Powered By Blogger

Friday, June 28, 2019

ഭൂമിപുസ്തകത്തിന്റെ അത്ഭുത ചരിത്രം

The Awesome History of the Urantia Book
(Blog article in Malayalam language)



ദി ഉറാൻഷ്യ ബുക്ക് (The Urantia Book) വാസ്തവത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ഒരു മഹാ അത്ഭുതം എന്നു അതു വായിച്ചിട്ടുള്ളവർ നിസംശയം സമ്മതിക്കും. എന്നാൽ അതിനെപ്പറ്റി കേട്ടിട്ടുള്ള മനുഷ്യർ വളരെ കുറവാണ് എന്നത് മറ്റൊരു കാര്യം.

ആയിരത്തി തൊള്ളായിരത്തി അമ്പത്തഞ്ചിൽ അമേരിക്കയിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം മലയാളത്തിൽ ഇതു വരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. 2200-ൽ പരം പേജുകൾ ഉള്ള ഈ ബൃഹത്ത് ഗ്രന്ഥം ഭാഷാപരമായി ഔന്നത്യം ഉള്ളതും ഇതുവരെ കേട്ടിട്ടില്ലാത്ത അറിവുകൾ നൽകുന്നതും ആണ്. ആയതിനാൽ ഈ പുസ്തകം മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല.

ഈ പുസ്തകത്തെ മലയാളികൾക്കും ഇന്ത്യക്കാർക്കും പരിചയപ്പെടുത്താൻ എന്നാൽ ആവുന്നത് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നു, അതിൽ വല്യ പ്രയോജനം ഒന്നും കാണുന്നില്ല എങ്കിൽ കൂടി.

അതിനായി ഇതിനു മുമ്പ് മലയാളത്തിൽ ഈ സൈറ്റിൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. അതിൽ ക്ളിക് ചെയ്താൽ ആ ലേഖനങ്ങൾ വായിച്ച് ഈ പുസ്തകത്തെപ്പറ്റി ഒരു ഏകദേശ ധാരണ കിട്ടും.

ഭൂമി പുസ്തകം എഴുതിയത് മനുഷ്യരോ അതോ ദേവന്മാരോ?




കൂടുതൽ അറിയാൻ ഈ സൈറ്റിന്റെ പേജിൽ വലത്തു വശത്തുള്ള മൂന്നു നീല വൃത്തങ്ങളുടെ ചിത്രത്തിൽ ക്ലിക് ചെയ്താൽ മതി. ഈ വൻ പുസ്തകത്തിന്റെ ഇംഗ്ളീഷിൽ ഉള്ള മൂല കൃതി ഓൺ ലൈനിൽ വായിക്കാനുള്ള ലിങ്കും ഇവിടെ  ലഭിക്കും.

ഞാൻ ഭൂമിപുസ്തകം എന്ന് മലയാളത്തിൽ വിളിക്കാൻ ആഗ്രഹിക്കുന്ന ഉറാൻഷ്യ ബുക്കിന്റെ ഉള്ളടക്കം മനുഷ്യരാൽ രചിക്കപ്പെട്ടതല്ല എന്ന് ആ പുസ്തകം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതു വിശ്വസിക്കാൻ ആദ്യം പ്രയാസം തോന്നും എന്നത് മനുഷ്യ സഹജം. എന്നാൽ അതു വായിച്ചു മനസ്സിലാക്കാൻ തുടങ്ങുന്നതോടെ ആ സംശയം അത്ഭുതത്തിനു വഴി മാറാനാണു സാദ്ധ്യത. ബൌദ്ധികമായും ഭാഷാപരമായും ഔന്നത്യം ഉള്ളവർക്കേ ഇതു വായിച്ചു മനസ്സിലാക്കാൻ പറ്റൂ എന്നതു മറ്റൊരു സംഗതി.

വാസ്തവത്തിൽ ഭൂമിപുസ്തക വെളിപ്പെടുത്തലുകൾ വായിച്ചു മനസ്സിൽ ആക്കിയതിൽ പിന്നെയാണു നിരീശ്വരവാദത്തിന്റെയും ഈശ്വരവാദത്തിന്റെയും ഒക്കെയിടയിൽ ചിന്തകൾ കാടുകയറിയിരുന്ന എനിക്ക് സാക്ഷാൽ ദൈവിക പ്രവർത്തനങ്ങൾ എങ്ങനെയെന്നു ഗ്രഹിക്കാൻ സാധിച്ചത്. 

ഇന്ന് ഈ ലോകത്തിൽ കാണപ്പെടുന്ന ന്യായവും അന്യായവും സത്യവും അസത്യവും ഒക്കെയായ എല്ലാ വിധ സംശയങ്ങളും ഇല്ലാതെയാക്കാനും അതിൽക്കൂടി മനുഷ്യജീവിതത്തിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കാനും ജീവിതത്തിന്റെ ഉൽക്കണ്ഠ തന്നെ ഇല്ലാതെയാക്കാനും ഈ പുസ്തകത്തിലെ ദൈവിക വെളിപ്പെടുത്തലുകൾ നിമിത്തമാകും എന്നാണു എന്റെ അനുഭവം.

എന്നാൽ ശ്രേഷ്ഠമായതിനെ തള്ളാനും മ്ളേഛമായതിനെ ആശ്ളേഷിക്കാനും സാധാരണ മനുഷ്യൻ കൂടുതൽ അഭിവാഞ്ചിക്കുന്നതിനാൽ ഇന്നത്തെ നിലയിൽ ഒട്ടു മിക്ക മനുഷ്യരും ഈ പുസ്തകം വായിക്കാൻ താല്പെര്യം കാണിക്കണമെന്നില്ല.

