Powered By Blogger
Showing posts with label ഉറാന്‍ഷ്യ പുസ്തകം. Show all posts
Showing posts with label ഉറാന്‍ഷ്യ പുസ്തകം. Show all posts

Thursday, February 4, 2016

നേരായ മത ധര്‍മ്മം എന്താണ്?

[This article below is in Malayalam language. It talks about some aspects of true religion on the basis of some revealed truths given in the Urantia Book-the blog author's book of life guidance.]

ഏതൊരു മതം ആയാലും അത്  നേരായ സാമൂഹിക സേവനം കൈ വരിക്കുന്നത് മത നിരപേക്ഷ സ്ഥാപനങ്ങളുമായി വളരെ കുറഞ്ഞ അളവില്‍ ബന്ധപ്പെട്ടു നില്‍ക്കുമ്പോഴാണ്. ശരിയായ മത ധര്‍മ്മം നടക്കുന്നത് സാമൂഹിക തിന്മകളെ ഇല്ലായ്മ ചെയ്തു സമൂഹത്തില്‍ നന്മയുടെ ഉദ്ധാരണത്തിനു വേണ്ടി  ആ മതത്തിലുള്ളവര്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമ്പോളാണ്.

പരോക്ഷമായി സാമൂഹിക നന്മയ്ക്ക് വേണ്ടി പ്രയഗ്നിക്കാനും അങ്ങനെ സാമൂഹിക പരിഷ്ക്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും അങ്ങനെ ശരിയായ മതത്തിന് അല്ലെങ്കില്‍ മതങ്ങള്‍ക്ക് സാധിക്കും.

എന്നാല്‍ പഴയ സാമൂഹിക മര്യാദകള്‍ നിലനിര്‍ത്താനും പുതിയവ സൃഷ്ടിക്കാനുമുള്ള നേരിട്ടുള്ള പ്രയഗ്നങ്ങളില്‍ നിന്നും മതങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്നത് തന്നെയാണ് ശരി.

നേരായ മതങ്ങള്‍ ഹിംസയെയോ അക്രമത്തെയോ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടുള്ളതല്ല. അത് സമൂഹത്തിന്റെ വികാസത്തിന് ഏതെങ്കിലും തരത്തില്‍ പ്രയോജനം ചെയ്യും എന്ന് വരികില്‍ കൂടിയും അക്രമം ഒരിക്കലും ഒരു ശരിയായ മതത്തിന്റെ ധര്‍മ്മല്ല തന്നെ. അതോടപ്പം തന്നെ ശരിയായ മതങ്ങള്‍ സാമൂഹിക ഉന്നമനത്തിനു വേണ്ടിയുള്ള ബുദ്ധിപരമായ നല്ല പ്രയഗ്നങ്ങളെ എതിര്‍ക്കാനും പാടില്ല.

ശരിയായ മതങ്ങള്‍ സമൂഹത്തിലെ സദാചാര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും ഊര്‍ജസ്വലമായ സ്വാധീനം ചെലുത്തുക തന്നെ വേണം. അതോടൊപ്പം തന്നെ വ്യക്തികളുടെ ആധ്യാത്മിക ഉന്നമനത്തിനായുള്ള പ്രയഗ്നങ്ങളില്‍ വീഴ്ച വരുത്താനും പാടില്ല.

സാമൂഹിക പരിഷ്കരണത്തിന്റെ ഓരോരോ മാറ്റവും സമൂഹത്തില്‍ അപകടകരമായ സ്ഥിതി വിശേഷങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ശരിയായ മതങ്ങള്‍ മനുഷ്യരെ ആദര്‍ശ ധീരത്വം ഉള്ളവരായി ജീവിക്കാന്‍ പ്രേരണ ചെലുത്തുന്ന ദൌത്യങ്ങള്‍ ഏറ്റെടുക്കും.

നിരീശ്വര മനുഷ്യസ്നേഹം മാനുഷികമായ കാഴ്ചപ്പാടില്‍ ഒരു നല്ല ഭാവം എന്നിരിക്കില്‍ തന്നെയും അതിനു സ്ഥായിയായ പരസ്പര മാനുഷിക സ്നേഹ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുകയില്ല. ശരിയായ ഈശ്വര വിശ്വാസികളുടെ നേരായ മത വിശ്വാസത്താല്‍ മാത്രമേ അങ്ങനെയൊരു കാര്യം സാധ്യമാകൂ.

ശരിയായ മതങ്ങള്‍ സമൂഹത്തിലെ നിരീശ്വരപരമായ സാമൂഹിക, സാമ്പത്തിക പുനരുദ്ധാരണ പ്രക്രിയകളില്‍ പ്രത്യക്ഷ പങ്കു വഹിക്കാതിരിക്കുന്നതാണ് നല്ലത്.

അധികാര നിയുക്തമായ സുസ്ഥാപിത മതങ്ങള്‍ സാമൂഹിക, സാമ്പത്തിക പുനരുദ്ധാരണ പ്രക്രിയകളില്‍ മനുഷ്യര്‍ക്ക്‌ നല്ല പ്രചോദനം ഏകാന്‍ ഇന്നത്തെ കാലത്ത് പര്യാപ്തമല്ല. വ്യക്തിപരമായ ഈശ്വര വിശ്വാസവും ആത്മിക ഉള്‍ക്കാഴ്ചയും കൈ വരിച്ച മനുഷ്യരുടെ ശരിയായ മത ബോധത്തിന് മാത്രമേ സാമൂഹിക ഐക്യം കൈവരിക്കാനും അക്രമരഹിത പുരോഗതി സമൂഹത്തില്‍ ഉണ്ടാക്കാനും സാധിക്കുകയുള്ളൂ.

ഇന്ന് നില നില്‍ക്കുന്ന ഭൂമിയിലെ സുസ്ഥാപിത മതങ്ങള്‍ എല്ലാം തന്നെ തെറ്റ്-ശരികളുടെ സമ്മിശ്രങ്ങള്‍ ആണെന്ന് കരുതുന്നതില്‍ തെറ്റില്ല. അതില്‍ കുറെ ദൈവിക പരിജ്ഞാനവും അതിലേറെ മാനുഷിക അബദ്ധ ധാരണകളും വിശാസങ്ങളും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്നു. അതിനാല്‍ തന്നെ ഇന്നുള്ള ഒരു മതങ്ങളും പൂര്‍ണമായും ശരിയുമല്ല, തെറ്റുമല്ല.

