മനുഷ്യരുടെ ഭൗതികമായ നശ്വര ജീവിതം മരണത്തോടെ അവസാനിക്കുന്നു. എന്നാൽ നിത്യജീവിതം ( Everlasting Life) എന്നൊരു അവസ്ഥയിലേക്ക് എത്തിപ്പെട്ട് ജീവനും വ്യക്തിത്വവും (Personality) നിലനിർത്തി പ്രപഞ്ചത്തിൽ ഉന്നത തലങ്ങളിലേക്ക് പടിപടിയായി പരിണാമപ്പെടാൻ പലർക്കും അവസരം ഉണ്ടാകും എന്ന് യുറാൻഷ്യ ഗ്രന്ഥം വെളിപ്പെടുത്തുന്നു. തങ്ങളുടെ ഭൗമിക ജീവിതത്തിൽ നന്മയിൽ ജീവിക്കാനും തെറ്റുകളെ തിരുത്തി, അഹങ്കാരം ഇല്ലാതെ മറ്റുള്ളവർക്ക് സഹായകരമായി ദൈവിക ഇഷ്ടം എന്തെന്നു മനസ്സിലാക്കി ജീവിക്കാനും ശ്രമിച്ചവർക്കാണ് ഇത് സാധ്യമാകുക. അങ്ങനെ ഒരു ഭൗതിക വ്യക്തിയായി രൂപപ്പെട്ട മനുഷ്യരിൽ ചിലർ ആത്മീക വ്യക്തികളായി അമർത്യ ജീവിതത്തിലേക്ക് രൂപാന്തരം പ്രാപിയ്ക്കുന്നു.
യുറാൻഷ്യ ഗ്രന്ഥത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തൽ (Revelation) ആണ് 'മൊറോൺഷ്യ (Morontia) എന്നത് . ഇങ്ങനെ ഒരു പദം ഈ പുസ്തകത്തിൽ ആണ് ആദ്യമായി നമ്മൾ കാണുന്നതും അറിയുന്നതും.
ഭൗതികമായ ലോകത്തിനും പൂർണ്ണമായും ആത്മീയമായ ലോകത്തിനും ഇടയിലുള്ള ഒരു സവിശേഷ ഘട്ടമാണിത്.
മനുഷ്യൻ തന്റെ മരണാനന്തരമുള്ള പ്രയാണത്തിൽ കടന്നുപോകുന്ന ഈ അവസ്ഥയെക്കുറിച്ച് ഗ്രന്ഥം നൽകുന്ന വിവരങ്ങൾ ചുരുക്കത്തിൽ താഴെ പറയുന്നവയാണ്.
എന്താണ് മൊറോൺഷ്യ ലോകങ്ങൾ?
ഭൗതിക തലത്തിലുള്ള ജീവികൾ ആത്മീയ തലത്തിലേക്ക് ഉയരുന്നതിനിടയിലുള്ള ഒരു പ്രത്യേക ഘട്ടം ആണിത് .
പ്രാദേശിക പ്രപഞ്ചത്തിലെ മനുഷ്യ പുരോഗതിയുടെ പരിവർത്തന ഘട്ടങ്ങളാണ് മൊറോൺഷ്യ ലോകങ്ങൾ. ബൈബിളിൽ യേശുക്രിസ്തു പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ള 'മാൻഷൻ വേൾഡുകൾ' (Mansion Worlds) ഇതിന്റെ ഭാഗമാണ്.
ഈ ലോകങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് അതിമനോഹരമായ രീതിയിലാണ്.
അത്ഭുതകരമായ പദാർത്ഥ ഘടനയാണ് ഈ ലോകങ്ങൾക്ക്.
നമ്മുടെ ഭൂമിയെപ്പോലെ പരിണമിച്ചുണ്ടായ ഗ്രഹങ്ങളല്ല ഇവ, മറിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത (Architectural Spheres) ലോകങ്ങളാണ്.
ഇവയുടെ പ്രത്യേകതകൾ താഴെ പറയുന്നവയാണ്:
മൂലകങ്ങളുടെ എണ്ണം: ഭൗതിക ലോകത്തെക്കാൾ ഇരട്ടി മൂലകങ്ങൾ ഇവിടെയുണ്ട്. 100 ഭൗതിക മൂലകങ്ങളും (Physical Elements), അതോടൊപ്പം തന്നെ 'മൊറോൺഷ്യ മെറ്റീരിയൽ' എന്ന് വിളിക്കപ്പെടുന്ന 100 തരം ