Powered By Blogger

Saturday, September 6, 2014

മനുഷ്യരില്‍ സാമൂഹിക ഐക്യം എപ്പോള്‍ സാദ്ധ്യമാകും?

[The following is an independent Malayalam language [Visit this Page to make your PC Malayalam enabled] translation  of a passage taken from Paper-56 of my favorite book of life guidance. In this passage, the celestial authors of the book tell us the prerequisite for attaining social brotherhood in our planet, earth.]

നിങ്ങളുടെ ഇടയില്‍ സാമൂഹിക ഐക്യം ഭാവിയില്‍ ഒരു കാലത്ത് തീര്‍ച്ചയായും ഉണ്ടാകും. നിങ്ങളുടെ ഭൂമി മറ്റു ലോകങ്ങളെ പോലെ ഒരു സാധാരണ ജീവ ഗോളം ആയിരുന്നെങ്കില്‍ ഒരു പക്ഷെ, സാമൂഹിക ഐക്യം നിങ്ങളില്‍ വളരെ പണ്ടേ തന്നെ ഉണ്ടാകുമായിരുന്നു. സമാധാന പ്രഭുവും ദൈവപുത്ര അവതാരവുമായ യേശു ക്രിസ്തു നിങ്ങളുടെ ഭൂമിയില്‍ വന്നു പോയതിനു ശേഷം അങ്ങനെ ഒരു സാഹോദര്യം നിങ്ങളുടെ ഇടയില്‍ അതിവേഗം വളരേണ്ടിയിരുന്നു.

എന്നാല്‍ നിങ്ങളുടെ ഭൂമി മറ്റു ലോകങ്ങളെ പോലെ ഒരു സാധാരണ ജീവ ഗോളം അല്ലാതെ പോയി. തലതിരിഞ്ഞ ഒരു പുരോഗമന രീതിയാണല്ലോ നിങ്ങളുടെ ഭൂമിയില്‍. അതിനുള്ള കാരണം ഞങ്ങള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തിയ ഈ പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ.

വരും കാലങ്ങളില്‍ സാമൂഹിക ഐക്യം നിങ്ങളില്‍ എപ്രകാരം സാധിക്കും എന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

നിങ്ങളുടെ ഇടയില്‍ ഭൂഖണ്ഡാന്തര യാത്രകളും വിദേശ യാത്രകളും മറ്റും ഇനിയുള്ള കാലങ്ങളില്‍ വര്‍ദ്ധിച്ചു വരും.  വിവാഹം, തൊഴില്‍ മുതലായവയില്‍ കൂടിയുള്ള സാമൂഹികവും, മതപരവും മറ്റുമായ ബന്ധങ്ങളും വര്‍ദ്ധിക്കും. സുഹൃത്ത് ബന്ധങ്ങളും സൌഹൃദ മത്സരങ്ങളും വര്‍ദ്ധിക്കും. നിങ്ങളില്‍ പല ഭാഷകള്‍ സംസാരിക്കുന്നവര്‍ വര്‍ദ്ധിക്കും. ക്രമേണ നിങ്ങള്‍ ഒരു ഭാഷ സംസാരിക്കുന്നവര്‍ ആയി തീരും. 

നിങ്ങളുടെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, തത്വ ചിന്തകരും, വ്യവസായ പ്രമുഖരും, മത പണ്ഡിതരും ഒക്കെ പരസ്പരം വിദേശ ബന്ധങ്ങളും ആശയ വിനിമയങ്ങളും നടത്തുന്നത് ഒരു സാധാരണ കാര്യം ആയിത്തീരും.

സാംസ്കാരിക ഉന്നമനം ഇല്ലാത്ത പഴയ ചിന്തഗതിക്കാരില്‍ തന്‍കാര്യം മാത്രമേ കാണുകയുള്ളൂ. അങ്ങനെ ഉള്ളവര്‍ പുരോഗതി പ്രാപിക്കുകയില്ല. എന്നാല്‍ കാല ക്രമേണെ ഇങ്ങനെയുള്ളവര്‍ കുറഞ്ഞുവരും. പുതിയ തലമുറകള്‍ പഴയവരെക്കാള്‍ പുരോഗമനം പ്രാപിച്ചവര്‍ ആയിരിക്കും.

