Powered By Blogger

Thursday, February 21, 2019

മുതിര്‍ന്ന പൌരന്മാര്‍ക്ക് വേണ്ടി മുതിര്‍ന്ന പൌരന്മാരാല്‍ നടത്തുന്ന ഒരു സീനിയര്‍ സിറ്റിസന്‍ ഹോസ്റ്റല്‍!

കേരളത്തില്‍ മദ്ധ്യ തിരുവിതാംകൂര്‍ പ്രദേശത്തു എവിടെയെങ്കിലും സൌകര്യ പ്രദമായ ഒരു പത്തിരുപത്തഞ്ചു സെന്റ് സ്ഥലത്ത് ഒരു സീനിയര്‍ സിറ്റിസന്‍ ഹോസ്റ്റല്‍ ആരംഭിക്കണം എന്നൊരു ആശയം മനസ്സില്‍ ഉടലെടുത്തിട്ടു കുറെ നാളായി. അതെങ്ങനെ എന്നൊക്കെ ചിന്തിച്ചതിനെ തുടര്‍ന്നു ഈ ആശയത്തിനു എത്ര മാത്രം സ്വീകാര്യത കിട്ടും എന്നൊന്ന് മനസ്സിലാക്കണമെന്ന് തോന്നി. അതിനാലാണ് ഈ ലേഖനം എന്റെ ബ്ലോഗ്‌ സൈറ്റില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്.

വാര്‍ദ്ധക്യത്തില്‍ കാലൂന്നിയ ഒരു ചെറു വൃദ്ധന്‍ ആണ് ഞാന്‍. സര്‍ക്കാരിന്റെ ഭാഷ്യത്തില്‍ മുതിര്‍ന്ന പൌരന്‍. എന്റെ ഭാര്യയും അങ്ങനെ തന്നെ.

ഇപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ കാര്യങ്ങള്‍ പലതും സ്വയം ചെയ്യാന്‍ കഴിവുണ്ട്. അതെത്ര കാലം അങ്ങനെ പോകും എന്നതിലേ ഒരു ഉറപ്പ് ഇല്ലാതുള്ളൂ.

ഏകദേശം നാല് ദശകത്തോളം ഒരു വലിയ പൊതു മേഖല സംരംഭത്തില്‍ മാനേജ് മെന്റ് തലത്തില്‍ കേരളത്തിനു വെളിയില്‍ ജോലി നോക്കിയിട്ട് റിട്ടയര്‍ ചെയ്ത ഒരു എഞ്ചിനീയര്‍ ആണ് ഞാന്‍. പല കാര്യങ്ങളും ചെയ്യാന്‍ അറിവും പ്രാപ്തിയും തത്ക്കാലം ഉണ്ടെങ്കിലും കേരളത്തില്‍ മദ്ധ്യതിരുവിതാം കൂറിലെ ഇലന്തൂരില്‍ ശരിക്കും ഒരു  റിട്ടയാര്‍ഡ്‌ ജീവിതം നയിച്ച്‌ കൊണ്ടിരിക്കുന്നു.

ഈ മദ്ധ്യ തിരുവിതാംകൂര്‍ പ്രദേശം ഒരു വിധത്തില്‍ നോക്കിയാല്‍ റിട്ടയേര്‍ഡ്‌ പൌരന്മാരുടെ ഒരു ആവാസ കേന്ദ്രം എന്ന് വേണമെങ്കില്‍ പറയാം. രണ്ടായിരമോ, മൂവായിരമോ അതില്‍ കൂടുതലോ ചതുരശ്ര അടി വിസ്തീര്‍ണ്ണം ഒക്കെയുള്ള, എല്ലാ വിധ ആധുനിക സൌകര്യങ്ങളും ഉള്ള വീടുകളില്‍ താമസിക്കുന്നവര്‍ ആണ് കൂടുതലും. ഈ വക സൌകര്യങ്ങള്‍ അവരുടെയോ, വിദേശങ്ങളില്‍ ജോലി ചെയ്യുന്ന അവരുടെ മക്കളുടെയോ ഒക്കെ അദ്ധ്വാന ഫലം ആയി ഉണ്ടായിട്ടുള്ളതും ആണ് എന്നതും ഒരു വാസ്തവം.

എന്നാല്‍ ഈ സമൃദ്ധിയിലും ഞങ്ങളെ ഒക്കെ തുറിച്ചു നോക്കുന്ന ഒരു പേടിപ്പെടുത്തുന്ന സത്യം ഉണ്ട്. ഞങ്ങള്‍ വയസ്സന്മാരും വയസ്സികളും  കണ്ണടച്ച് ഇരുട്ടാക്കി കാണാന്‍ വിസമ്മതിക്കുന്ന ഒരു പരമാര്‍ഥം!

