Powered By Blogger

Sunday, September 29, 2019

ഈ ലോകത്തിൽ ദുഷ്ടത വർദ്ധിച്ചു വരുന്നത് എന്തു കൊണ്ട്?

Why does evil keep rising in this world?
(Malayalam language Blog)

ഒരു നല്ല പങ്ക് ആൾക്കാർക്കും ഈ ചോദ്യം മനസ്സിലായെന്നു വരികയില്ല. അല്ലെങ്കിൽ ഈ ചോദ്യത്തിന്റെ പ്രസക്തിയെ തന്നെ അവർ ചോദ്യം ചെയ്തെന്നും ഇരിക്കും.

അതെ, പലരും ഇന്ന് ദുഷ്ടത എന്തെന്നു മനസ്സിലാക്കാൻ പറ്റിയ മാനസിക സ്ഥിതിയിൽ അല്ല. നന്മയും തിന്മയും മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യർക്ക് കുറഞ്ഞു പോയിരിക്കുന്നു. മറ്റുള്ളവർക്ക് പാര പണിയാൻ പലർക്കും താല്പര്യം കൂടി വരുന്നു.

നമ്മുടെ സോഷ്യൽ മീഡിയകളിലെ സാധാരണ ജനങ്ങളുടെ പ്രതികരണങ്ങൾ നോക്കിയാൽ തിന്മയെയും ദുഷ്ടതയെയും കൂടുതൽ ഇഷ്ടപ്പെടുന്നോ എന്ന് സംശയിക്കും.

അതുതന്നെയാണ് ഈ ലോകത്തിൽ ദുഷ്ടത വർദ്ധിച്ചു വന്നിരിക്കുന്നു എന്നതിന്റെ ഒരു തെളിവ്.

എന്താണ് ദുഷ്ടത? അന്യരെ ഉപദ്രവിക്കുന്നത് മാത്രമല്ല ദുഷ്ടത.

സ്വന്തം ഇഷ്ടങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കുകയും മറ്റുള്ളവരുടെ കാര്യങ്ങൾ നമ്മളെ ബാധിക്കാത്തത് എന്ന് കരുതുകയും ചെയ്യുന്നത് ഒരു തരം ദുഷ്ടത തന്നെ. മറ്റുള്ളവർക്ക് എന്തു വന്നാലും എനിക്ക് പ്രശ്നം ഒന്നുമില്ലെങ്കിൽ എല്ലാം ഓകെ എന്ന ചിന്ത.

നീതി കിട്ടാത്ത മനുഷ്യരോട് അനുകമ്പ തോന്നാതിരിക്കുക ദുഷ്ടത.

സത്യം എന്തെന്നു ഉൾമനസ്സിൽ തോന്നിയിട്ടും അതു നിരാകരിക്കുന്നത് ദുഷ്ടത.

സത്യം പറയുന്നവരെ സപ്പോർട്ട് ചെയ്യാത്തത് ദുഷ്ടത. സത്യത്തിനു നേരെ കണ്ണടക്കുന്നതും കള്ളത്തരത്തെ പ്രോത്സാഹിപ്പിക്കുന്നതും ദുഷ്ടതയാണ്.

നീതിയുടെ പേരിൽ നീതികേട് പ്രവർത്തിക്കുന്നതും അതിനെ ന്യായീകരിക്കുന്നതും അതി ദുഷ്ടത.

നീതി നിർവഹിക്കാൻ ബാദ്ധ്യസ്തതയുള്ളപ്പോൾ സ്വന്തം ലാഭവും ഇഷ്ടവും നോക്കി നീതികേട് ചെയ്യുന്നതും അതിനു പ്രേരിപ്പിക്കുന്നതും വൻ ദുഷ്ടത.

നീതിയുടെ പേരിൽ പ്രായോഗികമല്ലാത്ത നിയമങ്ങളും ശിക്ഷാമുറകളും പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്നത് ദുഷ്ടത തന്നെ.

