Powered By Blogger

Wednesday, February 5, 2020

കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?

[The following is an article written in Malayalam language which gives some compilation of information regarding the New Corona Virus and the present day dreaded global pandemic, the Covid-19.Within a short span of time this highly contagious and deadly common cold like disease has become a worldwide pandemic that has led to panic and chaos in all nations including weeks long total shutdowns of almost all economic activities to prevent social contacts among people as a measure to prevent the virus spreading. Latest statistics about Covid-19 infections, cures, deaths etc can be obtained from this website by clicking this link!]

ജലദോഷം, തുമ്മൽ, തൊണ്ട വേദന, ഓക്കാനം, ഛർദ്ദി, പനി, ചുമ, കഫക്കെട്ട്, ശ്വാസതടസ്സം, ശരീര വേദന, തലവേദന, തലകറക്കം, ക്ഷീണം, തുടങ്ങി പലവിധത്തിൽ പലരേയും ബാധിക്കുന്ന ഒരു  രോഗമാണ് വൈറൽ പനി. ഒരിക്കൽ പോലും ഇത്തരം ജലദോഷമോ പനിയോ പിടിച്ച് വിഷമിക്കാത്തവർ ഈ ലോകത്തിൽ ആരും തന്നെ ഉണ്ടാകില്ല എന്ന് വേണമെങ്കിൽ പറയാം.

മൈക്രൊസ്കോപ്പ് കണ്ടുപിടിച്ച ശേഷമാണ് പകർച്ച വ്യാധികൾ അതി സൂക്ഷ്മ സസ്യങ്ങളോ ജീവികളോ ഒക്കെ കാരണമാണ് പടർന്നു പിടിക്കുന്നതെന്ന് ശാസ്ത്രലോകം മനസ്സിലാക്കിയത്. രോഗങ്ങൾ പരത്തുന്ന ഈ അതി സൂക്ഷ്മ ജീവജാലങ്ങളെ പറ്റി കൂടുതൽ കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും മൈക്രൊ ബയോളജി എന്ന ശാസ്ത്ര ശാഖയിലൂടെ സാധ്യമായി. അവ പരത്തുന്ന രോഗങ്ങൾക്ക് പ്രതിവിധി കണ്ടെത്താനും അതിലൂടെ സാധ്യമായിക്കൊണ്ടിരിക്കുന്നു എന്നതും നാം മനസ്സിലാക്കിയിരിക്കുന്നു.

എന്നാൽ ആധുനിക ശാസ്ത്രത്തിന്റെയും  വൈദ്യശാസ്ത്രത്തിന്റേയും വളർച്ചയേയും വൈദഗ്ധ്യത്തേയും  വെല്ലുവിളിക്കുന്ന തരത്തിൽ പുതിയ തരം രോഗങ്ങളും നമ്മുടെ ലോകത്തിൽ മുള പൊട്ടിക്കൊണ്ടിരിക്കുന്നു എന്നതും അവഗണിക്കാനാകാത്ത ഒരു വസ്തുതയായി അവശേഷിക്കുന്നു.

സൂക്ഷ്മാണു ലോകത്തിൽ അതിസൂക്ഷ്മമായ ഒരുതരം അണുക്കൾ ആണ് വൈറസുകൾ. സാധാരണ മൈക്രൊസ്കോപ്പിൽ ഇവയെ കാണാൻ സാധിക്കില്ല. വളരെ ശക്തികൂടിയ ഇലക്ട്രോൺ മൈക്രൊസ്കോപ്പ് പോലുള്ള ഉപകരണങ്ങളിൽ കൂടി മാത്രമേ വൈറസുകളെ പറ്റി മനസ്സിലാക്കാൻ കഴിയൂ. ഇവയെ സൂക്ഷ്മജീവികളോ, സൂക്ഷ്മ സസ്യങ്ങളോ ആയി പരിഗണിക്കാൻ ശാസ്ത്രകാരന്മാർ തയ്യാറല്ല. ജീവനില്ലാത്ത ഒരുതരം അതിസൂക്ഷ്മ പൊടി മാത്രം. എന്നാൽ അതിനു ജീവകോശങ്ങളെ ചില സാഹചര്യങ്ങളിൽ ആക്രമിക്കാനുള്ള കഴിവ് കൈവരും. മനുഷ്യരുടെയും, മൃഗങ്ങളുടെയും, സസ്യങ്ങളുടെയും ജീവകോശങ്ങളിൽ കടന്നു കൂടി അവയുടെ ജീവപ്രക്രിയകളെ വ്യതിചലിപ്പിക്കാനും നഷ്ടമാക്കാനും ഒക്കെ വൈറസുകൾക്ക് സാധിക്കും ചില സാഹചര്യങ്ങളിൽ.