മറ്റു ദേശക്കാരെയും ഭാഷക്കാരെയും മതക്കാരെയും പരസ്പരം മനസ്സിലാക്കാന്‍ നിങ്ങളുടെ പുരോഗമന ചിന്തയുള്ള  എഴുത്തുകാര്‍ സഹായകമാകും. സാഹിത്യ വിനിമയം കൂടുതലായി നടന്നു നിങ്ങള്‍ മറ്റുള്ളവരെ കൂടുതല്‍ അടുത്തറിയുന്ന കാലം വരും.

ഓര്‍ക്കുക! അറിവില്ലായ്മ സംശയം കൂട്ടും. സംശയം സ്നേഹവും മമതയും കുറയ്ക്കും.

എല്ലാ ദേശക്കാരും മറ്റു ദേശക്കാരെയും ഭാഷക്കരെയും മനസ്സിലാക്കാന്‍ ശ്രമിക്കണം. അവരുടെ വികാരങ്ങള്‍ ആത്മ സംയമനത്തോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. വരും കാലങ്ങളില്‍ നിങ്ങളുടെ പുത്തന്‍ തലമുറകള്‍ക്ക് അത് നിങ്ങളെക്കാള്‍ മെച്ചമായി സാധിക്കും.

ധാര്‍മികമായ ഉള്‍ക്കാഴ്ച മനുഷ്യന്റെ അസഹിഷ്ണത എന്ന ദുരാചാര മുഖം മൂടി വലിച്ചെറിയുന്ന ഒരു കാലം വരും.  ധാര്‍മിക ജ്ഞാനം മാത്രമേ ജാതിപരമായും വര്‍ഗീയമായും ദേശീയമായും ഒക്കെ നില നില്‍ക്കുന്ന നിങ്ങളുടെ ഇടയിലെ അസൂയയും സ്പര്‍ദ്ധയും കുഴിച്ചു മൂടാന്‍ നിങ്ങളെ സഹായിക്കുകയുള്ളൂ. സദാചാര നിരതരായ നിങ്ങളിലെ വ്യക്തികള്‍ മാത്രമേ ആത്മീയ ഉള്‍ക്കാഴ്ച നേടാന്‍ ശ്രമിക്കുകയുള്ളൂ. സ്വര്‍ണ ലിപികളില്‍ എഴുതപ്പെട്ട ജീവിത നിയമം അതാണ്‌.

വൈകാരിക പക്വത ആത്മ സംയമനം കൈവരിക്കാന്‍ അത്യാവശ്യം ആണ് എന്ന് ഓര്‍ക്കുക. അതില്ലാത്ത നിങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഇല്ലതെയാക്കാന്‍ സാധിക്കുകയില്ല. സായുധ പോരാട്ടങ്ങള്‍ വൈകാരിക പക്വത ഇല്ലായ്മയുടെ ലക്ഷണം ആണ്. നിങ്ങളുടെ പൂര്‍വികര്‍ക്ക് ഇത് നിങ്ങളുടെ അത്രയും ഇല്ലായിരുന്നു. എന്നാല്‍ നിങ്ങളുടെ വരും തലമുറകള്‍ക്ക് ഇത് നിങ്ങളെക്കാള്‍ അധികം ഉണ്ടായിരിക്കും.

