Tuesday, February 19, 2013

പട്ടണവാസികള്‍ ആകാന്‍ വെമ്പുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക് !

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരളത്തില്‍ നിന്നും ഉപജീവനാര്‍ത്ഥം നാട് വിടുന്ന മലയാളികളുടെ അഭയ കേന്ദ്രം ആയിരുന്നു ഇന്ന് മുംബൈ എന്നറിയപ്പെടുന്ന ബോംബെ നഗരം. അന്ന് മുംബയിലെ കുടുസ് ഫ്ലാറ്റ് മുറികളില്‍ ഊഴം വച്ചു ഉറങ്ങിയിരുന്ന തലമുറകളുടെ കൈയില്‍ അവരുടെ നാടന്‍ കസിന്‍മാരെ അപേക്ഷിച്ചു ഒരു പക്ഷെ കാശ് കൂടുതല്‍ കാണുമായിരുന്നിരിക്കണം. നാട്ടുകാര്‍ ഫാഷന്‍ എന്ത് എന്ന് മനസ്സിലാക്കിയത് ബോംബെക്കാരെ നോക്കിയാണ് എന്ന് വേണമെങ്കില്‍ പറയാം.

ബോംബെവാസികളായ മലയാളികള്‍ പക്ഷെ ശ്വാസം നന്നായി എടുത്തിരുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ എത്തുമ്പോഴായിരുന്നു എന്നത് അവരുടെ നാട്ടുകാരായ സ്വന്തക്കാര്‍ ഒരു പക്ഷെ മനസ്സിലാക്കി കാണില്ലായിരിക്കാം.

അത് മനസ്സിലാകണമെങ്കില്‍ ബോംബെ നേരില്‍ കാണണം.

അങ്ങനെ ഒരവസരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എനിക്ക് ലഭിച്ചു. മുംബയിലെ മാത്രമല്ല അതുപോലെ ഉള്ള ഇന്ത്യയിലെ എല്ലാ മഹാനഗരങ്ങളുടെയും അവസ്ഥ ഏതാണ്ട് ഒരുപോലെ ആണെന്ന് മനസ്സിലാക്കാനും സാധിച്ചു.

നഗര ആസൂത്രണമെന്ന കൊനഷ്ടു വിദ്യ ഇന്ത്യക്കാരെ പരിശീലിപ്പിക്കാന്‍ പണ്ട് ഇന്ത്യ ഭരിച്ചിരുന്ന സായിപ്പന്മാര്‍ കുറെ ഒക്കെ പരിശ്രമിച്ചെങ്കിലും നടന്നില്ല. വളരെ ശ്രദ്ധ വച്ച് അവര്‍ സിവില്‍ എഞ്ചിനീയറിംഗ് ഉപരി അഭ്യസന വിദ്യയായി മുനിസിപല്‍ എന്ജിനീരിങ്ങും സാനിട്ടറി എന്ജിനിയരിങ്ങും ഒക്കെ ചില നല്ല സാങ്കേതിക വിദ്യാ കേന്ദ്രങ്ങളില്‍ തുടങ്ങി വച്ചെങ്കിലും അതൊക്കെ സായിപ്പനെ വിറ്റ വിദ്യ അറിയാവുന്ന ഇന്ത്യക്കാര്‍ അട്ടിമറിച്ചെന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

ഏതായാലും അത് നിമിത്തം ഇന്ത്യയിലെ മഹാ നഗരങ്ങള്‍ ഒരു ആസൂത്രണവുമില്ലാതെ തന്നത്താന്‍ അങ്ങ് വളര്‍ന്നു വികസിച്ചു.

മനുഷ്യന് കുടിക്കാന്‍ പറ്റിയ വെള്ളമെത്തിക്കുന്നതും, മലമൂത്ര വിസര്‍ജനങ്ങള്‍ അടക്കമുള്ള മാലിന്യം നീക്കം ചെയ്യുന്നതും, ഗതാഗത സൗകര്യം ഒരുക്കുന്നതും, മഴവെള്ളവും മലിന ജലവും ഒഴുക്കി വിടുന്നതും ഒക്കെ രാഷ്ട്രീയര്‍ക്കാര്‍ക്ക് അടക്കം ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ചെറുകിട സാങ്കേതിക വിദ്യകളായി പരിണമിക്കുകയും ചെയ്തു.