ജീവനില്ലാത്ത വൈറസുകൾ ജീവനുള്ള രീതിയിൽ പ്രവർത്തിക്കാൻ മറ്റ് ജീവകോശങ്ങളിൽ കടന്നു കൂടിയെങ്കിലേ സാധിക്കൂ. അങ്ങനെ കടന്നു കൂടാനും മറ്റു ജീവകോശങ്ങളിൽ വളരാനും ഉള്ള സാഹചര്യം കിട്ടിയാൽ വൈറസുകൾ അതിവേഗം പെരുകും. ഈ അതിവേഗ പെരുക്കം ആണ് വൈറസുകളുടെ ഭയപ്പെടുത്തുന്ന ഒരു പ്രത്യേകത.

എന്നാൽ വൈറസുകൾ സാധാരണ ചില ദിവസങ്ങൾ മാത്രമേ മറ്റ് ജീവകോശങ്ങളിൽ കയറി അവയുടെ ജീവപ്രകൄതി കാണിക്കാറുള്ളൂ. അതായത് അവയുടെ ജീവ പ്രകൃതി അവ കയറിക്കൂടിയ ജീവിയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ നിലച്ചു പോകുന്നു. അത്രയും നാൾ അവയുടെ ജീവപ്രക്രിയയുടെ വികൃതിയിൽ പിടിച്ചു നിൽക്കാൻ സാധിച്ചാൽ അവ കയറിക്കൂടിയ  മനുഷ്യരും ജന്തുക്കളും സസ്യങ്ങളും ഒക്കെത്തന്നെ ആ വൈറൽ ആക്രമണത്തെ അതിജീവിച്ചു എന്നിരിക്കും. എതെങ്കിലും കാരണത്താൽ അതിനു സാധിക്കാതെ വന്നാൽ വൈറസുകളുടെ ആക്രമണത്തിൽ മനുഷ്യരും, ജന്തുക്കളും, സസ്യങ്ങളും മൃത്യു വരിക്കാൻ സാധ്യത ഏറെയാണ്. എന്നിരുന്നാൽ തന്നെയും ഇന്നു നാം മനസ്സിലാക്കിയിട്ടുള്ള നൂറു കണക്കിനു വൈറസുകളിൽ ഏതാനും ചിലതു മാത്രമേ മാരകമായ രോഗാവസ്ഥയ്ക്ക് കാരണം ആയി തീരുന്നുള്ളൂ. 

ചില സാഹചര്യങ്ങളിൽ വൈറസുകളിൽ ജനിതക മാറ്റങ്ങൾ സംഭവിച്ച് പുതിയ തരം വൈറസുകൾ ഉടലെടുക്കാനുള്ള സാധ്യത ശാസ്ത്ര ലോകം ഇതിനൊടകം മനസ്സിലാക്കിയിട്ടുണ്ട്. ഈ പ്രക്രിയയെ മുതലാക്കി അതീവ അപകടകാരികളായ പുതിയ തരം വൈറസുക്കളെ പരീക്ഷണ ശാലകളിൽ ഉണ്ടാക്കിയെടുത്ത് അവയെക്കൊണ്ട് നശീകരണ ആയുധങ്ങൾ സൃഷ്ടിക്കാൻ ചില രാജ്യങ്ങൾ എങ്കിലും പ്രയഗ്നിക്കുന്നു എന്നതും വൈറസുകളെ ഭയപ്പെടുത്തുന്ന ഒന്നാക്കി മാറ്റിയിരിക്കുന്നു.

