Wednesday, May 30, 2012

പത്തു പേര് പറഞ്ഞാ നിങ്ങടെ ആട് പട്ടിയാകുമോ ?

സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ കേട്ടിരുന്ന ഒരു കഥ ഒരു പക്ഷെ നിങ്ങള്‍ പലരും കേട്ടിരിക്കാം.

ഒരു ഓണം കേറാ മൂലയിലെ ചെറു കര്‍ഷകനും മകനും മാസങ്ങള്‍ വളര്‍ത്തി വലുതാക്കിയ അവരുടെ ആടിനെ വില്‍ക്കാന്‍ അഞ്ചാറു നാഴിക ദൂരെയുള്ള ചെറു പട്ടണത്തിലേക്ക് കാല്‍ നടയായി പോവുകയായിരുന്നു.

എഴുത്തും വായനയും അറിയാത്ത പാവങ്ങള്‍. ആടിനെ വിട്ടു കിട്ടുന്ന പണം കിട്ടിയിട്ട് വേണം പല കാര്യങ്ങളും സാധിക്കാന്‍. മാസങ്ങള്‍ക്ക് മുമ്പ് ആരുടെയോ കൈയില്‍ നിന്ന് വാങ്ങിയ ആട്ടിന്‍കുട്ടി ഇപ്പോള്‍ വളര്‍ന്നു വലുതായിരിക്കുന്നു. വിറ്റാല്‍ നല്ല കാശ് കിട്ടണം. ആ മനക്കോട്ട മനസ്സില്‍ കെട്ടിയാണ് പാവങ്ങള്‍ പട്ടണത്തിലേക്ക് തിരിച്ചിരിക്കുന്നത്.

പട്ടണത്തോടു അടുക്കാറായപ്പോള്‍ അവിടുത്തെ തരികിടകള്‍ ഈ പാവങ്ങളെ നോട്ടമിട്ടു.

തോട്ടു വക്കിലിരുന്ന് അതില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ കുറെ ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങി:

" അയ്യോടാ! ഈ പട്ടിയെ കയറിട്ടു കെട്ടി ഇവരെവിടെ കൊണ്ട് പോവാ ? പട്ടിയെ കെട്ടാന്‍ തുടലല്ലേ വേണ്ടേ ? " ഒരു തരികിടയുടെ കമന്‍ട്.

" ആടിന്‍റെ മോന്ത പോലെയാ ഈ പട്ടിയുടെ തല. ആടാന്നു വിചാരിച്ചു കാണും പാവങ്ങള്."  വേറൊരുത്തന്‍ ഒരു ചിരിയോടെ മറ്റവനെ പിന്താങ്ങി.

നമ്മുടെ കര്‍ഷകന്‍  ഉള്ളില്‍ വന്ന രോഷം പ്രകടിപ്പിക്കുന്ന തരത്തില്‍ അവരെ ഒന്ന് നോക്കിയിട്ട് മകനെയും ആടിനെയും കൊണ്ട് വേഗത്തില്‍ മുമ്പോട്ട്‌ നടന്നു. രോഷവും സംശയവും അപ്പോള്‍ ‍ ഒരുപോലെ ആ സാധുക്കളുടെ മനസ്സില്‍ കടന്നുകൂടി കഴിഞ്ഞിരുന്നു.

കുറെ ദൂരം ചെന്നപ്പോള്‍ അതാ വേറെ ഒരു കൂട്ടം ചെറുപ്പക്കാര്‍.

" വല്യപ്പാ, ചന്തേ പോവായിരിക്കും. ഈ പട്ടിയെ കയറിട്ടു കെട്ടി എന്തിനാ കൂടെ കൂട്ടിയത് ?" ഒരാള്‍ ഒരു അടുത്ത ബന്ധുവിനെ പോലെ ചോദിച്ചു.

കര്‍ഷകന്‍ സ്വല്‍പ്പം ദേഷ്യത്തില്‍ തന്നെ പ്രതികരിച്ചു:

" ഇത് പട്ടിയല്ലെടാ പിള്ളേരെ. ആടാ. ചന്തേ വിക്കാന്‍ പോവാ "

" അയ്യോ, അത് കൊള്ളാം. ആടിന്‍റെ കൂട്ടിരിക്കുന്ന ഇത്തരം പട്ടികളെ നിങ്ങള്‍ കണ്ടിട്ടില്ല എന്നു തോന്നുന്നല്ലോ. ഇവിടെല്ലാം ഇത്തരം പട്ടികള്‍ ധാരാളം. ആരാ ആടാന്നു പറഞ്ഞു നിങ്ങള്‍ക്ക് ഇതിനെ തന്നത്? നിങ്ങളെ പറ്റിച്ചതാണല്ലോ" തരികിട ആത്മാര്‍ഥതയോടെ എന്ന വണ്ണം പറഞ്ഞു.

കൂടെയുള്ള മറ്റു തരികിടകള്‍ അത് ശരി വച്ച പോലെ പല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.

നമ്മുടെ പാവം കഥാപാത്രങ്ങളുടെ ഇളകിയ മനസ്സ് ശരിക്കും ആടിത്തുടങ്ങി.

അടുത്ത തരികിടകള്‍ കൂടി അവരുടെ ആടിനെ പട്ടി എന്നു വിശേഷിപ്പിച്ചതോടെ പാവങ്ങള്‍ ആടിനെ വഴിയില്‍ വിട്ടിട്ടു പോയെന്നാണ് കഥ.

