Powered By Blogger
Showing posts with label സംസ്കാരം. Show all posts
Showing posts with label സംസ്കാരം. Show all posts

Monday, September 3, 2012

ചാലയിലെ ടാങ്കര്‍ ലോറി അപകടത്തിനു ആരാണ് ഉത്തരവാദി ?

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തം നാടായ കേരളത്തിലെ ഓണക്കാല വിശേഷങ്ങള്‍ മൂവായിരത്തില്‍ പരം കിലോമീറ്റര്‍ അകലെ ഇരുന്നു ടി വി ചാനെലുകളില്‍ കണ്ടും കേട്ടും ഇരുന്നപ്പോള്‍ ഉത്തര കേരളത്തില്‍ നടന്ന ഈ ടാങ്കര്‍ ലോറി അപകടത്തെ പറ്റി അറിയാനിടയായി.

പത്തൊന്‍പതു പേരോളം ഇതിനോടകം ഈ അപകടത്തില്‍ മരണപ്പെട്ടതായി ആണ് വാര്‍ത്തകള്‍.

കേരളത്തിലെ പ്രതിപക്ഷ നേതാവ് തന്‍റെ രോഷം പൊതുവായി പ്രകടിപ്പിച്ചത് ഈ അപകടത്തില്‍ പൊട്ടിത്തെറിച്ച പാചക വാതക കുറ്റികള്‍ കയറ്റി അയച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ഓ സി ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് അഭിപ്രായപ്പെട്ടു കൊണ്ടാണ്. [വാര്‍ത്ത വായിക്കുക]

ആ ടാങ്കര്‍ ലോറി ഓടിച്ചിരുന്ന പാവം ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുക്കാതെ വിടുമെന്ന് ആരും ധരിക്കരുത്. അങ്ങേരു ജീവനോടെ ഇരിക്കുന്നത് ഒരു അത്ഭുതം മാത്രമല്ല പോലീസിന് തല്‍ക്കാലം കേസെടുത്തു തടി തപ്പാനുള്ള ഒരു ഉപാധി കൂടി ആയി എന്ന് നമുക്ക് കരുതുന്നതില്‍ ഒരു തെറ്റും ഇല്ല.

അപകടത്തില്‍ ജീവനും സ്വത്തും ഒക്കെ നഷ്ടപ്പെട്ട നിരപരാധികളായ ആ നാട്ടുകാരോട് സഹതപിക്കുക അല്ലാതെ എന്ത് ചെയ്യാന്‍ ?

ആ അപകടം എങ്ങനെ സംഭവിച്ചു എന്ന് ആ ടാങ്കര്‍ ഡ്രൈവര്‍ ടി വി ചനെലുകാരോട് പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. രാത്രി സമയം ഒരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്ന സമയം എതിരെ വന്ന വാഹനത്തിന്‍റെ ഹെഡ്‌ ലൈറ്റ്‌ കാരണം സൈഡില്‍ കെട്ടിയിരുന്ന റോഡ്‌ ഡിവൈഡര്‍ കാണാന്‍ സാധിക്കാതെ അതില്‍ ലോറി ഇടിച്ചു കയറി മറിയുകയായിരുന്നു എന്നാണു അയാള്‍ പറഞ്ഞത്.

അത് തികച്ചും സംഭവിക്കാന്‍ സാധ്യത ഉള്ള ഒരു കാര്യം. 

ഇന്ത്യന്‍ നഗര പ്രദേശ റോഡുകളിലെ ആളെക്കൊല്ലികള്‍ ആണ് ഈ ആധുനിക ഇന്ത്യന്‍ റോഡ്‌ സംസ്ക്കാര മായ ഈ ഡിവൈഡറുകള്‍. സ്ഥല പരിമിതി നിമിത്തം റോഡിനു ഒട്ടും വീതി കൂട്ടാന്‍ പറ്റാത്ത ഇടങ്ങളില്‍ പ്പോലും റോഡിന്‍റെ ഒത്ത നടു ഭാഗം നെടുനീളത്തില്‍ കുഴിച്ചു മൂന്നും നാലും അടി വീതിയില്‍ ഒരടിയോ അതില്‍ കൂടുതലോ ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുക എന്ന മഹാകാര്യം ചെയ്യാന്‍ എന്‍ജിനീയര്‍മാരാണ് തീരുമാനിച്ചതെങ്കില്‍ എന്‍ജിനീയര്‍ എന്ന ഗണത്തില്‍ പെട്ടുപോയതില്‍ ഞാന്‍ ലജ്ജിക്കുന്നു.