അപ്പോള്‍ പിന്നെ നേരായ മതം എന്താണ്? ശരിയായ മത ധര്‍മം എന്താണ്?

മനുഷ്യന്റെ സ്വന്തമായ ചിന്തയോ ബുദ്ധിയോ മാത്രം കൊണ്ട് ശരിയായ മത ബോധം പ്രാപിക്കുക സാധ്യമായെന്നു വരികയില്ല. എന്നാല്‍ ശരിയായ ആത്മിക ജ്ഞാനം പ്രാപിക്കാന്‍ അതിനുവേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക്‌ സാധിക്കുക തന്നെ ചെയ്യും. അതിനുള്ള കാര്യങ്ങളും മനുഷ്യരെ ശാരീരികവും മാനസികവും ഒക്കെ ആയി രൂപകല്‍പന ചെയ്ത പരമപിതാവായ ദൈവം മനുഷ്യരില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നുള്ളതും ഒരു വാസ്തവം മാത്രം. അതിനൊക്കെ ഉപരിയായി പല പല രീതികളില്‍ ദൈവിക പ്രവര്‍ത്തക സംഘങ്ങള്‍ കാലാകാലങ്ങളായി മനുഷ്യരോട് ഇടപെട്ടു കൊണ്ടുമിരിക്കുന്നു.

നിങ്ങള്‍ ശരിയായ ആത്മിക ജ്ഞാനം പ്രാപിച്ചു ശരിയായ മത വിശ്വാസി ആകാന്‍ താത്പര്യപ്പെടുന്ന ഒരു വ്യക്തി ആണോ? സ്വയം ഒരു ആത്മ പരിശോധന നടത്തി നോക്കുക!

Wednesday, October 1, 2014

ഭൂമി പുസ്തകം എഴുതിയത് മനുഷ്യരോ അതോ ദേവന്മാരോ?

[The blog article in this page is in Malayalam language and it may not load properly if you do not have the necessary Malayalam fonts installed in your computer (You may read the tips for getting the Malayalam fonts in this blog) 

The following Malayalam blog article deals with the issue concerning the authorship of the Urantia Book. I would like to call the Urantia Book in Malayalam as the Bhoomipusthakam which literally means the Book of our heavenly place of residence or simply, the earth book or the book for the earthlings. 

In the following Malayalam language blog, an effort is made to address the issue regarding the authorship of this book to those who are only proficient in Malayalam. It is my earnest hope and desire that this book would get translated to Malayalam in the near future for the benefit of the forty million odd Malayalees in the world who are literally and intellectually mature to receive the truths revealed in this book! Till such time, my small efforts to introduce this book to them would continue in this manner!]

ഞാന്‍ ഭൂമി പുസ്തകമെന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന ഉറാന്‍ഷ്യ ബുക്ക്‌  വാസ്തവത്തില്‍ ആരാണ് എഴുതിയത്? 

ഈ ബൃഹത് ഗ്രന്ഥത്തില്‍ ഒരു മനുഷ്യരുടെയും പേരുകള്‍ ഗ്രന്ഥ കര്‍ത്താക്കളുടെതായി ചേര്‍ക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇതിലെ നൂറ്റി തൊണ്ണൂറ്റി ആറു പ്രബന്ധകര്‍ത്താക്കളുടെയും പേരുകള്‍ കൃത്യമായി ഇതിന്റെ ഇംഗ്ലീഷില്‍ ഉള്ള സൂചികപട്ടികയില്‍ ചേര്‍ത്തിരിക്കുന്നു എന്നതും ഒരു വാസ്തവം തന്നെ. ആദ്യമായി ആ പേരുകള്‍ വായിക്കുന്ന ആര്‍ക്കും അത് വായിക്കുന്ന മാത്രയില്‍ തന്നെ ഈ പുസ്തകത്തിനെ പറ്റി ഒരു വികല ധാരണ ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെയാണ്. കാരണം ആ പേരുകള്‍ അങ്ങനെയാണ്. മനുഷ്യരാരും ഇതുവരെ ഇങ്ങനെയുള്ള പേരുകളോ മറ്റോ ഉപയോഗിച്ചതായി എങ്ങും കാണാന്‍ സാധിക്കില്ല. എന്നാല്‍ ഓരോ പേരും വളരെ അര്‍ത്ഥവത്താണ് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

ഉദാഹരണത്തിന് ആദ്യ പ്രബന്ധ കര്‍ത്താവിന്റെ പേര് പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത് ഡിവൈന്‍ കൌണ്‍സെലര്‍ (Divine Counselor)  എന്നാണ്. മലയാളത്തില്‍ ഇതിനെ വേദ ഉപദേഷ്ടാവ്‌ എന്ന് ഏകദേശ തര്‍ജമ ചെയ്യാം. അതുപോലെ പുസ്തകത്തിന്റെ നാലാം ഭാഗത്തുള്ള എഴുപത്തി ആറു പ്രബന്ധങ്ങള്‍ മുഴുവനും ഒരു സമിതി എഴുതിയതായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഈ പ്രബന്ധങ്ങള്‍ യേശു ക്രിസ്തുവിന്റെ ജീവിതവും പഠിപ്പിക്കലുകളും എന്ന വിഷയം ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. എഴുത്തുകാര്‍ ആകട്ടെ മിഡ് വേയര്‍ കമ്മിഷന്‍ എന്ന ഒരു സമിതിയും. മിഡ് വേയെര്‍ കമ്മിഷന്‍ എന്നത് മലയാളത്തില്‍ നമുക്ക്‌ അര്‍ദ്ധ നരേശ്വരന്മാരുടെ സമിതി (Midwayer Commission) എന്ന് വിവര്‍ത്തനം ചെയ്യാം. ഈ അര്‍ദ്ധ നരേശ്വരന്മാര്‍ ആര് എന്ന് മറ്റു പല പ്രബന്ധങ്ങളില്‍ കൂടി നമുക്ക് വിവരം ലഭിക്കുന്നു.