ഇപ്പോൾ ചൈനയിൽ ആരംഭിച്ച് ഇന്ത്യയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണാ വൈറസ് പനി അത്തരത്തിൽ ഒന്നാണൊ എന്നു പലരും സംശയിക്കുന്നു. ഈ പനിയ്ക്ക് ഇപ്പോൾ ഫലവത്തായ ചികിത്സ ഇല്ല എന്നതും ഈ പനി മരണ കാരണം ആകാനുള്ള സാധ്യത വളരെ കൂടുതൽ എന്നതും രോഗ ലക്ഷണങ്ങൾ പ്രകടമാകും മുമ്പേ ഒരാളിൽ നിന്നും മറ്റൊരാളിലേക്കു പകരാം എന്നതും ഈ സംശയത്തെ സാധൂകരിക്കുന്നു എന്നു പറയാതെ വയ്യ.

ഈ വൈറസ് രോഗം ചൈനയിലെ വുഹാനെന്ന പട്ടണത്തിൽ ഇപ്പോൾ പൊട്ടി മുളച്ചിട്ട് അധികം നാളുകൾ ആയില്ല. 2019 ന്റെ അവസാന മാസങ്ങളിൽ എപ്പോഴൊ ഒരു ചൈനീസ് ദന്ത ഡോക്ടർ ആണ് ഈ  വൈറസ് പനി ചിലരിൽ കണ്ടെത്തിയതും അത് അസാധാരണവും മാരകവും ആയ ഒരു തരം വൈറസ് മൂലം എന്ന് മനസ്സിലാക്കി മറ്റുള്ളവരെ ബോധവൽക്കരിക്കാൻ ശ്രമിച്ചത്. എന്നാൽ ചൈനീസ് അധികാരികൾ ആദ്യമൊക്കെ ഇതിനെ കാര്യമായി എടുത്തില്ല എന്നു വേണം കരുതാൻ.

രോഗം വളരെ വേഗം പടരുവാനും അതു മൂലം ആളുകൾ മരിച്ചു വീഴുവാനും തുടങ്ങിയപ്പോൾ മാത്രമാണ്  ചൈനയിലെ അധികാരികൾ ഉണർന്നത്.അപ്പോഴേക്കും അനേകം ആളുകളിലേക്ക് ഈ വൈറസ് കയറിക്കൂടിക്കഴിഞ്ഞിരുന്നു.

കൊറോണാ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കപ്പേരായ കോവിഡ്‍-19 എന്ന പേരിൽ ഈ വൈറസ് പനി ഇപ്പോൾ അറിയപ്പെടുന്നു. മുകളിൽ സൂചിപ്പിച്ചതു പോലെ ഈ മാരക വൈറസ് ചൈനയുടെ യുദ്ധ തന്ത്രത്തിന്റെ ഭാഗമായി പണ്ടെങ്ങോ വികസിപ്പിച്ചെടുത്ത ജൈവായുധ പരീക്ഷണങ്ങളുടെ അനന്തര ഫലം എന്നു സംശയം ഇപ്പോൾ ബലപ്പെട്ടു വരുന്നു.

അതിനൊരു കാരണം ദീൻ കൂൺട്സ് എന്ന ഇംഗ്ളീഷ് എഴുത്തുകാരൻ നാലു ദശകങ്ങൾക്ക് മുമ്പ് എഴുതി പ്രസിദ്ധീകരിച്ച 'ദി ഐസ് ഓഫ് ഡാർക്ക് നസ്സ്' (അന്ധകാരത്തിന്റെ കണ്ണുകൾ) എന്ന നോവൽ ആണ്. ഈ പുസ്തകത്തിൽ രണ്ട് ശാസ്ത്രകാരന്മാർ തമ്മിൽ ചൈനയിലെ വുഹാൻ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ജൈവായുധ പരീക്ഷണ ശാലയിൽ വികസിപ്പിച്ചു സൂക്ഷിച്ചിരിക്കുന്ന വുഹാൻ-400 എന്ന മാരക വൈറസിനെ പറ്റി പ്രതിപാദിച്ചിരിക്കുന്നു.

