Powered By Blogger
Showing posts with label ഓര്‍മ്മകള്‍. Show all posts
Showing posts with label ഓര്‍മ്മകള്‍. Show all posts

Monday, January 7, 2013

മോഹന്‍ലാലും മീരാ ജാസ്മിനും ഇലന്തൂരും പിന്നെ ഈ ഞാനും !

മോഹന്‍ലാല്‍ എന്ന നടനും മീരാ ജാസ്മിന്‍ എന്ന നടിയും ലോക പ്രശസ്തി നേടിയ വ്യക്തികളാണ്. വടിവുള്ള ശരീര കാന്തിയും മികവുറ്റ അഭിനയ ചാതുര്യവും കൊണ്ട് സിനിമാ ലോകത്ത് തങ്ങളുടേതായ ശൈലി പ്രദര്‍ശിപ്പിച്ചു അനേകായിരങ്ങളെ ആരാധകരാക്കിയവരാണ് ഇവര്‍ ഇരുവരും.

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാന പാത്രങ്ങള്‍.

മദ്ധ്യതിരുവിതാംകൂറിലെ ഇലന്തൂര്‍ എന്ന പഴയ ഗ്രാമ പ്രദേശത്തു [ഇപ്പോഴത് ഗ്രാമവുമല്ല, പട്ടണവുമല്ല !] വേരുള്ളവരാണ് മോഹന്‍ലാലും മീരയും. ഇപ്പോള്‍ ആ വേരുകളെ  തിരയാന്‍ അവര്‍ക്ക്  സമയം ഇല്ലെങ്കില്‍ പോലും അത് ഒരു വാസ്തവം അല്ലാതാകുന്നില്ലല്ലോ !

അത് പോലെ  താല്‍ക്കാലികമായിട്ടെങ്കിലും ഇലന്തൂരില്‍ നിന്നും വേരു പിഴുതു പോയ ഒരു സാധാരണക്കാരനാണ് ഞാനും. ഒരു പക്ഷെ അതായിരിക്കണം ഞങ്ങളെ മൂവരയും തമ്മില്‍ ഘടിപ്പിക്കുന്ന ഒരേ ഒരു കണ്ണി. അങ്ങനെ ഒരു കണ്ണി മൂലം അവര്‍ എന്നെ അറിയില്ല എങ്കിലും അങ്ങനെ ഒരു കണ്ണി നില നില്‍ക്കുന്നു എന്നത് വാസ്തവം.

ഇങ്ങു ദൂരെ റാഞ്ചിയിലെ തണുത്തു വിറങ്ങലിച്ച ഇന്നലത്തെ സന്ധ്യയില്‍ സൂര്യ ടിവിയില്‍ ഏഷ്യനെറ്റ് വഴി പ്രശസ്തി നേടിയ ശ്രീ നായരുടെ (മുഴുവന്‍ പേര് മലയാളത്തില്‍ എഴുതാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ക്ഷമിക്കുക !) ഒരു മണിക്കൂറില്‍ കൂടുതല്‍ നീണ്ട ടോക്ക് ഷോയില്‍ മോഹന്‍ലാലിനെ കാണുകയും കേള്‍ക്കുകയും ചെയ്തതാണ് ഈ ബ്ലോഗിന് പ്രചോദനമായത് എന്ന് വേണമെങ്കില്‍ പറയാം.

മോഹന്‍ലാല്‍ ബ്ലോഗ്‌ എഴുതാന്‍ സമയം കാണുന്നു എന്ന് വെളിപ്പെടുത്തിയത് മൂലം അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ ഗൂഗിള്‍ സേര്‍ച്ച്‌ വഴി കണ്ടു പിടിക്കാനും സാധിച്ചു. [ മോഹന്‍ലാലിന്‍റെ മലയാളം ബ്ലോഗുകള്‍ ഇവിടെ വായിക്കാം !] അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണ് എന്നു സമ്മതിക്കട്ടെ. 

ലാലിനെ സിനിമയില്‍ അല്ലാതെ ഞാന്‍ കണ്ടിട്ടില്ല. മീരയെ അവര്‍ ഒരു നടി ആകുന്നതിനു വളരെ മുമ്പ്‌ ഒരു കുട്ടിയായി കണ്ടിട്ടുണ്ട് എന്നാണു ഒരു ഓര്‍മ.

ഞാന്‍ അനിയച്ചായന്‍ എന്നു വിളിച്ചിരുന്ന മീരയുടെ പിതാവ് ഇലന്തൂരില്‍ പുത്തന്‍വീട്ടില്‍ തുണ്ടിയില്‍ കുടുംബാംഗവും  ഒരു ബന്ധുവും ആയിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് അദ്ദേഹം ഇലന്തൂരു നിന്ന് തിരുവല്ലയിലേക്ക് താമസം മാറിയതു മൂലം ആ കുടുംബത്തിന്‍റെ ഇലന്തൂരു ബന്ധം ഏതാണ്ടൊക്കെ നിലച്ചു എന്നു കരുതാം. 

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഞ്ചും ആറും ഏഴും ക്ലാസുകളിലെ  എന്‍റെ വിദ്യാഭ്യാസം നെല്ലിക്കാലായില്‍ മാര്‍ത്തോമ മിഡില്‍ സ്കൂളില്‍ ആയിരുന്നു. എന്‍റെ മാതാവിന്‍റെ പിതാവ് ആരംഭമിട്ട ഈ സ്കൂള്‍ ആ വീട്ടു പേരിനെ അനുസ്മരിക്കും വിധം ഐക്കുഴ സ്കൂള്‍ എന്നാണു ഇപ്പോഴും അറിയപ്പെടുന്നത്.

