Powered By Blogger

Tuesday, August 21, 2018

കേരളത്തിനെ സങ്കടക്കടലാക്കിയ വെള്ളപ്പൊക്കത്തിനു ആര് ഉത്തരം പറയും?

[This blog article in Malayalam language is concerning the recent flood disaster that happened in Kerala in August 2018. The author here highlights the dangers of having humanly controllable spillway shutters instead of normally open spillways in the dams. The possibility of errors that might have happened in taking decisions and its execution for opening the dam shutters is also highlighted . It is felt that this flood mishap would not have been this serious had there been a better coordination between the technical and administrative wings of the state government that controlled the dam shutters. There is a need for introspection and corrective measures to avoid this kind of a situation in the future]

രണ്ടായിരത്തി പതിനെട്ടു ആഗസ്റ്റ്‌ മാസം മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കഷ്ട നഷ്ടങ്ങള്‍ വരുത്തിയ ഒന്നായി വന്നിരിക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ഒരു മലയാളിയും ഇത്രയും നാശ നഷ്ടങ്ങള്‍ വരുത്തിയ ഒരു വെള്ളപ്പൊക്ക ദുരിതം നേരിട്ടോ അല്ലാതെയോ അനുഭവിച്ചു കാണാന്‍ വഴിയില്ല.
ഇക്കഴിഞ്ഞ കുറെ ദിവസങ്ങള്‍ കേരളത്തിനു സമ്മാനിച്ചത്‌ തോരാത്ത മഴ മാത്രമല്ല, തീരാത്ത മഴക്കെടുതിയും കൂടെ ആണ്.

മഴയില്ലെങ്കില്‍ വെള്ളംകുടി മുട്ടും. മഴ കൂടിയാലും വെള്ളം കുടി മുട്ടും. അത് നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു.

എന്നാല്‍ ഈ മഴക്കെടുതിയെ വനനശീകരണം മൂലവും മറ്റും നമ്മള്‍ തന്നെ ഉണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനം കാരണമെന്നു പറഞ്ഞു വെറുതെ നിസംഗതയോടെ നിന്നാല്‍ മാത്രം മതിയോ?

പ്രകൃതിയെയോ ദൈവത്തെതന്നെയോ പഴിചാരി നമുക്ക് മാറി നില്‍ക്കാമോ?

കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വികൃതികളും ഒക്കെ കാലാകാലങ്ങളായി സംഭവിക്കുന്നത്‌ തന്നെ. അതൊക്കെ മാറിയും മറിഞ്ഞും ഇരിക്കും. അതില്‍ നമുക്കൊന്നും ചെയ്യാനും കഴിയില്ല.

പ്രകൃതി വികൃതികളുടെ കാരണം കാണാന്‍ നമ്മുടെ ശാസ്ത്രഞ്ജന്‍മാരെ ഏര്‍പ്പെടുത്തിയാല്‍ പലതരം അഭിപ്രായങ്ങള്‍  പറയുക സാധാരണം. എന്നാല്‍ അതുപോലെയൊന്നും എപ്പോഴും സംഭവിക്കാറില്ല. അതാണ് പ്രകൃതിയുടെ മറ്റൊരു  വികൃതി.

എന്നാല്‍ കേരളത്തെ ഇപ്പോള്‍ നടുക്കിയ മഹാപ്രളയം പ്രകൃതിയുടെ ഒരു വികൃതി തന്നെയോ? അത് നമുക്ക് ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നോ?

സാമാന്യ ബുദ്ധിയില്‍ കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ ഈ വന്ന ദുരന്തം ഒഴിവാക്കാന്‍ പറ്റുമായിരുന്നു എന്ന് തന്നെ ആണ് എനിക്ക് തോന്നുന്നത്.

നാല് പതിറ്റാണ്ട് കാലത്തെ എഞ്ചിനീയറിംഗ് രംഗത്ത അനുഭവ പരിചയം വച്ച് പറയുകയാണ്‌: ഈ ദുരന്തത്തിനു നിര്‍ത്താതെ പെയ്ത മഴ മാത്രമല്ല കാരണം.

