Thursday, August 7, 2014

ഉറാന്ഷ്യപുസ്തകത്തിന്റെ കാതലായ വെളിപ്പെടുത്തലുകള്‍!

[The article below is in Malayalam language. If your PC does not have the relevant Malayalam font installed, the text below will simply appear as ?????. The article gives some essential introduction about the core revelation that is contained in the Urantia Book]

ആയിരത്തി തൊള്ളായിരത്തി അമ്പത്തഞ്ചില്‍ ഇംഗ്ലീഷ് ഭാഷയില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വമ്പന്‍ പുസ്തകമാണ് ഉറങ്തിയ ബുക്ക്‌ [Urantia Book] അഥവാ ഉറാന്‍ഷ്യ പുസ്തകം. Urantia എന്ന ഒരു ഇംഗ്ലീഷ് വാക്ക് അതിനു മുമ്പ്‌ പ്രയോഗത്തില്‍ വന്നിട്ടില്ല. അത് കൊണ്ട് അത് എങ്ങനെ ഉച്ചരിക്കും എന്ന കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകാന്‍ തരമില്ല.

ഉറന്ശ്യ (ഉരാന്ഷ്യ അഥവാ ഉറങ്തിയ എന്നും ഉച്ചരിക്കാം!) എന്ന വാക്ക് കൊണ്ട് ഈ പുസ്തക രചയിതാക്കള്‍ അര്‍ത്ഥമാക്കുന്നത് ആകാശ വിതാനത്തിലെ താമസ സ്ഥലം എന്നാണെങ്കിലും അത് പുസ്തക രചയിതാക്കള്‍  നമ്മുടെ ഭൂമിയെ വിളിക്കാനായി പുസ്തകത്തില്‍ ഉപയോഗിച്ച ഒരു പുതിയ പേര് മാത്രമാണ്. 

അങ്ങനെ വരുമ്പോള്‍ ഉറന്ശ്യ പുസ്തകത്തിനെ ഭൂമി പുസ്തകം എന്നും പറയാം. വരും കാലങ്ങളില്‍ നമ്മുടെ മലയാളി സുഹൃത്തുക്കള്‍ ആരെങ്കിലും ഈ വമ്പന്‍ പുസ്തകം മലയാളത്തില്‍ തര്‍ജമ ചെയ്യുമ്പോള്‍ ഭൂമി പുസ്തകം എന്ന് ഇതിനെ മലയാളത്തില്‍ വിളിക്കുന്നത്‌ ഉചിതം ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു. 

ഈ വമ്പന്‍ പുസ്തകത്തിന് രണ്ടായിരത്തി ഇരുനൂറിനടുത്ത് പേജുകള്‍ ഉണ്ട്. അതായത്‌ പഴയ നിയമവും പുതിയ നിയമവും കൂടി ചേര്‍ന്ന ബൈബിളിന്റെ ഇരട്ടി വലിപ്പം. 

ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് നൂറ്റി തൊണ്ണൂറ്റി ആറു പ്രബന്ധങ്ങള്‍ ആണ്. ഇവയെ നാല് ഭാഗങ്ങളിലായി വിഭജിച്ചിരിക്കുന്നു. അത് താഴെ പറയും വിധമാണ്.

ഭാഗം ഒന്ന്- കേന്ദ്ര പ്രപഞ്ചവും മഹാ പ്രപഞ്ചങ്ങളും 

ഭാഗം രണ്ട്- സ്ഥാനീയ പ്രപഞ്ചം 

ഭാഗം മൂന്ന്‌- ഭൂമി ചരിത്രം 

ഭാഗം നാല്- യേശുവിന്റെ ജീവിതവും പഠിപ്പിക്കലുകളും 

ഈ ഭൂമി പുസ്തകം യഥാര്‍ഥത്തില്‍ ഒരു വെളിപ്പെടുത്തല്‍ പുസ്തകം ആണ്. പുസ്തക രചയിതാക്കള്‍ തന്നെ പറഞ്ഞിരിക്കുന്നത് ഇത് ഭൂമിയിലെ മനുഷ്യര്‍ക്കുള്ള അഞ്ചാം കാലഘട്ട വെളിപ്പെടുത്തല്‍ ആണെന്നാണ്. 