ഈ പുസ്തകത്തില്‍ തന്നെ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച് അര്‍ദ്ധ നരേശ്വരന്മാര്‍ (midwayers) മനുഷ്യരല്ല. എന്നാല്‍ ദേവന്മാരും അല്ല. നമ്മുടെ ഭൂമിയില്‍ കഴിഞ്ഞ ഏതാണ്ട് രണ്ടു ലക്ഷം വര്‍ഷങ്ങളായി ജീവിക്കുന്ന ഒരു കൂട്ടം അഗോചര അമര്ത്യര്‍ ആണ് ഇവര്‍. അവര്‍ക്ക് നമ്മളെക്കാള്‍ ബുദ്ധിയുണ്ട്, കഴിവും ഉണ്ട്. നമ്മളെ അവര്‍ കാണുന്നു, എന്നാല്‍ അവരെ നമുക്ക് കാണാന്‍ കഴിയുന്നില്ല. അവര്‍ ദൈവ ദൂതര്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് അവര്‍ തന്നെ നമുക്ക് ഈ പുസ്തകത്തില്‍ കൂടി പറഞ്ഞു തരുന്നു. അവര്‍ ദൈവ ദൂതരുടെ സഹായികള്‍ ആയി വര്‍ത്തിക്കുന്നു എന്ന് അവര്‍ തന്നെ നമ്മോട് പറയുന്നു. ആത്മിക വ്യക്തിത്വങ്ങളുടെയും ഭൌതിക വ്യക്തിത്വങ്ങളുടെയും ഇടയില്‍ ഉള്ള വ്യക്തിത്വങ്ങള്‍ ആണ് തങ്ങളെന്ന് അവര്‍ നമ്മെ മനസ്സിലാക്കി തരുന്നു. തങ്ങളെക്കാള്‍ ഉയര്‍ന്ന തലത്തില്‍ ഉള്ള ചില തരം ദേവന്‍മാരോടും താണ നിലയില്‍ ഉള്ള മനുഷ്യരോടും ആശയ വിനിമയം നടത്താനുള്ള കഴിവ് അവര്‍ക്ക് പ്രപഞ്ച ശ്രിഷ്ടാവ്‌ (Universe Creator-God) നല്‍കിയിരിക്കുന്നു. ആശയ വിനിമയം മാത്രമല്ല, ഭൌമിക വസ്തുക്കളെ വേണമെങ്കില്‍ തൊടാനും മനുഷ്യര്‍ ചെയ്യുന്ന പോലെയോ അതിലും ഭംഗിയായോ കൈകാര്യം ചെയ്യാനും അവര്‍ക്ക് കഴിവുണ്ട്. മനുഷ്യരുമായി യഥേഷ്ടം ഇവര്‍ ഇടപഴകിയിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ഇപ്പോള്‍ അവരുടെ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിന്റെ കാരണങ്ങള്‍  ഭൂമി പുസ്തകത്തില്‍ പല പ്രബന്ധങ്ങളില്‍ കൂടി നമുക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നു.

ഭൂമി പുസ്തക പ്രബന്ധ രചയിതാക്കളില്‍ ഏറ്റവും ഉയര്‍ന്ന പടിയില്‍ നില്‍ക്കുന്ന വ്യക്തിത്വം ആണ് വേദോപദേഷ്ടാവ്. ഏറ്റവും താണ നിലയില്‍ ഉള്ളത് അര്‍ദ്ധ നരേശ്വരന്മാരും. ഇതിനിടയില്‍ ആണ് മറ്റുള്ള ഇരുപത്തഞ്ചോളം വരുന്ന മറ്റു പ്രബന്ധ രചയിതാക്കള്‍. പ്രബന്ധങ്ങളില്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം അനുസരിച്ച് പ്രബന്ധ കര്‍ത്താക്കളുടെ നിലയും വിലയും മാറുന്നു. ചുരുക്കി പറഞ്ഞാല്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തിന്റെ ഗൌരവം അനുസരിച്ച് അത് എഴുതുന്നവര്‍ വ്യത്യസ്തരായിരിക്കുന്നു. 

ഒരു കാര്യത്തെപ്പറ്റി ആധികാരികമായി എഴുതാന്‍ പ്രാപ്തിയുള്ളവര്‍ മാത്രം ഓരോ വിഷയവും കൈകാര്യം ചെയ്തിരിക്കുന്നു എന്ന് ചുരുക്കം.

പ്രബന്ധ കര്‍ത്താക്കള്‍ അവര്‍ ഓരോരുത്തരും എങ്ങനെയുള്ളവര്‍ എന്ന് പലയിടങ്ങളിലായി വായനക്കാര്‍ക്ക് വെളിപ്പെടുത്തി തരുന്നു എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.

ഭൂമി പുസ്തക രചയിതാക്കള്‍ നമുക്ക് കാണാന്‍ പറ്റാത്തവര്‍ ആണെന്ന് അവര്‍ നമുക്ക് മനസ്സിലാക്കി തരുന്നു. അതിനുള്ള കാരണങ്ങളും അവര്‍ വിശദീകരിക്കുന്നു. അവര്‍ നമ്മുടെ ദൃഷ്ടിയില്‍ കാണപ്പെടുന്നില്ല എന്നത് കൊണ്ട് മാത്രം അവര്‍ വാസ്തവം അല്ല എന്ന് കരുതുന്നത് നമ്മുടെ വിഡ്ഢിത്തം തന്നെ എന്ന് അവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. നമുക്ക് കാണാന്‍ പറ്റാത്ത രശ്മികളും തരംഗങ്ങളും ഉണ്ടല്ലോ എന്ന് കൂടി അവര്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ഭൂമി പുസ്തക രചനയ്ക്ക് മനുഷ്യരെ ഒരു വിധത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് പുസ്തക രചയിതാക്കള്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍ അതിന്റെ അച്ചടിക്കും പബ്ലിഷിങ്ങിനും ഒരു കൂട്ടം മനുഷ്യരെ ഉപയോഗിച്ചിരുന്നു എന്നത് ഒരു ചരിത്ര സംഭവം മാത്രം. ഭൂമി പുസ്തകത്തിന്റെ മൂല കൃതികള്‍ (കൈ എഴുത്ത്) അര്‍ദ്ധ നരേശ്വരന്മാര്‍ നിര്‍വഹിച്ചു എന്ന് വേണം കരുതാന്‍. ഈ കൈ എഴുത്ത് തെരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരാല്‍ ടൈപ്പ് ചെയ്യപ്പെടുകയും പിന്നീട് മുദ്രണം ചെയ്യപ്പെടുകയും ആണ് ഉണ്ടായത്. ആദ്യ മുദ്രണം ആയിരത്തി തൊള്ളായിരത്തി അമ്പത്തഞ്ചില്‍ അമേരിക്കയില്‍ നടന്നു. അര്‍ദ്ധ നരേശ്വരന്മാര്‍ എഴുതിക്കൊടുത്ത മൂല പ്രതികള്‍ പുസ്തകം ടൈപ്പ് ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ അപ്രത്യക്ഷമായി. (അര്‍ദ്ധ നരേശ്വര്‍ അവയെ തങ്ങളുടേതായ രീതിയില്‍ നശിപ്പിച്ചു എന്ന് ഭൂമി പുസ്തക ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. മൂല പ്രതികള്‍ ഒരു അത്ഭുത വസ്തുവായി കണ്ടു മനുഷ്യര്‍ അതിനെ ഒരു അമൂല്യ പൂജാ വസ്തുവായി കണ്ടു വണങ്ങാതിരിക്കാന്‍ വേണ്ടി അങ്ങനെ ചെയ്യേണ്ടി വന്നു എന്ന് പലയിടങ്ങളില്‍ നിന്നായി കിട്ടിയ വസ്തുതകള്‍ സൂചിപ്പിക്കുന്നു.)

