Powered By Blogger

Saturday, August 31, 2019

നമ്മൾ നമുക്ക് തന്നെ പാര പണിയുന്നത് എന്തു കൊണ്ട്?

Why do we keep making traps for ourselves?
(Language: Malayalam)

ഞാൻ പലപ്പൊഴും ആലോചിക്കാറുണ്ട്. എന്തു കൊണ്ട് നമുക്ക് പരസ്പരം ബഹുമാനത്തോടെ, സ്നേഹത്തോടെ, കരുതലോടെ ജീവിക്കാൻ സാധിക്കുന്നില്ല?

എന്തു കൊണ്ട് സ്വന്തം വീടുകളിൽ ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയില്ല? മാതാപിതാക്കളും കുട്ടികളും തമ്മിൽ പോലും എന്തൊക്കെ പ്രശ്നങ്ങൾ?

എന്തൊക്കെ രീതിയിൽ കൊല്ലാൻ പോലും മടിയില്ലാത്ത വൈരാഗ്യം, ശത്രുത?

ആർക്കും ഒരു ദോഷവും ചെയ്യാതെ ഇരുന്നാലും ചിലപ്പോൾ ചിലർ മെക്കിട്ടു കേറാൻ വന്നെന്നിരിക്കും. എന്താണിങ്ങനെ?

പാകിസ്താനിലെ മനുഷ്യരും നമ്മെ പോലെ അല്ലേ? ഗൾഫിലും അമേരിക്കയിലും ഒക്കെ ഇന്ത്യക്കാരും പാക്കിസ്താനികളും സൌഹാർദത്തിൽ ആണെങ്കിൽ പോലും പൊതുവായി രണ്ടു കൂട്ടരും ശത്രുക്കളായി കരുതാൻ എന്താണ് കാരണം?

ഞാനിത്രയും എഴുതിയതു കൊണ്ട് മുൻ പിൻ ആലോചിക്കാതെ എന്നെ ശത്രുവായി പ്രഖ്യാപിച്ച്  ഇതു വായിക്കാൻ ഇടയുള്ള സോഷ്യൽ മീഡിയായിൽ എന്നെ ചീത്ത വിളിക്കാൻ എന്‍റെ കൊച്ചു മക്കൾ പോലും ആകാൻ പ്രായമില്ലാത്ത കുട്ടികൾക്ക് മനസ്സിൽ തോന്നുന്നതും അതിൽ ചിലർ അങ്ങനെ ചെയ്യുന്നതും എന്തു കൊണ്ട്?

തെരുവു നായ്ക്കളും പന്നികളും മനുഷ്യജീവിതത്തിനു പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വാർത്തകൾ എന്നും വന്നിട്ടും നമ്മുടെ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും അതൊരു പ്രശ്നമാണെന്നും അതിനു ഉടൻ പ്രതിവിധി കാണണമെന്നും തോന്നാത്തത് എന്തു കൊണ്ടാണ്?

ഒരു സർക്കാർ ഓഫീസിൽ ഒരു ചെറിയ കാര്യം സാധിക്കാൻ പോയാൽ അതു അപ്പോൾ തന്നെ നടത്തി കൊടുക്കാൻ പറ്റുമെന്നിരിക്കിലും അങ്ങനെ ചെയ്യാതെ ആ ഓഫീസിൽ പല പ്രാവശ്യം പോയാലേ പറ്റൂ എന്ന രീതിയിൽ എന്തു കൊണ്ട് ആ നമ്മുടെ നാട്ടുകാർ തന്നെ ആയ സർക്കാർ ഉദ്യോഗസ്ഥർ പെരുമാറുന്നു?

മാലിന്യം പൊതു വഴിയിലും മറ്റും വലിച്ചെറിയരുത് എന്നും അതു നമുക്ക് തന്നെ ദോഷം എന്നും അറിഞ്ഞിട്ടും നമ്മളിൽ പലരും അങ്ങനെ തന്നെ ചെയ്യുന്നതിനു എന്താണു കാരണം?

അടി മേടിക്കാതെ തന്നെ സാമൂഹ്യനിയമങ്ങൾ പാലിക്കാൻ തക്ക ബുദ്ധിയുണ്ടെങ്കിലും മേടിച്ചാലേ പാലിക്കൂ എന്നവണ്ണം നമ്മളിൽ പലരും പ്രവർത്തിക്കുന്നതിനു എന്തെങ്കിലും കാരണം ഉണ്ടാവുമോ?

ഒന്നോ രണ്ടോ പേര് വല്ലപ്പോഴും അങ്ങനെ ചില കൊച്ചു നിയമങ്ങൾ തെറ്റിക്കുന്നതു അവരെ തൂക്കി കൊല്ലാനും വെടി വയ്ക്കാനും കൈകാൽ വെട്ടാനും നിയമം ഇല്ലാത്തത് കൊണ്ടെന്നാണെന്ന് എന്തു കൊണ്ട് നമ്മളിൽ പലരും പറഞ്ഞു കൊണ്ടിരിക്കുന്നു? കാടൻ നിയമങ്ങൾ തന്നെ വേണമെന്ന് എന്തു കൊണ്ട് നമ്മളിൽ ചിലർ ആക്രോശിക്കുന്നു?