പരസഹായം ഇല്ലാതെ ജീവിതത്തിന്റെ സായം സന്ധ്യയില്‍ അധിക കാലം പിടിച്ചു നില്ക്കാന്‍ കേരളത്തില്‍ ഒറ്റപ്പെട്ട റിട്ടയേര്‍ഡ്‌ ജീവിതം നയിക്കുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് കഴിയില്ല എന്ന പരമാര്‍ത്ഥം!

ഈ വിധത്തില്‍ കേരളത്തില്‍ ജീവിതം നയിക്കുന്ന ഞങ്ങളെ പോലുള്ള വയസ്സന്മാരും വയസ്സികളും ഒരു കാര്യത്തില്‍ ഏതാണ്ട് ഒരേ അഭിപ്രായക്കാരാണ്. വലിയ സൌകര്യങ്ങള്‍ ഉള്ള വീടുകളില്‍ തനിയെ താമസിക്കണമെങ്കില്‍ നല്ല മാസ വരുമാനവും ബാങ്ക് ബാലന്‍സും മാത്രം ഉണ്ടായിട്ടു കാര്യമില്ല. പല കാര്യങ്ങള്‍ക്കും പരസഹായം ആവശ്യമാണ്‌. തെളിച്ചു പറഞ്ഞാല്‍ വീട്ടില്‍ സഹായത്തിനു ചെറുപ്പക്കാരായ മക്കളോ, മരു മക്കളോ ഒക്കെ കൂട്ട് വേണം. അതല്ലെങ്കില്‍ വിശ്വസ്തരായ ജോലിക്കാര്‍ വേണം.

കേരളത്തില്‍ റിട്ടയേര്‍ഡ്‌ ജീവിതം നയിക്കുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് മുമ്പിലുള്ള പ്രധാന ചോദ്യ ചിഹ്നവും ഇത് തന്നെ. ഇന്ന് പണ്ടത്തെ കാലമല്ല. മക്കള്‍ ഒന്നോ രണ്ടോ മാത്രം. അവര്‍ അവരുടെ ജോലി സംബന്ധമായും അവരുടെ മക്കളുടെ പഠനസംബന്ധമായും വിദേശത്തോ വിദൂരങ്ങളിലോ കൂട് കൂട്ടിയവര്‍. അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ തന്നെ നോക്കി നടത്താന്‍ സമയവും സൌകര്യവും ഇല്ല, പിന്നെങ്ങനെ നാട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന മാതാപിതാക്കള്‍ക്ക് ഏറ്റവും അത്യാവശ്യമായ ദൈനംദിന സഹായങ്ങള്‍ ചെയ്തു കൊടുക്കും?

ഇനി മാതാപിതാക്കള്‍ അവരുടെ കൂടെ പോയി താമസിക്കാമെന്നു വച്ചാലോ? പട്ടണങ്ങളിലെ ചെറിയ വീടുകളിലും ഫ്ലാറ്റുകളിലും അങ്ങനെ പോയി കൂട്ട് കുടുംബമായി താമസിക്കാന്‍ പല വിധ അസൌകര്യങ്ങളും ഉണ്ട് എന്ന കാര്യം അങ്ങനെ ഒന്ന് ചെയ്യാന്‍ തടസ്സമായി നില്‍ക്കുന്നു.

അപ്പോള്‍ അത് പറ്റാത്ത കാര്യം. വീട്ടില്‍ സഹായത്തിനു നല്ല ഒരു ജോലിക്കാരിയെ കിട്ടിയാല്‍ എല്ലാം ആയി എന്ന് വിചാരിക്കുന്ന ആള്‍ക്കാര്‍ പലരും ഞങ്ങടെ കൂട്ടങ്ങളില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഇന്ന് കേരളത്തില്‍ പൊതുവായി നേരിടുന്ന ഒരു പ്രശ്നം  വിശ്വസിച്ചു  ജോലി ഏല്‍പ്പിക്കാന്‍ പറ്റിയ  വീട്ടു ജോലിക്കാരുടെ അഭാവം തന്നെ. വീട്ടുജോലിയെ ഹീനമായ ജോലി എന്ന് കാണുന്ന മലയാളി മനോഭാവം ഈ പ്രശ്നത്തിന്റെ ആക്കം കൂട്ടുന്നു.

പ്രായമായ ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു അസുഖം പിടിപെട്ടു എന്ന് കരുതുക. ജീവിതം ഗുരുതര പ്രശ്നമായി തീരും. കുറെ ദിവസങ്ങളിലേക്ക് ഹോം നെഴ്സ്‌ കണ്ടെത്തുകയെന്നതും അത്ര എളുപ്പമല്ല. ദിവസം മുഴുവനും ജോലിക്ക് വീട്ടില്‍ ജോലിക്കാര്‍ ഉണ്ടാവുക എന്നത് നടക്കാന്‍ കഴിയാത്ത സ്വപ്നം പോലെ എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്ത പ്രായമായവരെ സംരക്ഷിക്കാന്‍ വീട്ടില്‍ മുഴുവന്‍ സമയ ജോലിക്കാരും ഹോം നഴ്സും ഒക്കെ വേണ്ടി വരും. ഏറ്റവും കുറഞ്ഞത്‌ മാസം നാല്‍പതിനായിരം രൂപ ഇതിനു ഇന്ന് വേണ്ടി വരും. പണം ഉണ്ടായാല്‍ മാത്രം കാര്യം നടക്കില്ല എന്നത് വേറെ കാര്യം.