ആ മൂന്നു വര്‍ഷക്കാലം  രാവിലെ   ഇലന്തൂര്‍ പുത്തന്‍ ചന്ത ഭാഗത്തുള്ള എന്‍റെ വീട്ടില്‍ നിന്നും നെല്ലിക്കാലയിലെ ഐക്കുഴ സ്കൂളിലേക്കും വൈകുന്നേരം തിരിച്ചും കാല്‍നടയായി യാത്ര ചെയ്തിരുന്നത് മോഹന്‍ലാലിന്‍റെ പിതൃ ഭവനത്തിന് മുമ്പില്‍ കൂടി ആയിരുന്നു എന്നു ഇപ്പോള്‍ ഓര്‍ക്കുന്നു. അന്ന് പപ്പൂള്ളപ്പടി എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന കള്ളുഷാപ്പ് മുക്കിനു സമീപം ആയിരുന്നു ആ ഭവനം. ആ വീട്ടിലെ ഒരാള്‍ (മോഹന്‍ലാലിന്‍റെ അച്ഛന്‍) അങ്ങ് തിരുവനന്തപുരത്തു സെക്രട്ടറിയേറ്റില്‍ ജോലി ചെയ്തിരുന്നത് കാരണം ആ ഭവനം എന്‍റെയും കൂട്ടുകാരുടെയും ചര്‍ച്ചകളില്‍ കടന്നു വരുമായിരുന്നു.

ഞാന്‍ വടക്കേ ഇന്ത്യയില്‍ ഭിലായി ഉരുക്ക് നിര്‍മാണ ശാലയില്‍ ഒരു എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ച ആദ്യ വര്‍ഷങ്ങളില്‍ എന്നോ ഒരിക്കല്‍ മോഹന്‍ലാലിന്‍റെ അച്ഛനെ പരിചയപ്പെടാന്‍ ഇടയായത് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു. എന്‍റെ മാതൃ സഹോദരനും ഐക്കുഴ സ്കൂളിന്‍റെ ഹെഡ്‌മാസ്റ്ററും ആയിരുന്ന ജോയിച്ചായന്‍ (ശ്രീ ജോണ്‍ ജോണ്‍ സാര്‍ ) ആയിരുന്നു എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. അന്ന് നെല്ലിക്കാല മുക്കിനു സമീപം ലക്ഷ്മി തിയേറ്റര്‍ എന്ന ഒരു സിനിമ ശാല പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതിനു മുമ്പില്‍ വച്ചാണ് ഈ പരിചയപ്പെടല്‍ നടക്കുന്നത്.

മോഹന്‍ലാല്‍ അന്ന് അഭിനയ ലോകത്ത് അറിഞ്ഞു വരുന്ന കാലം. വടക്കേ ഇന്ത്യയില്‍ ആയ എനിക്ക് ഒരു പുതിയ മലയാളം  സിനിമാ നടനെ അറിയാന്‍ സാധ്യത വളരെ കുറവു തന്നെ എന്നു പറയാം.

മോഹന്‍ലാലിന്‍റെ അച്ഛന്‍ ആ നാട്ടുകാരനും സെക്രട്ടറിയേറ്റ്‌ ഉദ്യോഗസ്ഥനും എന്നതിന് പുറമേ മോഹന്‍ലാല്‍ എന്ന സിനിമാ നടന്‍റെ അച്ഛനും ആണെന്ന കാര്യം അദ്ദേഹത്തിന്‍റെ നാട്ടിലെ സുഹൃത്തായ ജോയ്ച്ചായന്‍ അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തുമ്പോള്‍ പ്രത്യേകം എടുത്തു പറഞ്ഞു.

പല നാട്ടുകാര്യങ്ങളും പറഞ്ഞു ഞങ്ങള്‍ മൂവരും നെല്ലിക്കലാ മുക്കില്‍ കുറെ നേരം നിന്നു. സന്ധ്യ ആയി വരുന്ന സമയം. മോഹന്‍ ലാലിനെ സിനിമയിലും അല്ലാതെയും കണ്ടിട്ടില്ലാത്ത എന്നെ അന്ന് ആ കൊട്ടകയില്‍ ഓടിക്കൊണ്ടിരുന്ന ലാല്‍ സിനിമ കാണാന്‍ അവര്‍ ഇരുവരും ചേര്‍ന്നു ക്ഷണിച്ചു. അതനുസരിച്ചു ഞങ്ങള്‍ മൂവരും സിനിമ കാണാന്‍ ലക്ഷ്മി തിയേറ്ററില്‍ കയറി. തിയേറ്റര്‍ നടത്തിപ്പുകാര്‍ ഞങ്ങള്‍ക്ക് മൂന്നു സ്പെഷ്യല്‍ കസേരകള്‍ തരപ്പെടുത്തി തന്നു.

അങ്ങനെ മോഹന്‍ലാലിന്‍റെ അച്ഛനൊപ്പം ഇരുന്നു ആദ്യമായി ഒരു മോഹന്‍ലാല്‍ ചിത്രം കണ്ടു. ഏതു സിനിമയെന്ന് ഇപ്പോള്‍ ഓര്‍മയില്ല. (ഒരു സിനിമയും എന്‍റെ ഓര്‍മയില്‍ നില്‍ക്കാറില്ല. കാണുമ്പോള്‍ രസിക്കും. അത് കഴിഞ്ഞു മറന്നു. പിന്നെ കാണുമ്പോള്‍ നേരത്തെ കണ്ടത് എന്ന് തോന്നുമെന്കിലും ഒട്ടും രസം പോകാതെ പിന്നെയും കാണാന്‍ അതുമൂലം എനിക്ക് കഴിയാറുണ്ട്.)