ഈ പുസ്തകം മനുഷ്യര്‍ക്ക്‌ ഇരുപതാം നൂറ്റാണ്ടില്‍ വെളിപ്പെടുത്താന്‍ ഉണ്ടായ കാരണങ്ങളും പുസ്തകത്തിന്റെ ആമുഖ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

സകല പ്രപഞ്ചങ്ങളുടെയും ഉപജ്ഞാതാവും കാരണഭൂതനും ആയ ദൈവത്തെയും ദൈവിക ഭരണ സംവിധാനത്തെയും പറ്റിയുള്ള മനുഷ്യന്റെ ധാരണകള്‍ ശരിയായ വിധത്തില്‍ അല്ല മനുഷ്യര്‍ക്ക്‌ ഇന്നുള്ളത്. ബുദ്ധിപരമായി മനുഷ്യന്‍ വികാസം പ്രാപിച്ചിരിക്കുന്നു എങ്കിലും മാനുഷിക ബുദ്ധി നേര്‍വഴിക്ക് പോകുന്നില്ല. ഔന്നത്യം പ്രാപിക്കുന്നതിനൊപ്പം മനുഷ്യന്‍ തലകുത്തി വീഴുകയും ചെയ്യുന്നു. അപ്പോള്‍ ശരാശരി വികാസത്തിനു ഉയര്‍ച്ച ഉണ്ടാകുന്നില്ല. 

തെറ്റും ശരിയും മനസ്സിലാക്കാന്‍ മനുഷ്യ ബുദ്ധിക്ക് കഴിയാതെ പോകുന്നു. സത്യമേത് അസത്യമേത് എന്നതില്‍ മനുഷ്യ ബുദ്ധി പതറിപ്പോകുന്നു. 

അപ്പോള്‍ നേര്‍വഴി അറിയാതെ പതറിപ്പോകുന്ന ചില മനുഷ്യര്‍ക്കെങ്കിലും നേര്‍വഴി കാട്ടാന്‍ ചില കാലഘട്ടങ്ങളില്‍ ദൈവിക ഇടപെടലുകള്‍ ഉണ്ടാകാതെ തരമില്ല. ആധുനിക മനുഷ്യര്‍ക്ക്‌ ആ ഭാഗ്യം കൈവന്നു. അതാണ്‌ അഞ്ചാം കാലഘട്ട വെളിപ്പെടുത്തലായി ഇപ്പോള്‍ നമുക്ക് കിട്ടിയിരിക്കുന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 

ദൈവം മനുഷ്യ സൃഷ്ടിയല്ല. മനുഷ്യര്‍ ദൈവ സൃഷ്ടിയാണ്. എന്നാല്‍ മനുഷ്യരെ ദൈവം എങ്ങനെ സൃഷ്ടിച്ചു എന്ന് മനുഷ്യന് വാസ്തവത്തില്‍ അറിയില്ല എന്നതാണ് സത്യം. ഇന്ന് മനുഷ്യ മതങ്ങളും മനുഷ്യ ശാസ്ത്രകാരന്മാരും പറയുന്നത് ഓരോ കാലങ്ങളിലെയും മനുഷ്യ ഭാവനകള്‍ മാത്രം. അതില്‍ കുറച്ചു സത്യവും കുറെയേറെ അസത്യ ഭാവനകളും ഉണ്ട് എന്നതാണ് വാസ്തവം. ഭൂമി പുസ്തകം ഈ ധാരണപ്പിശകുകളെ നേരായ വഴിയില്‍ കൊണ്ടുവരാന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നു. സത്യവും അസത്യവും വേര്‍തിരിക്കാന്‍ കഴിയാത്ത മനുഷ്യര്‍ക്ക്‌ ഇപ്പോള്‍ അതു വലിയ പ്രയോജനം ചെയ്തെന്നു വരികില്ല എങ്കില്‍ പോലും കുറെ തലമുറകള്‍ക്ക് ശേഷം കൂടുതല്‍ കൂടുതല്‍ മനുഷ്യര്‍ക്ക്‌ അത് പ്രയോജനപ്പെടും. 

അനന്ത ശക്തിയായ ദൈവത്തെ പൂര്‍ണമായി  മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക്‌ കഴിവില്ല. എന്നാല്‍ മനുഷ്യര്‍ അവന്റെ കഴിവിന് അനുസരിച്ചു ശരിയായ വിധത്തില്‍ ദൈവ ഇഷ്ടം മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അങ്ങനെയുള്ള മനുഷ്യരെ കൊണ്ട് ദൈവത്തിനു ഭാവിയില്‍ ഈ പ്രപഞ്ച നടത്തിപ്പിന് അനുയോഗ്യരായവരെ രൂപാന്തരപ്പെടുത്തിയെടുക്കാന്‍ പദ്ധതിയുണ്ട്. ഇന്ന് അങ്ങനെയുള്ള കാര്യങ്ങള്‍ നടത്തുന്ന കോടാനു കോടി ദൈവ സൃഷ്ടികള്‍ ഇല്ലെന്നല്ല. എന്നാല്‍ അവരെക്കാളും ചില കാര്യങ്ങളില്‍ യോഗ്യതകൂടുതല്‍ നേടിയവരെ ദൈവം ആഗ്രഹിക്കുന്നു. 

