്താനുള്ള  ഉത്സുകതയില്‍ വെള്ളം ഡാമുകളില്‍  ഉയര്‍ന്നു കവിഞ്ഞൊഴുകുന്ന സ്ഥിതി പെട്ടെന്ന് സംജാതമായി. അപ്പോള്‍ ഡാമുകള്‍ കവിയുകയും പൊട്ടുകയും ചെയ്യുമോ എന്ന ഭയം ഉടലെടുക്കുകയും പെട്ടെന്ന് ഷട്ടറുകള്‍ പരമാവധി ഒന്നിച്ചു തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തത് മൂലം അപ്രതീക്ഷിത വെള്ളപ്പൊക്കം സംജാതമായി.  ശാസ്ത്രീയമായി അപഗ്രഥിച്ച് തീരുമാനം എടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ ഈ വന്നു ഭാവിച്ച ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞേനെ എന്നാണു എനിക്ക് തോന്നുന്നത്.

ഏതായാലും വന്നത് വന്നു. ഇനിയെങ്കിലും ഇങ്ങനെ ഒരു  ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ. അതിനു കഴിയുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.

Tuesday, February 19, 2013

പട്ടണവാസികള്‍ ആകാന്‍ വെമ്പുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക് !

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരളത്തില്‍ നിന്നും ഉപജീവനാര്‍ത്ഥം നാട് വിടുന്ന മലയാളികളുടെ അഭയ കേന്ദ്രം ആയിരുന്നു ഇന്ന് മുംബൈ എന്നറിയപ്പെടുന്ന ബോംബെ നഗരം. അന്ന് മുംബയിലെ കുടുസ് ഫ്ലാറ്റ് മുറികളില്‍ ഊഴം വച്ചു ഉറങ്ങിയിരുന്ന തലമുറകളുടെ കൈയില്‍ അവരുടെ നാടന്‍ കസിന്‍മാരെ അപേക്ഷിച്ചു ഒരു പക്ഷെ കാശ് കൂടുതല്‍ കാണുമായിരുന്നിരിക്കണം. നാട്ടുകാര്‍ ഫാഷന്‍ എന്ത് എന്ന് മനസ്സിലാക്കിയത് ബോംബെക്കാരെ നോക്കിയാണ് എന്ന് വേണമെങ്കില്‍ പറയാം.

ബോംബെവാസികളായ മലയാളികള്‍ പക്ഷെ ശ്വാസം നന്നായി എടുത്തിരുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ എത്തുമ്പോഴായിരുന്നു എന്നത് അവരുടെ നാട്ടുകാരായ സ്വന്തക്കാര്‍ ഒരു പക്ഷെ മനസ്സിലാക്കി കാണില്ലായിരിക്കാം.

അത് മനസ്സിലാകണമെങ്കില്‍ ബോംബെ നേരില്‍ കാണണം.

അങ്ങനെ ഒരവസരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എനിക്ക് ലഭിച്ചു. മുംബയിലെ മാത്രമല്ല അതുപോലെ ഉള്ള ഇന്ത്യയിലെ എല്ലാ മഹാനഗരങ്ങളുടെയും അവസ്ഥ ഏതാണ്ട് ഒരുപോലെ ആണെന്ന് മനസ്സിലാക്കാനും സാധിച്ചു.

നഗര ആസൂത്രണമെന്ന കൊനഷ്ടു വിദ്യ ഇന്ത്യക്കാരെ പരിശീലിപ്പിക്കാന്‍ പണ്ട് ഇന്ത്യ ഭരിച്ചിരുന്ന സായിപ്പന്മാര്‍ കുറെ ഒക്കെ പരിശ്രമിച്ചെങ്കിലും നടന്നില്ല. വളരെ ശ്രദ്ധ വച്ച് അവര്‍ സിവില്‍ എഞ്ചിനീയറിംഗ് ഉപരി അഭ്യസന വിദ്യയായി മുനിസിപല്‍ എന്ജിനീരിങ്ങും സാനിട്ടറി എന്ജിനിയരിങ്ങും ഒക്കെ ചില നല്ല സാങ്കേതിക വിദ്യാ കേന്ദ്രങ്ങളില്‍ തുടങ്ങി വച്ചെങ്കിലും അതൊക്കെ സായിപ്പനെ വിറ്റ വിദ്യ അറിയാവുന്ന ഇന്ത്യക്കാര്‍ അട്ടിമറിച്ചെന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

ഏതായാലും അത് നിമിത്തം ഇന്ത്യയിലെ മഹാ നഗരങ്ങള്‍ ഒരു ആസൂത്രണവുമില്ലാതെ തന്നത്താന്‍ അങ്ങ് വളര്‍ന്നു വികസിച്ചു.

മനുഷ്യന് കുടിക്കാന്‍ പറ്റിയ വെള്ളമെത്തിക്കുന്നതും, മലമൂത്ര വിസര്‍ജനങ്ങള്‍ അടക്കമുള്ള മാലിന്യം നീക്കം ചെയ്യുന്നതും, ഗതാഗത സൗകര്യം ഒരുക്കുന്നതും, മഴവെള്ളവും മലിന ജലവും ഒഴുക്കി വിടുന്നതും ഒക്കെ രാഷ്ട്രീയര്‍ക്കാര്‍ക്ക് അടക്കം ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ചെറുകിട സാങ്കേതിക വിദ്യകളായി പരിണമിക്കുകയും ചെയ്തു.

അപ്പോപ്പിന്നെ ബോംബയും ചെന്നൈയും ഡല്‍ഹിയും ഒക്കെ നാറ്റ നഗരങ്ങള്‍ ആയതില്‍ അതിശയം ഒന്നും ഇല്ലല്ലോ.

അതൊക്കെ അങ്ങ് ഉത്തര ഇന്ത്യയിലെ കാര്യം ആയിരുന്നു കുറെ നാള്‍ മുമ്പ് വരെ. കേരളക്കാര്‍ പട്ടണങ്ങളെ അത്രയധികം സ്നേഹിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍.

ഗ്രാമങ്ങളില്‍ തങ്ങള്‍ക്കുള്ള വസ്തു വകകളില്‍ മഹാസൌധങ്ങള്‍ കെട്ടിപ്പൊക്കാന്‍ പട്ടണങ്ങളിലെ മലിനത മൂലം സഹി കെട്ടിരുന്ന മലയാളികള്‍ ശ്രദ്ധ വച്ചു. കേരളം ആകപ്പാടെ ഒരു സുന്ദര ദേശം ആകാന്‍ അത് സഹായകമായി.

പട്ടണവുമല്ല, ഗ്രാമവുമല്ല എന്ന മട്ടിലോ അത് രണ്ടും കൂടിയ മട്ടിലോ ഒക്കെ ആയി കേരളം.

റോഡും ഗതാഗതവും വൈദ്യുതി വിതരണവും സര്‍ക്കാര്‍ ചുമതലയിലും ബാക്കിയൊക്കെ സ്വയം പര്യാപ്തതയിലും എന്ന രീതിയില്‍ കേരളം മുന്നേറി. അധികമൊന്നും നാറാത്ത ഒരു വികസന പ്രക്രിയ.

എന്നാല്‍ പിന്നീട് കമ്പ്യൂട്ടര്‍ വിപ്ലവവും വിനോദ സഞ്ചാര വിപ്ലവവും ആരോഗ്യപരിപാലന സേവന വിപ്ലവവും അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന കേരളത്തിലെ ചെറു പട്ടണങ്ങളെ വിഴുങ്ങി കളഞ്ഞു എന്ന് പറയാം.

ഉള്‍നാടുകളില്‍ നല്ല വീടുകളില്‍ കഴിഞ്ഞിരുന്ന പുത്തന്‍ തലമുറയ്ക്കും പഴമക്കാര്‍ക്കും പട്ടണങ്ങളില്‍ ചേക്കേറാന്‍ പൂതി കൂടി. പട്ടണ പ്രദേശങ്ങളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന സ്ഥലങ്ങള്‍ അമ്പര ചുംബികളെ കൊണ്ട് നിറഞ്ഞു. അതില്‍ വസിക്കുന്ന പതിനായിരങ്ങള്‍ക്ക് അവരുടെ മാലിന്യം ആര് എവിടെ കൊണ്ട് കളയുന്നു എന്ന് ഒരു പിടിയുമില്ല ! 

പണ്ടത്തെ മുംബൈ നഗരത്തെക്കാള്‍ നാറുന്ന നഗരങ്ങള്‍ ആയി കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍ കൊച്ചിയും അനന്തപുരിയും ഒക്കെ.

ഇങ്ങനെ ഒരു അനര്‍ത്ഥം ഒരു പക്ഷെ പട്ടണത്തെ സ്നേഹിച്ചു പോയവര്‍ ഒരു പക്ഷെ സ്വപ്നത്തില്‍ പോലും നിരൂപിച്ചു കാണില്ല.

അവരുടെ പ്രശ്നങ്ങള്‍ കൈ കാര്യം ചെയ്യാന്‍ കഴിവുള്ള രാഷ്ട്രീയക്കാരും ഇല്ലാതെ പോയി.

പറഞ്ഞിട്ടെന്തു കാര്യം ? രാഷ്ട്രീയക്കാരെ ഉപദേശിക്കാന്‍ പറ്റിയ സാങ്കേതിക വിദ്വാന്‍മാരും ഇല്ലെന്നു തോന്നുന്നു.

