Powered By Blogger

Wednesday, October 2, 2019

മരട് ഫ്ലാറ്റുകൾ പൊളിക്കുന്നത് എന്നെ ദുഃഖിപ്പിക്കുന്നത് എന്തു കൊണ്ട്?

മനുഷ്യർ മനുഷ്യരോട് ചെയ്യുന്ന ക്രൂരതകൾ എന്നെ വളരെയധികം ദുഖിപ്പിക്കാറുണ്ട്. എന്താണിവർ ഇങ്ങനെ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുമുണ്ട്. നിലനില്പിനായി മൄഗതുല്യരായ മനുഷ്യർ മറ്റുള്ളവരോട് കാട്ടുന്ന ദുഷ്ടതയും ക്രൂരതയും കാലാകാലങ്ങളായി നിലനിന്നിരുന്നത് തന്നെ എങ്കിലും ഇന്നത്തെ കാലത്ത് മാനുഷിക പരിഗണനകൾ പല മനുഷ്യരും കാണിക്കാത്തത്  എന്നെ അത്ഭുതപ്പെടുത്തുന്നു.

അങ്ങനെയുള്ള പല പല സംഭവങ്ങളെ പറ്റി വാർത്താ മാദ്ധ്യമങ്ങളിൽ കൂടി അറിയുമ്പോൾ എന്റെ സഹജീവികളിൽ ദുഷ്ടത വർദ്ധിച്ചു വരുന്നല്ലോ എന്നോർത്ത് എന്റെ ദുഃഖം വർദ്ധിക്കുന്നു.

അങ്ങനെയുള്ള പല സംഭവങ്ങളും ഈ ലോകത്തിൽ മാത്രമല്ല ഈ ഭാരതത്തിലും ഈ കൊച്ചു കേരളത്തിലും നടന്നു കൊണ്ടിരിക്കുന്നു.

എന്നാൽ മറ്റുള്ള ദേശക്കാരെക്കാൾ എന്റെ കൊച്ചു കേരളത്തിലെ മലയാളി സമൂഹം എന്തുകൊണ്ടും ദുഷ്ടത താരതമ്യേന കുറഞ്ഞവർ എന്നാണ് എനിക്ക് തോന്നിയിരുന്നത്. അത് എത്ര മാത്രം ശരി എന്ന് പറയുക എളുപ്പമല്ല. എന്നാൽ ഈ രാജ്യത്ത്, അതായത് ഇന്ത്യയിൽ, ദുഷ്ടത വളർന്നു കൊണ്ടിരിക്കുന്നു എന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു.

ഈ രാജ്യത്ത് നടക്കുന്ന ദുഷ്ടതകളെ പറ്റി എന്റെ മനസ്സിലുള്ളത് തുറന്ന് പറയാതിരുന്നാൽ ഞാനും ദുഷ്ടതക്കു കൂട്ടാളി ആയിത്തീരും എന്നൊരു പ്രയാസം ഉള്ളിലുണ്ട്. എന്നാൽ തുറന്നു പറഞ്ഞാൽ ദുഷ്ട ശക്തികൾ എനിക്കെതിരായി കൂട്ടം കൂടാൻ സാധ്യത ഉണ്ടെന്നതും എനിക്കറിയാത്തതല്ല. അതിനെ ഞാൻ ഭയക്കുന്നില്ല എന്നു പറയാനുള്ള കഴിവും ശക്തിയും എനിക്കില്ല എന്നതും വാസ്തവം.


ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന അസഹിഷ്ണതയെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ 
തുറന്ന കത്തെഴുതിയ സാസ്കാരിക നായകർക്ക് എതിരെ രാജ്യദ്രോഹത്തിനു 
കേസെടുത്തിരിക്കുന്നുവെന്ന് വാർത്ത! 

എന്നാൽ ഈ രാജ്യത്തെ ഒരു മുതിർന്ന പൌരൻ ആയതിനാലും, നല്ലനീതിയും ദുഷ്ട നീതിയും എന്തെന്നു തിരിച്ചറിയാനുമുള്ള വകതിരിവു ദൈവം തന്നിരിക്കുന്നു എന്ന ബോധ്യം ഉള്ളതിനാലും, ചില ദുഷ്ടതകൾ ഈ രാജ്യത്ത് അരങ്ങേറുന്നത് കണ്ടില്ല എന്നു നടിച്ച് ഇരിക്കാൻ മനസ്സു വരുന്നില്ല എന്നതാണ് വാസ്തവം.