ഭൂമിപുസ്തക വെളിപ്പെടുത്തലുകൾ അമൂല്യം തന്നെ. എന്നാൽ ഈ വിലപ്പെട്ട വിവരങ്ങൾ  ഇരുപതാം നൂറ്റാണ്ടിൽ എങ്ങനെ ഈ ഭൂമിയിൽ നൽകപ്പെട്ടു എന്നതിനെപ്പറ്റി മനുഷ്യർ വേവലാതിപ്പെടേണ്ട കാര്യം ഇല്ല എന്നാണൂ അതിന്റെ അമർത്ത്യ രചയിതാക്കൾ നമ്മോട് പറയുന്നത്.

എന്നിരുന്നാലും ചില മനുഷ്യർ നിഗൂഢ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ഉൽസുകരാണ് എന്നത് മറ്റൊരു കാര്യം.

അങ്ങനെയുള്ള ചില വ്യക്തികളുടെ പരിശ്രമ ഫലമായി ഈ അമൂല്യ പുസ്തകം എങ്ങനെ നമുക്ക് കിട്ടി എന്ന ചരിത്രം ഇപ്പോൾ അറിവായിട്ടുണ്ട്.

അത് ചുരുക്കത്തിൽ ഇവിടെ പറയാം.

ആയിരത്തി തൊള്ളായിരത്തി പത്തുകളിൽ ഡോ.വില്യം സാഡലർ (Dr.William S.Sadler) എന്നൊരു പ്രഗൽഭനായ ഡോക്ടർ അമേരിക്കയിൽ ചിക്കാഗൊ എന്ന പട്ടണത്തിൽ തന്റെ ഭാര്യ ഡോ. ലീനാ സാഡലറും ഒരുമിച്ച് ഒരു അപാർട്ട്മെന്റിൽ താമസിച്ച് ജോലി നോക്കിയിരുന്നു. രണ്ടുപേരും അക്കാലത്തെ അറിയപ്പെടുന്ന യുവ ഡോക്ടേർസ് ആയിരുന്നു. ഡോ. വില്യം സൈക്യാട്രിയിലും ഡോ.ലീന ഗൈനക്കോളജിയിലും പ്രാഗൽഭ്യം തെളിയിച്ചിരുന്നു അപ്പോൾ.
ഡോ. വില്യം പള്ളിയിൽ പോകുമായിരുന്നെങ്കിലും സമൂഹത്തിലെ യുക്തിഹീനമായ കാര്യങ്ങളെ വിമർശിക്കുന്നതിൽ മുമ്പിൽ ആയിരുന്നു. അദ്ദേഹത്തിന്‍റെ The Mind in Mischief എന്ന പുസ്തകം അക്കാലത്ത് യുക്തിവാദികൾക്ക് ഒരു പഠന സഹായി തന്നെ ആയിരുന്നു. ആത്മീയതയിലും അല്ലാതെയും ധാരാളമായി കണ്ടുവന്ന മനസ്സിന്റെ താളപ്പിഴകളെ ആ പുസ്തകത്തിൽ അദ്ദേഹം വിവരിച്ചിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ ഒരു രാത്രിയിൽ ഈ ഡോക്ടർ ദമ്പതികളുടെ വാതിലിൽ ഒരു അയൽവാസി സ്തീ മുട്ടി വിളിച്ചു. അവർക്ക് അടിയന്തിരമായി ഡോക്ടർമാരുടെ സഹായം ആവശ്യം ആയിരുന്നു. പ്രത്യേകിച്ചും ഒരു മനോരോഗ വിദഗ്ധന്റെ!

അവരുടെ ഭർത്താവ് ഒരു ബിസിനസ് കാരൻ ആയിരുന്നു. പൂർണ്ണ ആരോഗ്യവാൻ. എന്നാൽ അടുത്തയിടെയായി അദ്ദേഹത്തിനു രാത്രിയിൽ ഉറക്കത്തിൽ ഒരു പ്രശ്നം. ഉറക്കത്തിൽ അയാൾ തിരിമറി കൊള്ളുകയും ഉരുളുകയും ഒക്കെ ചെയ്യുന്നു. വിളിച്ചാൽ ഉണരുന്നില്ല. എന്നാൽ നേരം വെളുത്തു കഴിഞ്ഞാൽ ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ തന്റെ ജോലിക്കും പോകുന്നു. ഡോക്ടറെ കാണാമെന്ന് ഭാര്യ പറഞ്ഞത് കേൾക്കുന്നുമില്ല. അതുകൊണ്ട് രാത്രിയിൽ അയാൾ ഇങ്ങനെ കാണിക്കുന്ന സമയം അത് അയൽവാസിയായ മനോരോഗ വിദഗ്ധനെ കാണിച്ചു ഉപദേശം തേടാമെന്ന് അയാളുടെ ഭാര്യ കരുതി.

ഡോക്ടർ ദമ്പതികൾ ആ സ്തീയുടെ കൂടെ ആ രാത്രിയിൽ അവരുടെ വീട്ടിൽ അവരുടെ പ്രശ്നക്കാരൻ ഭർത്താവിനെ കാണാൻ പോയി.

അവിടെ ചെന്നപ്പോൾ സംഭവം ശരിയാണ്. അയാൾ കിടന്നു ഞെരിപിളി കൊള്ളുകയാണ്. എന്നാൽ അയാൾ നല്ല ഉറക്കത്തിലും. ഡോ.സാഡലർ അയാളെ ഉണർത്താൻ അറിയാവുന്ന വിദ്യകൾ ഒക്കെ പ്രയോഗിച്ചു. എന്നാൽ യാതൊരു പ്രയോജനവും ഉണ്ടായില്ല. ഈ മനുഷ്യൻ അറിഞ്ഞുകൊണ്ട് തന്നെ വിഡ്ഡിയാക്കുകയാണോ എന്നും ഡോക്ടർക്ക് സംശയം തോന്നി.