അന്നത്തെതില്‍ നിന്നും മോഹന്‍ലാല്‍ ഇന്ന് പല മടങ്ങ്‌ വളര്‍ന്ന് ജനങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ എന്ന മഹാ വ്യക്തിത്വം  ആയി കഴിഞ്ഞിരിക്കുന്നു.

അതുപോലെ തന്നെ മീരാ ജാസ്മിനും മലയാളക്കര വിട്ടു തമിള്‍-തെലുഗ് മേഖലയിലേക്ക് കടന്നിരിക്കുന്നു.

സിനിമാ ലോകത്തെ അധികമൊന്നും കാണാത്ത ഇലന്തൂര്‍ ദേശത്തുനിന്നും ഉദിച്ചുയര്‍ന്ന രണ്ടു വെള്ളി നക്ഷത്രങ്ങള്‍ !

ഇലന്തൂരിലെ പഴയ കാല പ്രതിഭകള്‍ക്ക് പകരം വന്ന ഇലന്തൂര്‍ക്കാര്‍ എന്ന് വേണമെങ്കില്‍ പറയാം. പുത്തന്‍ പ്രതിഭകള്‍ ഇലന്തൂരിനെ മറന്നാലും തനി ഇലന്തൂര്‍ക്കാര്‍ക്ക് അത് പറ്റില്ലല്ലോ !

എനിക്ക് പരിചയമുള്ള ഇലന്തൂര്‍ അല്ല ഇന്നുള്ളത്. എന്നാലും ജീവിത സായാഹ്നത്തില്‍ ഈ ദേശത്തു മടങ്ങി എത്താന്‍ ഏതോ ഒരു മായിക ശക്തി എന്നെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.

സാധിക്കുമെന്ന് കരുതട്ടെ !

അല്ലാതെന്തു പറയാന്‍ ? അത് പറ്റാതെ പോയ പലരുടെയും നിസഹായാവസ്ഥ എനിക്ക് അറിയാത്ത കാര്യമൊന്നുമല്ല.

[This is a blog written in Malayalam Language of Kerala which highlights the achievements of two prominent Malayalam Fim Personalities who have their roots in the Village of Elanthur (or Elanthoor) which is the native village of the blog author. The film personalities are Mohan Lal and Meera Jasmine whose parents hailed from Elanthoor and are personally known to the author]
[View the linked list of all Blogs of the Author Here ! ]   

Wednesday, April 25, 2012

വിമാനവും വൈമാനികരും മങ്ങിയ ചില ഓര്‍മ്മകളും!

ആയിരത്തി തൊള്ളായിരത്തി അമ്പതിന്റെ അവസാന വര്‍ഷങ്ങളില്‍ എപ്പോഴോ ആയിരിക്കണം ഞാന്‍ ഒരു വിമാനം അടുത്തു കാണുന്നത്. അന്നെനിക്ക് അഞ്ചില്‍ താഴെ മാത്രം പ്രായം.

എന്‍റെ പിതാവ്‌ അന്ന് ഏതോ കാര്യത്തിനായി തിരുവനന്തപുരം നഗരിയിലേക്ക് യാത്ര പോയപ്പോള്‍ എന്നെയും കൂടെ കൊണ്ട് പോയി.പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈ സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിനു അന്ന് തന്‍റെ പൂര്‍വ വിദ്യാര്‍ഥികളില്‍  ആരോ ഒരാള്‍ വിമാനത്താവളത്തില്‍ ജോലി നോക്കുന്ന കാര്യം അറിയാമായിരുന്നിരിക്കണം.

അത് നിമിത്തമായിരിക്കണം അന്നെപ്പോഴോ അദ്ദേഹം വിമാനം കാണിക്കാമെന്നു എന്നോട് പറഞ്ഞതും വിമാനത്താവളത്തിലേക്ക് എന്നെയും കൊണ്ട് നടന്നതും.

അദ്ദേഹത്തിന്‍റെ കൈയില്‍ പിടിച്ചു ശംഖുമുഖം കടല്‍ത്തീരത്തു കൂടി മണലില്‍ ചവിട്ടി നടന്നതും ദൂരെ കിടക്കുന്ന വിമാനത്തെ അടുത്തു കാണാനുള്ള ആകാംക്ഷയോടെ വേഗം വേഗം നടന്നതും ഇപ്പോഴും ഓര്‍മയില്‍ മങ്ങാതെ കിടക്കുന്നു.

അന്ന് പേരിനു ഒരു ഏറോഡ്രോം മാത്രമായിരുന്നു ഇന്നത്തെ രാജ്യാന്തര വിമാനത്താവളം. ഹാങ്ങറില്‍ ഒരു കൊച്ചു പരിശീലന വിമാനം മാത്രം. വിമാനം തട്ടിക്കൊണ്ടു പോകല്‍ പരിപാടിയൊന്നും അന്ന് തുടങ്ങിയിട്ടില്ലായിരുന്നു. അതുകൊണ്ട് വിമാനത്തിനടുത്തു പോകാന്‍ സെക്യൂരിറ്റി പരിശോധനകളും ഒന്നും ആവശ്യം ഇല്ലായിരുന്നു.