ഇത്തരം റോഡ്‌ ഡിവൈഡറുകളിലും സ്പീഡ്‌ നിയന്ത്രണത്തിനു എന്ന് പേരില്‍ ഓരോ അപകട സ്ഥലങ്ങളിലും തലങ്ങും വിലങ്ങും തോന്നിയ രീതിയില്‍ പണിത് വച്ചിരിക്കുന്ന വരമ്പുകളിലും പെട്ട് നൂറു കണക്കിന് അപകടങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുന്നു. 

റോഡു നെടുകെ മുറിക്കാന്‍ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ പണിയാന്‍ റോഡിനു ടാര്‍ ഇടുന്നതിലും കൂടുതല്‍ ചെലവാക്കുന്നത് കാണുമ്പോള്‍ ചിരിക്കണോ അതോ കരയണോ ?

ഒരു പക്ഷെ ഇങ്ങനെ കോണ്‍ക്രീറ്റ് പണി നടത്താതെ അത്രയും സ്ഥലം വെറുതെ മെറ്റല്‍ ഇട്ടു വിട്ടിരുന്നെങ്കില്‍ സ്ഥലവും ആയേനെ, കോടികള്‍ നഷ്ടപ്പെടുകയും ഇല്ലായിരുന്നു.  അതിലുപരി ഇങ്ങനെയുള്ള അപകടങ്ങള്‍ക്ക് ഒരു പരിഹാരവും ആയേനെ. ഇനിയിപ്പോ ഈ കോണ്‍ക്രീറ്റ് ആളെക്കൊല്ലികള്‍ ഇടിച്ചു നിരത്താനും കോടികള്‍ മുടക്കിയെ പറ്റൂ !

മനുഷ്യരെ കൊല്ലാനായി പണിതീര്‍ത്തിരിക്കുന്ന ഈ നെടു നീളന്‍ റോഡ്‌ വരമ്പുകള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന  സിമെന്റ്റ്‌, കമ്പി എന്നിവയുടെ അളവ് ഒന്ന് പ്രത്യേകം ശ്രദ്ധിക്കാമോ ? ഇവയുടെ അളവ് കൂട്ടുന്നതില്‍ പ്രത്യേക ഉത്സാഹം കാട്ടിയിരിക്കുന്നതായി കാണാം. ഇതു കേരളത്തില്‍ മാത്രമല്ല. ഇന്ത്യ ഒട്ടാകെ ഇപ്പൊ കാണാന്‍ കഴിയും. 

വാഹനങ്ങള്‍ക്ക് അപകടം ഇല്ലാതെയും എന്നാല്‍ ശ്രദ്ധയില്ലാതെ ഓടിക്കുന്ന ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കുന്ന രീതിയിലും എങ്ങനെ റോഡു ഡിവൈഡറുകള്‍ അമേരിക്കയില്‍ ചിലയിടങ്ങളില്‍ പണിതിരിക്കുന്നു എന്ന കാര്യം കുറെക്കാലം മുമ്പ്  ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍മ്മ വരുന്നു.

ഒരു മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഫൈബര്‍ ഡിവൈഡറുകള്‍ ആണ് അത്. സ്പ്രിംഗ് പോസ്റ്റ്‌ (Spring Post ) എന്നും പറയും. ഇതുപോലെ ലോകമെമ്പാടും ശാസ്ത്രീയമായ പല ഡിസൈനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ചെലവും കുറവ്. ഇന്ത്യയിലും ഇങ്ങനെയുള്ള റോഡ്‌ സേഫ്റ്റി ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതോ ഇറക്കുമതി ചെയ്തു കൊടുക്കുന്നതോ ആയ പല കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു.