അതിതീവ്ര മഴമൂലം മലയോര പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ എന്ന ഭയാനക മണ്ണിടിയലും കുത്തൊഴുക്കും പലയിടങ്ങളിലും സംഭവിച്ചു. തീവ്ര മഴയില്‍ അത് തടയുക പലപ്പോഴും സാധ്യമല്ല. എന്നാല്‍ ഉരുള്‍ പൊട്ടല്‍ നാശം മഹാപ്രളയ നാശത്തിനു ഒപ്പം ഒരിക്കലും വരില്ല.

എന്‍റെ വിശകലനത്തില്‍ ഇപ്പോള്‍ സംഭവിച്ച വന്‍ വെള്ളപ്പൊക്കം നമ്മുടെ കൊച്ചു കേരളത്തിലെ അണക്കെട്ടുകളെ നമ്മള്‍ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ രാഷ്ട്രീയവല്‍ക്കരിച്ചതു മൂലം വന്ന പിശകുകള്‍ കാരണം ആണ് എന്ന് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.

മനുഷ്യനിര്‍മിതമായ കെട്ടിടങ്ങളും, റോഡുകളും, പാലങ്ങളും, ഡാമുകളും ഒക്കെ വളരെ പ്രയോജനം ചെയ്യുന്നവ തന്നെ ആണ്. എന്നാല്‍ ഇതൊക്കെയും പിഴവുകള്‍ സംഭവിക്കാവുന്നവയും ആണ്.

അണക്കെട്ടുകള്‍ അഥവാ ഡാമുകള്‍ മഴക്കാലത്തെ വലിയതോതിലുള്ള ജലപ്രവാഹത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കെട്ടി നിര്‍ത്തി മഴയില്ലാ സമയത്ത് ഉപയോഗിക്കുവാന്‍ സഹായിക്കുന്നു. ജലസേചനം കൃഷിഉല്‍പ്പാദനം കൂട്ടും. ജല വൈദ്യുതിയും വികസനത്തിന് അവശ്യ ഘടകം തന്നെ. അതിനുപരി ഒരു പരിധി വരെ സാധാരണ മഴക്കാലത്തെ വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാക്കാനും അണക്കെട്ടുകള്‍ സഹായകരം ആകും.

എന്നാല്‍ അണക്കെട്ടുകള്‍ വളരെ സൂക്ഷ്മതയോടെ ഡിസൈന്‍ ചെയ്തു നിര്‍മിച്ചു കൃത്യതയോടെ നോക്കി നടത്തേണ്ട ഭീമന്‍ നിര്‍മ്മിതികള്‍ ആണ് എന്നതില്‍ ഒരു സംശയവും വേണ്ട. അല്ലാത്ത പക്ഷം അണക്കെട്ടുകള്‍ വന്‍ മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ക്കും കാരണം ആയേക്കാം എന്നത് ഇതിനോടകം ലോക ചരിത്രം നമ്മെ മനസ്സിലാക്കിത്തന്ന കാര്യവും ആണ്.

കൊച്ചു കേരളം അണക്കെട്ടുകളുടെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്ത ഒരു പ്രദേശം ആണ്. കൂടുതല്‍ അണക്കെട്ട് സാധ്യതകള്‍ ആരായുന്ന ഭരണാധികാരികള്‍ ഉള്ള സംസ്ഥാനവും ആണ് എന്നത് മറന്നുകൂടാ.

അണക്കെട്ടുകളുടെ പ്രയോജനവും അതിലൂടെയുള്ള ചെറുതും വലുതുമായ ലാഭ മോഹവും  ചിലപ്പോള്‍ ചില അധികാരികളെയും അവരുടെ പിന്നാളന്‍മാരെയും അതിയായി വശീകരിക്കാനുള്ള സാധ്യത ഇന്ത്യയില്‍ പലയിടത്തും ഇതിനോടകം നമ്മള്‍ കണ്ടിരിക്കുന്നു.

അങ്ങനെ വരുമ്പോള്‍ അണക്കെട്ടുകള്‍ മൂലം സംഭവിക്കാവുന്ന ദുരന്തങ്ങള്‍ നമുക്ക് തള്ളിക്കളയാനും പറ്റില്ല.