വിമാനത്താവള ജോലിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ശിഷ്യന്‍ എന്നെ എടുത്തുയര്‍ത്തി ഒരു സീറ്റ്‌ മാത്രമുള്ള ആ കൊച്ചു വിമാനത്തിന്റെ ഉള്‍വശം കാട്ടിത്തന്നത് ഓര്‍ക്കുന്നു.

വിമാനം ഒന്ന് പറന്നുയരുന്നത് പക്ഷെ അന്ന് കാണാന്‍ കഴിഞ്ഞില്ല. മൂന്നു ചാടുള്ള ആ സാധനം വായുവില്‍ എങ്ങനെ ഉയര്‍ന്നു പോകുമെന്ന് എന്‍റെ കൊച്ചു മനസ്സ് അന്ന് ഒരു പാട് ആലോചിക്കുമായിരുന്നു.

അതിലും കുറെ നാളുകള്‍ക്കു മുമ്പ് പുക ഒരു നൂല് പോലെ പിന്നിലാക്കി ഒരു പൊട്ടു പോലെ അതി ശബ്ദത്തില്‍ പറന്നു പോകുന്ന ഒരു വിമാനത്തെ വിമാനം എന്ന് ആദ്യമായി പ്രായമുള്ളവര്‍ മനസ്സിലാക്കി തന്നതും ഓര്‍മയില്‍ നിന്നിരുന്നു.

വിമാന ഭാവന ചടുലമാകാന്‍ അന്ന് ഇത് ധാരാളം ആയിരുന്നു.  

തിരുവന്തപുരയാത്രയ്ക്ക് ശേഷം ഒന്ന് രണ്ടു കൊല്ലങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഒരു വിമാനം പിന്നീട് അടുത്തു കാണാന്‍ സൗകര്യം ആകുന്നത്. അന്ന് പത്തനംതിട്ട കൊല്ലം ജില്ലയിലെ ഒരു താലൂക്ക്‌ മാത്രമായിരുന്നു. വളരെ വിസ്താരമേറിയ ഒരു താലൂക്ക്‌. കിഴക്കന്‍ ഭാഗങ്ങള്‍ ഒക്കെ അന്ന് ബ്രിട്ടീഷ്‌ സായിപ്പന്മാരുടെ അദ്ധ്വാനഫലമായി വികസനം പ്രാപിച്ച റബ്ബര്‍ തോട്ടങ്ങള്‍. ഈ റബ്ബര്‍ തോട്ടങ്ങള്‍ അന്നും കുറെയൊക്കെ സായിപ്പന്മാര്‍ തന്നെ ആയിരുന്നു നോക്കി നടത്തിയിരുന്നത്. ഈ റബ്ബര്‍ തോട്ടങ്ങളില്‍ തുരിശ് അടിക്കാന്‍ അന്ന് അവര്‍ ചെറിയ വിമാനം എവിടെ നിന്നോ ഏര്‍പ്പെടുത്തി. ഈ വിമാനത്തിന് താഴാനും ഉയരാനും റണ്‍വേ വെറും തുറസ്സായ നിരപ്പുള്ള സ്ഥലം മാത്രം മതിയാകുമായിരുന്നു.  അന്ന് പമ്പാ നദി വിസ്താരമേറിയതും വെള്ള മണല്‍ തീരത്തോട് കൂടിയതും ആയിരുന്നു. അങ്ങനെ എന്‍റെ ഗ്രാമമായ ഇലന്തൂരില്‍ നിന്നും ഒരു ആറേഴു കിലോമീറ്റര്‍ അകലെ ചെറുകോല്‍പുഴ എന്ന പമ്പാ നദീ തീരം തുരിശടി വിമാനത്തിന്‍റെ റണ്‍വേ ആയി.

വിമാനം താഴ്ത്തുകയും ഉയര്‍ത്തുകയും മാത്രമല്ല തുരിശു വെള്ളത്തില്‍ കലക്കി ഈ ടാങ്കര്‍ വിമാനത്തില്‍ നിറക്കുകയും ചെയ്യാം. പമ്പാ നദിയില്‍ അന്ന് വെള്ളത്തിനും പഞ്ഞമില്ലായിരുന്നു ഇന്നത്തെ പോലെ.

ഒരു ദിവസം പല പ്രാവശ്യം വിമാനം വരുകയും തുരിശു നിറച്ചു പറന്നു പോവുകയും ചെയ്യും. വിമാനം എന്ന് പറയുന്ന അദ്ഭുത വാഹനം അടുത്തുകാണാന്‍ ചെറുകോല്‍പുഴക്കാര്‍ക്കും അടുത്തുള്ള ഗ്രാമവാസികള്‍ക്കും അങ്ങനെ ഭാഗ്യം സിദ്ധിച്ചു.

പിന്നെ ചെറുകോല്‍ പുഴയിലേക്ക് ഒരു വലിയ ജന പ്രവാഹമായിരുന്നു. അന്ന് ഇന്നത്തെ പോലെ അധികം യാത്രാ സൌകര്യങ്ങള്‍ ഒന്നുമില്ല. ജനം കൂടിയാല്‍ പിന്നെ പറയുകയും വേണ്ട. വിമാനം കാണാന്‍ വേണ്ടി എന്ത് പ്രയാസം അനുഭവിക്കാനും ജനങ്ങള്‍ ഒരുക്കമായിരുന്നു.

