Wednesday, October 1, 2014

ഭൂമി പുസ്തകം എഴുതിയത് മനുഷ്യരോ അതോ ദേവന്മാരോ?

[The blog article in this page is in Malayalam language and it may not load properly if you do not have the necessary Malayalam fonts installed in your computer (You may read the tips for getting the Malayalam fonts in this blog) 

The following Malayalam blog article deals with the issue concerning the authorship of the Urantia Book. I would like to call the Urantia Book in Malayalam as the Bhoomipusthakam which literally means the Book of our heavenly place of residence or simply, the earth book or the book for the earthlings. 

In the following Malayalam language blog, an effort is made to address the issue regarding the authorship of this book to those who are only proficient in Malayalam. It is my earnest hope and desire that this book would get translated to Malayalam in the near future for the benefit of the forty million odd Malayalees in the world who are literally and intellectually mature to receive the truths revealed in this book! Till such time, my small efforts to introduce this book to them would continue in this manner!]

ഞാന്‍ ഭൂമി പുസ്തകമെന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന ഉറാന്‍ഷ്യ ബുക്ക്‌  വാസ്തവത്തില്‍ ആരാണ് എഴുതിയത്? 

ഈ ബൃഹത് ഗ്രന്ഥത്തില്‍ ഒരു മനുഷ്യരുടെയും പേരുകള്‍ ഗ്രന്ഥ കര്‍ത്താക്കളുടെതായി ചേര്‍ക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇതിലെ നൂറ്റി തൊണ്ണൂറ്റി ആറു പ്രബന്ധകര്‍ത്താക്കളുടെയും പേരുകള്‍ കൃത്യമായി ഇതിന്റെ ഇംഗ്ലീഷില്‍ ഉള്ള സൂചികപട്ടികയില്‍ ചേര്‍ത്തിരിക്കുന്നു എന്നതും ഒരു വാസ്തവം തന്നെ. ആദ്യമായി ആ പേരുകള്‍ വായിക്കുന്ന ആര്‍ക്കും അത് വായിക്കുന്ന മാത്രയില്‍ തന്നെ ഈ പുസ്തകത്തിനെ പറ്റി ഒരു വികല ധാരണ ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെയാണ്. കാരണം ആ പേരുകള്‍ അങ്ങനെയാണ്. മനുഷ്യരാരും ഇതുവരെ ഇങ്ങനെയുള്ള പേരുകളോ മറ്റോ ഉപയോഗിച്ചതായി എങ്ങും കാണാന്‍ സാധിക്കില്ല. എന്നാല്‍ ഓരോ പേരും വളരെ അര്‍ത്ഥവത്താണ് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

ഉദാഹരണത്തിന് ആദ്യ പ്രബന്ധ കര്‍ത്താവിന്റെ പേര് പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത് ഡിവൈന്‍ കൌണ്‍സെലര്‍ (Divine Counselor)  എന്നാണ്. മലയാളത്തില്‍ ഇതിനെ വേദ ഉപദേഷ്ടാവ്‌ എന്ന് ഏകദേശ തര്‍ജമ ചെയ്യാം. അതുപോലെ പുസ്തകത്തിന്റെ നാലാം ഭാഗത്തുള്ള എഴുപത്തി ആറു പ്രബന്ധങ്ങള്‍ മുഴുവനും ഒരു സമിതി എഴുതിയതായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഈ പ്രബന്ധങ്ങള്‍ യേശു ക്രിസ്തുവിന്റെ ജീവിതവും പഠിപ്പിക്കലുകളും എന്ന വിഷയം ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. എഴുത്തുകാര്‍ ആകട്ടെ മിഡ് വേയര്‍ കമ്മിഷന്‍ എന്ന ഒരു സമിതിയും. മിഡ് വേയെര്‍ കമ്മിഷന്‍ എന്നത് മലയാളത്തില്‍ നമുക്ക്‌ അര്‍ദ്ധ നരേശ്വരന്മാരുടെ സമിതി (Midwayer Commission) എന്ന് വിവര്‍ത്തനം ചെയ്യാം. ഈ അര്‍ദ്ധ നരേശ്വരന്മാര്‍ ആര് എന്ന് മറ്റു പല പ്രബന്ധങ്ങളില്‍ കൂടി നമുക്ക് വിവരം ലഭിക്കുന്നു.