ഇപ്പോള്‍ കേരളം കണ്ട മഹാപ്രളയം അങ്ങനെ ഒരു ദുരന്തം തന്നെ ആയിരുന്നു എന്നാണു എന്‍റെ വിലയിരുത്തല്‍.

ഇനി അതെങ്ങനെ എന്ന് ഒന്ന് പരിശോധിക്കാം.

എല്ലാ അണക്കെട്ടുകള്‍ക്കും ഒരു ഉന്നത ജല രേഖയുണ്ട്. അതായത് ആ അണക്കെട്ടിന്റെ ഏറ്റവും ഉയര്‍ന്ന ജല സംഭരണ ഉയരം. അതില്‍ കൂടുതല്‍ ഉയരം വെള്ളം ആ അണക്കെട്ടില്‍ സംഭരിക്കാന്‍ പാടില്ല എന്ന്  സാധാരണ ഗതിയില്‍ ആ അണക്കെട്ട് രൂപകല്‍പന ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ നിഷ്കര്ഷിക്കും. അതില്‍ കൂടിയാല്‍ ഉടന്‍ അണക്കെട്ട് പൊട്ടിപ്പോകും എന്നല്ല അതിനര്‍ഥം. സാധാരണ ഗതിയില്‍ അണക്കെട്ടിന്റെ മുകളില്‍ കൂടി ജലം ഒഴുകിയാലും അണക്കെട്ടിനു ഒന്നും സംഭവിക്കാത്ത നിലയില്‍ ആയിരിക്കും അണക്കെട്ടുകള്‍ രൂപ കല്പന നടത്തിയിട്ടുള്ളത്. അങ്ങനെ ചെയ്യേണ്ടത് ദീര്‍ഘ കാലത്തെ അപകടം ഒഴിഞ്ഞ  നിലനില്‍പ്പിനും ആവശ്യം ആണ്.

എന്നാല്‍ കൂടിയ ജല രേഖയുടെ മുകളില്‍ അണക്കെട്ടില്‍ വെള്ളം പൊങ്ങുന്നത് ഒരിക്കലും ആശാസ്യം അല്ല. അങ്ങനെ വന്നാല്‍ അണക്കെട്ടിന്റെ സംഭരണി പ്രദേശത്തു കൂടുതല്‍ സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങും. മാത്രമല്ല ഉദ്ദേശിക്കാത്ത തരത്തില്‍ സംഭരണി പ്രദേശത്തു മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഭൂകമ്പങ്ങളും ഒക്കെ വന്നെന്നിരിക്കും.

അപ്പോള്‍ ഒരു കാരണവശാലും ഉയര്‍ന്ന ജല സംഭരണ രേഖയുടെ മുകളില്‍ വെള്ളം പൊങ്ങാതെ നോക്കേണ്ടത് വളരെ പ്രാധാന്യം ഉള്ള ഒരു കാര്യം തന്നെ.

അതിനു ഏറ്റവും സഹായകരമായ കാര്യം അണക്കെട്ടില്‍ ഏറ്റവും ഉയര്‍ന്ന ജലവിതാനത്തിന് സമാനമായി വെള്ളം ഒഴുകി വെളിയില്‍ പോകാന്‍ ആവശ്യമായ രീതിയില്‍ ഒരു പാത്തി അല്ലെങ്കില്‍ വിയര്‍ ചാനല്‍ അണക്കെട്ടില്‍ ഉണ്ടാവുക എന്നത് തന്നെ. അതിനെ ഓവര്‍ഫ്ലോ വിയര്‍ എന്ന് പറയും. അണക്കെട്ട് സാങ്കേതിക വിദഗ്ദ്ധര്‍ ഇതിനെ പലപ്പോഴും സ്പില്‍വേ എന്നാണ് പറയാറുള്ളത്.