മറ്റുള്ളവർക്ക് കഠിനശിക്ഷ കൊടുക്കണമെന്ന വാശി ദുഷ്ടത.

എനിക്കൊരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന് എന്ന മനസ്ഥിതി ദുഷ്ടത.

വധശിക്ഷ കുറ്റകൄത്യങ്ങൾക്ക് പരിഹാരം എന്ന് കരുതുന്നതു ദുഷ്ടത.

അനുതപിക്കുന്നവരോട് ക്ഷമിക്കാൻ കഴിയാത്തത് ദുഷ്ടത.

അബദ്ധത്തിലുള്ള തെറ്റുകളും അറിഞ്ഞുകൊണ്ടുള്ള കുറ്റകൄത്യവും വേർതിരിച്ചു കാണാൻ കഴിയാത്തത് ഒരുതരം ദുഷ്ടത.

വാശിയും വൈരാഗ്യവും ദുഷ്ടത തന്നെ.

പറ്റുമെങ്കിൽ തന്നെക്കാൾ ചെറിയവരെ അടിമകൾ ആക്കണമെന്നു തോന്നുന്നത് ദുഷ്ടത. ചെറിയവർ വണങ്ങിയില്ലെങ്കിൽ അവരോട് ഇഷ്ടക്കേട് തോന്നുന്നത് ദുഷ്ടത തന്നെ.

സേവനതല്പരതെയെക്കാൾ ഭരണതല്പരത ദുഷ്ടത.

അറിയാൻ പാടില്ലാത്ത ജോലി അറിയുമെന്ന് ഭാവിക്കുന്നതും തോന്നിയപോലെ നിർവഹിക്കുന്നതും ഒരുതരം ദുഷ്ടതയാണ്. അതു പോലെ തന്നെയാണ് അർഹതയില്ലാത്ത പദവികൾ നേരായ മാർഗത്തിൽ അല്ലാതെ നേടിയെടുത്ത് ആ പദവിക്ക് ചേരാത്ത രീതിയിൽ പ്രവർത്തിക്കുന്നത്.

അർഹതയില്ലാത്തത് നേടിയെടുക്കാൻ അവിഹിത മാർഗങ്ങൾ തേടുന്നത് ദുഷ്ടതയുടെ ഒരു രീതി തന്നെയാണ്.

അന്യരുടെ പ്രയാസങ്ങളെ അനുകമ്പയോടെ നോക്കാൻ കഴിയാത്തതും അവരുടെ പ്രയാസങ്ങളെ ദുരീകരിക്കാൻ ആവുന്നത് പ്രവർത്തിക്കാതിരിക്കുന്നതും ദുഷ്ടത അല്ലെങ്കിൽ പിന്നെന്താണ്?

മറ്റുള്ളവരിൽ നന്മ കാണാൻ കഴിയാത്തത് ദുഷ്ടത. തിന്മയെ തിന്മകൊണ്ട് ഇല്ലായ്മ ചെയ്യാമെന്നു കരുതുന്നതും പ്രവർത്തിക്കുന്നതും ദുഷ്ടത.

അറിവില്ലായ്മയും അറിവ് നേടാൻ താത്പര്യം ഇല്ലാത്തതും ദുഷ്ടതയുടെ വകഭേദം തന്നെയാണ്. അറിയാത്ത കാര്യം അറിയുമെന്ന് ഭാവിക്കുന്നതും അതു പോലെ തന്നെ.

മിതത്വം പാലിക്കാൻ കഴിയാത്തത് ദുഷ്ടതയിലേക്ക് വഴി തെളിക്കും.

ആലോചനയില്ലാത്ത എടുത്തു ചാട്ടവും അങ്ങനെ തന്നെ.