ഈ പുസ്തകത്തില്‍ തന്നെ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച് അര്‍ദ്ധ നരേശ്വരന്മാര്‍ (midwayers) മനുഷ്യരല്ല. എന്നാല്‍ ദേവന്മാരും അല്ല. നമ്മുടെ ഭൂമിയില്‍ കഴിഞ്ഞ ഏതാണ്ട് രണ്ടു ലക്ഷം വര്‍ഷങ്ങളായി ജീവിക്കുന്ന ഒരു കൂട്ടം അഗോചര അമര്ത്യര്‍ ആണ് ഇവര്‍. അവര്‍ക്ക് നമ്മളെക്കാള്‍ ബുദ്ധിയുണ്ട്, കഴിവും ഉണ്ട്. നമ്മളെ അവര്‍ കാണുന്നു, എന്നാല്‍ അവരെ നമുക്ക് കാണാന്‍ കഴിയുന്നില്ല. അവര്‍ ദൈവ ദൂതര്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് അവര്‍ തന്നെ നമുക്ക് ഈ പുസ്തകത്തില്‍ കൂടി പറഞ്ഞു തരുന്നു. അവര്‍ ദൈവ ദൂതരുടെ സഹായികള്‍ ആയി വര്‍ത്തിക്കുന്നു എന്ന് അവര്‍ തന്നെ നമ്മോട് പറയുന്നു. ആത്മിക വ്യക്തിത്വങ്ങളുടെയും ഭൌതിക വ്യക്തിത്വങ്ങളുടെയും ഇടയില്‍ ഉള്ള വ്യക്തിത്വങ്ങള്‍ ആണ് തങ്ങളെന്ന് അവര്‍ നമ്മെ മനസ്സിലാക്കി തരുന്നു. തങ്ങളെക്കാള്‍ ഉയര്‍ന്ന തലത്തില്‍ ഉള്ള ചില തരം ദേവന്‍മാരോടും താണ നിലയില്‍ ഉള്ള മനുഷ്യരോടും ആശയ വിനിമയം നടത്താനുള്ള കഴിവ് അവര്‍ക്ക് പ്രപഞ്ച ശ്രിഷ്ടാവ്‌ (Universe Creator-God) നല്‍കിയിരിക്കുന്നു. ആശയ വിനിമയം മാത്രമല്ല, ഭൌമിക വസ്തുക്കളെ വേണമെങ്കില്‍ തൊടാനും മനുഷ്യര്‍ ചെയ്യുന്ന പോലെയോ അതിലും ഭംഗിയായോ കൈകാര്യം ചെയ്യാനും അവര്‍ക്ക് കഴിവുണ്ട്. മനുഷ്യരുമായി യഥേഷ്ടം ഇവര്‍ ഇടപഴകിയിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ഇപ്പോള്‍ അവരുടെ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിന്റെ കാരണങ്ങള്‍  ഭൂമി പുസ്തകത്തില്‍ പല പ്രബന്ധങ്ങളില്‍ കൂടി നമുക്ക് വെളിപ്പെടുത്തി തന്നിരിക്കുന്നു.

ഭൂമി പുസ്തക പ്രബന്ധ രചയിതാക്കളില്‍ ഏറ്റവും ഉയര്‍ന്ന പടിയില്‍ നില്‍ക്കുന്ന വ്യക്തിത്വം ആണ് വേദോപദേഷ്ടാവ്. ഏറ്റവും താണ നിലയില്‍ ഉള്ളത് അര്‍ദ്ധ നരേശ്വരന്മാരും. ഇതിനിടയില്‍ ആണ് മറ്റുള്ള ഇരുപത്തഞ്ചോളം വരുന്ന മറ്റു പ്രബന്ധ രചയിതാക്കള്‍. പ്രബന്ധങ്ങളില്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം അനുസരിച്ച് പ്രബന്ധ കര്‍ത്താക്കളുടെ നിലയും വിലയും മാറുന്നു. ചുരുക്കി പറഞ്ഞാല്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയത്തിന്റെ ഗൌരവം അനുസരിച്ച് അത് എഴുതുന്നവര്‍ വ്യത്യസ്തരായിരിക്കുന്നു. 

ഒരു കാര്യത്തെപ്പറ്റി ആധികാരികമായി എഴുതാന്‍ പ്രാപ്തിയുള്ളവര്‍ മാത്രം ഓരോ വിഷയവും കൈകാര്യം ചെയ്തിരിക്കുന്നു എന്ന് ചുരുക്കം.