നിങ്ങള്‍ക്ക് എന്തു തോന്നുന്നു ?


[View the linked list of all Blogs of the Author Here ! ]

Monday, January 7, 2013

മോഹന്‍ലാലും മീരാ ജാസ്മിനും ഇലന്തൂരും പിന്നെ ഈ ഞാനും !

മോഹന്‍ലാല്‍ എന്ന നടനും മീരാ ജാസ്മിന്‍ എന്ന നടിയും ലോക പ്രശസ്തി നേടിയ വ്യക്തികളാണ്. വടിവുള്ള ശരീര കാന്തിയും മികവുറ്റ അഭിനയ ചാതുര്യവും കൊണ്ട് സിനിമാ ലോകത്ത് തങ്ങളുടേതായ ശൈലി പ്രദര്‍ശിപ്പിച്ചു അനേകായിരങ്ങളെ ആരാധകരാക്കിയവരാണ് ഇവര്‍ ഇരുവരും.

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാന പാത്രങ്ങള്‍.

മദ്ധ്യതിരുവിതാംകൂറിലെ ഇലന്തൂര്‍ എന്ന പഴയ ഗ്രാമ പ്രദേശത്തു [ഇപ്പോഴത് ഗ്രാമവുമല്ല, പട്ടണവുമല്ല !] വേരുള്ളവരാണ് മോഹന്‍ലാലും മീരയും. ഇപ്പോള്‍ ആ വേരുകളെ  തിരയാന്‍ അവര്‍ക്ക്  സമയം ഇല്ലെങ്കില്‍ പോലും അത് ഒരു വാസ്തവം അല്ലാതാകുന്നില്ലല്ലോ !

അത് പോലെ  താല്‍ക്കാലികമായിട്ടെങ്കിലും ഇലന്തൂരില്‍ നിന്നും വേരു പിഴുതു പോയ ഒരു സാധാരണക്കാരനാണ് ഞാനും. ഒരു പക്ഷെ അതായിരിക്കണം ഞങ്ങളെ മൂവരയും തമ്മില്‍ ഘടിപ്പിക്കുന്ന ഒരേ ഒരു കണ്ണി. അങ്ങനെ ഒരു കണ്ണി മൂലം അവര്‍ എന്നെ അറിയില്ല എങ്കിലും അങ്ങനെ ഒരു കണ്ണി നില നില്‍ക്കുന്നു എന്നത് വാസ്തവം.

ഇങ്ങു ദൂരെ റാഞ്ചിയിലെ തണുത്തു വിറങ്ങലിച്ച ഇന്നലത്തെ സന്ധ്യയില്‍ സൂര്യ ടിവിയില്‍ ഏഷ്യനെറ്റ് വഴി പ്രശസ്തി നേടിയ ശ്രീ നായരുടെ (മുഴുവന്‍ പേര് മലയാളത്തില്‍ എഴുതാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ക്ഷമിക്കുക !) ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ട ടോക്ക് ഷോയില്‍ മോഹന്‍ലാലിനെ കാണുകയും കേള്‍ക്കുകയും ചെയ്തതാണ് ഈ ബ്ലോഗിന് പ്രചോദനമായത് എന്ന് വേണമെങ്കില്‍ പറയാം.

മോഹന്‍ലാല്‍ ബ്ലോഗ്‌ എഴുതാന്‍ സമയം കാണുന്നു എന്ന് വെളിപ്പെടുത്തിയത് മൂലം അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ ഗൂഗിള്‍ സേര്‍ച്ച്‌ വഴി കണ്ടു പിടിക്കാനും സാധിച്ചു. [ മോഹന്‍ലാലിന്‍റെ മലയാളം ബ്ലോഗുകള്‍ ഇവിടെ വായിക്കാം !] അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണ് എന്നു സമ്മതിക്കട്ടെ. 

ലാലിനെ സിനിമയില്‍ അല്ലാതെ ഞാന്‍ കണ്ടിട്ടില്ല. മീരയെ അവര്‍ ഒരു നടി ആകുന്നതിനു വളരെ മുമ്പ്‌ ഒരു കുട്ടിയായി കണ്ടിട്ടുണ്ട് എന്നാണു ഒരു ഓര്‍മ.

ഞാന്‍ അനിയച്ചായന്‍ എന്നു വിളിച്ചിരുന്ന മീരയുടെ പിതാവ് ഇലന്തൂരില്‍ പുത്തന്‍വീട്ടില്‍ തുണ്ടിയില്‍ കുടുംബാംഗവും  ഒരു ബന്ധുവും ആയിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് അദ്ദേഹം ഇലന്തൂരു നിന്ന് തിരുവല്ലയിലേക്ക് താമസം മാറിയതു മൂലം ആ കുടുംബത്തിന്‍റെ ഇലന്തൂരു ബന്ധം ഏതാണ്ടൊക്കെ നിലച്ചു എന്നു കരുതാം. 

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഞ്ചും ആറും ഏഴും ക്ലാസുകളിലെ  എന്‍റെ വിദ്യാഭ്യാസം നെല്ലിക്കാലായില്‍ മാര്‍ത്തോമ മിഡില്‍ സ്കൂളില്‍ ആയിരുന്നു. എന്‍റെ മാതാവിന്‍റെ പിതാവ് ആരംഭമിട്ട ഈ സ്കൂള്‍ ആ വീട്ടു പേരിനെ അനുസ്മരിക്കും വിധം ഐക്കുഴ സ്കൂള്‍ എന്നാണു ഇപ്പോഴും അറിയപ്പെടുന്നത്.

ആ മൂന്നു വര്‍ഷക്കാലം  രാവിലെ   ഇലന്തൂര്‍ പുത്തന്‍ ചന്ത ഭാഗത്തുള്ള എന്‍റെ വീട്ടില്‍ നിന്നും നെല്ലിക്കാലയിലെ ഐക്കുഴ സ്കൂളിലേക്കും വൈകുന്നേരം തിരിച്ചും കാല്‍നടയായി യാത്ര ചെയ്തിരുന്നത് മോഹന്‍ലാലിന്‍റെ പിതൃ ഭവനത്തിന് മുമ്പില്‍ കൂടി ആയിരുന്നു എന്നു ഇപ്പോള്‍ ഓര്‍ക്കുന്നു. അന്ന് പപ്പൂള്ളപ്പടി എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന കള്ളുഷാപ്പ് മുക്കിനു സമീപം ആയിരുന്നു ആ ഭവനം. ആ വീട്ടിലെ ഒരാള്‍ (മോഹന്‍ലാലിന്‍റെ അച്ഛന്‍) അങ്ങ് തിരുവനന്തപുരത്തു സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തിരുന്നത് കാരണം ആ ഭവനം എന്‍റെയും കൂട്ടുകാരുടെയും ചര്‍ച്ചകളില്‍ കടന്നു വരുമായിരുന്നു.

ഞാന്‍ വടക്കേ ഇന്ത്യയില്‍ ഭിലായി ഉരുക്ക് നിര്‍മാണ ശാലയില്‍ ഒരു എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ച ആദ്യ വര്‍ഷങ്ങളില്‍ എന്നോ ഒരിക്കല്‍ മോഹന്‍ലാലിന്‍റെ അച്ഛനെ പരിചയപ്പെടാന്‍ ഇടയായത് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു. എന്‍റെ മാതൃ സഹോദരനും ഐക്കുഴ സ്കൂളിന്‍റെ ഹെഡ്‌മാസ്റ്ററും ആയിരുന്ന ജോയിച്ചായന്‍ (ശ്രീ ജോണ്‍ ജോണ്‍ സാര്‍ ) ആയിരുന്നു എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. അന്ന് നെല്ലിക്കാല മുക്കിനു സമീപം ലക്ഷ്മി തിയേറ്റര്‍ എന്ന ഒരു സിനിമ ശാല പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതിനു മുമ്പില്‍ വച്ചാണ് ഈ പരിചയപ്പെടല്‍ നടക്കുന്നത്.

മോഹന്‍ലാല്‍ അന്ന് അഭിനയ ലോകത്ത് അറിഞ്ഞു വരുന്ന കാലം. വടക്കേ ഇന്ത്യയില്‍ ആയ എനിക്ക് ഒരു പുതിയ മലയാളം  സിനിമാ നടനെ അറിയാന്‍ സാധ്യത വളരെ കുറവു തന്നെ എന്നു പറയാം.

മോഹന്‍ലാലിന്‍റെ അച്ഛന്‍ ആ നാട്ടുകാരനും സെക്രട്ടറിയേറ്റ്‌ ഉദ്യോഗസ്ഥനും എന്നതിന് പുറമേ മോഹന്‍ലാല്‍ എന്ന സിനിമാ നടന്‍റെ അച്ഛനും ആണെന്ന കാര്യം അദ്ദേഹത്തിന്‍റെ നാട്ടിലെ സുഹൃത്തായ ജോയ്ച്ചായന്‍ അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തുമ്പോള്‍ പ്രത്യേകം എടുത്തു പറഞ്ഞു.

