Friday, January 29, 2016

വിവാഹമോചനവും ബ്രഹ്മചര്യയും:യേശുകിസ്തുവിന്റെ ഉപദേശങ്ങളില്‍ ചിലത്!

[The text below is in Malayalam language. To display it in this language, the computer should be enabled for Malayalam uni code font. The article highlights the teachings of Jesus Christ about marriage, divorce and celibacy and also highlights the importance of family life, man-woman relationship in the universal plans of God as taught by Jesus and as revealed in the Urantia Book- the book of life guidance of the blog author]

ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു യേശുക്രിസ്തു ഈ ഭൂമിയില്‍ ഒരു സാധാരണ മനുഷ്യനായി ജീവിച്ചിരുന്നത്. അന്നത്തെ മനുഷ്യ ജാതികളില്‍ താരതമ്യേന ഉയര്‍ന്ന മതപരമായ ഉള്‍ക്കാഴ്ച നേടിയിരുന്ന ജൂതന്മാരുടെ നാട്ടില്‍ ഒരു സാധാരണ യഹൂദ കുടുംബത്തിലെ അംഗം ആയിരുന്നു യേശു എന്ന് നാം ഇപ്പോള്‍ വിളിക്കുന്ന യോശ്വ ബെന്‍ യോസേഫ്. 

യേശുവിനെ ദൈവപുത്രന്‍ എന്ന് എന്തു കൊണ്ട് പറയുന്നു എന്ന കാര്യത്തിലേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. അദ്ദേഹം ഒരു ചരിത്രപുരുഷന്‍ ആയിരുന്നോ അല്ലയോ എന്ന വിവാദത്തിലെക്കും തല്‍ക്കാലം കടക്കുന്നില്ല. ക്രിസ്ത്യാനികളുടെ വേദ പുസ്തകവും എന്റെ ഈ ലേഖനത്തിന്റെ അടിസ്ഥാനമായി ഞാന്‍ എടുക്കുന്നില്ല. എന്നാല്‍ ഞാന്‍ ഇപ്പോള്‍ എന്റെ ജീവിത വഴികാട്ടിയായി കരുതുന്ന ഭൂമിപുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ചിലത് ഈ ലേഖനത്തിന്റെ അടിസ്ഥാനം ആകുന്നു എന്ന് ആമുഖമായി പറയാന്‍ എനിക്ക് സന്തോഷമേയുള്ളൂ!

ഇളയ അഞ്ചാറു സഹോദരങ്ങളില്‍ മൂത്ത പുത്രന്‍ ആയിരുന്നു യോശ്വ എന്ന യേശു. ഭൂമിയില്‍ അദ്ദേഹം എല്ലാ മനുഷ്യരെയും പോലെ സാധാരണ മനുഷ്യന്‍ മാത്രം ആയിരുന്നു. എന്നാല്‍ ഈ ഭൂമിയില്‍ ഒരു മനുഷ്യ ജന്മം എടുക്കുന്നതിനു മുമ്പ് അദ്ദേഹം വാസ്തവത്തില്‍ നമ്മുടെ ഭൂമിയുടെയും അത് ഉള്‍പെടുന്ന ഒരു വലിയ പ്രപഞ്ച ക്ഷേത്രത്തിന്റെയും സൃഷ്ടിയ്ക്ക് നേതൃത്വം വഹിച്ച ഒരു ദൈവിക വ്യക്തിത്വം ആയിരുന്നു എന്ന് ഭൂമി പുസ്തകം വെളിപ്പെടുത്തുന്നു. സൃഷ്ടി കര്‍ത്താവ്‌ എന്ന നിലയില്‍ നിന്നും സൃഷ്ടിയുടെ ഭരണ കര്‍ത്താവ്‌ എന്ന ഒരു മാറ്റം അദ്ദേഹത്തിനു അനിവാര്യമായ ഒന്നായിരുന്നു. അത് എല്ലാ പ്രപഞ്ചങ്ങളുടെയും മൂലാധാരമായ ദൈവത്തിന്റെ മാറ്റമില്ലാ നീതിയുടെ ഒരു ഭാഗമായ അനിവാര്യത ആയിരുന്നു എന്നതും ഒരു പരമ സത്യം മാത്രം! ആ ദൈവിക നീതിയില്‍ പ്രപഞ്ച സൃഷ്ടി കര്‍ത്താക്കള്‍ തങ്ങളുടെ പ്രധാന ജീവ സൃഷ്ടികളുടെ ജീവിതം സ്വയം അനുഭവത്തില്‍ വരുത്തേണ്ടത് അവയുടെ ഭരണ കര്‍ത്താക്കള്‍ ആകും മുമ്പേ ചെയ്തിരിക്കണമായിരുന്നു.