പ്രബന്ധ കര്‍ത്താക്കള്‍ അവര്‍ ഓരോരുത്തരും എങ്ങനെയുള്ളവര്‍ എന്ന് പലയിടങ്ങളിലായി വായനക്കാര്‍ക്ക് വെളിപ്പെടുത്തി തരുന്നു എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.

ഭൂമി പുസ്തക രചയിതാക്കള്‍ നമുക്ക് കാണാന്‍ പറ്റാത്തവര്‍ ആണെന്ന് അവര്‍ നമുക്ക് മനസ്സിലാക്കി തരുന്നു. അതിനുള്ള കാരണങ്ങളും അവര്‍ വിശദീകരിക്കുന്നു. അവര്‍ നമ്മുടെ ദൃഷ്ടിയില്‍ കാണപ്പെടുന്നില്ല എന്നത് കൊണ്ട് മാത്രം അവര്‍ വാസ്തവം അല്ല എന്ന് കരുതുന്നത് നമ്മുടെ വിഡ്ഢിത്തം തന്നെ എന്ന് അവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. നമുക്ക് കാണാന്‍ പറ്റാത്ത രശ്മികളും തരംഗങ്ങളും ഉണ്ടല്ലോ എന്ന് കൂടി അവര്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ഭൂമി പുസ്തക രചനയ്ക്ക് മനുഷ്യരെ ഒരു വിധത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് പുസ്തക രചയിതാക്കള്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍ അതിന്റെ അച്ചടിക്കും പബ്ലിഷിങ്ങിനും ഒരു കൂട്ടം മനുഷ്യരെ ഉപയോഗിച്ചിരുന്നു എന്നത് ഒരു ചരിത്ര സംഭവം മാത്രം. ഭൂമി പുസ്തകത്തിന്റെ മൂല കൃതികള്‍ (കൈ എഴുത്ത്) അര്‍ദ്ധ നരേശ്വരന്മാര്‍ നിര്‍വഹിച്ചു എന്ന് വേണം കരുതാന്‍. ഈ കൈ എഴുത്ത് തെരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരാല്‍ ടൈപ്പ് ചെയ്യപ്പെടുകയും പിന്നീട് മുദ്രണം ചെയ്യപ്പെടുകയും ആണ് ഉണ്ടായത്. ആദ്യ മുദ്രണം ആയിരത്തി തൊള്ളായിരത്തി അമ്പത്തഞ്ചില്‍ അമേരിക്കയില്‍ നടന്നു. അര്‍ദ്ധ നരേശ്വരന്മാര്‍ എഴുതിക്കൊടുത്ത മൂല പ്രതികള്‍ പുസ്തകം ടൈപ്പ് ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ അപ്രത്യക്ഷമായി. (അര്‍ദ്ധ നരേശ്വര്‍ അവയെ തങ്ങളുടേതായ രീതിയില്‍ നശിപ്പിച്ചു എന്ന് ഭൂമി പുസ്തക ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. മൂല പ്രതികള്‍ ഒരു അത്ഭുത വസ്തുവായി കണ്ടു മനുഷ്യര്‍ അതിനെ ഒരു അമൂല്യ പൂജാ വസ്തുവായി കണ്ടു വണങ്ങാതിരിക്കാന്‍ വേണ്ടി അങ്ങനെ ചെയ്യേണ്ടി വന്നു എന്ന് പലയിടങ്ങളില്‍ നിന്നായി കിട്ടിയ വസ്തുതകള്‍ സൂചിപ്പിക്കുന്നു.)

പുസ്തകം എങ്ങനെ കിട്ടി എന്നതിനേക്കാള്‍ പുസ്തകത്തിന്റെ ഉള്ളടക്കത്തിനു പ്രാധാന്യം കൊടുക്കാന്‍ പുസ്തക രചയിതാക്കള്‍ പുസ്തകത്തില്‍ കൂടി വായനക്കാരെ ഓര്‍മപ്പെടുത്തുന്നു. വഴി തെറ്റി പോകുന്ന മനുഷ്യര്‍ക്ക്‌ നല്ല വഴിയും സത്യവും കാണിച്ചു കൊടുക്കാന്‍ ദൈവ അനുമതിയോടെ ചെയ്ത ഒരു പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ പുസ്തകം മനുഷ്യര്‍ക്ക്‌ കിട്ടിയത് എന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