ഈ കഥ വലിച്ചു നീട്ടി പറയാനല്ല ഞാന്‍ ഉദ്ദേശിച്ചത്.

നമ്മില്‍ പലരും ഈ കഥയിലെ വിഡ്ഢികളായ ആ കര്‍ഷകരെ പോലെ തന്നെ ആണ് പലപ്പോഴും.

" അയ്യോ എന്തു പറ്റി ? വല്ലാതെ ക്ഷീണിച്ചു പോയല്ലോ. കാന്‍സര്‍ ആയി മരിച്ച ഞങ്ങടെ അപ്പാപ്പനും  ആദ്യം ഇതുപോലെ ആയിരുന്നു. പെട്ടെന്നു തൂക്കമങ്ങു പോയി. പിന്നല്യോ വിവരം അറിഞ്ഞത്."

ആത്മാര്‍ഥത പ്രകടമാക്കി ഇങ്ങനെയൊക്കെ പറയുന്ന ബന്ധുക്കളും സുഹൃത്തുക്കളും ആയ തരികിടകള്‍ പറയുന്നത് കേട്ട് അപ്പോളോയും വെല്ലൂരും തിരക്കി ഇറങ്ങുന്നവര്‍ നമ്മുടെ ഇടയില്‍ ഇല്ലെന്നു പറയാമോ?

കുറെയധികം തരികിടകള്‍ ഒന്നിച്ചു കൂടി ക്രിക്കറ്റ് എന്ന കളി കാണാത്തവരും കേള്‍ക്കാത്തവരും മനുഷ്യരല്ല എന്ന നിലയില്‍ നാളുകളായി അലമുറയിടുന്നത് കേട്ടു കേട്ടു മനുഷ്യരാകാന്‍ നമ്മള്‍ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നില്ല എന്നു പറയാന്‍ പറ്റുമോ ?

അമേരിക്കയിലെ വലിയ പണക്കാര്‍ ഇടുന്ന പ്രത്യേക വസ്ത്രമായി ചില തരികിടകള്‍ പ്രഘോഷിക്കുന്ന കീറിയ ജീന്‍സ്‌ വാങ്ങിയിടാന്‍ ആയിരങ്ങള്‍ മുടക്കാന്‍ നമ്മളില്‍ പലരും നെട്ടോട്ടം ഓടുന്നില്ല എന്നു പറയാമോ?

" അയ്യോ ഈ കൊച്ചു കാര്‍ ഇക്കാലത്ത് അന്തസ്സുള്ള ആരെങ്കിലും ഓടിക്കുമോ" എന്നു ഏതെങ്കിലുമൊക്കെ തരികിടകള്‍ പറയുമെന്ന് ഭയന്ന് അന്തസ്സ് കാക്കാന്‍ കിടപ്പാടം പണയപ്പെടുത്തി ഓടിക്കാന്‍ വയ്യാത്ത വല്യ ഇമ്പാല പോലെയൊന്ന് വാങ്ങാന്‍ നമ്മളില്‍ പലരും വെമ്പുന്നില്ല എന്നു പറയാന്‍ സാധിക്കുമോ?

അങ്ങനെ പലതും.

സ്വന്തമായി കാര്യങ്ങള്‍ വിലയിരുത്താന്‍ കഴിയാത്ത മനുഷ്യര്‍ കൂടുതലുള്ളത് കാരണം  പ്രൊഫഷണല്‍   തരികിട കളിക്കാര്‍ക്ക് പരസ്യ തന്ത്രങ്ങള്‍ പയറ്റി തെളിയാനുള്ള വേദി ആയിരിക്കുന്നു ആധുനിക മാധ്യമങ്ങള്‍.

മേല്‍പ്പറഞ്ഞ കഥയിലെ വിഡ്ഢികളായ കര്‍ഷകരെ പോലെയോ അതോ ആ തരികിട ചെറുപ്പക്കാരെ പോലെയോ ഒക്കെയാണ് നമ്മളില്‍ പലരും.

ഏതു കൂട്ടത്തില്‍ പെടും എന്നു സ്വയം ആലോചിച്ചു നോക്കിയാല്‍ മതി.

[* തരികിടകള്‍ = മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കാന്‍ വിഡ്ഢി വേഷം കെട്ടുന്നവര്‍ ]

[രാജന്‍ സി മാത്യുവിന്‍റെ മലയാളം ബ്ലോഗ്‌ ലിസ്റ്റ് ഇവിടെ കാണാം !]

(This blog is a satirical writing in Malayalam Language which depicts the gullibility of common people in blindly believing others and acting on such beliefs and about those clever fellows who take advantage of this. Cleverness of the latter group has now become professional which gets reflected in modern advertisements!) 

1 comment:

  1. ഹ..ഹ..സംഭവം തമാശ രൂപേണ അവതരിപ്പിച്ചെങ്കിലും , പലതും ചിന്തിക്കേണ്ട കാര്യമാണ്..നമ്മള്‍ എവിടം വരെ എത്തിയിരിക്കുന്നു എന്ന് ആലോചിക്കുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകത കൂടിയാണ്. ആടിനെ പട്ടിയാക്കുന്നവരുടെ എണ്ണം കൂടി കൂടി വരുന്നു എന്ന് സാരം..

    ആശംസകള്‍.വീണ്ടും കാണാം..

    ReplyDelete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.