യേശു മനുഷ്യനായി അവതരിച്ചത് അതിനാണ്. അദ്ദേഹം നമ്മുടെ ദൈവം തന്നെ ആയിരുന്നെങ്കില്‍ പോലും മനുഷ്യനായി ജീവിച്ചപ്പോള്‍ മനുഷ്യന്‍ മാത്രം ആയിരുന്നു. ദൈവിക അധികാരങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നെങ്കില്‍ കൂടിയും അദ്ദേഹം അത് ചെയ്തില്ല. കാരണം അങ്ങനെ ആയാല്‍ അദ്ദേഹത്തിന്റെ മനുഷ്യ ജീവിതത്തിന്റെ പരിപൂര്‍ണതയ്ക്ക്  അതൊരു  വിഖാതം ആയിരുന്നേനെ. എന്നാല്‍ തന്റെ സാധാരണ മനുഷ്യ ജീവിതം കൊണ്ട് കളങ്കമില്ലാത്ത മനുഷ്യ ജീവിതം എങ്ങനെ ജീവിക്കാം എന്ന് അദ്ദേഹം തന്റെ ചുറ്റുമുള്ള മനുഷ്യര്‍ക്ക്‌ മനസ്സിലാക്കി കൊടുത്തു. അരൂപിയായ ദൈവത്തിനെ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തി കൊടുക്കാനും യേശു വളരെ പരിശ്രമിച്ചു. അഹങ്കാരികളായ അല്പപ്രാണികള്‍ ആയ മനുഷ്യരെ നിഷ്കളങ്ക ജീവിത മൂല്യങ്ങള്‍ പ്രായോഗികമായി പഠിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല യേശുവിനു പോലും. നിഷ്കളങ്കതയെ അവഹേളിക്കുന്ന ചില അമാനുഷിക ശക്തികള്‍ ഭൂമിയില്‍ മനുഷ്യരെ തെറ്റിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാര്യം യേശുവിനു അറിയാത്ത വസ്തുത അല്ലായിരുന്നു എങ്കില്‍ കൂടിയും അദ്ദേഹം തെറ്റിനെ ശക്തിപ്രയോഗം കൊണ്ട് തിരുത്താന്‍ തയാര്‍ ആയിരുന്നില്ല.

യേശു സ്വയം എടുത്ത ഒരു തീരുമാനം ആയിരുന്നു ബ്രഹ്മചര്യ. ഈ പ്രപഞ്ച സൃഷ്ടാവ് തന്റെ മനുഷ്യ ജന്മത്തില്‍ ഒരു ഭര്‍ത്താവും കുടുംബ നാഥനും ആയി ഒരു മനുഷ്യ പിതാവ്‌ എന്ന സ്ഥിതിയില്‍ വന്നാല്‍ അത് ചില പ്രപഞ്ച നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കില്ല എന്നതുകൊണ്ടായിരുന്നു ആ തീരുമാനം. എന്നാല്‍ മറ്റു മനുഷ്യര്‍ തന്റെ ഈ തീരുമാനത്തെ അനുകരിക്കുന്നതിനെ യേശു ഒരിക്കലും പൂര്‍ണമായും പിന്തുണച്ചിരുന്നില്ല. ആണും പെണ്ണുമായി മനുഷ്യനെ നിര്‍മ്മി ച്ചിരിക്കുന്നതിന്റെ ഉദ്ദേശം അറിയാവുന്ന സൃഷ്ടാവിന്റെ മനസ്സ്‌ അദ്ദേഹത്തിനു കൈവിട്ടു പോയിരുന്നില്ല എന്ന് കരുതണം. ശ്രേഷ്ഠമായ വിവാഹജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും  മഹാത്മ്യത്തെ  തന്റെ ശിഷ്യഗണത്തിനു മനസ്സിലാക്കി കൊടുക്കാന്‍  പലപ്പോഴായി അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