ഭൂമി പുസ്തക മൂല പ്രതികള്‍ ആദ്യമായി കൈമാറപ്പെട്ടത്  ഡോ.വില്ല്യം സാഡലര്‍ എന്ന ഒരു പ്രമുഖ അമേരിക്കന്‍ മനോരോഗ വിദഗ്ധനാണ്. അദ്ദേഹം ഒരു പ്രമുഖ വൈദ്യ ശാസ്ത്ര പ്രഫസ്സര്‍ മാത്രമല്ല ഒരു വൈദ്യ ശാസ്ത്ര ഗ്രന്ഥകാരന്‍ കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഡോ.ലീന സാഡലറും അറിയപ്പെടുന്ന ഡോക്‌ടര്‍. ഡോ.വില്യം സാഡലറുമായി ആണ് അഗോചര വ്യക്തിത്വങ്ങള്‍ ആദ്യമായി അതിശയകരമായ പരോക്ഷ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ ആയിരുന്നു ഈ സംഭവം. 

സാഡലര്‍ക്ക് എളുപ്പത്തില്‍ വിശ്വാസം വരുന്ന ഒരു സാധാരണ വ്യക്തി അല്ലായിരുന്നു എന്നത് കൊണ്ട് ഈ അതിശയ സമ്പര്‍ക്കം അത്ര പെട്ടെന്ന് മുഖവിലയ്ക്കെടുക്കാന്‍ തയ്യാറല്ലായിരുന്നു. തന്നെ ചുറ്റിപറ്റി സംഭവിക്കുന്ന ചില സംഗതികള്‍ വാസ്തവത്തില്‍ അമാനുഷ പ്രവര്‍ത്തനം എന്ന് ഉറപ്പിക്കാന്‍ അദ്ദേഹത്തിനു വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു. അപ്പോഴേക്കും അദ്ദേഹം ഈ കാര്യങ്ങളെ കൂടുതല്‍ പഠിക്കാനായി തന്റെ ഒരു പറ്റം സുഹൃത്തുക്കളെ കൂടി ഉള്‍പ്പെടുത്തി ഒരു വലിയ സംഘടന (the forum) തന്നെ രൂപപ്പെടുത്തിയിരുന്നു. ഈ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും പിന്നീട്  അദൃശ്യ വ്യക്തിത്വങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള സമ്പര്‍ക്ക സമിതിയായി മാറി.

ഈ സാഹചര്യങ്ങളില്‍ ആണ് ആയിരത്തി തൊള്ളായിരത്തി മുപ്പത്തഞ്ചില്‍ ഭൂമി പുസ്തകത്തിന്റെ മൂല പ്രതി സമ്പര്‍ക്ക സമിതിയുടെ കൈവശം പഠനത്തിനും പ്രകാശനത്തിനുമായി കിട്ടുന്നത്. ഭൂമി പുസ്തക പ്രകാശനം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെ സമ്പര്‍ക്ക സമിതി (Contact Mission) പിന്നീട് ഒരു രജിസ്ടര്‍ ചെയ്യപ്പെട്ട സൊസൈറ്റി ആയി രൂപാന്തരം പ്രാപിച്ചു. ഇതാണ് പിന്നീട് ഉറങ്ഷ്യ ഫൌണ്ടേഷന്‍ (Urantia Foundation)  ആയി മാറിയത്. 

ഭൂമി പുസ്തകം മുദ്രണം ചെയ്യപ്പെട്ടതോടെ സമ്പര്‍ക്ക സമിതി അംഗങ്ങളുമായി അദൃശ്യ വ്യക്തിതത്വങ്ങളുടെ സമ്പര്‍ക്കം നിലച്ചു. 

'ഇനി നിങ്ങള്‍ (മനുഷ്യര്‍) തനിയെ മുമ്പോട്ട്‌ പോവുക'. അതായിരുന്നു അദൃശ്യ വ്യക്തികള്‍ (invisible personalities) അവസാനമായി സമ്പര്‍ക്ക സമിതിയ്ക്ക് കൊടുത്ത നിര്‍ദേശം.

ഞാന്‍ നേരത്തെ ചില ലേഖനങ്ങളില്‍ സൂചിപ്പിച്ചതുപോലെ ഭൂമി പുസ്തകം മനുഷ്യര്‍ക്ക്‌ കൊടുത്ത അഞ്ചാം കാല ഘട്ട വെളിപാട് ആണ് എന്നാണു പുസ്തക രചയിതാക്കള്‍ വായനക്കാരോട് പറയുന്നത്.