പുസ്തകം എങ്ങനെ കിട്ടി എന്നതിനേക്കാള്‍ പുസ്തകത്തിന്റെ ഉള്ളടക്കത്തിനു പ്രാധാന്യം കൊടുക്കാന്‍ പുസ്തക രചയിതാക്കള്‍ പുസ്തകത്തില്‍ കൂടി വായനക്കാരെ ഓര്‍മപ്പെടുത്തുന്നു. വഴി തെറ്റി പോകുന്ന മനുഷ്യര്‍ക്ക്‌ നല്ല വഴിയും സത്യവും കാണിച്ചു കൊടുക്കാന്‍ ദൈവ അനുമതിയോടെ ചെയ്ത ഒരു പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ പുസ്തകം മനുഷ്യര്‍ക്ക്‌ കിട്ടിയത് എന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

ഭൂമി പുസ്തക മൂല പ്രതികള്‍ ആദ്യമായി കൈമാറപ്പെട്ടത്  ഡോ.വില്ല്യം സാഡലര്‍ എന്ന ഒരു പ്രമുഖ അമേരിക്കന്‍ മനോരോഗ വിദഗ്ധനാണ്. അദ്ദേഹം ഒരു പ്രമുഖ വൈദ്യ ശാസ്ത്ര പ്രഫസ്സര്‍ മാത്രമല്ല ഒരു വൈദ്യ ശാസ്ത്ര ഗ്രന്ഥകാരന്‍ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഡോ.ലീന സാഡലറും അറിയപ്പെടുന്ന ഡോക്‌ടര്‍. ഡോ.വില്യം സാഡലറുമായി ആണ് അഗോചര വ്യക്തിത്വങ്ങള്‍ ആദ്യമായി അതിശയകരമായ പരോക്ഷ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ ആയിരുന്നു ഈ സംഭവം. 

സാഡലര്‍ക്ക് എളുപ്പത്തില്‍ വിശ്വാസം വരുന്ന ഒരു സാധാരണ വ്യക്തി അല്ലായിരുന്നു എന്നത് കൊണ്ട് ഈ അതിശയ സമ്പര്‍ക്കം അത്ര പെട്ടെന്ന് മുഖവിലയ്ക്കെടുക്കാന്‍ തയ്യാറല്ലായിരുന്നു. തന്നെ ചുറ്റിപറ്റി സംഭവിക്കുന്ന ചില സംഗതികള്‍ വാസ്തവത്തില്‍ അമാനുഷ പ്രവര്‍ത്തനം എന്ന് ഉറപ്പിക്കാന്‍ അദ്ദേഹത്തിനു വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു. അപ്പോഴേക്കും അദ്ദേഹം ഈ കാര്യങ്ങളെ കൂടുതല്‍ പഠിക്കാനായി തന്റെ ഒരു പറ്റം സുഹൃത്തുക്കളെ കൂടി ഉള്‍പ്പെടുത്തി ഒരു വലിയ സംഘടന (the forum) തന്നെ രൂപപ്പെടുത്തിയിരുന്നു. ഈ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും പിന്നീട്  അദൃശ്യ വ്യക്തിത്വങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള സമ്പര്‍ക്ക സമിതിയായി മാറി.

ഈ സാഹചര്യങ്ങളില്‍ ആണ് ആയിരത്തി തൊള്ളായിരത്തി മുപ്പത്തഞ്ചില്‍ ഭൂമി പുസ്തകത്തിന്റെ മൂല പ്രതി സമ്പര്‍ക്ക സമിതിയുടെ കൈവശം പഠനത്തിനും പ്രകാശനത്തിനുമായി കിട്ടുന്നത്. ഭൂമി പുസ്തക പ്രകാശനം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെ സമ്പര്‍ക്ക സമിതി (Contact Mission) പിന്നീട് ഒരു രജിസ്ടര്‍ ചെയ്യപ്പെട്ട സൊസൈറ്റി ആയി രൂപാന്തരം പ്രാപിച്ചു. ഇതാണ് പിന്നീട് ഉറങ്ഷ്യ ഫൌണ്ടേഷന്‍ (Urantia Foundation)  ആയി മാറിയത്. 

ഭൂമി പുസ്തകം മുദ്രണം ചെയ്യപ്പെട്ടതോടെ സമ്പര്‍ക്ക സമിതി അംഗങ്ങളുമായി അദൃശ്യ വ്യക്തിതത്വങ്ങളുടെ സമ്പര്‍ക്കം നിലച്ചു. 

'ഇനി നിങ്ങള്‍ (മനുഷ്യര്‍) തനിയെ മുമ്പോട്ട്‌ പോവുക'. അതായിരുന്നു അദൃശ്യ വ്യക്തികള്‍ (invisible personalities) അവസാനമായി സമ്പര്‍ക്ക സമിതിയ്ക്ക് കൊടുത്ത നിര്‍ദേശം.