ഇപ്പോൾ പറയണം എന്ന് എന്റെ മനസ്സ് നിർബന്ധിക്കുന്ന കാര്യം ഈ അടുത്ത സമയത്ത് വാർത്താ മാധ്യമങ്ങളിൽ കൂടി  വളരെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു  സുപ്രീം കോടതി വിധിയുടെ  കാര്യമാണ്.


ശാസ്ത്രസാംസ്കാരിക നേതൄസ്ഥാനത്തുള്ള ഡോ.എൻ.ഗോപാലകൄഷ്ണൻ മരട് ഫ്ലാറ്റുകൾ 
പൊളിക്കാനുള്ള വിധിയെപ്പറ്റി തന്റെ അഭിപ്രായം വ്യക്തമാക്കുന്നു!

കൊച്ചിയിലെ മരട് എന്ന പ്രദേശത്ത് പണിതുയർത്തിയതും ഏതാണ്ട് മുന്നൂറ്റിയെഴുപതോളം കുടുംബങ്ങൾ കുറെ വർഷങ്ങളായി താമസിച്ചു കൊണ്ടിരിക്കുന്നതുമായ അഞ്ച് വൻ ബഹുനില ഫ്ളാറ്റ് സമുച്ചയങ്ങൾ അടിയന്തിരമായി പൊളിച്ചു മാറ്റണം എന്ന ഇന്ത്യൻ സുപ്രീം കോടതി ഉത്തരവായിരിക്കുന്നു.

സാധാരണ ഗതിയിൽ കോടതികൾ ചിലപ്പോൾ ചില കർക്കശ നിലപാടുകളൂം വിധികളുമൊക്കെ പുറപ്പെടുവിക്കാറുണ്ട്. എന്നാൽ അതിലൊക്കെ അപ്പീലുകൾ അനുവദിക്കയും കേൾക്കുകയും കർക്കശ നിലപാടുകൾ മയപ്പെടുത്താറും ഒക്കെയാണ് കണ്ടു വരുന്നത്. എന്നാൽ ഈ കാര്യത്തിൽ കോടതി അതിനു തയാറാകുന്നില്ല. ഫ്ളാറ്റുകൾ പൊളിക്കുന്നത് ഒഴിവാക്കി മറ്റൊരു പരിഹാരത്തിനും ബഹുമാനപ്പെട്ട കോടതി അനുവദിക്കുന്നില്ല എന്നു മാത്രമല്ല, അങ്ങനെ ചെയ്യാതിരുന്നാൽ കോർട്ടലക്ഷ്യക്കുറ്റത്തിനു കേരളത്തിന്റെ ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയെ ജയിലിൽ അടയ്ക്കും എന്ന് കർശനമായി പറയുകയും ചെയ്തിരിക്കുന്നു.

 ഇക്കാര്യത്തിൽ ഇന്ത്യയുടെ കേന്ദ്ര സർക്കാർ നിസ്സംഗ ഭാവത്തിൽ ആണ്.

 കോടതി ഉത്തരവ് നടപ്പാക്കുക എന്നത് ഒരു വലിയ മാനുഷിക ദുരന്തം തന്നെ എന്നു മനസ്സിലാക്കാൻ മനസ്സാക്ഷിയുള്ള ആർക്കും അത്ര വിഷമമുള്ള കാര്യമല്ല. അത് കേരളം ഭരിക്കുന്ന സംസ്ഥാന സർക്കാരിനെ വലിയ ഒരു വിഷമ വൄത്തത്തിൽ ആക്കിയിരിക്കുന്നു.

കുഞ്ഞുകുട്ടി വൃദ്ധ വനിതകൾ അടക്കം ആയിരത്തോളം വരുന്ന ആ ഫ്ലാറ്റ് താമസക്കാരെ അവരുടെ സ്വപ്ന ഭവനങ്ങളിൽ നിന്നും ഇറക്കി വിട്ടിട്ടു വേണം പണിതിട്ട് അധികം വർഷങ്ങൾ ആയിട്ടില്ലാത്ത ഈ മനോഹര ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചടുക്കാൻ.