വെളിപാട്‌ എന്ന് വച്ചാല്‍ വെളിപ്പെടുത്തിയ സത്യങ്ങള്‍ എന്നര്‍ഥം. ദൈവത്തെയും മനുഷ്യരെയും സംബന്ധിച്ച സത്യങ്ങള്‍. 

സത്യങ്ങള്‍ രണ്ടു തരമുണ്ട് എന്ന് അറിയണം. ഒന്ന് മനുഷ്യര്‍ സ്വബുദ്ധിയാലെയും അനുഭവത്താലെയും മനസ്സിലാക്കിയ വസ്തുതകള്‍. രണ്ടാമത്‌ മനുഷ്യര്‍ക്ക്‌ തന്റെ സ്വബുദ്ധിയാലെയും അനുഭവത്താലെയും മനസ്സിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍. 

രണ്ടാമത്തെ സത്യങ്ങള്‍ മനസ്സിലാക്കാന്‍ ഉന്നത തല വെളിപ്പെടുത്തലുകള്‍ ആവശ്യമായി വരും. ഭൂമി പുസ്തകം അങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ ആണ്. 

എന്നാല്‍ ഏതു തരം സത്യങ്ങളും മനസ്സിലാക്കാന്‍ ഒരു നിശ്ചിത അളവില്‍ ബുദ്ധിയും വിവേകവും ആവശ്യമായി വരും. അതില്ലെങ്കില്‍ ഒരു സത്യവും സത്യമായി മനസ്സിലായെന്നു വരില്ല.

ബധിരനു സംഗീതം ആസ്വദിക്കാന്‍ പറ്റുമോ?

അന്ധനു മഴവില്‍ എത്രമാത്രം  മനസ്സിലാകും? 

ഒന്നാം ക്ലാസ്സില്‍ തോറ്റവനും പത്താംക്ലാസ്സില്‍ ജയിച്ചവനും ഒരുമിച്ചു ക്ലാസ്സ്‌ എടുക്കാന്‍ കഴിയുമോ?

ഭൂമി പുസ്തക വെളിപ്പെടുത്തലുകള്‍ മനുഷ്യനെ മതമേധാവിത്വ സ്വാധീനത്തില്‍ നിന്നും പടിപടിയായി മാറ്റിക്കൊണ്ട് വരുന്ന ഒരു കാലം ഭാവിയില്‍ ഉണ്ടായി വരാന്‍ സാധ്യത ഏറെയാണ്. അടിമത്ത്വം മനുഷ്യ മനസ്സില്‍ നിന്നും മാറുന്നത്  അങ്ങനെയുള്ളവരെക്കൊണ്ട് സ്വജീവിതം ആസ്വദിച്ചു പഠിച്ചവര്‍ക്ക് തീരാനഷ്ടം ആയെന്നു തോന്നാം. അതുകൊണ്ട് ഭൂമി പുസ്തകത്തെ ആരെങ്കിലും ഇപ്പോള്‍ അതിയായി പേടിക്കുന്നുവെങ്കില്‍ അത് ഇക്കാലത്തെ മത മേധാവികള്‍ തന്നെ ആയിരിക്കണം. സത്യവും അസത്യവും കൂടിക്കലര്‍ത്തി സമ്മോഹനമായ അവിയല്‍ പരുവത്തില്‍ ആണല്ലോ മതങ്ങള്‍ എല്ലാം തന്നെ മനുഷ്യനെ കാര്യ സാദ്ധ്യത്തിനായി മയക്കി എടുക്കുന്നത്. 

എന്നാല്‍ ഈ സ്ഥിതി വളരെക്കാലം ഈ ഭൂമിയില്‍ നില നില്‍ക്കില്ല. കാരണം ദൈവ പ്രവര്‍ത്തനം നടന്നു കൊണ്ടേയിരിക്കുന്നു.

നാം ദൈവത്തെ അല്ല, പിന്നെയോ ദൈവം നമ്മളെയാണ് ക്ഷമയോടെ നിയന്ത്രിക്കുന്നതെന്ന് മനസ്സിലാക്കുക.

ഭൂമി പുസ്തകം ആ ദൈവിക പ്രവര്‍ത്തനം ദേവന്‍മാരില്‍ കൂടി നടന്നതിന്റെ ഫലമായി ആധുനിക മനുഷ്യര്‍ക്ക്‌ കിട്ടിയ ഒരു സമ്മാനമാണ്.

ആ സമ്മാനത്തെ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നത്തില്‍ കൂടി മനുഷ്യന് നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ.

ഇനിയും സംശയമോ? 

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.