ഭൂമിയിലെ മനുഷ്യ ജീവിതം അതിന്റെ ആദ്യ പടിയാണ്. ഭൂമി ജീവിതം ഒരു വലിയ പരീക്ഷണ ശാല എന്ന് വേണമെങ്കില്‍ നമുക്ക് വിവക്ഷിക്കാം. പരീക്ഷണങ്ങളെ ദൈവൈഷ്ടത്തിനു അനുസരണമായി അതിജീവിക്കുന്ന മനുഷ്യരെ ദൈവത്തിന്റെ സംവിധാനം തിരഞ്ഞെടുക്കുന്നു. അങ്ങനെയുള്ളവര്‍ ഭൂമി മരണത്തെ അതിജീവിക്കുന്നു. പടിപടിയായി ഉയര്‍ച്ച നേടുന്നവര്‍ ആയി യുഗയുഗങ്ങളായി ജീവിക്കുന്നവരും  ദൈവിക ഭരണസംവിധാനത്തിലെ പ്രധാന കണ്ണികളും ആയി പ്രവര്‍ത്തന നിരതര്‍ ആയിത്തീരുന്നു. 

ഇങ്ങനെയുള്ളവരെ വാര്‍ത്തെടുക്കുന്ന പ്രപഞ്ചത്തിലെ ഒരേയൊരു ഗോളമല്ല നമ്മുടെ ഭൂമി. ഇതുപോലെ കോടാനു കോടി ഭൂമികള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ട്. അവയുടെ ഒക്കെയും നിര്‍മാണവും ഭരണവും ഒക്കെ പടിപടിയായി കാലാകാലങ്ങളിലായി നടന്നുകൊണ്ടേയിരിക്കുന്നു. 

മനുഷ്യമതങ്ങളില്‍ എല്ലാം കുറെ സത്യമുണ്ട്. അതുപോലെ അസത്യങ്ങളും. ദൈവത്തെ പറ്റിയുള്ള മനുഷ്യമതങ്ങളിലെ എല്ലാ പഠിപ്പിക്കലുകളും ശരിയായിട്ടുള്ളതല്ല എന്നതാണ് സത്യം. കാരണം അവയൊക്കെ അപൂര്‍ണ മനുഷ്യ മനസ്സുകളില്‍ കൂടി വന്നവയാണ്. പരമാര്‍ഥവും അപൂര്‍ണമനസ്സുകളില്‍ അപഗ്രധിക്കുമ്പോള്‍ അപൂര്‍ണവും അബദ്ധവും ആയിത്തീരുന്നു.

അതിനാല്‍ ഭൂമി പുസ്തകം മനുഷ്യ മനസ്സില്‍ കൂടി കൊടുത്ത ഒരു വെളിപ്പെടുത്തല്‍ അല്ല. ഇത് പൂര്‍ണമായും അമാനുഷിക സൃഷ്ടി എന്ന് വിവക്ഷിക്കാം. ചില മനുഷ്യരെ ഇതിന്റെ പുസ്തക രൂപത്തിലുള്ള പ്രകാശനത്തിനു ഉപയോഗിച്ചിരുന്നു എങ്കില്‍ പോലും. 

ഭൂമി പുസ്തകത്തിലെ എല്ലാ പ്രബന്ധങ്ങളും എഴുതിയിരിക്കുന്നവരുടെ വിവരങ്ങളും ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നു. എല്ലാവരും മനുഷ്യ ദൃഷ്ടിക്ക് അഗോചരര്‍ ആയവരും  ദൈവിക ഭരണ സംവിധാനത്തില്‍ ഉള്‍പ്പെട്ടവരും ആയ ഇരുപത്തന്ചില്‍ ഏറെ വ്യക്തികള്‍. ദൈവിക  ഭരണ സംവിധാനം എങ്ങനെ എന്നും അതില്‍ ഇങ്ങനെയുള്ള ദൈവിക വ്യക്തിത്വങ്ങള്‍ എങ്ങനെ പ്രവര്‍ത്തന നിരതര്‍ ആയിരിക്കുന്നു എന്നും ഒക്കെ ഭൂമി പുസ്തകം സൂക്ഷ്മമായി പ്രതിപാദിച്ചിരിക്കുന്നു.