ഇതു നിയമ പരിപാലനമാണ്, ഇതു വളരെ ശരിയായ തീരുമാനം തന്നെ എന്ന് എന്റെ നാട്ടുകാർ പലരും സോഷ്യൽ മീഡിയകളിലും മറ്റും അഭിപ്രായപ്പെടുന്നത് കാണുമ്പോൾ ദുഷ്ടതയുടെ നിർവചനം തന്നെ ഇപ്പോൾ മാറി മറിഞ്ഞിരിക്കുന്നു എന്നു ഞാൻ അതീവ ദുഃഖത്തോടെ മനസ്സിലാക്കുന്നു.

നിയമം പരിപാലിക്കുന്ന സുപ്രീം കോടതി വിധി ആദരിക്കപ്പെടേണ്ടതു തന്നെ; എന്നാൽ കോടതികളും തെറ്റുകൾക്ക് അതീതമല്ലാത്തതു കൊണ്ടാണല്ലോ പലപ്പോഴും ഒരു കോടതി വിധിക്ക് കടക വിരുദ്ധമായി മറ്റൊരു കോടതി വിധി വരുന്നത് പലപ്പോഴും നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്!

വിധി നടപ്പാകട്ടെ, അതു വിധിയാണ്, നിയമ വ്യവസ്ഥയുടെ കാര്യമാണ്. നിയമപരമായി ശരിയായിരിക്കാം. എന്നാൽ മാനുഷിക പരിഗണനയിൽ ഈ ഫ്ലാറ്റുകൾ പൊളിച്ചടുക്കുന്നത് പലവിധ കാരണങ്ങളാൽ മനുഷ്യ ദുഷ്ടതയുടെ കടന്നു കയറ്റം മൂലമോ എന്ന് ചിന്തിക്കുന്നത് നമ്മുടെ സമൂഹത്തിലെ ദുഷ്ട പ്രവണതകളെ കണ്ടെത്താൻ ഒരു പക്ഷേ സഹായകരമാകും. 

ഒന്നാമതായി ഈ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ വ്യക്തിപരമായി ഇങ്ങനെ ഒരു ശിക്ഷ അനുഭവിക്കാനുള്ള കുറ്റ കൄത്യങ്ങൾ ചെയ്തവരല്ല. അവർ ചെയ്തത് സർക്കാരിന്റെ അനുമതിയോടെ എന്നു അവർ വാസ്തവമായി വിശ്വസിച്ച ഫ്ലാറ്റുകൾ അതു പണിതുയർത്തിയ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്നും വൻ വില കൊടുത്തു വാങ്ങി തങ്ങളുടെ സ്വപ്ന ഭവനങ്ങൾ ആക്കിയെന്നതു മാത്രമാണ്. പലരും ആയുഷ്ക്കാല സമ്പാദ്യങ്ങൾ ഈ ഭവനങ്ങൾക്കു വേണ്ടി മുടക്കി. ഈ വസതികൾ ആഡംബര വസതികൾ തന്നെ എന്നതു കൊണ്ട് അതു വാങ്ങിയവരെല്ലാം അനധികൄതമായി സ്വത്തു സ്വരൂപിച്ചവർ എന്ന് വിചാരിക്കുന്നത് ശരിയല്ല. അവർക്ക് നീതി കിട്ടേണ്ട കാര്യമൊന്നുമില്ല എന്നു കരുതുന്നത് ദുഷ്ടചിന്തയുടെ ഫലം മൂലം ആകാനേ വഴിയുള്ളൂ.

ഈ വസതികൾ വാങ്ങിയ ആൾക്കാരെ സംബദ്ധിച്ചിടത്തോളം അവരുടെ എല്ലാം കൈവശം ഇത്തരം ഫ്ലാറ്റുകൾ വാങ്ങിയത് സംബന്ധിച്ചുള്ള എല്ലാവിധ സർക്കാർ നിബന്ധന രേഖകളും ഉണ്ട്. അതായത് അവരെ സംബന്ധിച്ചിടത്തോളം അവർ വാങ്ങിയത് നിയമാനുസൄതം തന്നെ.