പല നാട്ടുകാര്യങ്ങളും പറഞ്ഞു ഞങ്ങള്‍ മൂവരും നെല്ലിക്കലാ മുക്കില്‍ കുറെ നേരം നിന്നു. സന്ധ്യ ആയി വരുന്ന സമയം. മോഹന്‍ ലാലിനെ സിനിമയിലും അല്ലാതെയും കണ്ടിട്ടില്ലാത്ത എന്നെ അന്ന് ആ കൊട്ടകയില്‍ ഓടിക്കൊണ്ടിരുന്ന ലാല്‍ സിനിമ കാണാന്‍ അവര്‍ ഇരുവരും ചേര്‍ന്നു ക്ഷണിച്ചു. അതനുസരിച്ചു ഞങ്ങള്‍ മൂവരും സിനിമ കാണാന്‍ ലക്ഷ്മി തിയേറ്ററില്‍ കയറി. തിയേറ്റര്‍ നടത്തിപ്പുകാര്‍ ഞങ്ങള്‍ക്ക് മൂന്നു സ്പെഷ്യല്‍ കസേരകള്‍ തരപ്പെടുത്തി തന്നു.

അങ്ങനെ മോഹന്‍ലാലിന്‍റെ അച്ഛനൊപ്പം ഇരുന്നു ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രം കണ്ടു. ഏതു സിനിമയെന്ന് ഇപ്പോള്‍ ഓര്‍മയില്ല. (ഒരു സിനിമയും എന്‍റെ ഓര്‍മയില്‍ നില്‍ക്കാറില്ല. കാണുമ്പോള്‍ രസിക്കും. അത് കഴിഞ്ഞു മറന്നു. പിന്നെ കാണുമ്പോള്‍ നേരത്തെ കണ്ടത് എന്ന് തോന്നുമെന്കിലും ഒട്ടും രസം പോകാതെ പിന്നെയും കാണാന്‍ അതുമൂലം എനിക്ക് കഴിയാറുണ്ട്.)

അന്നത്തെതില്‍ നിന്നും മോഹന്‍ലാല്‍ ഇന്ന് പല മടങ്ങ്‌ വളര്‍ന്ന് ജനങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ എന്ന മഹാ വ്യക്തിത്വം  ആയി കഴിഞ്ഞിരിക്കുന്നു.

അതുപോലെ തന്നെ മീരാ ജാസ്മിനും മലയാളക്കര വിട്ടു തമിള്‍-തെലുഗ് മേഖലയിലേക്ക് കടന്നിരിക്കുന്നു.

സിനിമാ ലോകത്തെ അധികമൊന്നും കാണാത്ത ഇലന്തൂര്‍ ദേശത്തുനിന്നും ഉദിച്ചുയര്‍ന്ന രണ്ടു വെള്ളി നക്ഷത്രങ്ങള്‍ !

ഇലന്തൂരിലെ പഴയ കാല പ്രതിഭകള്‍ക്ക് പകരം വന്ന ഇലന്തൂര്‍ക്കാര്‍ എന്ന് വേണമെങ്കില്‍ പറയാം. പുത്തന്‍ പ്രതിഭകള്‍ ഇലന്തൂരിനെ മറന്നാലും തനി ഇലന്തൂര്‍ക്കാര്‍ക്ക് അത് പറ്റില്ലല്ലോ !

എനിക്ക് പരിചയമുള്ള ഇലന്തൂര്‍ അല്ല ഇന്നുള്ളത്. എന്നാലും ജീവിത സായാഹ്നത്തില്‍ ഈ ദേശത്തു മടങ്ങി എത്താന്‍ ഏതോ ഒരു മായിക ശക്തി എന്നെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.

സാധിക്കുമെന്ന് കരുതട്ടെ !

അല്ലാതെന്തു പറയാന്‍ ? അത് പറ്റാതെ പോയ പലരുടെയും നിസഹായാവസ്ഥ എനിക്ക് അറിയാത്ത കാര്യമൊന്നുമല്ല.

[This is a blog written in Malayalam Language of Kerala which highlights the achievements of two prominent Malayalam Fim Personalities who have their roots in the Village of Elanthur (or Elanthoor) which is the native village of the blog author. The film personalities are Mohan Lal and Meera Jasmine whose parents hailed from Elanthoor and are personally known to the author]
[View the linked list of all Blogs of the Author Here ! ]   

Friday, November 23, 2012

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കള്‍ !

ചെന്നായെ കണ്ടിട്ടുണ്ടോ ?

നടപ്പും പോക്കും ഒക്കെ കണ്ടാല്‍ അത് ആരെയെങ്കിലും കടിച്ചു കീറി തിന്നുമെന്നു തോന്നുമോ ?

അയ്യോ പാവം എന്ന മട്ടില്‍ ആണ് എപ്പോഴും.

ആടും ചെന്നായും തമ്മില്‍ നോക്കിയാല്‍ വല്യ വ്യത്യാസം വല്ലോം കാണാമോ ?

ഒരു പക്ഷെ വലിപ്പത്തില്‍ ആടുകള്‍ തന്നെ മുമ്പില്‍.

ആടിന്‍റെ ഒപ്പം വരില്ല ചെന്നായ്‌.

അടുത്തു കൂടി നടന്നാല്‍ ആടിന് പോലും ചെന്നായോട് വാത്സല്യമേ തോന്നൂ.

എന്തൊരു എളിമ, എന്തൊരു വിനയം, എന്തൊരു കുസൃതി, കുട്ടികളെ പോലെ !

എന്നാല്‍ ചെന്നായ്‌ തരം നോക്കി കാത്തിരിക്കയാണെന്നു പാവം ആടിനു ഒരിക്കലും മനസ്സിലാവുകയില്ല.

ചെന്നായുടെ ക്രൂര ദംഷ്ട്രങ്ങള്‍ പാവം ആടിനെ കടിച്ചു കീറി കൊന്നു തിന്നുന്നത് വരെ.

ഒരു അനുഭവത്തില്‍ നിന്ന് മനസ്സിലാകാന്‍ ആടിനു അവസരം കിട്ടാറില്ല.

ആടും ചെന്നായും പോലുള്ള മനുഷ്യരും നമ്മുടെ ഇടയില്‍ ധാരാളം.

കണ്ടാല്‍ ഒരു തരത്തിലും തിരിച്ചറിയാന്‍ പറ്റില്ല, സാധാരണ രീതിയില്‍.

ആടു പോലെയുള്ള പാവം മനുഷ്യര്‍ക്ക്‌ പാവം പോലെ കൂടെ കൂടി ചതിക്കാന്‍ തക്കം കാത്തിരിക്കുന്ന ചെന്നായ്‌ പോലെയുള്ള മനുഷ്യരെ ഒരിക്കലും മനസ്സിലായില്ലെന്ന് വരും.

വല്യ കഷ്ടം തന്നെ. അല്ലേ ?

എങ്ങനെ മനസ്സിലാകും ഇവരെ ?

ആവശ്യത്തിലധികം എളിമയും വിനയവും കുസൃതിയും ഒക്കെ പ്രകടിപ്പിക്കുന്നവരെ ഒന്ന് പ്രത്യേകം ശ്രദ്ധ വച്ചോളൂ !

ഒരു പക്ഷെ ചെന്നായുടെ സ്വഭാവം തരം കിട്ടിയാല്‍ പ്രകടമായെന്നു വരും.

വഷളത്തരവും ക്രൂരതയും കൌടില്യവും വിശ്വാസ വഞ്ചനയും ഒക്കെത്തന്നെ !

ചെന്നായ പക്ഷെ ആടുമല്ല, പട്ടിയുമല്ല. അത് ചെന്നായ തന്നെ.

ഒരുതരത്തിലും അതിനെ മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല.

അതാണ് അതിന്‍റെ ഒരു പ്രത്യേകത.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ല.


[കൂടുതല്‍ കാണുക: രാജന്‍ സി മാത്യുവിന്‍റെ മലയാളം ബ്ലോഗുകള്‍ ! ]

[This blog is in Malayalam language, written only for those who can read Malayalam language of Kerala ]

Monday, October 1, 2012

ജീവന്‍ നശിക്കുന്ന ദേശത്തു ജീവന്‍ നിലനിര്‍ത്തുന്ന ഡോക്ടര്‍ ജീവന്‍ !

ഇന്നലെ ഒരു ഞായറാഴ്ച ആയിരുന്നു. കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികള്‍ പള്ളികളില്‍ പോയി കൂട്ടായ്മ ആചരിക്കുകയും ഒപ്പം പറ്റുമെങ്കില്‍ അല്‍പ്പം പൊങ്ങച്ചം പ്രകടമാക്കുകയും ചെയ്യുന്ന ഒരു ദിവസം.

ഇങ്ങു വടക്കു കിഴക്ക് പഴയ ബീഹാര്‍ സംസ്ഥാനം വെട്ടി മുറിച്ചു രൂപീകരിച്ച ജാര്‍ഖണ്ട് എന്ന ഈ ആദി വാസി സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ താമസമാക്കിയിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇവിടെ പക്ഷേ പഴയ മലയാളി സമൂഹം നാമമാത്രമായി കഴിഞ്ഞിരിക്കുന്നു. ഒരു ചെറിയ കൂട്ടായ്മയ്ക്കു പോലും ആളില്ലാത്ത അവസ്ഥ. 

അതു മൂലം ഉള്ള മലയാളികള്‍ക്ക് പതിവില്ലാത്ത ഒരടുപ്പം. ഉര്‍വശി ശാപം ഉപകാരപ്പെട്ട പോലെ!

കേരളത്തില്‍ ആയിരുന്നെങ്കില്‍ പൊങ്ങച്ചക്കാരുടെ ആധിക്യം ഉളവാക്കുന്ന കൃത്രിമത്വം നിമിത്തം പള്ളിയില്‍ പോകാന്‍ തോന്നുമായിരുന്നില്ല എന്ന് കരുതുന്നതായിരിക്കും ശരി. കുറച്ചൊക്കെ അപ്രകാരം  ആയിരുന്നു പത്തു മുപ്പതു കൊല്ലത്തെ ഭിലായിയിലെ താമസത്തിനിടെ മലയാളി പെരുപ്പം മൂലം ഉളവായ അനുഭവം.


തികച്ചും അപരിചിതമായ റാഞ്ചി പ്രദേശത്തു ആകസ്മികമായി എത്തിച്ചേര്‍ന്നപ്പോള്‍ ഊഷ്മളമായ സൗഹൃദം ലഭ്യമായി. മുപ്പതില്‍ താഴെ കുടുംബങ്ങള്‍ ഉള്ള റാഞ്ചി മാര്‍ത്തോമ്മ ക്രിസ്ത്യന്‍ [Mar Thoma Syrian Church Parish of Ranchi] ഇടവക അംഗങ്ങള്‍ അങ്ങനെ ആദിമ ക്രിസ്ത്യന്‍ കൂട്ടായ്മയുടെ ഒരു അനുഭവത്തിലേക്ക് കുറച്ചൊക്കെ മാറിയിരിയ്ക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. 

ഈ കൂട്ടായ്മയെ ഓജസ്സോടെ ഇപ്പോള്‍ നയിക്കുന്നത് റാഞ്ചി സെന്‍റ് തോമസ്‌ സ്കൂള്‍ [St.Thomas School Ranchi]  പ്രിന്‍സിപ്പലും മാര്‍ത്തോമ്മാ പള്ളി വികാരിയുമായ ജോസഫ്‌ അയ്‌രൂര്‍ക്കുഴി അച്ചന്‍ [Rev. Joseph Ayroorkuzhi]  ആണ്. ആ ഓജസ് നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ ഇടവകാംഗങ്ങള്‍ ആയ സണ്ണിയും, ബിന്ജുവും, രാജുവും, ജോര്‍ജുകുട്ടിയും, സാലിയും, സജിയും ഒക്കെ അഹോരാത്രം പ്രയഗ്നിക്കുന്നു.

ഈ ചെറിയ സമൂഹത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചില വ്യക്തികളില്‍ എടുത്തു പറയേണ്ട ഒരാളാണ് ഡോക്ടര്‍ ജീവന്‍ കുരുവിള. റാഞ്ചിയിലെ ചെറിയ മാര്‍ത്തോമ പള്ളി ആരാധനയില്‍ പങ്കു ചേരാന്‍ അദ്ധേഹവും പത്നി ഡോക്ടര്‍ ഏയ്‌ന്‍ജലും ചെറിയ മൂന്നു കുഞ്ഞുങ്ങളും നാലു മണിക്കൂറില്‍ അധികം നീളുന്ന റോഡ്‌ യാത്ര നടത്തുന്നു. ജാര്‍ഖണ്ടിലെ നക്സല്‍ വിളയാട്ട കേന്ദ്രങ്ങളില്‍ ഒന്നായ പലാമു ജില്ലയിലെ സത്ബര്‍വ എന്ന സ്ഥലത്തു നിന്നും. റാഞ്ചിയില്‍ നിന്നും നൂറ്റി നാല്‍പതു കിലോമീറ്റര്‍ പടിഞ്ഞാറാണ് ഈ സ്ഥലം.

സത്ബര്‍വയില്‍ തുംബഗടാ എന്ന സ്ഥലത്ത്  നൂറു കിടക്കകള്‍ ഉള്ള നവ ജീവന്‍ ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ആണ് ഡോക്ടര്‍ ജീവന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിദേശ മിഷനറി ഡോക്ടര്‍മാര്‍ ആരംഭിച്ചതും പിന്നീട് അവര്‍ വിട്ടു പോയപ്പോള്‍ സമൂഹ നന്മ ആഗ്രഹിക്കുന്ന ചില ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ക്രിസ്തീയ പ്രതിബദ്ധത നിമിത്തം ഏറ്റെടുത്തു നടത്തുന്ന ചില ആശുപത്രികളില്‍ ഒന്നാണ് ഈ ആശുപത്രി. 

മലയാളിയായ ഈ യുവ ഡോക്ടര്‍ ജീവന്‍റെയും അദ്ദേഹത്തിന്‍റെ കൂട്ടാളികളുടെയും പ്രയഗ്നം തികച്ചും അധോഗതിയില്‍ ആയ പലാമു പ്രദേശത്തു എങ്ങനെ ഒരു വെളിച്ചമായി നില നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഞങ്ങളില്‍ ആഗ്രഹം ജനിപ്പിച്ചതും അതിനു മുന്‍കൈ എടുത്തതും ജോസഫ്‌ അച്ചന്‍ ആണ്.

ഇന്നലെ ഞങ്ങള്‍ ഇടവക അംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു സത്ബര്‍വയിലേക്ക് യാത്രയായി. രാവിലെ ആറു മണിക്കു തിരിച്ച ഞങ്ങള്‍ പത്തരയോടെ നവജീവന്‍ ആശുപത്രി കാമ്പസ്സില്‍ ഉള്ള മേന്നോനിറ്റ്‌ പള്ളിയുടെ അങ്കണത്തില്‍ എത്തിച്ചേര്‍ന്നു.



റാഞ്ചിയിലെ സ്കൂള്‍ ബസ്‌ ഞങ്ങളുടെ യാത്ര സുഗമമാക്കി.



 അധികം താമസിയാതെ എല്ലാവരും ചേര്‍ന്ന് മലയാളത്തിലും ഹിന്ദിയിലും ആയി ആ ചാപ്പലില്‍ വച്ചു ഇന്നലത്തെ പള്ളി ആരാധന നടത്തി. ഡോക്ടര്‍ ജീവന്‍ കുരുവിള ജോസഫ്‌ അച്ചന്‍റെ മലയാള പ്രഭാഷണം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി.

ആരാധനയ്ക്ക് ശേഷം ആശുപത്രി ചുറ്റി നടന്നു കാണുവാനും പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതലായി മനസ്സിലാക്കുവാനും റാഞ്ചിയിലെ മലയാളി മാര്‍ത്തോമക്കാര്‍ക്ക് അവസരം കിട്ടി.



ഉത്തര ഇന്ത്യയിലെ ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത് ഒരു ദേശീയ പാതയുടെ അരികില്‍ [NH75] തന്നെ ആണെന്നു വരികിലും വികസന കാര്യത്തില്‍ ഇവിടം  ഒരു ഓണം കേറാ മൂലയായി തന്നെ തുടരുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ സ്ഥലം നക്സല്‍ വാദികളുടെ അതി പ്രസരമുള്ള ഒന്നായി ഇപ്പോള്‍ തീര്‍ന്നിരിക്കുന്നു. ചുറ്റുപാടുമുള്ള ഗ്രാമങ്ങളില്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും ഇല്ലാതെ ഇപ്പോഴും കഴിയുന്നു. നല്ല സ്കൂളുകള്‍ ഇല്ല, വൈദ്യുതി ഇല്ല, വാഹന സൗകര്യം ഇല്ല , ശുദ്ധ ജല സൗകര്യം ഇല്ല, ആശുപത്രി സൗകര്യം ഇല്ല, അങ്ങനെ പോകുന്നു ഇല്ലായ്മകളുടെ കാര്യങ്ങള്‍.

ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ [Emmanuel Hospital Association] എന്ന സംഘടനയില്‍ പെട്ട നവജീവന്‍ ഹോസ്പിറ്റല്‍ സൊസൈറ്റി [Nav Jeevan Hospital Society] ആണ് സത് ബര്‍വയില്‍ തുംബഗാര എന്ന ഈ സ്ഥലത്ത് നവജീവന്‍ ആശുപത്രി ഇപ്പോള്‍ നടത്തുന്നത്. ഇരുപത്തഞ്ചു ഏക്കറില്‍ പഴയ മട്ടിലുള്ള ആസ്ബസ്റ്റോസ് മേല്‍ക്കൂരയുള്ള പല കെട്ടിടങ്ങളിലായി ആശുപത്രിയും അനുബന്ധ സൌകര്യങ്ങളും പ്രവര്‍ത്തിക്കുന്നു. വൈദ്യുതി കണക്ഷന്‍ പേരിനു മാത്രമായതിനാല്‍ കൂടുതല്‍ സമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കാര്യങ്ങള്‍ നടത്തുന്നു. ഓപ്പറേഷനും മറ്റും.

പത്തു ഡോക്ടര്‍മാര്‍ അടക്കം നൂറോളം സേവന തല്പരരായ സ്ത്രീപുരുഷന്മാന്‍ ഇവിടെ ആതുര സേവനം നടത്തുന്നു. പലരും കേരളത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍. സാങ്കേതിക സഹായം ചെയ്യാന്‍ കേരളത്തില്‍ നിന്ന് ഒരു യുവ എന്‍ജിനീയറും ഉണ്ട്.

നേഴ്സിംഗ് പരിശീലന കേന്ദ്രത്തിലും കണ്ണ് ചികില്‍സാ കേന്ദ്രത്തിലും ഒക്കെ വിദഗ്ദ്ധരായ ആളുകള്‍ സേവനം ചെയ്യുന്നു. ധന മോഹം അല്‍പ്പവും ഇല്ലാതെ.