അങ്ങനെ നിൽക്കുമ്പോൾ എവിടെനിന്നോ പോലെ ഒരു ശബ്ദം എല്ലാവരും കേട്ടു. രോഗി പറയും പോലെ അവർക്ക് തോന്നിഃ

" ഡോക്ടറെ ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു. വന്നതിൽ സന്തോഷം."

സാഡലർക്ക് ശരിക്കും അപ്പോൾ ദേഷ്യം വന്നു. ഇയാൾ ഉറക്കം അഭിനയിച്ചു പറ്റിക്കയാണ്, ഒരു സംശയവുമില്ല. അപ്പോൾ ആ രോഗി പിന്നെയും സംസാരിക്കുന്നപോലെ കൂടി നിന്നവർക്ക് തോന്നിഃ

"ഡോക്ടറെ, ദേഷ്യം വേണ്ട. ഈ കിടക്കുന്ന മനുഷ്യൻ നിങ്ങളെ കബളിപ്പിക്കുകയല്ല. വാസ്തവത്തിൽ അയാൾക്ക് ഇതിൽ യാതൊരു പങ്കുമില്ല. അയാൾ ഒന്നും അറിയുന്നുമില്ല. ചില കാര്യങ്ങൾക്ക് നിങ്ങളെ ഞങ്ങൾക്ക് ആവശ്യമുണ്ട്. നിങ്ങൾ ദേഷ്യം അടക്കി ഞാൻ പറയുന്നതു കേൾക്കാൻ ശ്രമിക്കൂ."

യുക്തിവാദിയായ ഈ യുവ ഡോക്ടർക്ക് ഇതൊട്ടും ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല. ഈ കട്ടിലിൽ ബോധരഹിതനായി ഉരുണ്ട് അഭിനയിക്കുന്ന  ഇയാൾ തന്നെ ഇങ്ങനെ പറ്റിക്കുന്നതു ഡോക്ടർക്ക് സഹിച്ചില്ല. ഇയാൾ എങ്ങനെ ഇങ്ങനെ സംസാരിക്കുന്നു എന്നു ഡോക്ടർ സംശയിച്ചു.

അപ്പോൾ അശരീരി പോലെ പിന്നെയും ആ ശബ്ദം അവിടെ കൂടി നിന്നവർ എല്ലാം കേട്ടുഃ

" ഡോക്ടറെ, നിങ്ങൾക്ക് വൈദ്യശാസ്ത്രത്തിൽ നല്ല അറിവുണ്ട്. ഈ കിടക്കുന്ന മനുഷ്യന് അതൊന്നും അറിയില്ല എന്നും നിങ്ങൾക്ക് അറിയാം. അതു കൊണ്ട് നിങ്ങളുടെ സംശയ നിവാരണത്തിനായി നിങ്ങൾ ചോദ്യങ്ങൾ ചോദിക്കൂ. നല്ല മറുപടി കിട്ടിയാൽ നിങ്ങളുടെ സംശയം കുറയുമല്ലോ"

സാഡലർക്ക് ദേഷ്യം കുറഞ്ഞില്ല. എന്നാലും അദ്ദേഹത്തിന്റെ മനസ്സിൽ ചില വൈദ്യ ശാസ്ത്ര പ്രശ്നങ്ങൾ ഉടലെടുത്തു. അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം മനസ്സിൽ വിചാരിച്ചത് ആ അശരീരി അപ്പോൾ പറയുകയും വളരെ തന്മയത്തോടെ  ബന്ധപ്പെട്ട വൈദ്യശാസ്ത്രപരമായ കാര്യങ്ങൾ വിശദീകരിക്കയും ചെയ്തു.

ഇതെങ്ങനെയെന്നു സാഡലർക്ക് ഉത്തരമില്ലാതായി. തന്റെ കഴിവുകളിൽ ആദ്യമായി അദ്ദേഹത്തിനു സംശയം തോന്നി. എന്നാൽ ഒരു വലിയ അത്ഭുതം അവിടെ നടക്കുന്നു എന്ന കാര്യത്തിൽ മറ്റുള്ളവർക്ക് എതാണ്ട് ഉറപ്പായി കഴിഞ്ഞിരുന്നു അപ്പോഴേക്കും. പ്രത്യേകിച്ചും ഡോ.ലീനാ സാഡലർക്ക്. അശരീരി ദൈവിക ഇടപെടൽ തന്നെ എന്നു ഡോ.ലീന ഭർത്താവിനോട് ഉറപ്പിച്ചു പറയുകയും അശരീരിയായി അവിടെ ഇടപെടുന്ന ദൈവിക വ്യക്തിക്കോ വ്യക്തികൾക്കോ പറയാനുള്ളത് കേൾക്കാൻ ഭർത്താവിനെ നിർബന്ധിക്കയും ചെയ്തു.

മനസ്സില്ലാ മനസ്സോടെയെങ്കിലും സാഡലർ അതു സമ്മതിച്ചു.