The Eyes of Darkness: A gripping suspense thriller that predicted a global danger... by [Koontz, Dean]

ഈ വൈറസിന്റെ മാരക സ്വഭാവം ഇപ്പോൾ വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ്-19 തു പോലെ തന്നെ. മാത്രമല്ല, ഇപ്പോഴത്തെ രോഗം പൊട്ടിമുളച്ചത് ചൈനയിലെ വുഹാൻ പട്ടണത്തിലും. അവിടെ ചൈനീസ് സർക്കാരിന്റെ ഒരു ജൈവ പരീക്ഷണശാല സ്ഥിതി ചെയ്യുന്നു എന്നതും ശ്രദ്ധേയം. ദീൻ കൂൺട്സ് എവിടെ നിന്നോ ഇക്കാര്യം മനസ്സിലാക്കിയിരുന്നു എന്നു വേണം കരുതാൻ. ആ പരീക്ഷണ ശാലയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന മാരക വൈറസ് എന്തോ അശ്രദ്ധ കാരണം ഇപ്പോൾ വുഹാൻ പട്ടണത്തിൽകൂടി ചൈനയിലും ലോകത്തിലും മനുഷ്യരുടെ മരണകാരണമായി തീർന്നിരിക്കുന്നു.

ഇതിനോടകം അനേകം ആളുകൾ ഈ വൈറസ് പനി മൂലം മരണമടഞ്ഞിരിക്കുന്നു. കൂടുതലും ചൈനയിലെ വുഹാൻ പട്ടണത്തിലും സമീപ ദേശങ്ങളിലും. ചെലവു കുറഞ്ഞ മെഡിക്കൽ വിദ്യാഭ്യാസത്തിനായി ചൈനയിലെ ഈ പട്ടണത്തിലേയും ഒക്കെ മെഡിക്കൽ കോളേജുകളിൽ ധാരാളം ഇന്ത്യൻ കുട്ടികൾ, പ്രത്യേകിച്ച് മലയാളി കുട്ടികൾ, പോയിരിക്കുന്നു. അവരിൽ ചിലർക്കും ഈ വൈറൽ പനി പിടി പെട്ട് തിരിച്ചെത്തിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങൾ ഈ അപകടം പിടിച്ച രോഗ സംക്രമണത്തെ ചെറുക്കാനുള്ള പ്രയഗ്നങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.

ഇന്ത്യയിൽ ഈ വൈറസ് രോഗം ചൈനയിൽ നിന്നും എത്തിപ്പെട്ടെങ്കിലും അതു മാരകമായി തീരാതിരിക്കാൻ ഇതുവരെയുള്ള ഇവിടത്തെ സർക്കാർ സംവിധാനങ്ങളുടെ പ്രയഗ്നം മൂലം കഴിഞ്ഞു എന്നത് ആശ്വാസകരം തന്നെ.

എങ്കിൽക്കൂടി, ഈ മാരക രോഗത്തെ പ്രതിരോധിക്കാൻ വ്യക്തികളായി ഒരോരുത്തരും മനസ്സു വയ്ക്കേണ്ടിയിരിക്കുന്നു.

നമുക്ക് എന്തൊക്കെ ചെയ്യാം എന്നു നോക്കാംഃ

ആദ്യമായി പനിയോ ജലദോഷമോ തുമ്മലോ ഉള്ളവർ, അത് കൊറോണാ പനി ആകണമെന്നില്ല എന്നിരുന്നാൽ കൂടി, വെളിയിൽ മറ്റുള്ളവർ കൂടുന്ന സ്ഥലങ്ങളിൽ പോകുന്നത് കഴിയുന്നത്ര ഒഴിവാക്കുക. പനി വന്നാൽ വിശ്രമം എന്ന പഴയ രീതി അവലംബിക്കുക. അഥവാ വെളിയിൽ പോകേണ്ടി വന്നാൽ വായും മൂക്കും ഒരു മാസ്ക്ക് കൊണ്ട് മൂടി മാത്രം പോകുക. 

പനിയും ജലദോഷവും ഉള്ള കുട്ടികളെ സ്കൂളിൽ പറഞ്ഞു വിടാതിരിക്കുക. അവർക്ക് വീട്ടിലൊ ആശുപത്രിയിലോ വിശ്രമവും ചികിത്സയും ഉടൻ ലഭ്യമാക്കുക.