നൂറു കിടക്കകള്‍ ഒന്ന് പോലും ഒഴിഞ്ഞതായി കണ്ടില്ല. അതുപോലെ ദിനം പ്രതി നൂറു കണക്കിന് ആള്‍ക്കാര്‍ പലയിടങ്ങളില്‍ നിന്നായി ഔട്ട് പേഷ്യന്‍റ് ആയി എത്തുന്നു. 

ഈ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആധുനികമാക്കാന്‍ ഡോക്ടര്‍ ജീവനും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും ആഗ്രഹിക്കുന്നു. അതിനു പണവും മറ്റു പല വിധ സഹായങ്ങളും അവര്‍ക്ക് ആവശ്യമായിട്ടുണ്ട്.

 
ഒരു പക്ഷെ അവരെ ഏറ്റവും അധികം പിന്തുണക്കേണ്ടത് സര്‍ക്കാര്‍ ആവണം. സര്‍ക്കാരിനോ മറ്റു പണ മോഹികളായ ഹോസ്പിറ്റല്‍ ബിസിനസ്കാര്‍ക്കോ ഇതുവരെ ചെയ്യാന്‍ സാധിക്കാത്ത കാര്യം ആണ് ഇവിടത്തെ നിസഹായരായ ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍വഹിച്ചു പോരുന്നത്. സര്‍ക്കാരില്‍ നിന്ന് വാഗ്ദാനങ്ങള്‍ പലതും വരുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ  സഹായം ഇല്ല എന്നത് ഒരു വാസ്തവം.

 

ആധുനിക രീതിയില്‍ ഒരു കെട്ടിടം പണിയാന്‍ കോണ്‍ട്രാക്റ്റ്‌ എടുത്തു നടത്താന്‍ പോലും ഇവിടെ ആളില്ല. മാവോ വാദികളെ പേടിച്ചു ദൂരെ നിന്നും ജോലിക്കാരും മറ്റും വരാന്‍ ഭയക്കുന്നു. മാവോ വാദികളെ കൊണ്ട് ഹോസ്പിറ്റലിനു ഇതുവരെ ഭീഷണികള്‍ ഒന്നും തന്നെ ഇല്ലെങ്കില്‍ പോലും.



ഡോക്ടര്‍ ജീവനും ഭാര്യയും അദ്ദേഹത്തിന്‍റെ എല്ലാ സഹപ്രവര്‍ത്തകരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പണവും പട്ടണ സൌകര്യങ്ങളും തേടി പോകുന്ന ഇക്കാലത്തെ ഡോക്ടര്‍മാര്‍ക്ക് ഇവര്‍ ഉദാത്ത മാതൃക ആകുന്നു. യഥാര്‍ത്ഥ ആതുര സേവനം വഴി ദൈവ സ്നേഹം മനുഷ്യരില്‍ എത്തിക്കുന്ന ഇവരോട് നാമൊക്കെ കടപ്പെട്ടിരിക്കുന്നു. ഈ യുവ ആതുര സേവകരെ പരിചയപ്പെടുവാനും അവരുടെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുവാനും ലഭിച്ച ഇന്നലത്തെ ഞായറാഴ്ച റാഞ്ചി മലയാളി മാര്‍ത്തോമാ ഇടവകക്കാര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു എന്ന് പറയാം.



ഇവരുടെ പ്രവര്‍ത്തങ്ങളെ സഹായിക്കുവാനും അതില്‍  ഏതെന്കിലും വിധത്തില്‍ പങ്കെടുക്കുവാനും താല്പര്യമുള്ളവര്‍ അതിനു ശ്രമിക്കുമെന്ന് കരുതട്ടെ.

പല പല കാരണങ്ങളാല്‍ പിന്നോക്കാവസ്ഥയുടെ പാരമ്യത്തില്‍ പെട്ട് ജീവന്‍ നില നിര്‍ത്താന്‍ തന്നെ പാട് പെടുന്ന ഇവിടങ്ങളിലെ ഇന്ത്യക്കാരെ സ്വന്തം സുഖ സൌകര്യങ്ങള്‍ മറന്ന് സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഡോക്ടര്‍ ജീവനെയും അദ്ദേഹത്തിന്‍റെ സഹ പ്രവര്‍ത്തകരെയും നമുക്ക് കണ്ടില്ലെന്നു നടിക്കാമോ? നമ്മുടെ മനസ്സാക്ഷി അതിനു സമ്മതിക്കുമോ?

ഇല്ലെന്നു തന്നെ ആണ് എന്‍റെ ഒരു തോന്നല്‍ !!

ഈ ബ്ലോഗ്‌ ടൈപ്പ് ചെയ്തിരുന്നപ്പോള്‍ ഡോക്ടര്‍ ജീവന്‍ കുരുവിള യുടെ ബ്ലോഗുകളും ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഡോക്ടറുടെ തന്നെ വാക്കുകളില്‍ കൂടി വായിക്കാം. [Read the blogs of Dr Jeevan Kuruvilla here- The Learner ]   


[This blog-in Malayalam- is about the medical mission activities being carried out by a group of young medical professionals from India, in the under developed, extremist infested and violence prone tribal belts of north India, such as the Palamau District of Jharkhand State. The young doctor Jeevan Kuruvilla from Kerala and his team of young medicos including his wife work as a dedicated team providing medical aid to thousands of poor and underprivileged people from scores of interior villages of this region. They work facing all odds, but with smiling faces flowing with love to their brothers and sisters. Do we need to consider to help and support such people ?]


[View the linked list of all Blogs of the Author Here ] 
  







Wednesday, September 12, 2012

ആറന്മുള വിമാനത്താവളവും മുന്നേറുന്ന കേരളവും !

ഇന്നുച്ചയ്ക്ക് ഉച്ചഭക്ഷണം കഴിഞ്ഞു അല്‍പ സമയം കേരള വാര്‍ത്തകള്‍ ടി വി യില്‍ നോക്കിയിരുന്നപ്പോള്‍ പ്രധാനമായും ശ്രദ്ധയില്‍ പെട്ടത് കേരള സര്‍ക്കാര്‍ മുന്‍കൈ എടുത്തു നടത്തുന്ന എമേര്‍ജിംഗ് കേരള [Emerging Kerala] എന്ന പരിപാടിയെ പറ്റിയുള്ള വാര്‍ത്തകളും അതിനോടൊപ്പം പത്തനംതിട്ടയില്‍ ആറന്‍മുള വിമാനത്താവളത്തിനു എതിരായി പ്രക്ഷോഭണം[protest against Aranmula Airport proposal]   നടക്കുന്നു എന്ന വാര്‍ത്തയും ആണ്.

പശ്ചിമ ബംഗാളില്‍ ടാറ്റാ ചെറു കാര്‍ പദ്ധതി തുടങ്ങാന്‍ ആരംഭിച്ചപ്പോള്‍ പ്രക്ഷോഭണം തുടങ്ങിയത് അതിന്‍റെ പേരില്‍ തങ്ങളുടെ കൃഷി ഭൂമി സര്‍ക്കാര്‍ ഒത്താശയോടെ ചുളു വിലയ്ക്ക് കാര്‍ കമ്പനി ബലമായി കയ്യടക്കുമെന്നു ചിലരൊക്കെ പറഞ്ഞു ആളെ ഇളക്കിയപ്പോ ആയിരുന്നു.

അവിടിപ്പം ആര്‍ക്കും ഒന്നും സാധിച്ചില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ആ നിര്‍മാണ ശാല അവിടെ വന്നിരുന്നെങ്കില്‍ ആ ഭൂമി ഉടമകളില്‍ പലരും ഒരു പക്ഷെ ലക്ഷ പ്രഭുക്കള്‍ ആയേനെ.

അവിടങ്ങളില്‍ ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ വന്നേനെ.

അതിനു അവിടത്തുകാര്‍ക്ക് തല്‍ക്കാലം ഭാഗ്യം ഇല്ലാതെ പോയി.

ഗുജറാത്തുകാര്‍ക്ക് അത് ഗുണമായി.

എന്നാല്‍ ആറന്‍മുളയിലെ സംഗതി ഇങ്ങനൊന്നുമല്ല.

ഒരു കടമ്മനിട്ട അച്ചായന്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് അമേരിക്കയിലേക്ക് ഭാഗ്യ പരീക്ഷണത്തിനായി വിമാനം കയറുന്നു.

അവിടെ ഭാഗ്യ ദേവത അദ്ദേഹത്തെ അനുഗ്രഹിച്ചു ഡോളര്‍ എന്ന അമൂല്യ സമ്പത്ത് കണക്കില്ലാതെ നല്‍കി കൊണ്ട്. അത് എങ്ങനെയൊക്കെ എന്ന് ഓര്‍ത്ത്‌ നമുക്ക് വ്യാകുലപ്പെടേണ്ട കാര്യമൊന്നുമില്ലല്ലോ.

അമേരിക്കയില്‍ ഡോളര്‍ സമ്പത്ത് കൈവശം വന്നപ്പോ അദ്ദേഹം പക്ഷെ മറ്റുള്ള മലയാളി അമേരിക്കക്കാരെ പോലെ ചിന്തിച്ചില്ല. തനിക്കു കിട്ടിയ അമേരിക്കന്‍ സമ്പത്ത്‌ ഉപയോഗിച്ചു അമേരിക്കയില്‍ പഞ്ച നക്ഷത്ര കടല്‍ത്തീര വസതി പണിഞ്ഞു ചേക്കേറാന്‍ അദ്ദേഹം തുനിഞ്ഞില്ല എന്ന് വേണം കരുതാന്‍.