അങ്ങനെ കാടൻ നിയമം ഉള്ളിടത്തു ജീവിക്കാൻ പോയി കാടൻ നിയമത്തിന്റെ പിടിയിൽ പെട്ടു പോയ ബന്ധുക്കൾക്കു വേണ്ടി പിന്നെ കരയുന്നതും നമ്മൾ തന്നേ എന്നു ഓർക്കാത്തതു എന്തു കൊണ്ട്? അങ്ങനെ ചില നിയമ വ്യവസ്ഥകൾ കൊണ്ട് പണ്ട് നമ്മൾ കരഞ്ഞിട്ടുണ്ട് എന്ന് എന്തേ നമ്മൾ പലരും ഓർക്കുന്നില്ല?

നമ്മുടെ മുമ്പിൽ വോട്ടിനു കെഞ്ചി ജയിച്ചു പോയ നമ്മുടെ തന്നേ പ്രതിനിധികൾ അതു കഴിഞ്ഞു നമുക്ക്  തന്നെ പാരയാകുന്ന നിയമങ്ങൾ ഉണ്ടാക്കി നമ്മുടെ ജീവിതം തന്നേ പ്രശ്നത്തിൽ ആക്കാൻ വെമ്പുന്നത് എന്ത് കൊണ്ടെന്നു എന്നെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ?

നാട്ടിനു ഗുണമുള്ള എല്ലാത്തിനും ഉടക്കുണ്ടാക്കി കാലതാമസം വരുത്താൻ  സർക്കാർ ഓഫീസുകളിലും മറ്റും ഉദ്യോഗത്തിലും ഭരണത്തിലും ഇരിക്കാൻ അവസരം കിട്ടിയ നമ്മളുടെ തന്നെ നാട്ടുകാരും വീട്ടുകാരും ആയ ചിലർ എന്തു കൊണ്ട് വ്യഗ്രത കാട്ടുന്നു?

പള്ളിയെയും അമ്പലത്തെയും എന്തിനു ദൈവത്തെ തന്നെയും പേടിയില്ലാത്ത നമ്മളിൽ പലരും അതിന്റെയൊക്കെ അനാവശ്യകാര്യങ്ങൾക്ക് പോലും പണം കൈയയച്ച് കൊടുക്കയും  നിത്യവിർത്തിക്ക്  പണിപ്പെടുന്ന നമ്മുടെ തന്നെ ആ നാട്ടുകാരനോട് ഒരു രൂപയ്ക് പോലും വിലയും കൂലിയും പേശി കുറച്ച് കിട്ടിയതിൽ സന്തോഷിക്കയും ചെയ്യുന്നതിലെ ഔചിത്യം എന്തെന്നു എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? 

ആട് പട്ടിയെന്ന് പലരും പറഞ്ഞാൽ നമ്മളിൽ പലരും അതു സമ്മതിക്കാനുള്ള മനസ്ഥിതിയിൽ ആകും എന്നതു കൊണ്ടല്ലേ നമ്മളിൽ തന്നെയുള്ള ചില വിദ്വാന്മാർ രാഷ്ട്രീയ പ്രസംഗം ചെയ്തു നമ്മളെ അവരുടെ രീതിയിൽ ചിന്തിക്കാൻ മെരുക്കി എടുക്കുന്നത്?

അപ്പോൾ നമ്മുടെ സാധാരണ ബുദ്ധി പലപ്പോഴും പ്രവർത്തിക്കാത്തത് എന്തു കൊണ്ടാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

എന്താണ് ശരി എന്താണു തെറ്റ് എന്ന് പലപ്പോഴും നമ്മളിൽ പലർക്കും അറിയാൻ പറ്റുന്നില്ല എന്ന് നമുക്ക് തന്നെ തോന്നാറില്ലേ?

നമ്മൾ എല്ലാം ശരിയായി ചിന്തിക്കയും പ്രവർത്തിക്കയും ചെയ്തിരുന്നെങ്കിൽ നമ്മുടെ രാജ്യം, നമ്മുടെ നാട് സ്വർഗ്ഗ തുല്യം ആയേനെ എന്ന് എപ്പോഴെങ്കിലും മനസ്സിൽ തോന്നിയിട്ടില്ലേ?

നമ്മൾ ശരിയായി എന്നു കരുതുമ്പോൾ നമ്മുടെ കൂടുള്ളവർ അതിനു നേർ വിപരീതം ആകുന്ന വിരോധാഭാസം കണ്ട് ഉള്ളിൽ കരയുകയൊ ദേഷ്യം വരുകയൊ ഒക്കെ എത്ര പ്രാവശ്യം അനുഭവിച്ചിരിക്കുന്നു! 

എന്തു കൊണ്ട്, എന്തു കൊണ്ട് ഇങ്ങനെ?

ആരോ കാണാമറയത്ത് ഇരുന്ന് നമ്മെ എല്ലാം കുരങ്ങു കളിപ്പിക്കയാണോ?


1 comment:

  1. Eighty twenty rule is applicable to the intelligence of people, 20% control 80% who lack common sense which is uncommon.
    Fear of the 20% makes the 80% do their bidding. Fear is created by superior power of money, knowledge, position, muscle. When the power controls the person having no qualms, sentiments, empathy or concience what you penned happens. They are selfish to the core.

    ReplyDelete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.