എന്നിട്ടും നമ്മുടെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല എന്നത് അതിശയം തന്നെ.

റോഡ്‌ അപകടങ്ങളില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവും ആരും കല്‍പ്പിക്കുന്നില്ല എന്നതായിരിക്കാം അതിനു കാരണം.

അതോ അങ്ങനെ എടുത്തു പറയത്തക്ക ഉത്തരവാദിത്തപ്പെട്ട ആരും ഇന്ത്യയിലെ റോഡുകള്‍ക്ക് ഇപ്പോള്‍ ഇല്ല എന്നതോ ?

ട്രെയിന്‍ അപകടം നടന്നാല്‍ റെയില്‍വേ നടത്തുന്നത് സര്‍ക്കാര്‍ ആയത് കൊണ്ട് ഒരു കേസും താഴേക്കിട ജീവനക്കാരുടെ മേളില്‍ കവിഞ്ഞു പോകാറില്ല. 

എന്നാല്‍ ഭോപ്പാലില്‍ ഗാസ് ടാങ്കര്‍ പൊട്ടിയാല്‍ അമേരിക്കയില്‍ ഇരുന്നിരുന്ന കമ്പനി ചെയര്‍മാന്‍ ആണ് അതിനു ഉത്തരവാദി എന്ന് പറയാന്‍ നമുക്ക് യാതൊരു ഇളിപ്പും ഇല്ല തന്നെ.

അതാണ്‌ നമ്മുടെ ഒരു രീതി.

അങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ എന്താ തെറ്റ്? 

അങ്ങനെയിങ്ങനെ പലരും പലതും പറയും.

അപ്പൊപ്പിന്നെ ഇങ്ങനെയുള്ള അപകടങ്ങള്‍ക്ക് ആരാണ് ശരിക്കും ഉത്തരവാദി ?

ആ, ആര്‍ക്കറിയാം ?

[This blog in Malayalam language depicts the pathetic road safety conditions and the public road transport systems of India viewed against the recent tanker lorry accident that killed about 19 people in North Kerala. The accident was as a result of the vehicle hitting the concrete road divider constructed along the centre of the road while it was trying to overtake a slow moving vehicle in the night time. The head lights of the vehicles coming in the opposite direction in the other lane caused the driver's road visibility. That made the tanker lorry to hit the concrete divider and overturn making the cylinders exploding damaging lives and property nearby. Most often this type of freak accidents that kill many are caused by unscientific construction and maintenance of the Indian roads. If that is so, why only the drivers and vehicle owners get punished ? Why don't the governments share the responsiblity ?  ]

[View the linked list of all Blogs of the Author Here ]        

Tuesday, March 20, 2012

ഇലന്തൂരും ഇലന്തൂര്‍ സി ടി മത്തായിയും: ഒരു ഓര്‍മ്മക്കുറിപ്പ്‌ !

പത്തനംതിട്ടയ്ക്കും കോഴെന്‍ചേരിയ്ക്കും ഏകദേശം നടുവിലായിട്ടാണ് ഇലന്തൂര്‍ നെടുവേലി ജങ്ക്ഷന്‍. നെടുവേലി മുക്കെന്നു ഇലന്തൂര്‍ക്കാര്‍ വിളിക്കുന്ന ഈ മുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ ഓമല്ലൂര്‍ റോഡില്‍ പോയാല്‍ ഇലന്തൂര്‍ പുത്തന്‍ചന്ത ആയി.

ഇന്നീ ഇലന്തൂര്‍ ഓമല്ലൂര്‍ റോഡ്‌ വാഹന ബാഹുല്യം കൊണ്ട് നടക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. അതുമൂലം നെടുവേലി മുക്കില്‍ നിന്നും ഇലന്തൂര്‍ മാര്‍ക്കറ്റ്‌ വരെ പോകണമെങ്കില്‍ ഓട്ടോ തന്നെ ശരണം. ഓട്ടോകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഉത്തര ഭാരതത്തിലെ പല വലിയ സിറ്റികളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഓട്ടോകള്‍ നെടുവേലി മുക്കിലുണ്ട്.