സ്വാര്‍ഥമായ രാഷ്ട്രീയ നിപുണത ആത്യന്തികമായി ആത്മഹത്യാ പരം ആണെന്ന് ഓര്‍ക്കണം. ശാശ്വതമായ നിങ്ങളിലെ എല്ലാ ഗുണങ്ങളെയും നശിപ്പിക്കുന്ന ഒന്ന് ആണ് തന്‍ കാര്യ സിദ്ധമായ നിപുണത. ഭൂമിയിലെ മനുഷ്യ വര്‍ഗത്തിന്റെ നിലനില്‍പ്പിനെ തന്നെ അത് പ്രതികൂലമായി ബാധിച്ചേക്കും. സ്വയം നശിക്കാന്‍ നിങ്ങള്‍ ബോധപൂര്‍വം  കച്ച കെട്ടി ഇറങ്ങിയാല്‍ ഞങ്ങള്‍ അതില്‍ ഇടപെടുകയില്ല. എന്നാല്‍ ഒരിക്കലും നിങ്ങളിലെ അഹങ്കാരികള്‍ക്ക് എല്ലാവരെയും ഒരു പോലെ നാശത്തിലേക്ക് തള്ളിയിടാന്‍ സാധിക്കുകയില്ല.

മനുഷ്യന്റെ സാഹോദര്യം നില നില്‍ക്കുന്നത് ദൈവത്താലുള്ള പിതൃ ബന്ധത്തില്‍ കൂടിയാണ് എന്ന് ഓര്‍ക്കുക. അത് മനസ്സിലാക്കാന്‍ സാധിക്കാതെ വരുമ്പോള്‍ നിങ്ങള്‍ക്ക് സഹോദര്യവും ആത്മ ബന്ധവും ഐക്യവും സ്നേഹ ബന്ധങ്ങളും നില നിര്‍ത്താന്‍ പ്രയാസകരം ആകും. അതിനു ആത്മിക രൂപാന്തരം പ്രാപിക്കാന്‍ കഴിയണം. ഇന്നത്തെ നിങ്ങളുടെ മനുഷ്യകുലത്തിനു അത് സാധിക്കുമോ?

നിങ്ങളിലെ സാഹോദര്യം വര്‍ദ്ധിപ്പിക്കാന്‍  നിങ്ങളുടെ ആത്മിക ഉള്‍ക്കാഴ്ച വര്‍ദ്ധിക്കണം. അതിനു ഒരു പക്ഷെ ഞങ്ങള്‍ തരുന്ന ഉന്നതമായ വെളിപ്പെടുത്തലുകളും അറിവും നിങ്ങളെ സഹായിച്ചേക്കാം. അത് പക്ഷെ നിങ്ങള്‍ എല്ലാവരിലും ഒരു തലമുറയില്‍ തന്നെ കൊണ്ടുവരാന്‍ സാധിക്കുകയില്ല. നിങ്ങളുടെ എല്ലാവരുടെയും ബുദ്ധിപരമായ വികാസം ഒരു പോലെ അല്ലല്ലോ. ആകാംക്ഷയും ഉല്‍സുകതയും കൂടിയത് കൊണ്ട് നാളെ മുളക്കേണ്ട വിത്ത്‌ ഇന്ന് മുളക്കില്ലല്ലോ.

ഓര്‍ക്കുക. ഈ പ്രപഞ്ചത്തില്‍ നിങ്ങളുടെ ഭൂമിയെക്കാള്‍ വളരെയധികം പുരോഗതി നേടിയ അനേകായിരം ഗ്രഹങ്ങള്‍ ഉണ്ട്. അവയൊക്കെ വളരെയധികം പ്രകാശ വര്‍ഷങ്ങള്‍ക്കു അപ്പുറം ആയിരിക്കുന്നത് മൂലം നിങ്ങള്‍ക്ക് അവയെ കാണാനും മനസ്സിലാക്കാനും സാധിക്കുന്നില്ല എന്നു മാത്രം. നിങ്ങളുടെ ഈ ശരീരത്തില്‍ നിങ്ങള്‍ക്ക് അവിടെ എത്തി ചേരാനും പറ്റുകയില്ല.