അപ്പോപ്പിന്നെ ബോംബയും ചെന്നൈയും ഡല്‍ഹിയും ഒക്കെ നാറ്റ നഗരങ്ങള്‍ ആയതില്‍ അതിശയം ഒന്നും ഇല്ലല്ലോ.

അതൊക്കെ അങ്ങ് ഉത്തര ഇന്ത്യയിലെ കാര്യം ആയിരുന്നു കുറെ നാള്‍ മുമ്പ് വരെ. കേരളക്കാര്‍ പട്ടണങ്ങളെ അത്രയധികം സ്നേഹിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍.

ഗ്രാമങ്ങളില്‍ തങ്ങള്‍ക്കുള്ള വസ്തു വകകളില്‍ മഹാസൌധങ്ങള്‍ കെട്ടിപ്പൊക്കാന്‍ പട്ടണങ്ങളിലെ മലിനത മൂലം സഹി കെട്ടിരുന്ന മലയാളികള്‍ ശ്രദ്ധ വച്ചു. കേരളം ആകപ്പാടെ ഒരു സുന്ദര ദേശം ആകാന്‍ അത് സഹായകമായി.

പട്ടണവുമല്ല, ഗ്രാമവുമല്ല എന്ന മട്ടിലോ അത് രണ്ടും കൂടിയ മട്ടിലോ ഒക്കെ ആയി കേരളം.

റോഡും ഗതാഗതവും വൈദ്യുതി വിതരണവും സര്‍ക്കാര്‍ ചുമതലയിലും ബാക്കിയൊക്കെ സ്വയം പര്യാപ്തതയിലും എന്ന രീതിയില്‍ കേരളം മുന്നേറി. അധികമൊന്നും നാറാത്ത ഒരു വികസന പ്രക്രിയ.

എന്നാല്‍ പിന്നീട് കമ്പ്യൂട്ടര്‍ വിപ്ലവവും വിനോദ സഞ്ചാര വിപ്ലവവും ആരോഗ്യപരിപാലന സേവന വിപ്ലവവും അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന കേരളത്തിലെ ചെറു പട്ടണങ്ങളെ വിഴുങ്ങി കളഞ്ഞു എന്ന് പറയാം.

ഉള്‍നാടുകളില്‍ നല്ല വീടുകളില്‍ കഴിഞ്ഞിരുന്ന പുത്തന്‍ തലമുറയ്ക്കും പഴമക്കാര്‍ക്കും പട്ടണങ്ങളില്‍ ചേക്കേറാന്‍ പൂതി കൂടി. പട്ടണ പ്രദേശങ്ങളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന സ്ഥലങ്ങള്‍ അമ്പര ചുംബികളെ കൊണ്ട് നിറഞ്ഞു. അതില്‍ വസിക്കുന്ന പതിനായിരങ്ങള്‍ക്ക് അവരുടെ മാലിന്യം ആര് എവിടെ കൊണ്ട് കളയുന്നു എന്ന് ഒരു പിടിയുമില്ല ! 

പണ്ടത്തെ മുംബൈ നഗരത്തെക്കാള്‍ നാറുന്ന നഗരങ്ങള്‍ ആയി കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍ കൊച്ചിയും അനന്തപുരിയും ഒക്കെ.

ഇങ്ങനെ ഒരു അനര്‍ത്ഥം ഒരു പക്ഷെ പട്ടണത്തെ സ്നേഹിച്ചു പോയവര്‍ ഒരു പക്ഷെ സ്വപ്നത്തില്‍ പോലും നിരൂപിച്ചു കാണില്ല.

അവരുടെ പ്രശ്നങ്ങള്‍ കൈ കാര്യം ചെയ്യാന്‍ കഴിവുള്ള രാഷ്ട്രീയക്കാരും ഇല്ലാതെ പോയി.

പറഞ്ഞിട്ടെന്തു കാര്യം ? രാഷ്ട്രീയക്കാരെ ഉപദേശിക്കാന്‍ പറ്റിയ സാങ്കേതിക വിദ്വാന്‍മാരും ഇല്ലെന്നു തോന്നുന്നു.

നിങ്ങള്‍ക്ക് എന്തു തോന്നുന്നു ?


[View the linked list of all Blogs of the Author Here ! ]

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.