പ്രായമായ ഞങ്ങളെ പോലുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും ഒക്കെ പോലെ ആവശ്യമാണ്‌ മറ്റുള്ളവരുമായി സംസാരിക്കുന്നതും ഇടപഴകുന്നതും. അതിനു പറ്റിയില്ലെങ്കില്‍ വലിയ വീട് കാരാഗൃഹ സമാനം ആയി തീരും.

തന്നെത്താന്‍ കാര്യങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള എന്നെപ്പോലുള്ള ചില മുതിര്‍ന്ന പൌരന്മാരോട് ഞാനീ കാര്യങ്ങള്‍ അടുത്തയിടെ സംസാരിച്ചു. ഇതൊക്കെ ശരിയെന്നു അവര്‍ പറയുമ്പോഴും അങ്ങനെ ഒരു പ്രശ്നം അവരുടെ ജീവിതത്തില്‍ എന്നെങ്കിലും ഉണ്ടാകുമെന്ന് ചിന്തിക്കാനും അതിനു പോംവഴി ആരായാനും പലര്‍ക്കും വിമുഖത ആണ് എന്നതും ഒരു വാസ്തവം എന്ന് എനിക്ക് മനസ്സിലായി.

ചിലര്‍ ഇതിനെ വളരെ ലഘൂകരിച്ചു കാണാന്‍ കഷ്ടപ്പെടുന്നതും ഞാന്‍ കണ്ടിരിക്കുന്നു. പരസഹായം വേണ്ടി വന്നാല്‍ വൃദ്ധസദനത്തിലോ സ്വാന്ത്വന ഭവനത്തിലോ പോയി കുറെ കാശും കൊടുത്ത് അവിടെ കഴിയാം എന്നാണു പലരും ധരിച്ചു വച്ചിരിക്കുന്നത്.

എന്നാല്‍ നല്ല രീതിയില്‍ നടക്കുന്ന വൃദ്ധസദനങ്ങളും സ്വാന്ത്വന ഭവനങ്ങളും ആവശ്യത്തില്‍ കുറവാണ് എന്നതാണ് ഇന്നത്തെ സ്ഥിതി. ഇതൊക്കെയും ഇപ്പോള്‍ പള്ളികളും പട്ടക്കാരും മറ്റും നടത്തുന്നതാണ്. സ്വകാര്യ മേഖലയില്‍ ലാഭക്കൊതിയോടെ  നടത്തുന്ന സ്ഥാപനങ്ങളും അവിടവിടെ മുളച്ചു വരുന്നു.
ഇതില്‍ അഡ്മിഷന്‍ കിട്ടാന്‍ പണം വാരിക്കോരി ചിലവാക്കേണ്ടി വരും എന്നതും കണ്ടില്ല എന്ന് വയ്ക്കാന്‍ പറ്റില്ല.

സ്വയം കാര്യങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള കാലത്ത് പല കാര്യങ്ങളില്‍ പരിഞാനമുള്ള മുതിര്‍ന്ന പൌരന്മാര്‍ക്ക് എന്തുകൊണ്ട് മുന്നോട്ടു വന്നു കൂടാ? ഒരു സീനിയര്‍ സിറ്റിസന്‍ കൂട്ടായ്മ എന്തുകൊണ്ട് ഇതിനു വേണ്ടി ആരംഭിച്ചു കൂടാ?

എന്റെ കാഴ്ചപ്പാടില്‍ മാതൃകാ പരമായി മുതിര്‍ന്ന പൌരന്മാര്‍ക്ക് മുതിര്‍ന്ന പൌരന്മാരാല്‍ നടത്തപ്പെടുന്ന സീനിയര്‍ സിറ്റിസന്‍ ഹോസ്റ്റല്‍ ആരംഭിക്കാനും ഒക്കെ കഴിയും.ആര്‍ക്കും വലിയ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതെ തന്നെ.

ഒന്ന് ആരംഭിച്ചാല്‍ അത് നോക്കി മറ്റു സ്ഥലങ്ങളില്‍ മറ്റു ഗ്രൂപ്പു കള്‍ക്കും  അത് സാധിക്കും.

നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ?

ഉണ്ടെങ്കില്‍ നമുക്ക് കൂട്ടായി പ്രയഗ്നിക്കാം.

ഇത് പരമാവധി ഷെയര്‍ ചെയ്യുമല്ലോ.

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.