അഹങ്കാരം വലിയ ദുഷ്ടതയാണ്. അത് മനസ്സാക്ഷിയുടെ നടത്തിപ്പിനെ അവഗണിക്കാൻ കാരണമാകും. വൻ ദുഷ്ടത പ്രവർത്തിക്കാൻ അതു വഴിവയ്ക്കും. ജീവന്റെയും ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും സൄഷ്ടാവായ ദൈവത്തെ മറന്ന് പ്രവർത്തിക്കാനും അതിന്റെ ഭവിഷ്യത്തുകൾ വരുത്തി വയ്ക്കാനും അതു കാരണമാകും.

ദുഷ്ടത ചിലർക്ക് വൻ ഗുണം ചെയ്യുന്നു എന്ന് മറ്റ് ദുഷ്ട മനസ്സുകാർക്ക് തോന്നുന്നതും ദുഷ്ടത കൊണ്ടു തന്നെയാണ്. എന്നാൽ വാസ്തവത്തിൽ ദുഷ്ടത ആർക്കും ഗുണം ചെയ്യില്ല. ദുഷ്ടത ദുഷ്ടതയെ വർദ്ധിപ്പിക്കയും എല്ലാവർക്കും അതിന്റെ ദോഷം അനുഭവിക്കേണ്ടി വരികയും ചെയ്യും.

അപ്പോൾ ഈ ലോകത്തിൽ ദുഷ്ടത പെരുകുന്നതും അതിന്റെ പ്രയാസങ്ങൾ നമ്മൾ അനുഭവിക്കേണ്ടി വരുന്നതും നമ്മളിൽ ഒരോരുത്തരിലും ഉള്ള ചെറുതും വലുതുമായ ദുഷ്ടത കൊണ്ടു തന്നെയാണ്.

അതു കൊണ്ട് ദുഷ്ടത പെരുകി ഈ ലോകം നരക തുല്യം ആകാതിരിക്കാൻ സ്വയം ആത്മ പരിശോധന ചെയ്ത് സ്വന്തം ദുഷ്ടത ഇല്ലാതെയാക്കാൻ നാമോരുത്തരും ജാഗ്രത പാലിച്ചാൽ നമ്മുടെ വരും തലമുറകൾക്ക് ഗുണമാകാം.

ഇതു മനസ്സിലാക്കാൻ ദുഷ്ടത നിങ്ങളെ അനുവദിച്ചു എന്നു വരികയില്ല. അനുവദിച്ചെങ്കിൽ നല്ലത്!

പിന്നെ ദുഷ്ടതയെ പരിപോഷിപ്പിക്കാൻ മനുഷ്യർക്ക് ചില സഹായങ്ങൾ കാണാമറയത്തിരുന്നു ചെയ്തു കൊടുക്കുന്ന അദൄശ്യ ദുഷ്ട ശക്തികളും ഈ ലോകത്തുണ്ട് എന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസം. 

എന്നാൽ നന്മയിൽ ജീവിക്കുന്നവരെ ഈ ദുഷ്ടതകളുടെ അതിപ്രഭാവത്തിൽ നിന്നും പ്രപഞ്ച സൄഷ്ടാവിന്റെ ശക്തി രക്ഷിച്ചു കൊണ്ടിരിക്കും. എല്ലാവിധ ദുഷ്ടതയേയും പരിപൂർണ്ണമായി ഇല്ലായ്മ ചെയ്യുന്ന കാലം വരെ.

അങ്ങനെയൊരു കാലം ഉണ്ടാകില്ല എന്ന് എല്ലാ ദുഷ്ടന്മാരും കരുതുന്നു.  ദുഷ്ടത നിറഞ്ഞ മനസ്സിൽ സൽബുദ്ധി ഉദിക്കാൻ അത്ര എളുപ്പമല്ല!

1 comment:

  1. Sir, you have elaborated on what evil is, in detail. But why evil increases is not properly addressed. You mention that it is because of the evil in each one of us. How does the evil increase in each person? If it is due to external powers as you hint we are helpless

    ReplyDelete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.