വൃഷ്ടി പ്രദേശത്തു എത്ര മഴ പെയ്തു അണക്കെട്ടില്‍ വെള്ളം നിറഞ്ഞു പൊങ്ങിയാലും ഓവര്‍ഫ്ലോ വിയര്‍ അഥവാ സ്പില്‍വേ ഉണ്ടെങ്കില്‍ അതിനു മുകളില്‍ അത്രയൊന്നും വെള്ളം പൊങ്ങില്ല. വെള്ളം പൊങ്ങുന്നതിന് അനുസരിച്ച് സ്പില്‍വേയില്‍  കൂടി വെള്ളം ഡാമിന് താഴെ നദിയിലേക്ക് ഒഴുകും. ഒരിക്കലും അതൊരു കുത്തൊഴുക്ക് ആവുകയില്ല. മാത്രമല്ല അങ്ങനെ സാവധാനം കവിഞ്ഞു ഒഴുകുന്ന വെള്ളം താഴെ നദീതീരങ്ങളില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കുകയും ഇല്ല. ഇങ്ങനെ അണക്കെട്ടിന്റെ പലവിധമായ സേഫ്റ്റിക്ക് ഉതകും വിധം ഉണ്ടാക്കിയിരിക്കുന്ന ഓവര്‍ഫ്ലോ വിയര്‍ ഒരിക്കലും ഒരു അപകടക്കെണി ആയി മാറുകയും ഇല്ല.

സാധാരണ ഗതിയില്‍ കൂടിയ ജല നിരപ്പ് മനുഷ്യ പ്രയഗ്നം ഇല്ലാതെ തന്നെ കൂടാതെ ഇരിക്കാന്‍ ഒരു സാധാരണ ഓവര്‍ഫ്ലോ വിയര്‍ കൊണ്ട് സാധിക്കും. ഡാമിന്റെ സേഫ്റ്റി ഇതില്‍ പരിരക്ഷിക്കപ്പെടുന്നതിനു  ഇതിനെ ഏറ്റവും ലളിതമായ രൂപകല്പനയില്‍ ചെയ്യേണ്ടതും ആവശ്യം തന്നെ. ഒരു കാരണവശാലും ഓവര്‍ഫ്ലോ സേഫ്റ്റി വിയറില്‍ മനുഷ്യ പ്രയഗ്നമോ വൈദ്യുതി നിയന്ത്രണമോ ആവശ്യമുള്ള ഗേറ്റ് അല്ലെങ്കില്‍ ഷട്ടര്‍ ഉണ്ടാകാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വെള്ളം കൂടുതല്‍ ഉയരങ്ങളിലേക്ക് പൊങ്ങുകയും ഷട്ടറുകള്‍ തുറക്കുമ്പോള്‍ അതിഭയങ്കര കുത്തൊഴുക്കോടു കൂടി ഡാമില്‍ നിന്ന് വെള്ളം താഴെ നദിയില്‍ ഒഴുകി വെള്ളപ്പൊക്ക സാദ്ധ്യത ഉയര്‍ത്തും. ഇതാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്.

അതിശയകരം എന്ന് തന്നെ പറയട്ടെ, കേരളത്തിലെ ഒട്ടു മിക്കവാറും അണക്കെട്ടുകളും ഓവര്‍ഫ്ലോ ഷട്ടറുകള്‍ ഉള്ളവ ആണ്. അതിനാല്‍ ഉയര്‍ന്ന ജല നിരപ്പ് അധികാരികളുടെ നിയന്ത്രണത്തിനു വിധേയമായി ഇരിക്കുന്നു. വെള്ളം കൂടിയ ഉയരത്തില്‍  നിന്ന് ഉയരുന്നതിന് ആനുപാതികമായി താഴെ നദിയിലേക്ക് സ്പില്‍ വേയില്‍ കൂടി പതിക്കുന്നില്ല. ഷട്ടര്‍ ഇല്ലാത്ത സ്പില്‍വേ എപ്പോഴും തുറന്നിരിക്കുന്നതാണ്. എന്നാല്‍ ഷട്ടര്‍ ഉള്ള  സ്പില്‍വേകള്‍ സാധാരണയായി അടച്ചു വച്ചിരിക്കുന്ന പതിവാണ് ഉള്ളത്. അപ്പോള്‍ ഷട്ടര്‍ അടച്ചു വച്ച്  സ്പില്‍വേയുടെ നിരപ്പിനു മുകളില്‍ അധികമായി പല അടി വെള്ളം ഉയര്‍ത്തുവാനും അണക്കെട്ടിന്റെ ജല സംഭരണശേഷി ഉയര്‍ത്തുവാനും കഴിയും. ഇത് പക്ഷേ ചെയ്യേണ്ടത് അണക്കെട്ടിനെ നിയന്ത്രിക്കുന്ന സാങ്കേതിക അധികാര കേന്ദ്രങ്ങളുടെ തീരുമാനങ്ങള്‍ക്ക് വിധേയമായിട്ട് ആയിരിക്കണം . മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും അത്യധികം സാങ്കേതിക നിപുണതയും ഭരണ നിപുണതയും ഒന്നിച്ചു വേണ്ടി വരുന്ന ഒരു കാര്യവുമാണ്. വലിപ്പവും ഭാരവുമുള്ള സ്പില്‍വേ ഷട്ടറുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുന്നത് ശ്രമകരമായ കാര്യമാണ്. ചിലപ്പോള്‍ ഈ യന്ത്ര സംവിധാനങ്ങള്‍ പണിമുടക്കി ഉടക്കിയെന്നുമിരിക്കും. അതിനാല്‍ ഷട്ടര്‍ ഇല്ലാത്ത ഓവര്‍ഫ്ലോ സ്പില്‍വേ വിദേശ രാജ്യങ്ങളില്‍ പല അണക്കെട്ടുകളിലും കൊടുത്തിരിക്കുന്നത് കാണാം. ഇങ്ങനെ ഒന്ന് കേരളത്തിലെ ഡാമുകളില്‍ ഇല്ല എന്ന് തന്നെ പറയാം.