അമേരിക്കന്‍ ഡോളര്‍ തന്‍റെ കൊച്ചു കേരളത്തിനു എങ്ങനെ പ്രയോജനമാക്കാം എന്ന് ചിന്തിച്ച അപൂര്‍വം മലയാളികളില്‍ ഒരാളായിരുന്നു ഈ കടമ്മനിട്ട അച്ചായന്‍.

അമേരിക്കയില്‍ കുടിയേറാന്‍ അവസരം ലഭിച്ച എല്ലാ മലയാളികളും കേരളത്തില്‍ നിന്ന് എല്ലാ കുറ്റികളും പറിച്ചെറിയാന്‍ പരക്കം പായുന്ന ഒരു കാല ഘട്ടത്തിലാണ് ഇത് എന്ന് ഓര്‍ക്കണം. 

ആദ്യമായി തന്‍റെ ഡോളര്‍ ഉപയോഗിച്ചു കേരളത്തില്‍ ഒരു സ്വകാര്യ പോളി ടെക്നിക്ക് കോളേജു ആരംഭിക്കാം എന്ന് അദ്ദേഹം കരുതി.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലെയോ എമ്പതുകളിലെയോ കാര്യം ആണ്. 

അദ്ദേഹത്തിനു സര്‍ക്കാരില്‍ നിന്നും ഒന്നും വേണ്ടായിരുന്നു. ഭൂമിയോ പണമോ ഒന്നും തന്നെ. അനുവാദം മാത്രം മതിയായിരുന്നു.

ഒരു കേരള പ്രാദേശിക പാര്‍ട്ടിയുടെ താങ്ങ് നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ ഡോളറിനു കഴിഞ്ഞു എന്നത് ഇപ്പൊ മറന്നു പോയ ഒരു വസ്തുത.

ആരെയും പിണക്കാതെ ഒരു നാലഞ്ചു സ്വകാര്യ പോളികള്‍ ആരംഭിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ അനുവാദം കൊടുത്തു.

അതായിരുന്നു കേരളത്തെ ആകമാനം എടുത്തുലച്ച പോളിടെക്നിക്‌ സമരത്തിന്‍റെ തുടക്കം.

കുഴിയില്‍ നിന്നും ചാടാന്‍ വെമ്പുന്ന തവളയുടെ കാലു കടിച്ചു താഴ്ത്തുന്ന തവള സംസ്ക്കാരമെന്ന മലയാളി സംസ്കാരം. 

തല്‍ക്കാലം കടമ്മനിട്ട അച്ചായന്‍ പിന്‍വാങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

എന്നാല്‍ പിന്നീട് ഭാരത വര്ഷം മുഴുവനും എഞ്ചിനീയറിംഗ് കോളേജുകള്‍ കൊണ്ട് നിറക്കാന്‍ എല്ലാ പാര്‍ട്ടികളും മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനും കിട്ടി ഒരു അവസരം.

ഡിപ്ലോമക്കാര്‍ക്ക് പകരം ഡിഗ്രി ക്കാരെ തന്‍റെ ഗ്രാമത്തില്‍ നിന്നും തയ്യാറാക്കി വിടാന്‍.

അവര്‍ക്ക് പക്ഷെ പഴയ ഡിപ്ലോമക്കാരുടെ വില പോലും ഇല്ലാത്തത് പക്ഷെ അദ്ദേഹത്തിന്‍റെ കുഴപ്പം ആണോ?

തന്‍റെ ഡോളര്‍ സമ്പത്ത് കേരളജനതയ്ക്ക് ഗുണം ചെയ്യുന്ന പല കാര്യങ്ങള്‍ക്കും വിനിയോഗിക്കാന്‍ അദ്ദേഹം പിന്നെയും പദ്ധതികള്‍ പലതും ആലോചിച്ചു എന്നു നമുക്ക് കരുതേണ്ടിയിരിക്കുന്നു.

അതിലൊന്നായിരുന്നു ആറന്‍മുള വിമാനത്താവള പദ്ധതി.

ആളും പേരും ഇല്ലാതെ, ആര്‍ക്കും ഒരു ഗുണവും ഇല്ലാതെ കിടന്നിരുന്ന ഇരുനൂറ്റി അമ്പതിനടുത്തു ഏക്കര്‍ പാട ശേഖരം അദ്ദേഹം സ്വന്തം കാശു മുടക്കി വാങ്ങി കൂട്ടി.

സ്ഥലം ചുളു വിലക്ക് വാങ്ങി തന്നാല്‍ അത് ചെയ്യാം ഇത് ചെയ്യാം എന്നു പറയുന്ന സാധാരണ ഇന്ത്യന്‍ വ്യവസായികളുടെ രീതിയില്‍ അദ്ദേഹം പോയില്ല എന്നു കരുതണം.

ഒരു വിമാനത്താവളത്തിന്റെ ഗുണം കിട്ടുന്ന തന്‍റെ ദേശത്തെ ആള്‍ക്കാരെ അദ്ദേഹം ഭാവനയില്‍ കണ്ടു.

മദ്ധ്യ തിരുവിതാംകൂറിന്‍റെ ഹൃദയ ഭാഗത്ത് ഒരു അന്തര്‍ദേശീയ സ്വകാര്യ വിമാനത്താവളം അമേരിക്കയിലെ  പോലെ ഒക്കെ വന്നാല്‍ അങ്ങനൊരു നല്ല കാര്യം ചെയ്ത തന്നെ രാജ്യം പൂവിട്ടു പൂജിക്കുമെന്നു അദ്ദേഹം ഒരു പക്ഷെ കരുതിയിരിക്കയില്ല.

എന്നാല്‍ അതിനെ എതിര്‍ക്കാന്‍ രാഷ്ട്രീയ കളികള്‍ വര്‍ഷങ്ങളോളം നടക്കുമെന്ന് അദ്ദേഹം പക്ഷെ സ്വപ്നം കൂടി കാണാന്‍ ഇടയില്ല. 

തന്‍റെ ജീവിത കാലത്ത് ഈ പദ്ധതി നടക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം മുടക്കിയ കാശു തിരികെ കിട്ടാനുള്ള ശ്രമത്തിലായി.

തന്നെക്കാള്‍ ഈ വക കാര്യങ്ങളില്‍ പിടിപാടുള്ള ഒരു മലയാളി സംരംഭകര്‍ക്ക് അദ്ദേഹം ഭൂമി വില്‍ക്കാന്‍ ശ്രമിച്ചു അതിലും വലിയ പുലി വാല് പിടിച്ച സ്ഥിതിയില്‍ ആയെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. [ രസകരമായ ആ കാര്യങ്ങളുടെ ഒരു വശം ഇവിടെ വായിക്കാം !]

മുന്നേറുക, മുന്നേറുക കേരളമേ !

കടമ്മനിട്ട അച്ചായന്‍റെ സ്ഥിതി വരാതെ സൂക്ഷിച്ചു മുന്നേറുക !


[This story in Malayalam language depicts satirically the saga of a Keralite entrepreneur who was fortunate enough to amass considerable US dollars by spending his youthful days in the land of great opportunities- the United States of America. Using the financial strength that he could make in the foreign country, he thought of doing some infrastructural development near his own native village back in Kerala. Some two decades ago, he thought of setting up some polytechnic institutions and an airport, (the Aranmula Airport Proposal) near his native village, privately using his own funds. But the peculiar political situation of his state and his country was such that he could not make his dreams come true even by spending his money, time and health. While one party in power gets somehow convinced and gives the administrative green signal, the government changes and the next government reverses all decisions of the earlier government and it goes endlessly ! The man now in his sixties should now be a dejected person running from pillar to post in fighting various legal battles just for doing the mistake of investing his money for some good of his state ! The irony is that the state government with the current political leadership is planning another investment show called 'Emerging Kerala' to attract potential investors with ideas and money which have been done at many occassions earlier too without any projects actually coming into shape ever. The mixed genes of Indians are so complex that they are yet to learn the art of supporting another Indian instead of pulling his legs. Unless this is learnt, they can never ever make their country at par with the developed nations ! To emerge out winning and shining, they need to learn the basics of winning a situation collectively ! ]


[View the linked list of all Blogs of the Author Here ]    

Monday, September 3, 2012

ചാലയിലെ ടാങ്കര്‍ ലോറി അപകടത്തിനു ആരാണ് ഉത്തരവാദി ?

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തം നാടായ കേരളത്തിലെ ഓണക്കാല വിശേഷങ്ങള്‍ മൂവായിരത്തില്‍ പരം കിലോമീറ്റര്‍ അകലെ ഇരുന്നു ടി വി ചാനെലുകളില്‍ കണ്ടും കേട്ടും ഇരുന്നപ്പോള്‍ ഉത്തര കേരളത്തില്‍ നടന്ന ഈ ടാങ്കര്‍ ലോറി അപകടത്തെ പറ്റി അറിയാനിടയായി.

പത്തൊന്‍പതു പേരോളം ഇതിനോടകം ഈ അപകടത്തില്‍ മരണപ്പെട്ടതായി ആണ് വാര്‍ത്തകള്‍.