ഞാന്‍ നേരത്തെ ചില ലേഖനങ്ങളില്‍ സൂചിപ്പിച്ചതുപോലെ ഭൂമി പുസ്തകം മനുഷ്യര്‍ക്ക്‌ കൊടുത്ത അഞ്ചാം കാല ഘട്ട വെളിപാട് ആണ് എന്നാണു പുസ്തക രചയിതാക്കള്‍ വായനക്കാരോട് പറയുന്നത്.

വെളിപാട്‌ എന്ന് വച്ചാല്‍ വെളിപ്പെടുത്തിയ സത്യങ്ങള്‍ എന്നര്‍ഥം. ദൈവത്തെയും മനുഷ്യരെയും സംബന്ധിച്ച സത്യങ്ങള്‍. 

സത്യങ്ങള്‍ രണ്ടു തരമുണ്ട് എന്ന് അറിയണം. ഒന്ന് മനുഷ്യര്‍ സ്വബുദ്ധിയാലെയും അനുഭവത്താലെയും മനസ്സിലാക്കിയ വസ്തുതകള്‍. രണ്ടാമത്‌ മനുഷ്യര്‍ക്ക്‌ തന്റെ സ്വബുദ്ധിയാലെയും അനുഭവത്താലെയും മനസ്സിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍. 

രണ്ടാമത്തെ സത്യങ്ങള്‍ മനസ്സിലാക്കാന്‍ ഉന്നത തല വെളിപ്പെടുത്തലുകള്‍ ആവശ്യമായി വരും. ഭൂമി പുസ്തകം അങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ ആണ്. 

എന്നാല്‍ ഏതു തരം സത്യങ്ങളും മനസ്സിലാക്കാന്‍ ഒരു നിശ്ചിത അളവില്‍ ബുദ്ധിയും വിവേകവും ആവശ്യമായി വരും. അതില്ലെങ്കില്‍ ഒരു സത്യവും സത്യമായി മനസ്സിലായെന്നു വരില്ല.

ബധിരനു സംഗീതം ആസ്വദിക്കാന്‍ പറ്റുമോ?

അന്ധനു മഴവില്‍ എത്രമാത്രം  മനസ്സിലാകും? 

ഒന്നാം ക്ലാസ്സില്‍ തോറ്റവനും പത്താംക്ലാസ്സില്‍ ജയിച്ചവനും ഒരുമിച്ചു ക്ലാസ്സ്‌ എടുക്കാന്‍ കഴിയുമോ?

ഭൂമി പുസ്തക വെളിപ്പെടുത്തലുകള്‍ മനുഷ്യനെ മതമേധാവിത്വ സ്വാധീനത്തില്‍ നിന്നും പടിപടിയായി മാറ്റിക്കൊണ്ട് വരുന്ന ഒരു കാലം ഭാവിയില്‍ ഉണ്ടായി വരാന്‍ സാധ്യത ഏറെയാണ്. അടിമത്ത്വം മനുഷ്യ മനസ്സില്‍ നിന്നും മാറുന്നത്  അങ്ങനെയുള്ളവരെക്കൊണ്ട് സ്വജീവിതം ആസ്വദിച്ചു പഠിച്ചവര്‍ക്ക് തീരാനഷ്ടം ആയെന്നു തോന്നാം. അതുകൊണ്ട് ഭൂമി പുസ്തകത്തെ ആരെങ്കിലും ഇപ്പോള്‍ അതിയായി പേടിക്കുന്നുവെങ്കില്‍ അത് ഇക്കാലത്തെ മത മേധാവികള്‍ തന്നെ ആയിരിക്കണം. സത്യവും അസത്യവും കൂടിക്കലര്‍ത്തി സമ്മോഹനമായ അവിയല്‍ പരുവത്തില്‍ ആണല്ലോ മതങ്ങള്‍ എല്ലാം തന്നെ മനുഷ്യനെ കാര്യ സാദ്ധ്യത്തിനായി മയക്കി എടുക്കുന്നത്. 

എന്നാല്‍ ഈ സ്ഥിതി വളരെക്കാലം ഈ ഭൂമിയില്‍ നില നില്‍ക്കില്ല. കാരണം ദൈവ പ്രവര്‍ത്തനം നടന്നു കൊണ്ടേയിരിക്കുന്നു.

നാം ദൈവത്തെ അല്ല, പിന്നെയോ ദൈവം നമ്മളെയാണ് ക്ഷമയോടെ നിയന്ത്രിക്കുന്നതെന്ന് മനസ്സിലാക്കുക.

ഭൂമി പുസ്തകം ആ ദൈവിക പ്രവര്‍ത്തനം ദേവന്‍മാരില്‍ കൂടി നടന്നതിന്റെ ഫലമായി ആധുനിക മനുഷ്യര്‍ക്ക്‌ കിട്ടിയ ഒരു സമ്മാനമാണ്.

ആ സമ്മാനത്തെ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നത്തില്‍ കൂടി മനുഷ്യന് നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ.

ഇനിയും സംശയമോ? 

Thursday, August 7, 2014

ഉറാന്ഷ്യപുസ്തകത്തിന്റെ കാതലായ വെളിപ്പെടുത്തലുകള്‍!

[The article below is in Malayalam language. If your PC does not have the relevant Malayalam font installed, the text below will simply appear as ?????. The article gives some essential introduction about the core revelation that is contained in the Urantia Book]

ആയിരത്തി തൊള്ളായിരത്തി അമ്പത്തഞ്ചില്‍ ഇംഗ്ലീഷ് ഭാഷയില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വമ്പന്‍ പുസ്തകമാണ് ഉറങ്തിയ ബുക്ക്‌ [Urantia Book] അഥവാ ഉറാന്‍ഷ്യ പുസ്തകം. Urantia എന്ന ഒരു ഇംഗ്ലീഷ് വാക്ക് അതിനു മുമ്പ്‌ പ്രയോഗത്തില്‍ വന്നിട്ടില്ല. അത് കൊണ്ട് അത് എങ്ങനെ ഉച്ചരിക്കും എന്ന കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകാന്‍ തരമില്ല.

ഉറന്ശ്യ (ഉരാന്ഷ്യ അഥവാ ഉറങ്തിയ എന്നും ഉച്ചരിക്കാം!) എന്ന വാക്ക് കൊണ്ട് ഈ പുസ്തക രചയിതാക്കള്‍ അര്‍ത്ഥമാക്കുന്നത് ആകാശ വിതാനത്തിലെ താമസ സ്ഥലം എന്നാണെങ്കിലും അത് പുസ്തക രചയിതാക്കള്‍  നമ്മുടെ ഭൂമിയെ വിളിക്കാനായി പുസ്തകത്തില്‍ ഉപയോഗിച്ച ഒരു പുതിയ പേര് മാത്രമാണ്. 