ആശുപത്രിയിലും ആൾക്കൂട്ടത്തിലും കൂട്ടത്തിലുള്ള യാത്രയിലും ഉചിതമായ മാസ്ക്ക് കൊണ്ട് വായും മൂക്കും മൂടി വയ്ക്കാൻ നാണക്കേട് തോന്നി ഒഴിവാക്കാൻ ശ്രമിക്കാതിരിക്കുക.


എനിക്കിതൊന്നും ഒരു പ്രശ്നമേയല്ല എന്ന വിചാരം ഒഴിവാക്കുക.

ശുചിത്വം പാലിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പുകയും മറ്റും ചെയ്യാതിരിക്കുക.

ഇതു വരെ ഈ അത്യധികം അപകടകാരിയായ മഹാമാരി ലോകം ആകമാനം പടർന്നു പിടിച്ച് ലോക വ്യവസ്ഥയെ തകിടം മറിച്ചു കൊണ്ടിരിക്കുന്നു. ദിനം പ്രതി കോവിഡ്-19 രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. അതിനാൽ ഈ വൈറസ് പടരുന്നത് തടയുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്വം ആണ് എന്നതിന് ഒരു സംശയവും വേണ്ട.

ഇതുവരെ അറിവായടത്തോളം ഈ വൈറസ് പടരുന്നത് തടയാൻ ഉള്ള പ്രധാന മാർഗം അത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് കയറിപ്പറ്റുന്നത് തടയുക എന്നതാണ്. പല രോഗാണുക്കളേയും പോലെ ഈ വൈറസിനും ജീവനുള്ള മനുഷ്യ ശരീരത്തിനു വെളിയിൽ അധിക സമയം ജീവനോടു കൂടി നില നിൽക്കാൻ കഴിയില്ല. എന്നാൽ മനുഷ്യ ശരീരത്തിൽ നിന്നു വെളിയിൽ വരുന്ന തുപ്പൽ, കഫം പോലെയുള്ള ശരീര  സ്രവങ്ങളിൽ കുറേ സമയം അതിനു നിലനിൽക്കാൻ കഴിയും. വായ്, മൂക്ക്, കണ്ണ് എന്നിവ വഴി ഈ ശ്രവങ്ങളിൽ നശിക്കാതെ ഇരിക്കുന്ന കൊറോണാ വൈറസുകൾ മറ്റൊരാളുടെ ശരീരത്തിൽ കയറിപ്പറ്റിയാൽ ആ ശരീരത്തിനു പ്രതിരോധ ശക്തി ഇല്ല എങ്കിൽ ആ ശരീരത്തിൽ പെരുകി കോശങ്ങളെ നശിപ്പിച്ച് രോഗാവസ്ഥ ഉണ്ടാക്കുന്നു. രോഗമില്ലാത്ത ഒരാളുടെ ശരീരത്തിൽ പ്രവേശിച്ച കൊറോണാ വൈറസ് രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങാൻ പതിനാലു ദിവസം എടുക്കും. ഈ സമയത്തെ ഇങ്കുബേഷൻ സമയം എന്നു പറയുന്നു. കൊറോണയെ ഏറ്റവും അപകടം പിടിച്ചതാക്കുന്നത് രോഗലക്ഷണം ഇല്ലാത്ത ഇങ്കുബേഷൻ സമയത്തും അതിനു പടരാൻ കഴിയുന്നു എന്ന വസ്തുതയാണ്.