ഒരു ദിവസം ഇലന്തൂരു നിന്നും എന്‍റെ അമ്മ വീടായ നെല്ലിക്കാലായില്‍ നിന്നും ഉള്ള ഒരു ചെറിയ ഗ്രൂപ്പിന്‍റെ കൂടെ നടന്നു ചെറുകോല്‍ പുഴയില്‍ എത്തി ജനക്കൂട്ടത്തില്‍ ആകാംക്ഷയോടെ വിമാനം താഴുന്നത് നോക്കി നിന്നത് മറക്കാന്‍ പറ്റുന്നില്ല. ആ കാഴ്ചയുടെ ഒരു മങ്ങിയ ഓര്‍മ്മ മാത്രമേ ഇന്നുള്ളൂ എങ്കിലും.

പിന്നീട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ പോയി അന്നത്തെ കാലത്തെ വലിയ യാത്രാ വിമാനമായ ആവ്രോ വിമാനം കാണാനും അതോടിക്കുന്ന വെളുത്ത യൂണിഫോം ധരിച്ച സുന്ദര സുകുമാരന്മാരായ പൈലറ്റ്‌ എന്ന അദ്ഭുത മനുഷ്യരെ ദൂരെ നിന്ന് ആരാധനയോടെ നോക്കി കാണാനും ഭാഗ്യം സിദ്ധിച്ചു.

വൈമാനികരോടുള്ള എന്‍റെ ആരാധനാ മനോഭാവം മനസ്സിലാക്കിയ എന്‍റെ പിതാവ്‌ ഒരു ദിവസം ഒരു വിവരം എന്നെ ധരിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഒരു ഇളയ അമ്മാവന്‍ അന്ന് വിദേശങ്ങളിലേക്കും മറ്റും വിമാനം പറപ്പിക്കുന്ന ഒരു വലിയ പൈലറ്റ്‌ ആണെന്നായിരുന്നു ആ വിവരം.

അദ്ദേഹത്തിന്‍റെ ലോകം ചുറ്റുന്ന ഈ പൈലറ്റ്‌ അമ്മാച്ചന്‍ വലിയ ഒരു അമാനുഷ പ്രതിഭയായി അന്ന് എന്‍റെ മനസ്സില്‍ കടന്നു കൂടി. എന്നാല്‍ പ്രതാപത്തില്‍ ഇരുന്ന ആ കാലത്ത് ഈ അമ്മാച്ചനെ ഒന്ന് കാണാന്‍ അദ്ദേഹത്തിന്‍റെ  ഓണം കേറാ മൂലയിലുള്ള വീട്ടുകാര്‍ക്കൊന്നും ഭാഗ്യമുണ്ടായതായി ഓര്‍മയില്ല.

എന്നാല്‍ പിന്നീട് കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പൈലറ്റ് അമ്മാച്ചന്‍ തറ പറ്റി. ഏതോ സാമ്പത്തിക ക്രമക്കേടിന് വിമാന കമ്പനി അദ്ദേഹത്തെ പിരിച്ചു വിട്ടു. സീനിയര്‍ നിലയില്‍ ഉള്ള ഒരു ഇന്ത്യന്‍ വൈമാനികന് വേറൊരു ജോലി കൊടുക്കാന്‍ അന്ന് മറ്റു വിമാന കമ്പനികള്‍ ഒന്നും ഇന്ത്യയില്‍ നിലവില്‍ ഇല്ലായിരുന്നു. 

ജീവിതത്തിലെ വലിയ പ്രതിസന്ധി അദ്ദേഹത്തിനെയും കുടുംബത്തെയും ബാധിച്ചു എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. അതൊന്നും ഇവിടെ എഴുതാന്‍ എനിക്ക് ഉദ്ദേശമില്ല. 

ഞാന്‍ ഹൈസ്കൂളില്‍ പ്രവേശിച്ച സമയം. എന്‍റെ ഈ അമാനുഷ പ്രതിഭയായ വലിയമ്മാച്ചന്‍ എന്‍റെ വീട്ടിലെ ഒരു അന്തേവാസിയായി. ജീവിതത്തിന്റെ ഉന്നത തലങ്ങളില്‍ നിന്നും നിലംപതിച്ചു ഒരു ഗതിയും ഇല്ലാത്ത നിലയില്‍ ആയിരുന്നു അപ്പോള്‍ എന്ന് മാത്രം.

ഒരു മൂന്ന് കൊല്ലക്കാലം അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ പാര്‍ത്തു. അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത  കൂട്ട് അക്കാലത്ത് കൌമാരക്കാരനായ ഞാന്‍ ആയിരുന്നു.

പല രാത്രികളിലും മണിക്കൂറുകള്‍ അദ്ദേഹം എന്‍റെ അടുത്തു കഥകള്‍ പറയാന്‍ ചെലവഴിച്ചിരുന്നു. ജീവിതത്തിന്റെ പച്ച യാഥാര്‍ദ്ധ്യങ്ങള്‍ പലതും അദ്ദേഹം തുറന്നു കാട്ടി. രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ബ്രിട്ടിഷ് റോയല്‍ എയര്‍ ഫോര്‍സില്‍ യുദ്ധ വിമാനം പറത്തിയത്‌ മുതലുള്ള അനുഭവങ്ങള്‍ അദ്ദേഹം പങ്കു വച്ചു. കൂടെ ഉന്നത ഉദ്യോഗസ്ഥരുടെ ക്ലബ്ബുകളുടെയും മറ്റും കഥകളും.