അങ്ങനെ വരുമ്പോള്‍ ഉറന്ശ്യ പുസ്തകത്തിനെ ഭൂമി പുസ്തകം എന്നും പറയാം. വരും കാലങ്ങളില്‍ നമ്മുടെ മലയാളി സുഹൃത്തുക്കള്‍ ആരെങ്കിലും ഈ വമ്പന്‍ പുസ്തകം മലയാളത്തില്‍ തര്‍ജമ ചെയ്യുമ്പോള്‍ ഭൂമി പുസ്തകം എന്ന് ഇതിനെ മലയാളത്തില്‍ വിളിക്കുന്നത്‌ ഉചിതം ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു. 

ഈ വമ്പന്‍ പുസ്തകത്തിന് രണ്ടായിരത്തി ഇരുനൂറിനടുത്ത് പേജുകള്‍ ഉണ്ട്. അതായത്‌ പഴയ നിയമവും പുതിയ നിയമവും കൂടി ചേര്‍ന്ന ബൈബിളിന്റെ ഇരട്ടി വലിപ്പം. 

ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് നൂറ്റി തൊണ്ണൂറ്റി ആറു പ്രബന്ധങ്ങള്‍ ആണ്. ഇവയെ നാല് ഭാഗങ്ങളിലായി വിഭജിച്ചിരിക്കുന്നു. അത് താഴെ പറയും വിധമാണ്.

ഭാഗം ഒന്ന്- കേന്ദ്ര പ്രപഞ്ചവും മഹാ പ്രപഞ്ചങ്ങളും 

ഭാഗം രണ്ട്- സ്ഥാനീയ പ്രപഞ്ചം 

ഭാഗം മൂന്ന്‌- ഭൂമി ചരിത്രം 

ഭാഗം നാല്- യേശുവിന്റെ ജീവിതവും പഠിപ്പിക്കലുകളും 

ഈ ഭൂമി പുസ്തകം യഥാര്‍ഥത്തില്‍ ഒരു വെളിപ്പെടുത്തല്‍ പുസ്തകം ആണ്. പുസ്തക രചയിതാക്കള്‍ തന്നെ പറഞ്ഞിരിക്കുന്നത് ഇത് ഭൂമിയിലെ മനുഷ്യര്‍ക്കുള്ള അഞ്ചാം കാലഘട്ട വെളിപ്പെടുത്തല്‍ ആണെന്നാണ്. 

ഈ പുസ്തകം മനുഷ്യര്‍ക്ക്‌ ഇരുപതാം നൂറ്റാണ്ടില്‍ വെളിപ്പെടുത്താന്‍ ഉണ്ടായ കാരണങ്ങളും പുസ്തകത്തിന്റെ ആമുഖ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

സകല പ്രപഞ്ചങ്ങളുടെയും ഉപജ്ഞാതാവും കാരണഭൂതനും ആയ ദൈവത്തെയും ദൈവിക ഭരണ സംവിധാനത്തെയും പറ്റിയുള്ള മനുഷ്യന്റെ ധാരണകള്‍ ശരിയായ വിധത്തില്‍ അല്ല മനുഷ്യര്‍ക്ക്‌ ഇന്നുള്ളത്. ബുദ്ധിപരമായി മനുഷ്യന്‍ വികാസം പ്രാപിച്ചിരിക്കുന്നു എങ്കിലും മാനുഷിക ബുദ്ധി നേര്‍വഴിക്ക് പോകുന്നില്ല. ഔന്നത്യം പ്രാപിക്കുന്നതിനൊപ്പം മനുഷ്യന്‍ തലകുത്തി വീഴുകയും ചെയ്യുന്നു. അപ്പോള്‍ ശരാശരി വികാസത്തിനു ഉയര്‍ച്ച ഉണ്ടാകുന്നില്ല. 

തെറ്റും ശരിയും മനസ്സിലാക്കാന്‍ മനുഷ്യ ബുദ്ധിക്ക് കഴിയാതെ പോകുന്നു. സത്യമേത് അസത്യമേത് എന്നതില്‍ മനുഷ്യ ബുദ്ധി പതറിപ്പോകുന്നു. 

അപ്പോള്‍ നേര്‍വഴി അറിയാതെ പതറിപ്പോകുന്ന ചില മനുഷ്യര്‍ക്കെങ്കിലും നേര്‍വഴി കാട്ടാന്‍ ചില കാലഘട്ടങ്ങളില്‍ ദൈവിക ഇടപെടലുകള്‍ ഉണ്ടാകാതെ തരമില്ല. ആധുനിക മനുഷ്യര്‍ക്ക്‌ ആ ഭാഗ്യം കൈവന്നു. അതാണ്‌ അഞ്ചാം കാലഘട്ട വെളിപ്പെടുത്തലായി ഇപ്പോള്‍ നമുക്ക് കിട്ടിയിരിക്കുന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 

ദൈവം മനുഷ്യ സൃഷ്ടിയല്ല. മനുഷ്യര്‍ ദൈവ സൃഷ്ടിയാണ്. എന്നാല്‍ മനുഷ്യരെ ദൈവം എങ്ങനെ സൃഷ്ടിച്ചു എന്ന് മനുഷ്യന് വാസ്തവത്തില്‍ അറിയില്ല എന്നതാണ് സത്യം. ഇന്ന് മനുഷ്യ മതങ്ങളും മനുഷ്യ ശാസ്ത്രകാരന്മാരും പറയുന്നത് ഓരോ കാലങ്ങളിലെയും മനുഷ്യ ഭാവനകള്‍ മാത്രം. അതില്‍ കുറച്ചു സത്യവും കുറെയേറെ അസത്യ ഭാവനകളും ഉണ്ട് എന്നതാണ് വാസ്തവം. ഭൂമി പുസ്തകം ഈ ധാരണപ്പിശകുകളെ നേരായ വഴിയില്‍ കൊണ്ടുവരാന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നു. സത്യവും അസത്യവും വേര്‍തിരിക്കാന്‍ കഴിയാത്ത മനുഷ്യര്‍ക്ക്‌ ഇപ്പോള്‍ അതു വലിയ പ്രയോജനം ചെയ്തെന്നു വരികില്ല എങ്കില്‍ പോലും കുറെ തലമുറകള്‍ക്ക് ശേഷം കൂടുതല്‍ കൂടുതല്‍ മനുഷ്യര്‍ക്ക്‌ അത് പ്രയോജനപ്പെടും. 