കേരളത്തിലെ പ്രതിപക്ഷ നേതാവ് തന്‍റെ രോഷം പൊതുവായി പ്രകടിപ്പിച്ചത് ഈ അപകടത്തില്‍ പൊട്ടിത്തെറിച്ച പാചക വാതക കുറ്റികള്‍ കയറ്റി അയച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ഓ സി ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് അഭിപ്രായപ്പെട്ടു കൊണ്ടാണ്. [വാര്‍ത്ത വായിക്കുക]

ആ ടാങ്കര്‍ ലോറി ഓടിച്ചിരുന്ന പാവം ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുക്കാതെ വിടുമെന്ന് ആരും ധരിക്കരുത്. അങ്ങേരു ജീവനോടെ ഇരിക്കുന്നത് ഒരു അത്ഭുതം മാത്രമല്ല പോലീസിന് തല്‍ക്കാലം കേസെടുത്തു തടി തപ്പാനുള്ള ഒരു ഉപാധി കൂടി ആയി എന്ന് നമുക്ക് കരുതുന്നതില്‍ ഒരു തെറ്റും ഇല്ല.

അപകടത്തില്‍ ജീവനും സ്വത്തും ഒക്കെ നഷ്ടപ്പെട്ട നിരപരാധികളായ ആ നാട്ടുകാരോട് സഹതപിക്കുക അല്ലാതെ എന്ത് ചെയ്യാന്‍ ?

ആ അപകടം എങ്ങനെ സംഭവിച്ചു എന്ന് ആ ടാങ്കര്‍ ഡ്രൈവര്‍ ടി വി ചനെലുകാരോട് പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. രാത്രി സമയം ഒരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്ന സമയം എതിരെ വന്ന വാഹനത്തിന്‍റെ ഹെഡ്‌ ലൈറ്റ്‌ കാരണം സൈഡില്‍ കെട്ടിയിരുന്ന റോഡ്‌ ഡിവൈഡര്‍ കാണാന്‍ സാധിക്കാതെ അതില്‍ ലോറി ഇടിച്ചു കയറി മറിയുകയായിരുന്നു എന്നാണു അയാള്‍ പറഞ്ഞത്.

അത് തികച്ചും സംഭവിക്കാന്‍ സാധ്യത ഉള്ള ഒരു കാര്യം. 

ഇന്ത്യന്‍ നഗര പ്രദേശ റോഡുകളിലെ ആളെക്കൊല്ലികള്‍ ആണ് ഈ ആധുനിക ഇന്ത്യന്‍ റോഡ്‌ സംസ്ക്കാര മായ ഈ ഡിവൈഡറുകള്‍. സ്ഥല പരിമിതി നിമിത്തം റോഡിനു ഒട്ടും വീതി കൂട്ടാന്‍ പറ്റാത്ത ഇടങ്ങളില്‍ പ്പോലും റോഡിന്‍റെ ഒത്ത നടു ഭാഗം നെടുനീളത്തില്‍ കുഴിച്ചു മൂന്നും നാലും അടി വീതിയില്‍ ഒരടിയോ അതില്‍ കൂടുതലോ ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുക എന്ന മഹാകാര്യം ചെയ്യാന്‍ എന്‍ജിനീയര്‍മാരാണ് തീരുമാനിച്ചതെങ്കില്‍ എന്‍ജിനീയര്‍ എന്ന ഗണത്തില്‍ പെട്ടുപോയതില്‍ ഞാന്‍ ലജ്ജിക്കുന്നു.

ഇത്തരം റോഡ്‌ ഡിവൈഡറുകളിലും സ്പീഡ്‌ നിയന്ത്രണത്തിനു എന്ന് പേരില്‍ ഓരോ അപകട സ്ഥലങ്ങളിലും തലങ്ങും വിലങ്ങും തോന്നിയ രീതിയില്‍ പണിത് വച്ചിരിക്കുന്ന വരമ്പുകളിലും പെട്ട് നൂറു കണക്കിന് അപകടങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുന്നു. 

റോഡു നെടുകെ മുറിക്കാന്‍ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ പണിയാന്‍ റോഡിനു ടാര്‍ ഇടുന്നതിലും കൂടുതല്‍ ചെലവാക്കുന്നത് കാണുമ്പോള്‍ ചിരിക്കണോ അതോ കരയണോ ?

ഒരു പക്ഷെ ഇങ്ങനെ കോണ്‍ക്രീറ്റ് പണി നടത്താതെ അത്രയും സ്ഥലം വെറുതെ മെറ്റല്‍ ഇട്ടു വിട്ടിരുന്നെങ്കില്‍ സ്ഥലവും ആയേനെ, കോടികള്‍ നഷ്ടപ്പെടുകയും ഇല്ലായിരുന്നു.  അതിലുപരി ഇങ്ങനെയുള്ള അപകടങ്ങള്‍ക്ക് ഒരു പരിഹാരവും ആയേനെ. ഇനിയിപ്പോ ഈ കോണ്‍ക്രീറ്റ് ആളെക്കൊല്ലികള്‍ ഇടിച്ചു നിരത്താനും കോടികള്‍ മുടക്കിയെ പറ്റൂ !

മനുഷ്യരെ കൊല്ലാനായി പണിതീര്‍ത്തിരിക്കുന്ന ഈ നെടു നീളന്‍ റോഡ്‌ വരമ്പുകള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന  സിമെന്റ്റ്‌, കമ്പി എന്നിവയുടെ അളവ് ഒന്ന് പ്രത്യേകം ശ്രദ്ധിക്കാമോ ? ഇവയുടെ അളവ് കൂട്ടുന്നതില്‍ പ്രത്യേക ഉത്സാഹം കാട്ടിയിരിക്കുന്നതായി കാണാം. ഇതു കേരളത്തില്‍ മാത്രമല്ല. ഇന്ത്യ ഒട്ടാകെ ഇപ്പൊ കാണാന്‍ കഴിയും. 

വാഹനങ്ങള്‍ക്ക് അപകടം ഇല്ലാതെയും എന്നാല്‍ ശ്രദ്ധയില്ലാതെ ഓടിക്കുന്ന ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കുന്ന രീതിയിലും എങ്ങനെ റോഡു ഡിവൈഡറുകള്‍ അമേരിക്കയില്‍ ചിലയിടങ്ങളില്‍ പണിതിരിക്കുന്നു എന്ന കാര്യം കുറെക്കാലം മുമ്പ്  ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍മ്മ വരുന്നു.

ഒരു മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഫൈബര്‍ ഡിവൈഡറുകള്‍ ആണ് അത്. സ്പ്രിംഗ് പോസ്റ്റ്‌ (Spring Post ) എന്നും പറയും. ഇതുപോലെ ലോകമെമ്പാടും ശാസ്ത്രീയമായ പല ഡിസൈനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ചെലവും കുറവ്. ഇന്ത്യയിലും ഇങ്ങനെയുള്ള റോഡ്‌ സേഫ്റ്റി ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതോ ഇറക്കുമതി ചെയ്തു കൊടുക്കുന്നതോ ആയ പല കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.

എന്നിട്ടും നമ്മുടെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല എന്നത് അതിശയം തന്നെ.

റോഡ്‌ അപകടങ്ങളില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവും ആരും കല്‍പ്പിക്കുന്നില്ല എന്നതായിരിക്കാം അതിനു കാരണം.

അതോ അങ്ങനെ എടുത്തു പറയത്തക്ക ഉത്തരവാദിത്തപ്പെട്ട ആരും ഇന്ത്യയിലെ റോഡുകള്‍ക്ക് ഇപ്പോള്‍ ഇല്ല എന്നതോ ?

ട്രെയിന്‍ അപകടം നടന്നാല്‍ റെയില്‍വേ നടത്തുന്നത് സര്‍ക്കാര്‍ ആയത് കൊണ്ട് ഒരു കേസും താഴേക്കിട ജീവനക്കാരുടെ മേളില്‍ കവിഞ്ഞു പോകാറില്ല. 

എന്നാല്‍ ഭോപ്പാലില്‍ ഗാസ് ടാങ്കര്‍ പൊട്ടിയാല്‍ അമേരിക്കയില്‍ ഇരുന്നിരുന്ന കമ്പനി ചെയര്‍മാന്‍ ആണ് അതിനു ഉത്തരവാദി എന്ന് പറയാന്‍ നമുക്ക് യാതൊരു ഇളിപ്പും ഇല്ല തന്നെ.

അതാണ്‌ നമ്മുടെ ഒരു രീതി.

അങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ എന്താ തെറ്റ്? 

അങ്ങനെയിങ്ങനെ പലരും പലതും പറയും.

അപ്പൊപ്പിന്നെ ഇങ്ങനെയുള്ള അപകടങ്ങള്‍ക്ക് ആരാണ് ശരിക്കും ഉത്തരവാദി ?

ആ, ആര്‍ക്കറിയാം ?

[This blog in Malayalam language depicts the pathetic road safety conditions and the public road transport systems of India viewed against the recent tanker lorry accident that killed about 19 people in North Kerala. The accident was as a result of the vehicle hitting the concrete road divider constructed along the centre of the road while it was trying to overtake a slow moving vehicle in the night time. The head lights of the vehicles coming in the opposite direction in the other lane caused the driver's road visibility. That made the tanker lorry to hit the concrete divider and overturn making the cylinders exploding damaging lives and property nearby. Most often this type of freak accidents that kill many are caused by unscientific construction and maintenance of the Indian roads. If that is so, why only the drivers and vehicle owners get punished ? Why don't the governments share the responsiblity ?  ]

[View the linked list of all Blogs of the Author Here ]        

Tuesday, March 20, 2012

ഇലന്തൂരും ഇലന്തൂര്‍ സി ടി മത്തായിയും: ഒരു ഓര്‍മ്മക്കുറിപ്പ്‌ !