തങ്ങൾ ഭൂമിയിൽ നിന്നും വളരെ ദൂരെ നിന്ന് വരുന്ന അരൂപികളായ ചില സന്ദേശവാഹകർ ആണെന്നും ഭൂമിയിലെ മനുഷ്യരോട് പലതും അറിയിക്കാനുണ്ടെന്നും അശരീരി അപ്പോൾ അറിയിച്ചു. അത് പ്രാവർത്തികമാക്കാൻ അതിനു പ്രാപ്തിയുള്ള ചില മനുഷ്യരുടെ സേവനം ആവശ്യമായിരിക്കുന്നു. എന്നാൽ തങ്ങൾ അറിയിക്കുന്ന അറിവുകൾ എത്രമാത്രം സത്യസന്ധമായി അവർക്ക് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ആദ്യം പരിശോധിക്കേണ്ടിയിരിക്കുന്നു എന്നും അരൂപി അപ്പോൾ അവരെ അറിയിച്ചു.

പിന്നീട് അരൂപിയിൽ നിന്നുള്ള അശരീരി ഏതാണ്ട് ഇപ്രകാരം ആയിരുന്നുഃ

"ഡോക്ടറെ, നിങ്ങൾക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. സാരമില്ല. നിങ്ങളുടെ സംശയം മാറ്റുവാനും ഞങ്ങൾ ശ്രമിക്കാം. അടുത്ത പ്രാവശ്യം ഈ മനുഷ്യനിൽ ഇപ്രകാരം ഒരു പ്രശ്നമുണ്ടായി നിങ്ങളെ ഈ വീട്ടുകാർ അറിയിച്ചാൽ അപ്പോൾ നിങ്ങൾ കൂടെ നിങ്ങളുടെ സ്റ്റെനോഗ്രാഫറെ കൂടി കൊണ്ടു വരിക. എന്നാൽ ഇവിടെ നടക്കുന്ന ഒരു കാര്യവും നിങ്ങൾ വേറെ ആരോടും ഞങ്ങളുടെ അനുവാദമില്ലാതെ പറയാൻ പാടില്ല"

ഡോക്ടർമാർ സ്റ്റെനോഗ്രാഫറെ സഹായി ആയി കൂടെ നിർത്തുന്നത് ഇന്നത്തെ പോലെ അന്നും അമേരിക്കയിൽ പതിവ് ആയിരുന്നു. അരൂപിയുടെ കല്പന അവർ എല്ലാവരും അനുസരിച്ചു എന്നു പറയാം. അപ്പോഴേക്കും ആ അരൂപി ശബ്ദത്തെ ഭയബഹുമാനത്തോടെ അനുസരിക്കുന്നവർ ആയിത്തീർന്നിരുന്നു അവർ.

അങ്ങനെ കുറേ നാളുകൾക്ക് ശേഷം സാഡ്ലർ ദമ്പതികൾക്ക് സ്റ്റെനോഗ്രാഫറെ കൂടെ കൂട്ടി ഈ അയൽവാസിയുടെ പ്രശ്നം പഠിക്കാൻ വീണ്ടും പോകേണ്ടി വന്നു. അന്ന് ആ മനോരോഗിയിൽ നിന്ന് എന്ന വണ്ണം അരൂപി ശബ്ദം പിന്നെയും അവർ കേട്ടു.

ഇപ്രാവശ്യം അരൂപിയുടെ അശരീരി എന്നവണ്ണമുള്ള ശബ്ദം ഡോക്ടറുടെ സ്റ്റെനോഗ്രാഫർക്ക് കേട്ടെഴുതാൻ ഒരു മെഡിക്കൽ ലേഖനം പറഞ്ഞുകൊടുത്തു. വൈദ്യശാസ്ത്ര ഗവേഷണ രംഗത്തെ ഏതോ വലിയ വിദഗ്ധൻ ഡിക്റ്റേഷൻ കൊടുക്കുന്ന പോലെ അപ്പോൾ അവർക്ക് തോന്നി.

അടുത്ത പ്രാവശ്യം വരുമ്പോൾ ഈ ലേഖനം റ്റൈപ്പ് ചെയ്ത് തെറ്റ് തിരുത്തി കൊണ്ട് വരാൻ അരൂപി ആവശ്യപ്പെട്ടു.

അവർ അത് അനുസരിച്ചു. എന്നാൽ അവർ റ്റൈപ്പ് ചെയ്ത് കൊണ്ട് വന്ന ലേഖനത്തിൽ കുറെ അധികം അക്ഷരത്തെറ്റുകൾ അരൂപി ശബ്ദം ചൂണ്ടിക്കാണിക്കയും അവരുടെ കഴിവിൽ അതൃപ്തി അറിയിക്കയും ചെയ്തു. തെറ്റുകൾ ഇല്ലാത്ത ഒരു ലേഖനം റ്റൈപ്പ് ചെയ്തു കൊണ്ടു വരുന്നതു വരെ ഈ പരിപാടി തുടരും എന്ന് അരൂപി ശബ്ദം അറിയിച്ചു.

സാഡ്ലരും ഭാര്യയും ലേഡി സ്റ്റെനോയും ഇക്കാലങ്ങളിൽ അവർക്കു കിട്ടിയ മെഡിക്കൽ ലേഖനങ്ങൾ വായിക്കയും അതിന്റെ ബുദ്ധിപരമായ ഔന്നത്യം കണ്ട് അത്ഭുതപ്പെട്ട് ഇരിക്കയും ഇതിനെപ്പറ്റി ആരോടും പറയാൻ പറ്റാത്ത സ്ഥിതിയിൽ ആയിത്തീരുകയും ചെയ്തു.