അനന്ത ശക്തിയായ ദൈവത്തെ പൂര്‍ണമായി  മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക്‌ കഴിവില്ല. എന്നാല്‍ മനുഷ്യര്‍ അവന്റെ കഴിവിന് അനുസരിച്ചു ശരിയായ വിധത്തില്‍ ദൈവ ഇഷ്ടം മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അങ്ങനെയുള്ള മനുഷ്യരെ കൊണ്ട് ദൈവത്തിനു ഭാവിയില്‍ ഈ പ്രപഞ്ച നടത്തിപ്പിന് അനുയോഗ്യരായവരെ രൂപാന്തരപ്പെടുത്തിയെടുക്കാന്‍ പദ്ധതിയുണ്ട്. ഇന്ന് അങ്ങനെയുള്ള കാര്യങ്ങള്‍ നടത്തുന്ന കോടാനു കോടി ദൈവ സൃഷ്ടികള്‍ ഇല്ലെന്നല്ല. എന്നാല്‍ അവരെക്കാളും ചില കാര്യങ്ങളില്‍ യോഗ്യതകൂടുതല്‍ നേടിയവരെ ദൈവം ആഗ്രഹിക്കുന്നു. 

ഭൂമിയിലെ മനുഷ്യ ജീവിതം അതിന്റെ ആദ്യ പടിയാണ്. ഭൂമി ജീവിതം ഒരു വലിയ പരീക്ഷണ ശാല എന്ന് വേണമെങ്കില്‍ നമുക്ക് വിവക്ഷിക്കാം. പരീക്ഷണങ്ങളെ ദൈവൈഷ്ടത്തിനു അനുസരണമായി അതിജീവിക്കുന്ന മനുഷ്യരെ ദൈവത്തിന്റെ സംവിധാനം തിരഞ്ഞെടുക്കുന്നു. അങ്ങനെയുള്ളവര്‍ ഭൂമി മരണത്തെ അതിജീവിക്കുന്നു. പടിപടിയായി ഉയര്‍ച്ച നേടുന്നവര്‍ ആയി യുഗയുഗങ്ങളായി ജീവിക്കുന്നവരും  ദൈവിക ഭരണസംവിധാനത്തിലെ പ്രധാന കണ്ണികളും ആയി പ്രവര്‍ത്തന നിരതര്‍ ആയിത്തീരുന്നു. 

ഇങ്ങനെയുള്ളവരെ വാര്‍ത്തെടുക്കുന്ന പ്രപഞ്ചത്തിലെ ഒരേയൊരു ഗോളമല്ല നമ്മുടെ ഭൂമി. ഇതുപോലെ കോടാനു കോടി ഭൂമികള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ട്. അവയുടെ ഒക്കെയും നിര്‍മാണവും ഭരണവും ഒക്കെ പടിപടിയായി കാലാകാലങ്ങളിലായി നടന്നുകൊണ്ടേയിരിക്കുന്നു. 

മനുഷ്യമതങ്ങളില്‍ എല്ലാം കുറെ സത്യമുണ്ട്. അതുപോലെ അസത്യങ്ങളും. ദൈവത്തെ പറ്റിയുള്ള മനുഷ്യമതങ്ങളിലെ എല്ലാ പഠിപ്പിക്കലുകളും ശരിയായിട്ടുള്ളതല്ല എന്നതാണ് സത്യം. കാരണം അവയൊക്കെ അപൂര്‍ണ മനുഷ്യ മനസ്സുകളില്‍ കൂടി വന്നവയാണ്. പരമാര്‍ഥവും അപൂര്‍ണമനസ്സുകളില്‍ അപഗ്രധിക്കുമ്പോള്‍ അപൂര്‍ണവും അബദ്ധവും ആയിത്തീരുന്നു.

അതിനാല്‍ ഭൂമി പുസ്തകം മനുഷ്യ മനസ്സില്‍ കൂടി കൊടുത്ത ഒരു വെളിപ്പെടുത്തല്‍ അല്ല. ഇത് പൂര്‍ണമായും അമാനുഷിക സൃഷ്ടി എന്ന് വിവക്ഷിക്കാം. ചില മനുഷ്യരെ ഇതിന്റെ പുസ്തക രൂപത്തിലുള്ള പ്രകാശനത്തിനു ഉപയോഗിച്ചിരുന്നു എങ്കില്‍ പോലും. 

ഭൂമി പുസ്തകത്തിലെ എല്ലാ പ്രബന്ധങ്ങളും എഴുതിയിരിക്കുന്നവരുടെ വിവരങ്ങളും ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നു. എല്ലാവരും മനുഷ്യ ദൃഷ്ടിക്ക് അഗോചരര്‍ ആയവരും  ദൈവിക ഭരണ സംവിധാനത്തില്‍ ഉള്‍പ്പെട്ടവരും ആയ ഇരുപത്തന്ചില്‍ ഏറെ വ്യക്തികള്‍. ദൈവിക  ഭരണ സംവിധാനം എങ്ങനെ എന്നും അതില്‍ ഇങ്ങനെയുള്ള ദൈവിക വ്യക്തിത്വങ്ങള്‍ എങ്ങനെ പ്രവര്‍ത്തന നിരതര്‍ ആയിരിക്കുന്നു എന്നും ഒക്കെ ഭൂമി പുസ്തകം സൂക്ഷ്മമായി പ്രതിപാദിച്ചിരിക്കുന്നു.