വിമാനത്തിന്‍റെ പല ടെക്നിക്കല്‍ കാര്യങ്ങളും അദ്ദേഹം എനിക്ക് മനസ്സിലാക്കി തന്നു. 

പിന്നീടും ചില വൈമാനികരോടു സംസാരിക്കാന്‍ അവസരം ലഭിച്ചു. അതില്‍ ഒരാള്‍ ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഒരു പൈലറ്റ്‌ ആയിരുന്നു. രാജീവ്‌ ഗാന്ധി പൈലറ്റ്‌ ആയി ജോയിന്‍ ചെയ്ത സമയം ഇദ്ദേഹത്തിന്‍റെ ജൂനിയര്‍ ആയി കുറേക്കാലം സേവനം ചെയ്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞതു ഓര്‍ക്കുന്നു. അന്നത്തെ ചില രസകരമായ സംഭവങ്ങളും.

ഞാന്‍ കാണുന്ന സമയം ഹൃദയാഘാതം നിമിത്തം വളരെ ക്ഷീണാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു ഇദ്ദേഹം. എന്നാലും ജീവിതത്തെ ഒരു നേരമ്പോക്ക് എന്ന നിലയില്‍ കാണാന്‍ ഉള്ള അദ്ദേഹത്തിന്‍റെ മാനസികാവസ്ഥ എന്നെ ആകര്‍ഷിച്ചു.

തന്‍റെ രോഗാവസ്ഥയെ തോലോം വക വയ്ക്കാതെ അദ്ദേഹം പല തമാശുകള്‍ വാ തോരാതെ പറഞ്ഞു കേള്‍പ്പിച്ചു. പലതും അദ്ദേഹത്തിന്‍റെ പൈലറ്റ്‌ അനുഭവങ്ങള്‍.

അതില്‍ ഒരു കഥ ഒരു എയര്‍ ഹോസ്റ്റസ്സിന്‍റെ പരിശീലന കാല അനുഭവം ആയിരുന്നു. വൈമാനികര്‍ ഏറ്റവും ടെന്‍ഷന്‍ അനുഭവിക്കുന്നത് ഒരു എയര്‍ ക്രാഫ്റ്റ്‌ ലാന്‍ഡ്‌ ചെയ്യുന്ന സമയം ആണ്. ഭീമാകാരമായ ഈ പറക്കും സാധനത്തെ ആകാശ വിതാനത്തില്‍ നിന്നും ഉന്നം വച്ചു ഒരു ചെറിയ റണ്‍വേയില്‍ ഒരു കൃത്യമായ സ്ഥലത്ത് ഒരു തൂവല്‍ സ്പര്‍ശം പോലെ ഇറക്കുന്നത് ഒരു സര്‍ക്കസ്‌ അഭ്യാസം തന്നെ ആണ്. അണുവിടെ തെറ്റിയാല്‍ സ്വന്തം ജീവന്‍ മാത്രമല്ല നൂറുകണക്കിന് മറ്റുള്ളവരുടെയും ജീവന്‍ നൊടിയിടെ പരലോകത്ത്‌ എത്തിപ്പെടാന്‍ സാധ്യതയുള്ള ഒരു അഭ്യാസം.

അതും ദിവസേന ചെയ്യേണ്ട ഒരു കസര്‍ത്ത്‌ ആണെങ്കില്‍ അവരുടെ മാനസികാവസ്ഥ നമുക്ക് ആലോചിക്കവുന്നതെ ഉള്ളൂ. ഇന്നത്തെ പോലെ അത്യാധുനിക കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ഉള്ള വിമാനങ്ങള്‍ ആയിരുന്നില്ല പത്തു നാപ്പതു കൊല്ലങ്ങള്‍ക്ക് മുമ്പ്‌. അതും ഇന്ത്യയില്‍.

അന്നത്തെ വിമാനം ഇറക്കു പരിപാടി പൈലറ്റിന്‍റെ പൂര്‍ണമായ ഒരു കല ആയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. വിമാനത്തെ പല പൈലറ്റുമാരും അനുസരണമില്ലാത്ത ഒരു സ്ത്രീ ആയി ആണ് അക്കാലത്ത് കണക്കാക്കിയിരുന്നത്. അവളുടെ അനുസരണക്കേട്‌ ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് നിലത്തിറക്കുന്ന സമയത്തും. കണ്ട്രോള്‍ കോളത്തില്‍ പിടിച്ചിരിക്കുന്ന പൈലറ്റ്‌ ആ സമയം ചിലപ്പോള്‍ ആര്‍ത്ത് അലറും      " ഇരിക്കെടീ, ഇരിക്കെടീ നായിന്‍റെ മോളേ" ("സിറ്റ് ദൌന്‍ യൂ ബിച് !")

അങ്ങനെ നമ്മുടെ പൈലറ്റ്‌ അച്ചായന്‍ പെങ്കൊച്ചിനെ പുറകില്‍ നിര്‍ത്തി വിമാനമിറക്കി. വിമാനം റണ്‍വേയില്‍ ഓടിച്ചു നിര്‍ത്തിയിട്ടു അച്ചായന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ നമ്മുടെ എയര്‍ ഹോസ്ടസ്സ് പെണ്ണിനെ കാണാനില്ല. നല്ലത് പോലെ പരതിയപ്പോ ആളെ കിട്ടി. പൈലറ്റ്‌ സീറ്റിനു പുറകില്‍ ഭയന്നു വിറച്ചു ഇരിക്കുന്നു. പാവം വിമാനം അതിവേഗം നിലത്തിടിക്കുന്ന കാഴ്ച മൂലം പേടിച്ചു പോയിരിക്കണം !

എന്നാലും അച്ചായന്‍ ചോദിച്ചു : എന്താ കൊച്ചെ നിലത്തിരുന്നത് ?

അപ്പൊ കിട്ടി ഉത്തരം: " അയ്യോ സാറല്ലേ എന്നെ ചീത്ത വിളിച്ചു ഇരിക്കാന്‍ പറഞ്ഞത് ? " 

അന്ന് ഈ കഥയും മറ്റു പല കഥകളും പറഞ്ഞു അദ്ദേഹം ചിരിച്ചു. കൂടെ ഞാനും. 

അത് കഴിഞ്ഞു അധികം ദിവസങ്ങള്‍ അദ്ദേഹം ഈ ലോകത്ത്‌ ഇരുന്നില്ല. 

അതുപോലെ വലിയമ്മാച്ചന്‍ പൈലറ്റും ഇന്നില്ല. 

ഇന്ന് വിമാനങ്ങളും പൈലറ്റുമാരും വിമാനക്കമ്പനികളും സര്‍വ സാധാരണമായിരിക്കുന്നു. 

എന്നാലും വിമാനങ്ങളെയും അതോടിക്കുന്ന പൈലട്ടുമാരെയും ഇപ്പോഴും എനിക്ക് ആദരവോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. 

ഈ വലിയ ലോകത്തെ ചെറുതാക്കാന്‍ അവര്‍ നടത്തുന്ന സംഭാവനകള്‍ ഒട്ടും ചെറുതല്ല ! 

Tuesday, March 20, 2012

ഇലന്തൂരും ഇലന്തൂര്‍ സി ടി മത്തായിയും: ഒരു ഓര്‍മ്മക്കുറിപ്പ്‌ !

പത്തനംതിട്ടയ്ക്കും കോഴെന്‍ചേരിയ്ക്കും ഏകദേശം നടുവിലായിട്ടാണ് ഇലന്തൂര്‍ നെടുവേലി ജങ്ക്ഷന്‍. നെടുവേലി മുക്കെന്നു ഇലന്തൂര്‍ക്കാര്‍ വിളിക്കുന്ന ഈ മുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ ഓമല്ലൂര്‍ റോഡില്‍ പോയാല്‍ ഇലന്തൂര്‍ പുത്തന്‍ചന്ത ആയി.

ഇന്നീ ഇലന്തൂര്‍ ഓമല്ലൂര്‍ റോഡ്‌ വാഹന ബാഹുല്യം കൊണ്ട് നടക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. അതുമൂലം നെടുവേലി മുക്കില്‍ നിന്നും ഇലന്തൂര്‍ മാര്‍ക്കറ്റ്‌ വരെ പോകണമെങ്കില്‍ ഓട്ടോ തന്നെ ശരണം. ഓട്ടോകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഉത്തര ഭാരതത്തിലെ പല വലിയ സിറ്റികളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഓട്ടോകള്‍ നെടുവേലി മുക്കിലുണ്ട്.

എന്റെ കുട്ടിക്കാലത്ത് ഈ റോഡ്‌ മെറ്റല്‍ ഇട്ട ഒരു പ്രധാന വഴി മാത്രമായിരുന്നു. പെട്രോളും ഡീസലും അല്ലാത്ത നീരാവി മൂലം ഓടുന്ന തീ വണ്ടി ബസുകള്‍ ഇത് വഴി സര്‍വീസ്‌ നടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത്തരം ഒരു ബസില്‍ എനിക്ക് ഒന്നോ രണ്ടോ വയസു പ്രായമുള്ളപ്പോള്‍ യാത്ര ചെയ്ത ഓര്‍മ്മ ഇപ്പോഴും ഒരു പുകപ്പാട് പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.

അതിനു ശേഷം പെട്രോള്‍ ബസുകള്‍ ഓടാന്‍ തുടങ്ങി. കൂര്‍ത്ത മുന്‍വശവും കഷ്ട്ടിച്ചു പത്തിരുപതു പേര്‍ക്ക് ഇരിക്കാവുന്നതുമായ ഒന്നോ രണ്ടോ ബസുകള്‍ ആയിരുന്നു ആദ്യമൊക്കെ. കൊഴെഞ്ചേരിയെയും കായംകുളത്തെയും യോജിപ്പിക്കുന്ന ബസ്‌ സര്‍വീസുകള്‍. ആദ്യം ഓടി തുടങ്ങിയത് ഗോപാലകൃഷ്ണന്‍ ബസും കെ സി ടി ബസും ആണെന്നു തോന്നുന്നു.

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനം കേരളപ്പിറവിക്കു ശേഷം വന്ന ഈ എം എസിന്റെ കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ വിമോചന സമരം കുറെയൊക്കെ എന്റെ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. ആരുടെ ഒക്കെയോ എളിയില്‍ ഇരുന്നു പോലീസ് വണ്ടിയില്‍ കയറിയ ഓര്‍മ ഇപ്പോഴും മാഞ്ഞിട്ടില്ല.