എന്റെ കുട്ടിക്കാലത്ത് ഈ റോഡ്‌ മെറ്റല്‍ ഇട്ട ഒരു പ്രധാന വഴി മാത്രമായിരുന്നു. പെട്രോളും ഡീസലും അല്ലാത്ത നീരാവി മൂലം ഓടുന്ന തീ വണ്ടി ബസുകള്‍ ഇത് വഴി സര്‍വീസ്‌ നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത്തരം ഒരു ബസില്‍ എനിക്ക് ഒന്നോ രണ്ടോ വയസു പ്രായമുള്ളപ്പോള്‍ യാത്ര ചെയ്ത ഓര്‍മ്മ ഇപ്പോഴും ഒരു പുകപ്പാട് പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

അതിനു ശേഷം പെട്രോള്‍ ബസുകള്‍ ഓടാന്‍ തുടങ്ങി. കൂര്‍ത്ത മുന്‍വശവും കഷ്ട്ടിച്ചു പത്തിരുപതു പേര്‍ക്ക് ഇരിക്കാവുന്നതുമായ ഒന്നോ രണ്ടോ ബസുകള്‍ ആയിരുന്നു ആദ്യമൊക്കെ. കൊഴെഞ്ചേരിയെയും കായംകുളത്തെയും യോജിപ്പിക്കുന്ന ബസ്‌ സര്‍വീസുകള്‍. ആദ്യം ഓടി തുടങ്ങിയത് ഗോപാലകൃഷ്ണന്‍ ബസും കെ സി ടി ബസും ആണെന്നു തോന്നുന്നു.

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനം കേരളപ്പിറവിക്കു ശേഷം വന്ന ഈ എം എസിന്റെ കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ വിമോചന സമരം കുറെയൊക്കെ എന്റെ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. ആരുടെ ഒക്കെയോ എളിയില്‍ ഇരുന്നു പോലീസ് വണ്ടിയില്‍ കയറിയ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ല.

അന്നത്തെ ഇലന്തൂരിലെ പ്രധാന വിദ്യാഭ്യാസ ഉപാധികള്‍ ചാക്കല്‍ ഗവ. യു.പി സ്കൂളും (ഇന്നത്തെ ഗവ. മോഡല്‍ ഹൈ സ്കൂള്‍) ഗാന്ധി ശിഷ്യനായിരുന്ന കെ കുമാര്‍ജി നടത്തിയിരുന്ന ശ്രീ ഗാന്ധി സര്‍വോദയ ലോവര്‍ പ്രൈമറി സ്കൂളും (അന്ന് പെമ്പള്ളിക്കൂടമെന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂള്‍ ഇന്നില്ല) ആയിരുന്നു. ഇതില്‍ രണ്ടാമത്തെ സ്കൂളില്‍ ആണ് ഞാന്‍ എന്‍റെ ആദ്യ വിദ്യാഭ്യാസം നടത്തിയതെന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. കാരണം അന്നീ സ്കൂളിന് ലഭിച്ചിരുന്ന ബഹുമാനം ഇന്നത്തെ ഹൈ ഫൈ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളുകള്‍ക്ക് ഇല്ലെന്നത് തന്നെ.

ഇലന്തൂരിനെ കേരളം ആകമാനം അറിയുന്ന ഒരു പ്രദേശം ആക്കാന്‍ സഹായിച്ച എഴുത്തുകാരനും പ്രാസംഗികനും ആയിരുന്നു ഇലന്തൂര്‍ സി ടി മത്തായി എന്നറിയപ്പെട്ടിരുന്ന എന്റെ ജോണിച്ചായന്‍. മുട്ടത്തുകോണം  എസ് എന്‍ ഡി പി സ്കൂളിലെ അദ്ധ്യാപകന്‍ ആയിരുന്നു ഇദ്ദേഹം. എന്റെ ബന്ധുവും അതിലുപരി സുഹൃത്തും. ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി വളരെ കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒരു പ്രധാന അധ്യാപക സംഘടനയുടെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു.