അതായത് കൊറോണാ വൈറസ് മറ്റൊരാൾക്ക് പടർത്താൻ ആ വൈറസ് ശരീരത്തിൽ കയറിക്കഴിഞ്ഞ് പതിനാലു ദിവസത്തോളം ഒരാൾക്ക് ക്ഴിയും, രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതെ! രോഗ ലക്ഷണങ്ങളായ പനി, തലവേദന, ശരീര വേദന, നിർത്താതെയുള്ള ചുമ, കഫക്കെട്ട്, ശ്വാസമ്മുട്ട്, എന്നിവ പിന്നീട് ആരംഭിക്കുന്നു. അത് പിന്നെ ഒരു രണ്ടാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്നു. രോഗിയിയുടെ ശരീരത്തിലെ പ്രതിരോധം ഈ സമയത്തിനുള്ളിൽ ഫലപ്രദമായി ഉത്തേജിതം ആയി വന്നാൽ വൈറസ് ആ വ്യക്തിയിൽ നശിക്കുകയും രോഗശാന്തി കൈവരുകയും ചെയ്യുന്നു. അങ്ങനെ അല്ലാത്ത പക്ഷം ചിലരെങ്കിലും മരണത്തിനു കീഴ് പ്പെട്ടു പോകുന്നു. കോവിഡ്-19 പിടിപെട്ടവരിൽ രണ്ടോ മൂന്നോ ശതമാനം ആൾക്കാർ മരണത്തിനു കീഴ് പ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഫലപ്രദമായ ഒരു പ്രതിരോധ മരുന്നുകളും കോവിഡ് രോഗത്തിനു ഇതു വരെ കണ്ടു പിടിച്ചിട്ടില്ല. അതു പോലെ തന്നെ പ്രതിരോധ വാക്സിനുകളും ഇതു വരെ ഇല്ല.

അതിനാൽ രോഗാണു ശരീരത്തിൽ കയറിക്കൂടാതെ നോക്കുക എന്നത് മാത്രമാണ് ഇപ്പോൾ ചെയ്യാൻ കഴിയുക. അതിന്  സർക്കാർ സംവിധാനങ്ങൾ തരുന്ന താഴെ പറയുന്ന മാർഗ നിർദ്ദേശങ്ങൾ കഴിയുന്നത്ര പാലിക്കണംഃ

1. രോഗം പടരുന്ന അവസ്ഥയിൽ അന്യരുമായുള്ള സമ്പർക്കം കഴിയുന്നത്ര കുറക്കുക- കഴിയുന്നത്ര വീടുകളിൽ തന്നെ കഴിയുക.
2. അന്യരുമായി ഇടപഴകേണ്ട സാഹചര്യത്തിൽ അവരുമായി ഒരാൾ അകലം പാലിക്കാൻ ശ്രദ്ധിക്കുക
3. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകുന്നത് ഒരു ശീലം ആക്കുക
4. ചുമ, തുമ്മൽ എന്നിവ ഉണ്ടെങ്കിൽ മാസ്ക് ഉപയോഗിക്കുക.
5. മറ്റുള്ളവരുമായി അടുത്തിരുന്ന് ഉള്ള എല്ലാ യാത്രകളും ഒഴിവാക്കുക
6. അണുനാശിനികൾ ഫലവത്തായി ഉപയോഗിക്കുക.
7.രോഗികളുടെയൊ, രോഗം പിടിപെടാൻ സാധ്യത ഉള്ളവരുടെയൊ അടുക്കൽ പോകേണ്ടി വന്നാൽ എല്ലാവിധ മുൻ കരുതലുകളും എടുത്തു മാത്രം ചെയ്യുക.
8. രോഗം പിടിപെട്ടു എന്നുള്ള എന്തെങ്കിലും സംശയം വന്നാൽ ഉടൻ തന്നെ സർക്കാർ ആരോഗ്യ സംവിധാനങ്ങളെ വിവരം അറിയിക്കുകയും അവർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കയും ചെയ്യുക.

കൊറോണാ വൈറസ് നിയന്ത്രണത്തിൽ ആകും വരെ അധികാരികൾ തരുന്ന എല്ലാ നിർദ്ദേശങ്ങളും  അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ട് എന്ന് ഓർക്കണം.

ഈ പ്രതിസന്ധി നമ്മൾ തരണം ചെയ്യും എന്ന് നമുക്ക് വിശ്വസിക്കാം.

ഈ രോഗം അറുപതു വയസ് കഴിഞ്ഞവർക്കും, പ്രമേഹം, ബ്ളഡ് പ്രെഷർ ആദിയായ രോഗങ്ങൾക്ക് ചികിത്സ ചെയ്തുകൊണ്ടിരിക്കുന്നവർക്കും കൂടുതൽ അപകടം വരുത്തും എന്ന് പറയപ്പെടുന്നു. എന്നാൽ ചെറുപ്പക്കാർക്കും അത് അപകടം പിടിച്ചതു തന്നെ എന്ന് ഇപ്പോൾ ലോകാരോഗ്യ സംഘടന പറയുന്നു.