അന്നത്തെ ഇലന്തൂരിലെ പ്രധാന വിദ്യാഭ്യാസ ഉപാധികള്‍ ചാക്കല്‍ ഗവ. യു.പി സ്കൂളും (ഇന്നത്തെ ഗവ. മോഡല്‍ ഹൈ സ്കൂള്‍) ഗാന്ധി ശിഷ്യനായിരുന്ന കെ കുമാര്‍ജി നടത്തിയിരുന്ന ശ്രീ ഗാന്ധി സര്‍വോദയ ലോവര്‍ പ്രൈമറി സ്കൂളും (അന്ന് പെമ്പള്ളിക്കൂടമെന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂള്‍ ഇന്നില്ല) ആയിരുന്നു. ഇതില്‍ രണ്ടാമത്തെ സ്കൂളില്‍ ആണ് ഞാന്‍ എന്‍റെ ആദ്യ വിദ്യാഭ്യാസം നടത്തിയതെന്ന് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. കാരണം അന്നീ സ്കൂളിന് ലഭിച്ചിരുന്ന ബഹുമാനം ഇന്നത്തെ ഹൈ ഫൈ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളുകള്‍ക്ക് ഇല്ലെന്നത് തന്നെ.

ഇലന്തൂരിനെ കേരളം ആകമാനം അറിയുന്ന ഒരു പ്രദേശം ആക്കാന്‍ സഹായിച്ച എഴുത്തുകാരനും പ്രാസംഗികനും ആയിരുന്നു ഇലന്തൂര്‍ സി ടി മത്തായി എന്നറിയപ്പെട്ടിരുന്ന എന്റെ ജോണിച്ചായന്‍. മുട്ടത്തുകോണം  എസ് എന്‍ ഡി പി സ്കൂളിലെ അദ്ധ്യാപകന്‍ ആയിരുന്നു ഇദ്ദേഹം. എന്റെ ബന്ധുവും അതിലുപരി സുഹൃത്തും. ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയി വളരെ കാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒരു പ്രധാന അധ്യാപക സംഘടനയുടെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു.

പത്രങ്ങളിലും മറ്റും എഴുതിയിരുന്ന ഇദ്ദേഹം ആണ് ഇല്ലങ്ങളുടെ ഊര് എന്ന പ്രയോഗം ഇലന്തൂരിനു കൈ വരാന്‍ ശ്രമിച്ച ആദ്യ എഴുത്തുകാരന്‍. ഇലന്തൂരിന്റെ ചരിത്രം പഠിക്കുവാന്‍ ഒരു ചരിത്ര അദ്ധ്യാപകന്‍ ആയിരുന്ന ഇദ്ദേഹം വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. 

അദ്ദേഹത്തിന്റെ അകാല മരണത്തിനു ശേഷം ആ ഓര്‍മ നില നിര്‍ത്താന്‍ ഇലന്തൂര്‍ക്കാര്‍ ആദ്യ കാലങ്ങളില്‍ കുറെയൊക്കെ ശ്രമിച്ചിരുന്നു. 

കെ കുമാര്‍ജിയും സി ടി മത്തായിയുമൊക്കെ അങ്ങനെ വെറും ഓര്‍മകളില്‍ കൂടി ഇല്ലാതെ ആയിരിക്കുന്നു.

വളര്‍ന്നു കൊണ്ടിരിക്കുന്ന പട്ടണ സംസ്കാരം അധികം താമസിയാതെ ഈ ഇലന്തൂര്‍ പോലെയുള്ള കേരള ഗ്രാമങ്ങളെ ഒക്കെ വിഴുങ്ങി എന്നിരിക്കും.

അത് നല്ലത് എന്നാണല്ലോ ഇപ്പോഴത്തെ ജന വിചാരം. 

കാലം പോയ പോക്കെ !

അല്ലാതെന്തു പറയാന്‍ ?

ഇലന്തൂരിന്റെ പുതിയ തലമുറക്കാര്‍ കൊച്ചിക്കും തിരുവനന്തപുരത്തേക്കും ഒക്കെ ചേക്കേറി കൂടു കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ്.

പേരെടുത്ത ഇലന്തൂര്‍ക്കാരായ പുതു തലമുറയിലെ മീരാ ജാസ്മിനും മോഹന്‍ലാലിനും ഒന്നും ഇപ്പോള്‍ ഇലന്തൂരില്‍ വേരുകള്‍ ഇല്ല.

അത് പോലെ മറ്റു പലരും.

അവരുടെ ഒക്കെ അടുത്ത തലമുറകള്‍ ഈ നാടിനെ ഒരു കാലത്ത് തേടി വരുമെന്ന് നമുക്ക് കരുതാം.

ആയിരത്തിലധികം വര്‍ഷങ്ങള്‍ കൊച്ചിയില്‍ തമ്പടിച്ചിരുന്ന ജൂതന്മാരുടെ പിന്‍തലമുറ ഇസ്രയേലില്‍ തിരിച്ചു പോയതും നമ്മള്‍ക്ക് അറിവുള്ള കാര്യമാണല്ലോ.

[ലേഖകന്‍റെ കൂടുതല്‍ മലയാള ബ്ലോഗുകള്‍ ഇവിടെ കാണാം !]

[The above lines are written in Malayalam -the native language of Kerala. It tells about my village Elanthoor (Elanthur) which lies between the two towns, Pathanamthitta and Kozhencherry  and about my childhood friend and guide who used to be known in Kerala as Elanthoor C T Mathai . He was a teacher, local politician and a local historian who had  exemplary literary qualities. His oratory skills in the vernacular language used to keep people listen attentively to him. It is over a decade that Elanthoor C T Mathai passed away. Many such prominent personalities of this village are no more. Though Elanthoor is an important administrative unit in the progressive state of Kerala, there is a growing trend among affluent and well known people of the village to move out of the village and to settle abroad or in other cities. But it is hoped that those left the village would come back some time later. ]