അപ്പോള്‍ ഡാം ഷട്ടര്‍ നിയന്ത്രണം പലപ്പോഴും നിയന്ത്രണാതീതം ആയി പോകുന്നത് നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ ഭരണയന്ത്ര പരിമിതികള്‍ മൂലം ആണെന്ന് പറയേണ്ടി വരും . ചിലപ്പോഴൊക്കെ, ഇപ്പോള്‍ പറ്റിയ പോലെ, അത് വലിയ അപകടങ്ങളില്‍ എല്ലാവരെയും എത്തിച്ചെന്നും ഇരിക്കും.

എന്താണ് സംഭവിച്ചതെന്ന് നോക്കാം.

ഇക്കൊല്ലം നമ്മുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ വരള്‍ച്ച എല്ലാം മാറ്റുന്ന തരത്തില്‍ പ്രകൃതിയും  ദൈവവും കനിഞ്ഞു നമുക്ക് മഴ തന്നു.

നമ്മുടെ നദികളില്‍ വെള്ളം കര കവിയുന്ന രീതിയില്‍ പൊങ്ങി. നമ്മുടെ എല്ലാ അണക്കെട്ടുകളും വെള്ളത്താല്‍ സമൃദ്ധമായി. വെള്ളം അണക്കെട്ടുകളുടെ ഉയര്‍ന്ന ജല വിതാനത്തിന് അടുത്തേക്ക്‌ ഉയര്‍ന്നു കൊണ്ടിരുന്നു.

മനുഷ്യ നിയന്ത്രണം ഇല്ലാത്ത ഓവര്‍ഫ്ലോ വിയറുകള്‍ ആയിരുന്നു നമ്മുടെ ഡാമുകളില്‍ എങ്കില്‍ വെള്ളം ഒരു പ്രശ്നവും ഇല്ലാതെ നദികളിലേക്ക് ഒലിച്ചു പോയേനെ. നമ്മുടെ ഡാമുകള്‍ സ്പില്‍വേ നിരപ്പില്‍ നിറഞ്ഞും നിന്നേനെ.

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലായിരുന്നു കേരളത്തില്‍.

നമ്മുടെ ഡാമുകളുടെ ജല ഉയരം നമ്മുടെ വൈദ്യുതി കമ്പനിയുടെയും അതിനെ നിയന്ത്രിക്കുന്ന ജനപ്രതിനിധികളായ മന്ത്രിമാരുടെയും ഒക്കെ തീരുമാനങ്ങള്‍ അനുസരിച്ച് അണക്കെട്ട് ഷട്ടറുകള്‍  പ്രവര്‍ത്തിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ കൈകളില്‍ ആയിരുന്നു.