ഈ രോഗം വന്നു കഴിഞ്ഞാൽ അതിന്റെ തീവ്രത കുറക്കാൻ എന്തു മാർഗം എന്ന് ആരും ഒന്നും തന്നെ ഇപ്പോൾ പറയുന്നില്ല. സാധാരണ വരുന്ന പനി, ജലദോഷം, ചുമ എന്നിവയ്ക്ക് ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നുകൾ ഒക്കെ ത്തന്നെ ഇതിനും ഉപയോഗിക്കുന്നു എന്ന് കരുതണം.

അലോപ്പതി, ആയുർവേദം, ഹോമിയൊ എന്നിങ്ങനെയുള്ള ഏതു വിധ ചികിത്സാ പദ്ധതികളും യുക്തമായി പരീക്ഷിക്കാം എന്നു ചുരുക്കം. എന്നാൽ സർക്കാർ വക ആരോഗ്യ നിരീക്ഷണത്തിൽ ആയിക്കഴിഞ്ഞാൽ അതിനു സാധ്യത ഉണ്ടാകുമൊ എന്ന് പറയാൻ സാധിക്കില്ല. എന്നാൽ അങ്ങനെയുള്ള ചികിത്സാ പരീക്ഷണങ്ങൾ സർക്കാർ സംവിധാനങ്ങൾ ചെയ്യുന്നത് നല്ലതാണ്.

ഇംഗ്ളണ്ടിൽ ഒരു മുതിർന്ന ലേഡി ഡോക്ടർക്ക് കോവിഡ് പിടിപെട്ടു എങ്കിലും വലിയ പ്രശ്നങ്ങൾ കൂടാതെ പൂർണ്ണ സൌഖ്യം പ്രാപിച്ചു എന്നും അതിന് അവർ അവലംബിച്ച മാർഗം എന്തായിരുന്നു എന്നും അവർ സോഷ്യൽ മീഡിയയിൽ കൂടി പങ്കു വച്ചത് ഇത്തരുണത്തിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയപ്പോൾ മുതൽ അവർ ഭക്ഷണമായി ഉപയോഗിച്ചത് ചിക്കൻ സൂപ്പും കുടിക്കാൻ ഉപയോഗിച്ചത് നാരങ്ങാ വെള്ളവും മരുന്നായി ഉപയോഗിച്ചത് മൂന്നു നേരം പാരസെറ്റമോൾ ഗുളികകളും എന്ന് അവർ പറയുന്നു. അത് രോഗത്തിന് വളരെ ആശ്വാസം അവർക്ക് കൊടുത്തു പോലും.

ഇനി ഇങ്ങനെ ഒരു ഭീകര രോഗാണു നമ്മുടെ ഈ ലോകത്തിൽ ഉണ്ടായി വരാൻ എന്താണു കാരണം? അതു ചില രാജ്യങ്ങൾ ഉണ്ടാക്കി എടുത്തതാകാൻ വഴിയുണ്ട് എന്ന സംശയം നിലനിൽക്കുമ്പോൾ തന്നെ എന്റെ ഒരു നിഗമനം ഞാൻ പറയാം.