പത്തനംതിട്ടയ്ക്കും കോഴെന്‍ചേരിയ്ക്കും ഏകദേശം നടുവിലായിട്ടാണ് ഇലന്തൂര്‍ നെടുവേലി ജങ്ക്ഷന്‍. നെടുവേലി മുക്കെന്നു ഇലന്തൂര്‍ക്കാര്‍ വിളിക്കുന്ന ഈ മുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ ഓമല്ലൂര്‍ റോഡില്‍ പോയാല്‍ ഇലന്തൂര്‍ പുത്തന്‍ചന്ത ആയി.

ഇന്നീ ഇലന്തൂര്‍ ഓമല്ലൂര്‍ റോഡ്‌ വാഹന ബാഹുല്യം കൊണ്ട് നടക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. അതുമൂലം നെടുവേലി മുക്കില്‍ നിന്നും ഇലന്തൂര്‍ മാര്‍ക്കറ്റ്‌ വരെ പോകണമെങ്കില്‍ ഓട്ടോ തന്നെ ശരണം. ഓട്ടോകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഉത്തര ഭാരതത്തിലെ പല വലിയ സിറ്റികളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഓട്ടോകള്‍ നെടുവേലി മുക്കിലുണ്ട്.

എന്റെ കുട്ടിക്കാലത്ത് ഈ റോഡ്‌ മെറ്റല്‍ ഇട്ട ഒരു പ്രധാന വഴി മാത്രമായിരുന്നു. പെട്രോളും ഡീസലും അല്ലാത്ത നീരാവി മൂലം ഓടുന്ന തീ വണ്ടി ബസുകള്‍ ഇത് വഴി സര്‍വീസ്‌ നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത്തരം ഒരു ബസില്‍ എനിക്ക് ഒന്നോ രണ്ടോ വയസു പ്രായമുള്ളപ്പോള്‍ യാത്ര ചെയ്ത ഓര്‍മ്മ ഇപ്പോഴും ഒരു പുകപ്പാട് പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

അതിനു ശേഷം പെട്രോള്‍ ബസുകള്‍ ഓടാന്‍ തുടങ്ങി. കൂര്‍ത്ത മുന്‍വശവും കഷ്ട്ടിച്ചു പത്തിരുപതു പേര്‍ക്ക് ഇരിക്കാവുന്നതുമായ ഒന്നോ രണ്ടോ ബസുകള്‍ ആയിരുന്നു ആദ്യമൊക്കെ. കൊഴെഞ്ചേരിയെയും കായംകുളത്തെയും യോജിപ്പിക്കുന്ന ബസ്‌ സര്‍വീസുകള്‍. ആദ്യം ഓടി തുടങ്ങിയത് ഗോപാലകൃഷ്ണന്‍ ബസും കെ സി ടി ബസും ആണെന്നു തോന്നുന്നു.

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനം കേരളപ്പിറവിക്കു ശേഷം വന്ന ഈ എം എസിന്റെ കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ വിമോചന സമരം കുറെയൊക്കെ എന്റെ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. ആരുടെ ഒക്കെയോ എളിയില്‍ ഇരുന്നു പോലീസ് വണ്ടിയില്‍ കയറിയ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ല.

അന്നത്തെ ഇലന്തൂരിലെ പ്രധാന വിദ്യാഭ്യാസ ഉപാധികള്‍ ചാക്കല്‍ ഗവ. യു.പി സ്കൂളും (ഇന്നത്തെ ഗവ. മോഡല്‍ ഹൈ സ്കൂള്‍) ഗാന്ധി ശിഷ്യനായിരുന്ന കെ കുമാര്‍ജി നടത്തിയിരുന്ന ശ്രീ ഗാന്ധി സര്‍വോദയ ലോവര്‍ പ്രൈമറി സ്കൂളും (അന്ന് പെമ്പള്ളിക്കൂടമെന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂള്‍ ഇന്നില്ല) ആയിരുന്നു. ഇതില്‍ രണ്ടാമത്തെ സ്കൂളില്‍ ആണ് ഞാന്‍ എന്‍റെ ആദ്യ വിദ്യാഭ്യാസം നടത്തിയതെന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. കാരണം അന്നീ സ്കൂളിന് ലഭിച്ചിരുന്ന ബഹുമാനം ഇന്നത്തെ ഹൈ ഫൈ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളുകള്‍ക്ക് ഇല്ലെന്നത് തന്നെ.

ഇലന്തൂരിനെ കേരളം ആകമാനം അറിയുന്ന ഒരു പ്രദേശം ആക്കാന്‍ സഹായിച്ച എഴുത്തുകാരനും പ്രാസംഗികനും ആയിരുന്നു ഇലന്തൂര്‍ സി ടി മത്തായി എന്നറിയപ്പെട്ടിരുന്ന എന്റെ ജോണിച്ചായന്‍. മുട്ടത്തുകോണം  എസ് എന്‍ ഡി പി സ്കൂളിലെ അദ്ധ്യാപകന്‍ ആയിരുന്നു ഇദ്ദേഹം. എന്റെ ബന്ധുവും അതിലുപരി സുഹൃത്തും. ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി വളരെ കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒരു പ്രധാന അധ്യാപക സംഘടനയുടെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു.

പത്രങ്ങളിലും മറ്റും എഴുതിയിരുന്ന ഇദ്ദേഹം ആണ് ഇല്ലങ്ങളുടെ ഊര് എന്ന പ്രയോഗം ഇലന്തൂരിനു കൈ വരാന്‍ ശ്രമിച്ച ആദ്യ എഴുത്തുകാരന്‍. ഇലന്തൂരിന്റെ ചരിത്രം പഠിക്കുവാന്‍ ഒരു ചരിത്ര അദ്ധ്യാപകന്‍ ആയിരുന്ന ഇദ്ദേഹം വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. 

അദ്ദേഹത്തിന്റെ അകാല മരണത്തിനു ശേഷം ആ ഓര്‍മ നില നിര്‍ത്താന്‍ ഇലന്തൂര്‍ക്കാര്‍ ആദ്യ കാലങ്ങളില്‍ കുറെയൊക്കെ ശ്രമിച്ചിരുന്നു. 

കെ കുമാര്‍ജിയും സി ടി മത്തായിയുമൊക്കെ അങ്ങനെ വെറും ഓര്‍മകളില്‍ കൂടി ഇല്ലാതെ ആയിരിക്കുന്നു.

വളര്‍ന്നു കൊണ്ടിരിക്കുന്ന പട്ടണ സംസ്കാരം അധികം താമസിയാതെ ഈ ഇലന്തൂര്‍ പോലെയുള്ള കേരള ഗ്രാമങ്ങളെ ഒക്കെ വിഴുങ്ങി എന്നിരിക്കും.

അത് നല്ലത് എന്നാണല്ലോ ഇപ്പോഴത്തെ ജന വിചാരം. 

കാലം പോയ പോക്കെ !

അല്ലാതെന്തു പറയാന്‍ ?

ഇലന്തൂരിന്റെ പുതിയ തലമുറക്കാര്‍ കൊച്ചിക്കും തിരുവനന്തപുരത്തേക്കും ഒക്കെ ചേക്കേറി കൂടു കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ്.

പേരെടുത്ത ഇലന്തൂര്‍ക്കാരായ പുതു തലമുറയിലെ മീരാ ജാസ്മിനും മോഹന്‍ലാലിനും ഒന്നും ഇപ്പോള്‍ ഇലന്തൂരില്‍ വേരുകള്‍ ഇല്ല.

അത് പോലെ മറ്റു പലരും.

അവരുടെ ഒക്കെ അടുത്ത തലമുറകള്‍ ഈ നാടിനെ ഒരു കാലത്ത് തേടി വരുമെന്ന് നമുക്ക് കരുതാം.

ആയിരത്തിലധികം വര്‍ഷങ്ങള്‍ കൊച്ചിയില്‍ തമ്പടിച്ചിരുന്ന ജൂതന്മാരുടെ പിന്‍തലമുറ ഇസ്രയേലില്‍ തിരിച്ചു പോയതും നമ്മള്‍ക്ക് അറിവുള്ള കാര്യമാണല്ലോ.

[ലേഖകന്‍റെ കൂടുതല്‍ മലയാള ബ്ലോഗുകള്‍ ഇവിടെ കാണാം !]

[The above lines are written in Malayalam -the native language of Kerala. It tells about my village Elanthoor (Elanthur) which lies between the two towns, Pathanamthitta and Kozhencherry  and about my childhood friend and guide who used to be known in Kerala as Elanthoor C T Mathai . He was a teacher, local politician and a local historian who had  exemplary literary qualities. His oratory skills in the vernacular language used to keep people listen attentively to him. It is over a decade that Elanthoor C T Mathai passed away. Many such prominent personalities of this village are no more. Though Elanthoor is an important administrative unit in the progressive state of Kerala, there is a growing trend among affluent and well known people of the village to move out of the village and to settle abroad or in other cities. But it is hoped that those left the village would come back some time later. ]