നാലാം ഭാഗമായ യേശു ചരിത്രം യേശു വാസ്തവത്തില്‍ ആര് എന്ന് വിവരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഭൂമിയിലെ മനുഷ്യ ജീവിതം അതി വിസ്താരമായി വിവരിക്കുന്നു. ഇന്നേവരെ അങ്ങനെയുള്ള ഒരു ജീവ ചരിത്രം യേശുവിനെ പറ്റി നിലവില്‍ ഇല്ല. ഇപ്പോള്‍  മനുഷ്യര്‍ക്ക് സമരായവര്‍ ജീവിക്കുന്ന മുപ്പത്തെട്ടു ലക്ഷം ഭൂമി പോലെയുള്ള ഗ്രഹങ്ങള്‍ ഉള്ളതും ഭാവിയില്‍ ഒരു കോടി അങ്ങനെയുള്ള ഗ്രഹങ്ങള്‍ ആയിത്തീരുകയും  ചെയ്യുന്ന ഒരു സ്ഥാനീയ പ്രപഞ്ചത്തിന്റെ സൃഷി കര്‍ത്താവും ഭരണാധികാരിയും ആയ ഒരു ദൈവിക വ്യക്തിത്വം ആണ് മനുഷ്യ രൂപത്തില്‍ യേശുവായി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഈ ലോകത്തില്‍ ജന്മമെടുത്തത്. എന്നാല്‍ അത് ക്രിസ്ത്യാനികള്‍ പറയും പോലെ മനുഷ്യരുടെ പാപങ്ങള്‍ക്ക് മോചനമായി സ്വയം ബലി ആകാന്‍ ആയിട്ടുള്ള ഒന്നായിരുന്നില്ല. പിന്നെയോ തന്റെ സൃഷ്ടികളില്‍ ഒന്നായ മനുഷ്യ വര്‍ഗത്തിന്റെ ജീവിതം സ്വയം പഠിക്കാനായി സൃഷ്ടി കര്‍ത്താവിന്റെ തന്നെ ഒരു തീരുമാനം മൂലം ആയിരുന്നു അത്.

എല്ലാ സ്ഥാനീയ പ്രപഞ്ച സൃഷ്ടാക്കളും അവരുടെ സൃഷ്ടികളെ പറ്റി ശരിയായി പഠിച്ചിരിക്കണം എന്നത് ദൈവ ഹിതം ആണ്. എല്ലാ ഭരണ കര്‍ത്താക്കളും അവരുടെ ജനത്തെ ശരിയായി മനസ്സിലാക്കിയിരിക്കണം. അവരില്‍ ഒരാളായി തന്നെ. അതാണ്‌ ദൈവ ഹിതം.

മനുഷ്യ ശരീരവും മനസ്സും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അതിന്റെ ഉപജ്ഞാതാവിനു അറിയാന്‍ ഇതില്പരം വേറെ എന്ത് മാര്‍ഗം? എന്നാല്‍ ഇതൊക്കെ എങ്ങനെ എന്ന് ദൈവത്തിനു മാത്രം അറിയാവുന്ന രഹസ്യങ്ങള്‍. 

അപ്പോള്‍ മനുഷ്യര്‍ അവരുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്കൊപ്പം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ദൈവ സംവിധാനം മനുഷ്യര്‍ക്ക് വെളിപ്പെടുത്തും. എന്നാലത് ഒരിക്കലും മനുഷ്യന്റെ ആഗ്രഹ പ്രകാരം ആയിരിക്കണമെന്നില്ല. 

ഭൂമി പുസ്തകത്തില്‍ കൂടി ദൈവ സംവിധാനം അതാണ്‌ വെളിപ്പെടുത്തുന്നത്. പക്ഷെ അത് മനസ്സിലാകാന്‍ അതിനു യോജിച്ച മാനസിക വളര്‍ച്ച ആവശ്യമാണ്‌.

ഭൂമി പുസ്തകം അതിനാല്‍ തന്നെ ഒരു മത ഗ്രന്ഥമല്ല.


Saturday, August 20, 2011

ഉറങ്ശ്യ പുസ്തകത്തെ കേരളത്തിലെ വായനക്കാര്‍ക്ക്‌ പരിചയപ്പെടുത്തട്ടെ !

മലയാളം വായിക്കാന്‍ അറിയുന്ന സ്നേഹിതരെ !

ഉറങ്ശ്യ പുസ്തകം [The Urantia Book] എന്നൊരു പേര് നിങ്ങള്‍ കേട്ട് കാണാന്‍ സാധ്യത വളരെ കുറവാണ്. ഈ പേരൊന്നു ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്തു നോക്കുക. ഇംഗ്ലീഷില്‍ ഉള്ള പേര്  ഉരാന്ചാ ബുക്ക്‌ എന്നും ഉച്ചരിക്കാം. എന്നാല്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്‌താല്‍ ഒരു പക്ഷെ ഭൂമി പുസ്തകം എന്ന് വിളിക്കുന്നത്‌ ആയിരിക്കും ഉത്തമം.   

നിങ്ങള്‍ അമേരിക്കയില്‍ താമസം ആണെങ്കില്‍ സാധ്യത കൂടുതല്‍ ആകാം. കടുത്ത ക്രിസ്ത്യാനി ആണെങ്കില്‍ ഒരു പക്ഷേ കേട്ടിരിക്കുന്നത് മോശമായിട്ടാകാനും വഴി ഇല്ലാതില്ല. ഏതായാലും ഞാനൊരു സത്യം പറയാം. ഇന്ത്യയില്‍ നിന്നുള്ള ഒരേ ഒരു ഉറങ്ശ്യ പുസ്തക വായനക്കാരന്‍ ഇപ്പൊ ഞാനായിരിക്കുമെന്നു തോന്നുന്നു. 

ഈ പുസ്തകം വായിക്കാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. അത് വായിച്ചാലേ അക്കാര്യം മനസ്സിലാകൂ. ഇപ്പൊ ഏതായാലും ഈ പുസ്തകം മലയാളത്തില്‍ വായിക്കാന്‍ പറ്റുകയില്ല. സ്വല്പം നല്ല ഇംഗ്ലീഷ് പ്രാവീണ്യം ആവശ്യം ആണ്. ഇത് വായിച്ചു ആ പരമ സത്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മലയാളികള്‍ ആരെങ്കിലും ഏതാനും കൊല്ലങ്ങല്‍ക്കകം ഈ പുസ്തകം മലയാള ഭാഷയില്‍ തര്‍ജമ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു. 

സ്നേഹത്തോടെ രാജന്‍ സി മാത്യു.

ഈ പുസ്തകം ഓണ്‍ ലൈന്‍ ആയി ഇംഗ്ലീഷില്‍ വായിക്കാന്‍ എന്റെ വെബ് സൈറ്റ്‌ നോക്കുക.