എന്റെ ചെറുപ്പ കാലങ്ങളിലും, അതായത് അര നൂറ്റാണ്ടിനു മുമ്പും, പനിയും ജലദോഷവും ഇന്നത്തെപ്പോലെ തന്നെ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്നത്തെ പ്പോലെ സർവ സാധാരണം ആയിരുന്നില്ല. ഒന്നും രണ്ടും വർഷം കൂടുമ്പോൾ ഒന്നോ രണ്ടോ പ്രാവശ്യം ജലദോഷപ്പനി വരും. മൂന്നോ നാലോ ദിവസം കഴിയുമ്പോൾ തന്നെ മാറും. ചിലപ്പോൾ ഒരാഴ്ച്ച. ഇന്നത്തെ പ്പോലെ തന്നെ പനി മാറാൻ മരുന്നുകളും കഴിച്ചിരുന്നു. എന്നാൽ ആന്റി ബയോട്ടിക്ക് ഉപയോഗം കുറവായിരുന്നു. ഏറ്റവും പ്രധാനം വിശ്രമം എന്നതായിരുന്നു എന്നോർക്കുന്നു. പനി വന്നാൽ കുട്ടികൾ മരുന്നു കഴിച്ചിട്ട് സ്കൂളിൽ പോകുന്ന പതിവ് അന്നില്ലായിരുന്നു. മരുന്നു കഴിച്ചിട്ട് ജോലിക്കു പോകുന്ന പതിവും അന്നില്ലായിരുന്നു എന്നു തന്നെ പറയാം.

അതിനാൽ തന്നെ പനിയുടെ വൈറസ് അധികം സമൂഹത്തിൽ പടരുന്നത് കുറവായിരുന്നു.

ഇന്നത്തെ പോലെ അന്ന് പല രാജ്യങ്ങളിൽ പോയി വരുന്ന ആൾക്കാർ കുറവായിരുന്നു. അതിനാൽ തന്നെ പലതരം ആളുകൾ തമ്മിലുള്ള ഇടപഴകൾ കാര്യമായി ഇല്ലായിരുന്നു എന്നു പറയാം.

അതുകൊണ്ട് പനി വൈറസുകൾ പല വ്യത്യസ്ഥ സാഹചര്യങ്ങളിൽ കൂടി കടന്നുപോയി മ്യൂട്ടേഷനു വിധേയമാകാനുള്ള അവസരം കുറവായിരുന്നു.

എന്നാൽ ഇന്നതല്ല സ്ഥിതി. പല രാജ്യക്കാരും പല തരക്കാരും കൂടുതലായി ഇടപഴകുന്നു. പനി വന്നാൽ ആരും അതു കാര്യമായി ഗൌനിക്കാതെ ഞൊട്ടു ഞൊടുക്കു ആശ്വാസമരുന്നുകൾ കഴിച്ചിട്ട് വെളിയിൽ ഇറങ്ങി സാധാരണപോലെ കാര്യങ്ങൾ ചെയ്യുന്നു. പനി വൈറസ് അങ്ങോട്ടും ഇങ്ങോട്ടും വിതരണം ചെയ്തു നടക്കുന്നു. പനി വന്നാൽ വിശ്രമം എടുക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ വലിയ തമാശ കേട്ട മട്ടിൽ നടക്കുന്നു. പനിയെന്നൊരു രോഗത്തെ ഒരു രോഗമായിപ്പോലും ആരും ഗൌനിക്കുന്നില്ല. പനിയും ജലദോഷവും വെറും അലർജി. അതിനു പ്രതിവിധി കണ്ടെത്താൻ പോലും ഒരു മെഡിക്കൽ കമ്പനിയും മെനക്കെട്ടതുമില്ല. അതിനു മിനക്കെട്ടാൽ വലിയ ലാഭമൊന്നുമില്ല എന്ന് അവരും കരുതി.

അപ്പോൾ പനി വൈറസുകൾ അസാധാരണ മ്യൂട്ടേഷനു വിധേയമായിക്കൊണ്ടിരുന്നു എന്നു കരുതണം. അങ്ങനെ പുതിയ കൊറോണാ വൈറസ് ഉരുത്തിരിഞ്ഞു. കോവിഡ്‍-19 എന്ന മഹാമാരി വിതയ്ക്കുന്ന കണങ്ങളായി.

ഇനിയിപ്പോൾ എന്തു ചെയ്യും എന്ന അസാധാരണ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നു.

കോവിഡ്-19 നമ്മൾ അതിജീവിക്കുമോ?

ഇതിൽ നിന്നും നമ്മൾ എന്തെങ്കിലും  പാഠം പഠിക്കുമോ?

കാത്തിരുന്നു കാണാം.

ദൈവ വിശ്വാസം ഉള്ളവർക്ക് കരഞ്ഞു പ്രാർഥിക്കാം.

അല്ലാതെന്തു ചെയ്യും?