ഇങ്ങനെ കുറേ വർഷങ്ങൾ കടന്നു പോയി എന്നു വേണം കരുതാൻ. ഒന്നാം ലോക മഹായുദ്ധം തുടങ്ങുകയും അമേരിക്കയിൽ അടക്കം അതിന്റെ പ്രതിഫലനം ആളുകൾക്കിടയിൽ പലതരത്തിൽ ഉണ്ടാവുകയും ചെയ്തു. അപ്പോഴേക്കും സാഡ്ലർ ദമ്പതികളും 'ഉറക്ക രോഗി' എന്നവർ വിശേഷിപ്പിച്ചു കൊണ്ടിരുന്ന ബിസിനസ് കാരൻ കുടുംബവും ഷിക്കാഗൊയിൽ തന്നെയുള്ള കുറേക്കൂടി മെച്ചപ്പെട്ട വലിയ വീടുകളിലേക്ക് മാറുകയും ചെയ്തിരുന്നു. ഈ ബിസിനസ് കാരൻ വ്യക്തിയെപ്പറ്റിയുള്ള വിവരങ്ങൾ രഹസ്യം ആക്കി വച്ചിരുന്നെങ്കിലും അത് കെല്ലോഗ് എന്ന ബിസിനസ് ഗ്രൂപ് സ്ഥാപകൻ മിസ്റ്റർ കെല്ലോഗ് എന്ന് പൊതുവെ ഇപ്പോൾ കരുതപ്പെടുന്നു.

ഡോ.സാഡ് ലർ ഇതിനോടകം വളരെ തിരക്കുള്ള മെഡിക്കൽ കോളജ് പ്രൊഫസറും പൊതുകാര്യ പ്രവർത്തകനും ഒക്കെ ആയി മാറിയിരുന്നു. ഇതിനിടയിലും കെല്ലോഗ് കുടുംബത്തിൽ ഇടക്കിടെ നടക്കുന്ന ഈ അത്ഭുത പ്രതിഭാസത്തിന്റെ രഹസ്യം അറിയാനുള്ള വ്യഗ്രതയിൽ അദ്ദേഹം അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവിടെ പോയി അരൂപിയുമായുള്ള സംവാദങ്ങൾ നടത്തിക്കൊണ്ടുമിരുന്നു.

വലിയ കാര്യങ്ങൾ കേട്ടെഴുതി തെറ്റില്ലാതെ റ്റൈപ് ചെയ്തെടുക്കാൻ ഇവർക്ക് കഴിവു കുറവെന്ന് അതിനകം അരൂപികൾ അന്തിമമായി വിധി എഴുതിക്കഴിഞ്ഞിരുന്നു. അതിനാൽ മറ്റൊരു മാർഗം അരൂപികൾ അവരെ അറിയിച്ചു. ലേഖനങ്ങൾ അരൂപികൾ തന്നെ എഴുതി കൊടുക്കുന്ന മാർഗം ആയിരുന്നു അത്. അതനുസരിച്ചു ഡോക്ടർ ചെയ്യേണ്ടത് അവിടെ കുറേ വെള്ളക്കടലാസും പെൻസിലും വയ്ക്കുക എന്നത് മാത്രം. മിനിറ്റുകൾക്കകം ആ കടലാസുകളിൽ പെൻസിൽ കൊണ്ട് വമ്പൻ ലേഖനങ്ങൾ എഴുതിയിരിക്കുന്നത് അവർ കാണുകയായി. എന്നാൽ എത്ര സൂക്ഷ്മമായി പരിശോധിച്ചിട്ടും ആരും ആ കടലാസുകളിൽ എഴുതുന്നതായി അവർ ആരും തന്നെ കാണുകയുണ്ടായില്ല. അതിനെപ്പറ്റി വേവലാതിപ്പെടാതെ ആ എഴുതി വന്ന ലേഖനങ്ങൾ വായിച്ചിട്ട് തെറ്റില്ലാതെ റ്റൈപ് ചെയ്തു കൊണ്ടു വരുവാൻ അരൂപി അശരീരി ഡോക്ടറോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിനും കൂടെയുള്ളവർക്കും അതനുസരിക്കയേ നിവർത്തിയുണ്ടായിരുന്നുള്ളൂ.

ഇതൊക്കെ നടക്കുമ്പോഴും സാഡ് ലർക്ക് ഇതൊരു ദൈവിക പ്രവർത്തനം എന്ന് വിശ്വാസം വന്നിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ഇതൊരു ദൈവിക നടത്തിപ്പ് തന്നെ എന്ന് പൂർണമായി വിശ്വസിച്ചു കഴിഞ്ഞിരുന്നു. എന്നാൽ അരൂപികൾ ആവശ്യപ്പെട്ട പ്രകാരം ഇത്രയും കാലം ഇതൊരു രഹസ്യമാക്കി വയ്ക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

അക്കാലത്ത് ഡോക്ടർ ദമ്പതികൾക്ക് സമൂഹത്തിൽ മേൽത്തട്ടിലുള്ള കുറെ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടായിക്കഴിഞ്ഞിരുന്നു. ഇവരിൽ പലരും ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഡോക്ടറുടെ വസതിയിൽ സൌഹൃദ സംഭാഷണങ്ങൾക്കായും ചായകുടിക്കായും മറ്റും എത്തുക പതിവായിരുന്നു. ഈ അവസരങ്ങളിൽ അവർ പല കാര്യങ്ങളേപ്പറ്റിയും ചർച്ചകൾ നടത്തി വന്നു. ഇതിനെ അവർ 'ഫോറം' എന്ന് വിളിച്ചു.

അങ്ങനെയിരിക്കെ ഷിക്കാഗൊയിൽ പലയിടങ്ങളിലും മനുഷ്യരുടെ ഭാവിഭൂത പ്രവചനം നടത്തുന്ന ചില നാടോടി ഗ്രൂപ് ഷോകൾ നടന്നു വരികയും ധാരാളം ആൾക്കാർ അങ്ങോട്ട് ആകൃഷ്ടരാവുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായി. ഇതിനെപ്പറ്റി ഫോറത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഡോ.സാഡ് ലർ ഒരു യുക്തിവാദി മനശാസ്ത്രജ്നൻ എന്നതിനാൽ ഫോറം അംഗങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കാൻ താത്പര്യപ്പെട്ടു. അവർക്ക് അറിയേണ്ടിയിരുന്നത് ഇതിൽ വല്ല ദൈവിക പ്രവർത്തനം ഉണ്ടോ എന്നായിരുന്നു.