തീരുമാനങ്ങളും ഷട്ടര്‍ പൊക്കല്‍ താക്കല്‍ പരിപാടികളും മുറപോലെ നടന്നു. എന്നാല്‍ അത് മഴമൂലം വെള്ളം പൊങ്ങി നിന്ന നദികളുടെ ശേഷിക്കു മുകളില്‍ വരുന്ന കുത്തൊഴുക്ക്‌ ഉണ്ടാക്കാനുള്ള കാരണങ്ങള്‍ ആയി. തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍  സാങ്കേതിക-ഭരണ നിപുണത കൈവിട്ടു പോയി എന്ന് കരുതണം.

കേരളത്തിന്‍റെ ഭാഗ്യദോഷം എന്നല്ലാതെ എന്ത് പറയാന്‍.

ബുദ്ധിക്കു കുഴപ്പം ഒന്നും വന്നില്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ. ഡാമുകളുടെ ഉയര്‍ന്ന ജല നിരപ്പ് നമുക്ക് മന്ത്രി നിയന്ത്രണത്തില്‍ വേണമോ അതോ അതില്‍ കൂടുതല്‍ ഒരു കാരണവശാലും ഉയരാതെ മനുഷ്യ നിയന്ത്രണം ഇല്ലാത്ത രീതിയില്‍ വേണമോ?

ഒരു ബക്കെറ്റ് വെള്ളം ഒന്നിച്ചു കാല്‍ച്ചുവട്ടില്‍ ഒഴിച്ചാല്‍ മണ്ണിളകി കാലില്‍ ചെളിയും മണ്ണും കയറും. അത് പതുക്കെ എടുത്തു ഒഴുക്കിയാല്‍ കാല്‍ വൃത്തിയായി കഴുകാം. രണ്ടും  ഒരു ബക്കെറ്റ് വെള്ളം തന്നെ.

കേരളത്തിനു ഇനിയും ഡാമുകളില്‍ ഉയര്‍ന്ന ജലനിരപ്പ്‌ നിയന്ത്രണം വേണ്ട എന്ന് വയ്ക്കാന്‍ നമ്മുടെ അധികാരികള്‍ മനസ്സ് വയ്ക്കണം. കുറഞ്ഞ പക്ഷം മേല്പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടോ എന്ന് തെളിഞ്ഞ ബുദ്ധിയോടെ ആലോചിച്ചെങ്കിലും നോക്കണം.

ഇന്ത്യയിലെയും വിദേശത്തെയും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങള്‍ മഴ ഇനിയെത്ര പെയ്യും എന്ന് ഒരുവിധം നന്നായി തന്നെ ഇക്കൊല്ലം പ്രവചിച്ചതാണ്. അപ്പോള്‍ സ്പില്‍വേ ലെവല്‍ വരെ ഡാമില്‍ വെള്ളം എത്തിയപ്പോഴേ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വയ്ക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്യാതെ സ്പില്‍വേ ലെവെലിനു മുകളിലേക്ക് വെള്ളം ആവുന്നത്ര  ഉയര്‍ത്തി വൈദ്യുതി ഉത്‌പാദനത്തിന് ഉപയോഗപ്പെടുത്താനുള്ള  ഉത്സുകതയില്‍ വെള്ളം ഡാമുകളില്‍  ഉയര്‍ന്നു കവിഞ്ഞൊഴുകുന്ന സ്ഥിതി പെട്ടെന്ന് സംജാതമായി. അപ്പോള്‍ ഡാമുകള്‍ കവിയുകയും പൊട്ടുകയും ചെയ്യുമോ എന്ന ഭയം ഉടലെടുക്കുകയും പെട്ടെന്ന് ഷട്ടറുകള്‍ പരമാവധി ഒന്നിച്ചു തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തത് മൂലം അപ്രതീക്ഷിത വെള്ളപ്പൊക്കം സംജാതമായി.  ശാസ്ത്രീയമായി അപഗ്രഥിച്ച് തീരുമാനം എടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ ഈ വന്നു ഭാവിച്ച ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞേനെ എന്നാണു എനിക്ക് തോന്നുന്നത്.

ഏതായാലും വന്നത് വന്നു. ഇനിയെങ്കിലും ഇങ്ങനെ ഒരു  ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ. അതിനു കഴിയുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം.

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.