ഇങ്ങനെ ഒരു വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് ആ വിധിയുടെ അന്തിമ പ്രശ്നങ്ങൾ അനുഭവിക്കുന്നത് അതിന്റെ ഉടമസ്ഥരും താമസക്കാരും ആയതിനാൽ അവർക്ക് പറയാനുള്ളതു കൂടി കേൾക്കുക എന്നത് സാമാന്യ നീതി മാത്രം. എന്നാൽ ഇവിടെ അങ്ങനെ സംഭവിച്ചില്ല. അപ്പോൾ അതിനെ ന്യായമായ നീതി നിർവഹണം എന്നു എങ്ങനെ കരുതും?

 ഇനി എന്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ഒരു വിധി ബഹുമാനപ്പെട്ട ഉന്നത കോടതി പുറപ്പെടുവിച്ചു എന്നു നോക്കാം.

കുറെ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ കേന്ദ്ര സർക്കാർ തീരദേശ പരിപാലന നിയമം എന്ന ഒരു നിയമം പാസാക്കുന്നു. അതിൻ പ്രകാരം ആർക്കും ഇന്ത്യയിൽ കടൽ, കായൽ തീരങ്ങളുടെ ഒരു നിശ്ചിത പരിധിക്കുള്ളിൽ വൻ നിർമ്മാണങ്ങൾ ഒന്നും നടത്താൻ പറ്റില്ല എന്ന സ്ഥിതി സംജാതമായി. അതായത് തീരപ്രദേശങ്ങളിൽ വസ്തു വകകൾ ഉള്ളവർക്ക് നിയമം പറഞ്ഞ പരിധിക്കുള്ളിൽ കെട്ടിടങ്ങളോ വ്യവസായങ്ങളോ ഒന്നും തുടങ്ങാൻ പറ്റാതെ ആയി. ഈ നിയമം വലിയ പരിസ്ഥിതി പഠനം ഒക്കെ നടത്തിയതിനു ശേഷമായിരുന്നു എന്നു കരുതുക പ്രയാസം. ഈ നിയമത്തിലെ നിർമാണ നിരോധന മേഖല വാസ്തവത്തിൽ വളരെ കൂടുതൽ ആയിരുന്നു. വളരെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു നിയമ നിർമ്മാണം തന്നെ ആയിരുന്നു അത്. മാത്രമല്ല, സാധാരണക്കാർക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും കൂടി മനസ്സിലാക്കാൻ പ്രയാസമുള്ള പലതും ഈ നിയമത്തിൽ ഉണ്ടായിരുന്നു എന്നും കരുതണം. ഇന്ത്യയേക്കാൾ പരിസ്ഥിതി സംരക്ഷണത്തിൽ അതി ശ്രദ്ധ പതിപ്പിക്കുന്ന അനേകം രാജ്യങ്ങളിൽ പോലും ഇങ്ങനെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്ന ഒരു നിയമം ഇല്ല എന്നത് ഈ ഇന്ത്യൻ നിയമത്തിലെ പാളിച്ചകളെ വ്യക്തമാക്കുന്നു.

അങ്ങനെ വന്നപ്പോൾ, ഇന്ത്യയിൽ പലയിടങ്ങളിലും തീര ദേശങ്ങളിൽ കെട്ടിട നിർമ്മാണം സർക്കാർ വിഭാഗങ്ങളിലെ പലതരം ഉദ്യോഗസ്ഥരുടെ മനോധർമ്മം അനുസരിച്ചായി. അഴിമതി എന്ന ദുഷ്ടതയ്ക്ക് പേരു കേട്ട ഇന്ത്യ മഹാരാജ്യത്ത് തീരദേശ നിർമാണ പ്രവർത്തനം ഈ പുതിയ നിയമം നിമിത്തം വൻ അഴിമതിയുടെ കൂത്തരങ്ങായി എന്നു പറഞ്ഞാൽ മതിയല്ലോ.