ഇതെല്ലാം പലതരത്തിലുള്ള മാനസിക കാപട്യങ്ങൾ എന്നായിരുന്നു ഡോ.സാഡലർ വിശദീകരിച്ചത്. സുഹൃത്തുക്കളോട് തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും വിശദീകരിച്ച കൂട്ടത്തിൽ അറിയാതെ അദ്ദേഹം ഇങ്ങനെയും പറഞ്ഞുഃ

"എന്നാൽ മനസ്സിന്റെ കാപട്യമെന്ന് എനിക്ക് ഇതുവരെ പറയാൻ പറ്റാത്ത് ഒരു സംഗതി എന്നെ കുറേക്കാലമായി കുരുക്കിലാക്കിയിരിക്കുന്നു"

ആ കുരുക്ക് എന്തെന്നറിയാൻ ഫോറം അംഗങ്ങൾ ഉത്സുകരാവുകയും അതിനെ പറ്റി കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹത്തെ നിർബന്ധിക്കയും ചെയ്തു. അങ്ങനെ ഡോക്ടർക്ക് അതുവരെ നടന്ന കാര്യങ്ങൾ അവരെ അറിയിക്കേണ്ടി വന്നു. അദൃശ്യമായി പെൻസിൽ കൊണ്ട് എഴുതിക്കിട്ടിയ പല ലേഖനങ്ങൾ തന്റെ കൈവശം ഇരിക്കുന്നത് അവരെ കാണിക്കേണ്ടിയും വന്നു.

ഫോറം മെമ്പേർസ് അത്ഭുതപരതന്ത്രരായി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പലരും ഈ അത്ഭുത പ്രതിഭാസം അരങ്ങേറുന്ന കെല്ലോഗ് ഭവനത്തിൽ പോവുകാനും ഇതിനു സാക്ഷിയാകാനും താത്പര്യം അറിയിച്ചു.

അരൂപികളുടെ അനുവാദം കിട്ടിയാൽ അങ്ങനെ ആകാമെന്ന് അദ്ദേഹം സമ്മതിച്ചു.

അടുത്ത പ്രാവശ്യം കെല്ലോഗ് ഭവനത്തിൽ ഈ പ്രതിഭാസത്തിൽ ഇടപെടാൻ എത്തിയ പാടെ അരൂപി ശബ്ദം ഇങ്ങനെ അവരെ സ്വാഗതം ചെയ്തുഃ

"അപ്പോൾ ഇക്കാര്യങ്ങൾ നിങ്ങളുടെ ഫോറത്തിൽ ചർച്ചയായി അല്ലേ? ചിലർ ഇവിടെ വരാനും ആഗ്രഹിക്കുന്നു അല്ലേ? ശരി, അങ്ങനെയാകാം. എന്നാൽ അവർ എല്ലാം തന്നെ ഈ രഹസ്യം കാത്തു സൂക്ഷിക്കുമെന്ന് പ്രതിജ്ന എടുക്കണം."

അതിനു ശേഷം ചില ഫോറം മെമ്പേർസ് കൂടി പിന്നീടുള്ള സംഭവങ്ങൾക്ക് ദൄക് സാക്ഷികളായി. അശരീരി ശബ്ദത്തിൽ തങ്ങളോട് സംസാരിക്കുന്ന വ്യക്തികൾ ഭൂമിയിൽ അരൂപികൾ എങ്കിലും ഈ പ്രപഞ്ചത്തിൽ പ്രവർത്തന നിരതരായിരിക്കുന്ന അദ്രവ്യ സ്ഥിതിയിൽ ഉള്ള അമർത്യ വ്യക്തികൾ തന്നെ എന്നും അവരുടെ പ്രവർത്തന രീതികൾ എങ്ങനെ എന്നും ഒക്കെ ചില കാര്യങ്ങൾ അവർക്ക് വ്യക്തമാക്കി കൊടുത്തിരുന്നു. അതിൽ ചിലർക്കൊക്കെ വിശ്വാസം ആയില്ല എങ്കിൽ പോലും ഇതൊക്കെ അവരുടെ ചിന്തകൾക്ക് അതീതമായ കാര്യങ്ങൾ തന്നെ ആയിരുന്നു.

അങ്ങനെയിരിക്കെ ഒരു പ്രാവശ്യം അരൂപിയുടെ ഒരു വ്യത്യസ്ത ശബ്ദം അവർ കേട്ടുഃ

"നിങ്ങൾ ഈ ഭൂമിയിലെ മനുഷ്യർ വെറും വിഡ്ഡികൾ തന്നെ. ഇത് വേറെ ഏതു ലോകത്തിൽ ആയിരുന്നെങ്കിലും അവിടത്തെ ആളുകൾ ഇങ്ങനെ ഒരവസരം കിട്ടിയാൽ നിങ്ങളെ പോലെ ഇങ്ങനെ പാഴാക്കി കളയില്ലായിരുന്നു. അറിയാത്ത കാര്യങ്ങള് അറിയാൻ ഇങ്ങനെ ഒരു സുവർണ്ണാവസരം കിട്ടിയിട്ട് അത് ഉപയോഗിക്കാത്ത നിങ്ങൾ പമ്പര വിഡ്ഡികൾ എന്നല്ലാതെ എന്തു പറയാൻ?"