അതുപോലെ തന്നെ നിസ്സാരമായ കാര്യങ്ങളാല്‍ വിവാഹമോചനം നടത്താന്‍ സമൂഹത്തിലെ കപടഭാക്തിക്കാര്‍ ന്യായങ്ങള്‍ നിരത്തുന്നതും  അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ആണും പെണ്ണും തമ്മിലുള്ള വിവാഹ ബന്ധത്തെ ദൈവേഷ്ടമായ പാവനത ആയി കാണണമെന്ന് അദ്ദേഹം തന്റെ അനുയായികളെ പഠിപ്പിച്ചു. വിവാഹം ബഹുമാന്യമായ ഒരു മാനുഷിക വ്യവസ്ഥ ആണെന്നും അതിനെ എല്ലാ മനുഷ്യരും അഭിലഷണീയം എന്ന് കരുതണം എന്നും അദ്ദേഹം ശിഷ്യരെ അനുസ്മരിപ്പിച്ചു.

കുടുംബ ബന്ധത്തില്‍ കൂടി മനുഷ്യര്‍ ഉദാത്തമായ ദൈവിക ഇഷ്ടം നിറവേറ്റി പ്രപഞ്ച സൃഷ്ടിയില്‍ ദൈവിക പ്രയഗ്നങ്ങളുടെ  ഭാഗഭാക്കുകള്‍ ആകുന്നു എന്നും അദ്ദേഹം പഠിപ്പിച്ചു. സ്ത്രീയും പുരുഷനും മാനസികമായും ശാരീരികമായും വ്യത്യസ്തര്‍ ആയി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എങ്കിലും അവര്‍ പരിപൂരകങ്ങള്‍ ആയി വര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

സ്ത്രീ ഒരിക്കലും പുരുഷന് അടിമയല്ല. സ്ത്രീയും പുരുഷനും സൃഷ്ടികര്‍ത്താവിന്റെ മുമ്പില്‍ തുല്യര്‍ ആണ്. എന്നാല്‍ പരിപൂരകങ്ങളായി പരസ്പര ബഹുമാനത്തോടെ കുടുംബത്തെ കെട്ടുറപ്പ്‌ ഉള്ളതാക്കി ലോക സമൂഹം ദൈവിക ഇഷ്ടത്തിനു അനുരൂപമാക്കാന്‍ സ്ത്രീയും പുരുഷനും ഉത്തരവാദിത്വം ഉണ്ട്.

മനുഷ്യജീവിതം വ്യക്തികളുടെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് എന്ന് പറയാം. അത് അതില്‍ തന്നെയുള്ള ഒരു അവസാനമാകാന്‍ ആയിട്ടല്ല വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്. അത് ദൈവിക പദ്ധതിയിലെ ഒരു പ്രധാന കണ്ണിയാണ്. അതൊരു പ്രാപഞ്ചിക അത്യാഹിതമല്ല.

മനുഷ്യന് ഭൌതിക ജീവിതവും അനന്തമായ മരണാന്തര ജീവിതവും ചില പ്രപഞ്ച ദൈവിക നിയമങ്ങള്‍ക്ക് അനുസൃതമായി പ്രപഞ്ച സൃഷ്ടാക്കള്‍ ഉദ്ദേശിച്ചിരിക്കുന്നു. അതില്‍ സ്ത്രീയും പുരുഷനും ഒരുപോലെ കര്‍ത്തവ്യ നിരതര്‍ ആകാനും പ്രപഞ്ച സൃഷ്ടാക്കള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. 

ഈ ദൈവിക നിയമങ്ങളെ മനപ്പൂര്‍വ്വം നിരാകരിക്കുന്നവര്‍ ആ കാരണം കൊണ്ട് തന്നെ ഒരു പക്ഷെ ഈ പദ്ധതിയില്‍ നിന്ന് പിന്തള്ളപ്പെട്ടു എന്നും വരാം. ദൈവിക നിയമങ്ങള്‍ മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായി മാറി മറിയുന്നതല്ല  എന്നും അറിയണം. മനുഷ്യനായ യേശു തന്റെ സമകാലീനരെ അങ്ങനെയും ഓര്‍മിപ്പിച്ചിരുന്നു.

ശ്രദ്ധയോടെ ഈ മലയാളം ലേഖനം വായിക്കാന്‍ താത്പര്യം എടുത്ത ചില വായനക്കാര്‍ക്കെങ്കിലും ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ അല്പമായിട്ടെങ്കിലും പ്രയോജനപ്പെട്ടു എന്നു കരുതട്ടെ.

2 comments:

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.