തീരദേശ പരിപാലന നിയമത്തിലെ കുരുക്കുകൾ സാധാരണക്കാർക്ക് മനസ്സിലാകുന്നത് അല്ലാത്തതു കാരണം അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും അവരുടെ രാഷ്ട്രീയ മേലാളർക്കും അവരുടെ ഇഷ്ടരീതിയിൽ കാര്യങ്ങൾ നടത്താൻ അവസരം ഒരുക്കിക്കിട്ടി.

ഇന്ത്യയിൽ അതിവേഗം വളർച്ച പ്രാപിച്ചു വന്ന ഒരു ബിസിനസ്സ് ആയിരുന്നു റിയൽ എസ്റ്റേറ്റ്. കടൽത്തീരങ്ങളിലും കായൽ നദീ തീരങ്ങളിലും പണിതുയർത്തിയ പട്ടണപ്രദേശങ്ങളിലെ ഫ്ളാറ്റുകൾക്ക്, വിദേശങ്ങളിൽ ജോലി ചെയ്ത് നാട്ടുകാരെക്കാൾ കൂടുതൽ പണം ഉണ്ടാക്കിയിരുന്നവർ വൻ വില നൽകാൻ മടിച്ചില്ല. അത് തീരദേശ കെട്ടിടങ്ങൾ കൂടുതൽ പണിഞ്ഞു വിൽക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് പ്രേരണയായി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ പോലുള്ള വൻ നഗരങ്ങളിൽ ഈ നിയമം വരുന്നതിനു വളരെ മുമ്പ് തന്നെ കടൽത്തീര വസതികൾ ആഡംബരത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞിരുന്നു.

അതുകൊണ്ടു തന്നെ  പ്രായോഗികമല്ലാത്ത തീരദേശ പരിപാലന നിയമം അതിജീവിച്ച് സർക്കാർ വക അനുമതികൾ ഉണ്ടാക്കിയെടുക്കാൻ കമ്പനികൾ പലതും വഴിവിട്ട പണികളും ചെയ്തിരിക്കാം. അനുവാദങ്ങൾ കിട്ടിയ കമ്പനികൾ കെട്ടിട സമുച്ചയങ്ങൾ പണിതുയർത്തി വിറ്റു ലാഭം കൊയ്തു. നിയമത്തിലെ പ്രത്യേകതകൾ കാരണം നിയമലംഘനം പലർക്കും മനസ്സിലായിരുന്നതുമില്ല.

ഈ നിയമം സർക്കാരിനും വിനയാകും എന്നത് കുറെ വർഷങ്ങൾക്കകം കേന്ദ്ര സർക്കാരിനും മനസ്സിലായി. മുംബൈയിൽ പുതിയ വിമാനത്താവളം പണിയാൻ ഈ നിയമം തടസ്സം എന്ന് മനസ്സിലായപ്പോൾ കേന്ദ്ര സർക്കാർ  തീരദേശ പരിപാലന നിയമ വ്യവസ്ഥകൾ ലഘൂകരിച്ചു.

അതായത് നേരത്തെ തീരപ്രദേശങ്ങളിൽ നൂറും ഇരുനൂറും മീറ്റർ സ്ഥലം വെറുതെ ഇടണമായിരുന്നെങ്കിൽ പുതിയ ലഘൂകരിച്ച നിയമം വഴി ഇരുപതോ അമ്പതോ മീറ്റർ നിർമ്മാണം നടത്താതെ വിട്ടാൽ മതി എന്നായി.

സ്വാഭാവിക നീതിയിലും സങ്കേതിക പരിഗണനയിലും ഇങ്ങനെയുള്ള ഉദാരവൽക്കരിക്കപ്പെട്ട നിയമ വ്യവസ്ഥകൾ പഴയ തെറ്റായ വ്യവസ്ഥകളുടെ പ്രയാസം അനുഭവിച്ചവർക്കും ബാധകം ആവേണ്ടതാണ്.

എന്നാൽ ഇവിടെ അങ്ങനെ നടന്നില്ല എന്നതും ആ കാര്യങ്ങൾ പരിഗണിക്കാനുള്ള അവസരം കോടതിയിൽ നിഷേധിക്കപ്പെട്ടതായും പറയപ്പെടുന്നു. അങ്ങനെയെങ്കിൽ അത് ന്യായമായ നീതി നടപ്പാകുന്നതിനു തടസ്സമായി എന്നു തന്നെ  കരുതണം.

ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾ ലോകത്തിൽ എവിടെയും കടൽത്തീര നഗരങ്ങളുടെ ഭംഗി കൂട്ടുന്നു. പ്രത്യേകിച്ചും അങ്ങനെയുള്ള ബഹുനില കെട്ടിട സമുച്ചയങ്ങൾ രൂപകല്പന ചെയ്യുന്ന ആർക്കിടെക്റ്റുകൾ അവരുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ചാണു ഈ മനോഹര സൌധങ്ങൾ ഉണ്ടാക്കുവൻ പരിശ്രമിക്കുന്നത്. അവരുടെ സൃഷ്ടി അകാലത്തിൽ നശിപ്പിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം മൄത്യു തുല്യം ആണെന്നത് സാധാരണ ജനങ്ങൾക്ക് എതമാത്രം മനസ്സിലാകും എന്നറിയില്ല. അതു തന്നെയാണ് നൂറ്റാണ്ടുകളോളം അതു നിലനിൽക്കാൻ ആഗ്രഹിച്ച് രൂപകല്പനയിലും നിർമ്മാണത്തിലും പങ്കാളികളായ എഞ്ചിനിയർമാരുടെയും കാര്യം. ഒരു എഞ്ചിനീയർ ആയി ഒരു ആയുഷ്ക്കാലം പ്രവർത്തിച്ച എനിക്ക് ഇതു മനസ്സിലാക്കാൻ ഒരു പ്രയാസവും ഇല്ല. എന്നാൽ ഇക്കാര്യം കോടതി പരിഗണിച്ചതായി എങ്ങും പറയുന്നില്ല.

ബഹുനില കെട്ടിടങ്ങൾ പണിയുന്നത് സിമെന്റ് കോൺക്രീറ്റും സ്റ്റീൽ, ഗ്ലാസ്, അലുമിനിയം, പ്ലാസ്റ്റിക് മുതലായ വസ്തുക്കൾ ഉപയോഗത്തിൽ വരുത്തിയും ആണ്. ഇവ പതിറ്റാണ്ടുകൾ നില നിൽക്കാൻ ഉദ്ദേശിച്ചു പണിയപ്പെടുന്നവയാണ്. കെട്ടിടങ്ങൾ പണിയുമ്പോൾ ആ പ്രദേശത്തിന്റെ ജിയൊഗ്രാഫി സ്ഥിരമായി മാറ്റപ്പെടുന്നു. ഒരു വൻ കെട്ടിടം പൊളിക്കുമ്പോൾ അതിൽനിന്നുളവാകുന്ന പൊടി പടലവും പാഴ്വസ്തുക്കളും പരിസ്ഥിതിക്ക് സ്ഥിരമായ പ്രതികൂല അവസ്ഥ സൄഷ്ടിക്കുന്നു. സാങ്കേതികമായി നോക്കിയാൽ വൻ ബഹുനില കെട്ടിടങ്ങൾ പൊളിക്കുന്നത് സുരക്ഷക്കും ഭീഷണിയാണ്. സ്വബോധമുള്ള ഒരു പരിസ്ഥിതി വാദിയും പരിസ്ഥിതി സംരക്ഷണത്തിനായി വൻ കോൺക്രീറ്റ് സൌധങ്ങൾ പൊളിക്കാൻ അതിനാൽ ആവശ്യപ്പെടില്ല.

കാലപ്പഴക്കം കൊണ്ട് സുരക്ഷക്ക് വൻ ഭീഷണിയാകുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത് ഉചിതം തന്നെ. എന്നാൽ വൻ കെട്ടിടങ്ങൾ പൊളിക്കുന്നത് ഒഴിച്ചു കൂടാൻ വയ്യാത്ത അറ്റകൈ പ്രയോഗം മാത്രം ആയിരിക്കണം. കുലപാതകത്തിനു വധശിക്ഷ വിധിക്കും പോലെ, അപൂർവങ്ങളിൽ അപൂർവമായി മാത്രം. അല്ലെങ്കിൽ അതു സമൂഹത്തിലും പ്രകൄതിയിലും കടന്നു കൂടിയ ദുഷ്ടതയുടെ അതിപ്രസരം എന്നു വിവക്ഷിക്കപ്പെടും.