നാലാം ഭാഗമായ യേശു ചരിത്രം യേശു വാസ്തവത്തില്‍ ആര് എന്ന് വിവരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഭൂമിയിലെ മനുഷ്യ ജീവിതം അതി വിസ്താരമായി വിവരിക്കുന്നു. ഇന്നേവരെ അങ്ങനെയുള്ള ഒരു ജീവ ചരിത്രം യേശുവിനെ പറ്റി നിലവില്‍ ഇല്ല. ഇപ്പോള്‍  മനുഷ്യര്‍ക്ക് സമരായവര്‍ ജീവിക്കുന്ന മുപ്പത്തെട്ടു ലക്ഷം ഭൂമി പോലെയുള്ള ഗ്രഹങ്ങള്‍ ഉള്ളതും ഭാവിയില്‍ ഒരു കോടി അങ്ങനെയുള്ള ഗ്രഹങ്ങള്‍ ആയിത്തീരുകയും  ചെയ്യുന്ന ഒരു സ്ഥാനീയ പ്രപഞ്ചത്തിന്റെ സൃഷി കര്‍ത്താവും ഭരണാധികാരിയും ആയ ഒരു ദൈവിക വ്യക്തിത്വം ആണ് മനുഷ്യ രൂപത്തില്‍ യേശുവായി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഈ ലോകത്തില്‍ ജന്മമെടുത്തത്. എന്നാല്‍ അത് ക്രിസ്ത്യാനികള്‍ പറയും പോലെ മനുഷ്യരുടെ പാപങ്ങള്‍ക്ക് മോചനമായി സ്വയം ബലി ആകാന്‍ ആയിട്ടുള്ള ഒന്നായിരുന്നില്ല. പിന്നെയോ തന്റെ സൃഷ്ടികളില്‍ ഒന്നായ മനുഷ്യ വര്‍ഗത്തിന്റെ ജീവിതം സ്വയം പഠിക്കാനായി സൃഷ്ടി കര്‍ത്താവിന്റെ തന്നെ ഒരു തീരുമാനം മൂലം ആയിരുന്നു അത്.

എല്ലാ സ്ഥാനീയ പ്രപഞ്ച സൃഷ്ടാക്കളും അവരുടെ സൃഷ്ടികളെ പറ്റി ശരിയായി പഠിച്ചിരിക്കണം എന്നത് ദൈവ ഹിതം ആണ്. എല്ലാ ഭരണ കര്‍ത്താക്കളും അവരുടെ ജനത്തെ ശരിയായി മനസ്സിലാക്കിയിരിക്കണം. അവരില്‍ ഒരാളായി തന്നെ. അതാണ്‌ ദൈവ ഹിതം.

മനുഷ്യ ശരീരവും മനസ്സും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അതിന്റെ ഉപജ്ഞാതാവിനു അറിയാന്‍ ഇതില്പരം വേറെ എന്ത് മാര്‍ഗം? എന്നാല്‍ ഇതൊക്കെ എങ്ങനെ എന്ന് ദൈവത്തിനു മാത്രം അറിയാവുന്ന രഹസ്യങ്ങള്‍. 

അപ്പോള്‍ മനുഷ്യര്‍ അവരുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്കൊപ്പം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ദൈവ സംവിധാനം മനുഷ്യര്‍ക്ക് വെളിപ്പെടുത്തും. എന്നാലത് ഒരിക്കലും മനുഷ്യന്റെ ആഗ്രഹ പ്രകാരം ആയിരിക്കണമെന്നില്ല. 

ഭൂമി പുസ്തകത്തില്‍ കൂടി ദൈവ സംവിധാനം അതാണ്‌ വെളിപ്പെടുത്തുന്നത്. പക്ഷെ അത് മനസ്സിലാകാന്‍ അതിനു യോജിച്ച മാനസിക വളര്‍ച്ച ആവശ്യമാണ്‌.

ഭൂമി പുസ്തകം അതിനാല്‍ തന്നെ ഒരു മത ഗ്രന്ഥമല്ല.


1 comment:

  1. ഒരുവൻ അവന്റെ ഈ ലോകജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട പുസ്തകം.

    ReplyDelete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.