എന്നാല്‍ എങ്ങനെയെങ്കിലും അങ്ങനെ ഒരു ഗ്രഹത്തില്‍ നിങ്ങള്‍ ചെന്ന് പെട്ടാല്‍ അവിടത്ത മനുഷ്യരുടെ പുരോഗതി കണ്ടു നിങ്ങളുടെ കണ്ണ് തള്ളിപ്പോകും. നിങ്ങളുടെ ഭാവനയിലെ സ്വര്‍ഗം അതാണോ എന്നു നിങ്ങള്‍ക്ക് തോന്നി പോകും. എന്നാല്‍ മനുഷ്യപുത്രരേ! അത് നിങ്ങളെ പോലെ യുള്ള മനുഷ്യര്‍ മാത്രം. നിങ്ങളെക്കാള്‍ പല മടങ്ങ്‌ പുരോഗതി നേടിയവര്‍ എന്നു മാത്രം. ഞങ്ങള്‍ വസിക്കുന്ന സ്വര്‍ലോകങ്ങള്‍ അതല്ല എന്നു മനസ്സിലാക്കുക. എന്നാല്‍ നിങ്ങളില്‍ ചിലര്‍ ഒരിക്കല്‍ ഞങ്ങളുടെ സ്വര്‍ലോകങ്ങളിലും എത്തിച്ചേരുന്ന ഒരു സമയം വരും എന്നും ഓര്‍ക്കുക. അതുപോലെ തന്നെ മറ്റു ഭൂലോകങ്ങളിലെ മനുഷ്യരും!

നല്ല ജീവിതം നയിക്കാന്‍ സ്വയം പഠിക്കുക. ആദ്യം വേണ്ടത് മറ്റുള്ളവരെ സ്നേഹിക്കാനും മനസ്സിലാക്കാനും ഉള്ള ഗുണം വര്‍ധിപ്പിക്കുക എന്നതാണ്. അസൂയയും, തന്‍കാര്യവും, വിദ്വേഷവും, മനസ്സില്‍ നിന്നും തൂത്തു കളയാന്‍ ശീലിക്കുക. മറ്റുള്ളവരെ അടിച്ചു ഒതുക്കിയും നശിപ്പിച്ചും നിങ്ങള്‍ക്ക് സമാധാന പരമായും സന്തോഷമായും ജീവിക്കാന്‍ സാധിക്കുകയില്ല. കാലാ കാലങ്ങളായി നിങ്ങളുടെ മാനസിക വികാസം പൂര്‍ത്തിയാകാത്ത പൂര്‍വികര്‍ അതാണ്‌ ചെയ്തു കൊണ്ടിരുന്നത് എന്നു അറിയുക. ഇന്ന് നിങ്ങള്‍ അങ്ങനെ അല്ല. പുരോഗമന പാതയില്‍ എത്തി പെട്ടവര്‍ ആണെന്നു ഓര്‍ക്കണം. പുരോഗമനപരമായ ആത്മിക വീക്ഷണം കൈകൊള്ളാന്‍ നിങ്ങള്‍ക്ക് മനസ്സ് വച്ചാല്‍ സാദ്ധിക്കാവുന്നതാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും കഴിയില്ലെങ്കില്‍ പോലും!

നിങ്ങള്‍ക്ക്  ഞങ്ങളെ കാണാന്‍ കഴിയില്ലെങ്കിലും ഞങ്ങള്‍ നിങ്ങളെ കാണുന്നു. നിങ്ങളുടെ വീഴ്ചകളും നിങ്ങളുടെ പുരോഗതിയും ഞങ്ങള്‍ വീക്ഷിച്ചു കൊണ്ടേയിരിക്കുന്നു.

ആകുലത വെടിഞ്ഞു നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന സൌകര്യങ്ങളും കഴിവുകളും പരസ്പര സഹായക രീതിയില്‍ ഉപയോഗിച്ച് നന്മയില്‍ മുന്നേറുക!

അപ്പോള്‍ നിങ്ങളില്‍ സാമൂഹിക ഐക്യം കൈവരും. നിങ്ങളുടെ ഭൂമി ഒരു കൊച്ചു സ്വര്‍ഗം ആയി തീരും.

നിങ്ങള്‍ക്ക് നല്ലത് വരട്ടെ! 

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.