ഇതിനെല്ലാം പുറമെയാണ് വ്യക്തികൾക്കും സമൂഹത്തിനും വന്നു ഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ. ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ  തന്നെ  ഇതു കാരണമാകും. നിയമം സമ്പത് വ്യവസ്ഥയ്ക്ക് തടസ്സമായാൽ രാജ്യത്തിന്റെ പുരോഗതി അധോഗതിയാകും. ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിനു ഇങ്ങനെയുള്ള ഒരു ദുർഗ്ഗതിയിൽ നിന്നും കരകയറാൻ വർഷങ്ങൾ വേണ്ടി വരും എന്നത് എല്ലാവരും ഓർത്താൽ നല്ലത് എന്നേ പറയാനുള്ളൂ.

ഈ വിധി നടപ്പായാൽ ഇതേ കാരണങ്ങളാൽ നിയമം കണിശമായി പാലിക്കപ്പെടാത്തതും എന്നാൽ എങ്ങനെയൊക്കെയോ അനുവാദങ്ങൾ സംഘടിപ്പിച്ച് പണിതുയർത്തിയതും ജനങ്ങൾ വാങ്ങിയതും ഉപയോഗിക്കുന്നതുമായ അനേകം കെട്ടിടങ്ങൾ ഈ രാജ്യത്ത് ഒരു പക്ഷേ പൊളിക്കേണ്ടതായി വരാം. അതു ആത്യന്തികമായി ഒരു നല്ല കാര്യമല്ല എന്നാണ് എനിക്കു തോന്നുന്നത്.

മരട് ഫ്ലാറ്റുകൾ കോടതി വിധി പാലിക്കപ്പെടാനായി പൊളിക്കപ്പെടാനുള്ള തയ്യാറെടുപ്പുകൾ മനസ്സില്ലാ മനസ്സോടെയെങ്കിലും കേരള സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നു.

അങ്ങനെ നടന്നാൽ അതു ന്യായമായ വിധി നടപ്പാക്കൽ തന്നെ എന്ന് ഒരു പക്ഷേ പറയാം എങ്കിലും ഗാന്ധിജി വിഭാവനം ചെയ്ത ഭാരതത്തിന്റെ മാനുഷിക പാരമ്പര്യത്തിനും മൂല്യങ്ങൾക്കും എക്കാലത്തും മങ്ങലുണ്ടാക്കുന്ന ഒരു ദുഃഖ സത്യമായി അവശേഷിക്കും!

പ്രത്യേകിച്ചും ജോലിയിൽ നിന്നും വിരമിച്ച എന്നെ പോലെയുള്ള ലക്ഷക്കണക്കിനു  ഇന്ത്യക്കാർക്ക് അർഹതപ്പെട്ട ഈപിഎഫോ പെൻഷൻ (EPFO Pension) കൊടുക്കണമെന്നു സുപ്രീം കോടതിയും നിരവധി ഹൈക്കോടതികളും  വിധിച്ചിട്ടും ആ വിധി നടപ്പാക്കാൻ വർഷങ്ങളായി വിമുഖത കാണിച്ച് അതു നടപ്പാകാതിരിക്കാൻ പലവിധ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിനെക്കൊണ്ട് ആ വിധി നടപ്പാക്കാൻ യാതൊരു വിധ താല്പര്യവും കാണിക്കാത്തതും ഇതേ കോടതി തന്നെ എന്നു മനസ്സിലായവർക്ക് ഈ ഫ്ലാറ്റുപൊളി വിധി നടപ്പാക്കാനുള്ള കോടതി താല്പര്യത്തെ അതി ദുഃഖത്തോടെയെ വീക്ഷിക്കാൻ സാധിക്കൂ.

അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവരിൽ ഒരു നല്ല പങ്കിനും ആർഷഭാരത മൂല്യങ്ങൾക്കനുസരിച്ച് വർത്തിക്കാൻ കഴിയുന്നില്ല എന്നതിൽ വിവേക നഷ്ടം വന്നിട്ടില്ലാത്ത സാധാരണക്കാർക്ക് ദുഃഖിക്കാനല്ലാതെ എന്തു ചെയ്യാൻ പറ്റും?

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.