പത്രങ്ങളിലും മറ്റും എഴുതിയിരുന്ന ഇദ്ദേഹം ആണ് ഇല്ലങ്ങളുടെ ഊര് എന്ന പ്രയോഗം ഇലന്തൂരിനു കൈ വരാന്‍ ശ്രമിച്ച ആദ്യ എഴുത്തുകാരന്‍. ഇലന്തൂരിന്റെ ചരിത്രം പഠിക്കുവാന്‍ ഒരു ചരിത്ര അദ്ധ്യാപകന്‍ ആയിരുന്ന ഇദ്ദേഹം വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. 

അദ്ദേഹത്തിന്റെ അകാല മരണത്തിനു ശേഷം ആ ഓര്‍മ നില നിര്‍ത്താന്‍ ഇലന്തൂര്‍ക്കാര്‍ ആദ്യ കാലങ്ങളില്‍ കുറെയൊക്കെ ശ്രമിച്ചിരുന്നു. 

കെ കുമാര്‍ജിയും സി ടി മത്തായിയുമൊക്കെ അങ്ങനെ വെറും ഓര്‍മകളില്‍ കൂടി ഇല്ലാതെ ആയിരിക്കുന്നു.

വളര്‍ന്നു കൊണ്ടിരിക്കുന്ന പട്ടണ സംസ്കാരം അധികം താമസിയാതെ ഈ ഇലന്തൂര്‍ പോലെയുള്ള കേരള ഗ്രാമങ്ങളെ ഒക്കെ വിഴുങ്ങി എന്നിരിക്കും.

അത് നല്ലത് എന്നാണല്ലോ ഇപ്പോഴത്തെ ജന വിചാരം. 

കാലം പോയ പോക്കെ !

അല്ലാതെന്തു പറയാന്‍ ?

ഇലന്തൂരിന്റെ പുതിയ തലമുറക്കാര്‍ കൊച്ചിക്കും തിരുവനന്തപുരത്തേക്കും ഒക്കെ ചേക്കേറി കൂടു കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ്.

പേരെടുത്ത ഇലന്തൂര്‍ക്കാരായ പുതു തലമുറയിലെ മീരാ ജാസ്മിനും മോഹന്‍ലാലിനും ഒന്നും ഇപ്പോള്‍ ഇലന്തൂരില്‍ വേരുകള്‍ ഇല്ല.

അത് പോലെ മറ്റു പലരും.

അവരുടെ ഒക്കെ അടുത്ത തലമുറകള്‍ ഈ നാടിനെ ഒരു കാലത്ത് തേടി വരുമെന്ന് നമുക്ക് കരുതാം.

ആയിരത്തിലധികം വര്‍ഷങ്ങള്‍ കൊച്ചിയില്‍ തമ്പടിച്ചിരുന്ന ജൂതന്മാരുടെ പിന്‍തലമുറ ഇസ്രയേലില്‍ തിരിച്ചു പോയതും നമ്മള്‍ക്ക് അറിവുള്ള കാര്യമാണല്ലോ.

[ലേഖകന്‍റെ കൂടുതല്‍ മലയാള ബ്ലോഗുകള്‍ ഇവിടെ കാണാം !]

[The above lines are written in Malayalam -the native language of Kerala. It tells about my village Elanthoor (Elanthur) which lies between the two towns, Pathanamthitta and Kozhencherry  and about my childhood friend and guide who used to be known in Kerala as Elanthoor C T Mathai . He was a teacher, local politician and a local historian who had  exemplary literary qualities. His oratory skills in the vernacular language used to keep people listen attentively to him. It is over a decade that Elanthoor C T Mathai passed away. Many such prominent personalities of this village are no more. Though Elanthoor is an important administrative unit in the progressive state of Kerala, there is a growing trend among affluent and well known people of the village to move out of the village and to settle abroad or in other cities. But it is hoped that those left the village would come back some time later. ]