വർഷങ്ങളായി നടന്നുകൊണ്ടിരുന്ന ഈ പ്രതിഭാസം മറ്റൊരു തട്ടിപ്പ് എന്ന് വിധിയെഴുതാൻ തക്കം നോക്കിയിരുന്ന ഡോ.സാഡലർക്ക് അതൊരു പ്രഹരവും താക്കീതും ഒക്കെ ആയിരുന്നു.

ആ താക്കീത് കേട്ട ഫോറം മെമ്പേർസ് ഭയപ്പെട്ടു മാപ്പ് ചോദിച്ചു എന്ന് കരുതണം. അരൂപി വ്യക്തിയുടെ ഉപദേശം അനുസരിച്ച് മുമ്പോട്ട് പോകാം എന്നവർ വാക്ക് കൊടുത്തു. അരൂപിയുടെ ഉപദേശം ഏതാണ്ട് ഇപ്രകാരം ആയിരുന്നുഃ

"നിങ്ങൾ പലരും സമൂഹത്തിൽ ഉന്നത വിദ്യാഭ്യാസവും അറിവും ഉള്ളവർ ആണു. എന്നാൽ നിങ്ങൾക്ക് അറിയാത്ത പല കാര്യങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് തന്നെ അറിയാം. നിങ്ങൾ നിങ്ങടെ ഫോറത്തിൽ ചർച്ച ചെയ്ത് നിങ്ങൾക്ക് അറിയാൻ അതിയായ ആഗ്രഹമുള്ള കുറേ ചോദ്യങ്ങൾ കണ്ടുപിടിച്ച് എഴുതി വയ്ക്കുക. അതിനു ഉത്തരം തരാൻ ഞങ്ങൾ ശ്രമിക്കാം"

അങ്ങനെ ഫോറത്തിൽ അവർക്ക് അറിയാൻ താത്പര്യമുള്ള ചോദ്യങ്ങളെ പറ്റിയുള്ള ചർച്ചയായി പിന്നീട്. അത് ക്രോഡീകരിച്ച് നൂറില്പരം ചോദ്യങ്ങൾ  അരൂപികളോട് ചോദിക്കാനായി അവർ തയ്യാറാക്കി.

അവർക്ക് എന്തും ചോദിക്കാമായിരുന്നു. എന്നാൽ അവർ തിരഞ്ഞെടുത്ത പ്രധാന ചോദ്യങ്ങളിൽ ആദ്യത്തേത്  ചിലത് ഇതായിരുന്നുഃ

"ദൈവം എന്നൊരാൾ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ, എങ്ങനെ?"

" ദൈവമാണോ പ്രപഞ്ചവും മറ്റും സൃഷ്ടിച്ചത്? എങ്ങനെ? എന്തിനു?

"ഈ ഭൂമിയും മനുഷ്യരും എങ്ങനെ എന്തിനു സൃഷ്ടിക്കപ്പെട്ടു?" അങ്ങനെ അങ്ങനെ പല ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ.

ഈ ചോദ്യങ്ങൾ അവർക്ക് അരൂപികളുടെ സമക്ഷം സമർപ്പിക്കേണ്ടി വന്നില്ല. അവരുടെ അറിയാനുള്ള താത്പര്യം എന്തു എന്ന് മനസ്സിലായി എന്നു അരൂപികൾ അവരെ അറിയിച്ചു. അതിനുള്ള ഉത്തരങ്ങൾ ആധികാരികമായി പറയാൻ അറിവുള്ളവർ താമസിയാതെ അതു അവർക്ക് എഴുതി നൽകും എന്ന് അവർക്ക് അറിയിപ്പ് ലഭിച്ചു. ആ എഴുതി കിട്ടുന്ന ഉത്തരങ്ങൾ റ്റൈപ് ചെയ്യുകയും വായിച്ചിട്ട് സംശയങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള വിശദീകരണങ്ങൾ ലഭിക്കാനും അവസരം അവർക്ക് കിട്ടും എന്നും അരൂപികൾ അവരെ അറിയിച്ചു.

അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി അധികം താമസിയാതെ വെള്ളക്കടലാസിൽ പെൻസിൽ കൊണ്ട് എഴുതിയ രീതിയിൽ അനേകം പ്രബന്ധങ്ങൾ ലഭ്യമായി. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ എപ്പോഴൊ ആയിരുന്നു ഇത്.

സാഡലർ ചർച്ചാ ഫോറത്തിൽ പതിവായും പലപ്പോഴായും പങ്കെടുക്കുന്നവരായി ഇക്കാലത്ത് എതാണ്ട് അഞ്ഞൂറിൽ പരം ആളുകൾ ഉണ്ടായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.

പ്രബന്ധങ്ങളായി ഉത്തരം ലഭിച്ചതിനു ശേഷം ആ ഉത്തരങ്ങൾ വായിച്ചു മനസ്സിലാക്കുകയും തെറ്റു കൂടാതെ റ്റൈപ് ചെയ്ത് എടുക്കുകയും ചെയ്ക എന്ന ഭാരിച്ച ഉത്തരവാദിത്വം അരൂപികൾ അവർക്ക് കൊടുത്തു. പിന്നീടുള്ള ചില വർഷങ്ങൾ അതായിരുന്നു അവരുടെ ജോലി.

ടൈപ് ചെയ്ത് എടുത്ത പ്രബന്ധം തെറ്റ് ഇല്ലാത്തത് എന്ന് അരൂപികൾ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞാൽ അത്ഭുതകരമായി പെൻസിലിൽ എഴുതി കിട്ടിയിരുന്ന മൂലപ്രതി അപ്രകാരം തന്നെ അപ്രത്യക്ഷം ആകുന്ന പ്രതിഭാസത്തിനും അവർ സാക്ഷികൾ ആയി.

ഇക്കാലത്ത് എപ്പൊഴൊ യേശുക്രിസ്തുവിനെപ്പറ്റി അറിയാൻ ആരോ താത്പര്യം പ്രകടിപ്പിച്ചു. അരൂപികൾ അതിനു അപ്പോൾ ഒരു മറുപടിയും നല്കിയില്ല. എന്നാൽ 1935-ൽ "യേശുക്രിസ്തുവിന്റെ ജീവിതവും ഉപദേശങ്ങളും" എന്ന രീതിയിൽ അറുപതിൽപരം പ്രബന്ധങ്ങൾ അവർക്ക് ലഭിച്ചു. അത് ലഭ്യമാകാൻ കാലതാമസം നേരിട്ടതിന്റെ കാരണങ്ങളും അതിൽ വിശദീകരിച്ചിരുന്നു.

ഇതെല്ലാം കൂടി റ്റൈപ് ചെയ്ത് തെറ്റില്ല എന്ന് അരൂപികളുടെ സാക്ഷ്യപ്പെടുത്തലും ഒക്കെ അവർക്ക് 1940-തുകളിൽ എപ്പൊഴൊ കിട്ടി എന്നു കരുതണം. നേരത്തെ പറഞ്ഞപോലെ പെൻസിൽ മൂലകൃതി അപ്പോൾ അപ്രത്യക്ഷം ആകുകയും അവരുടെ കൈവശം റ്റൈപ് ചെയ്ത മൂല കൃതി മാത്രം ആവുകയും ചെയ്തു.

ഈ പ്രബന്ധങ്ങൾ എല്ലാം കൂടി ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാൻ അരൂപികളുടെ ആഹ്വാനം അവർക്ക് ലഭിച്ചു. അതിൻപ്രകാരം പുസ്തകത്തിനു ഒരു ആമുഖമായി ഡോ.സാഡലർ ഒരു ലേഖനം സ്വന്തം പേരു വച്ച് എഴുതി.

എന്നാൽ അരൂപികൾ അദ്ദേഹത്തെ അതിനു ശകാരിക്കയാണു ഉണ്ടായത്. 'ഒരു മെഴുകു തിരി കൊണ്ട് മഹാനഗരത്തിൽ വെളിച്ചം കിട്ടില്ല" എന്നവർ പറഞ്ഞു എന്നാണ് അതിനെ പ്പറ്റി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ആ പുസ്തകത്തിനു അവർ ഉറാന്ഷ്യ പുസ്തകം (The Urantia Book) എന്ന് പേരിടാൻ നിർദ്ദേശിക്കയും പുസ്തകത്തിന്റെ ഫോർവേർഡ് പഴയതുപോലെ എഴുതി നൽകുകയും ചെയ്തു.

ഈ പുസ്തകം തയ്യാർ ആക്കുവാൻ സഹായിച്ച ഒരു മനുഷ്യരുടേയും പേരുകൾ ഈ പുസ്തകത്തിൽ ഒരിടത്തും കാണരുത് എന്ന് അരൂപികൾ കർശനമായി അവരോട് താക്കീത് നൽകിയിരുന്നു. അതിശയ കാര്യങ്ങളെ ആരാധിക്കാനുള്ള മനുഷ്യ പ്രവണതയെ നിരുൽസാഹപ്പെടുത്തുവാനാണു ഈ നിബന്ധനകൾ എന്നാണു അരൂപികൾ ഇതിനുള്ള കാരണമായി അവരോട് പറഞ്ഞത്.

പുസ്തകകർത്താവിന്റെ പേരു വയ്ക്കാതെ അക്കാലത്ത് അമേരിക്കയിൽ പുസ്തക പ്രസാധനം അസാധ്യമായിരുന്നു. അതിനുള്ള പ്രയഗ്നമാണു ഫോറം മെമ്പേർസ് പിന്നെ ചെയ്തത്. അതിലും അരൂപികളുടെ നിർദ്ദേശം അവർക്ക് ഉണ്ടായിരുന്നു എന്നു കരുതണം.

അങ്ങനെ ചർച്ചാ ഫോറം ഉറാന്ഷ്യ ഫൌണ്ടേഷൻ എന്ന പേരിൽ ഒരു സൊസൈറ്റി ആയി രെജിസ്റ്റർ ചെയ്യപ്പെട്ടു. ഈ സൊസൈറ്റിയുടെ പേരിൽ 1955-ൽ The Urantia Book ഇംഗ്ലിഷ് ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.
അര നൂറ്റാണ്ട് നീണ്ട, അരൂപികളും മനുഷ്യരും ഉൾപ്പെട്ട ഒരു പ്രയഗ്നം അങ്ങനെ സഫലീകൃതമായി. മനുഷ്യകുലത്തിനുള്ള അഞ്ചാം കാലഘട്ട വെളിപാട് എന്ന് കരുതുന്ന ദി ഉറാൻഷ്യ ബുക്ക് അങ്ങനെ നമ്മുടെ ലോകത്തിനു കിട്ടി.

മനുഷ്യരുമായി അരൂപികൾ നടത്തിക്കൊണ്ടിരുന്ന ആശയ വിനിമയം പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞതോടെ അവസാനിച്ചു.

ഇതാണു ഭൂമി പുസ്തകത്തിന്റെ അത്ഭുത ചരിത്രം. ഈ ചരിത്രത്തേക്കാൾ മാറ്റുള്ളതാണു അതിൽ പറയുന്ന കാര്യങ്ങൾ.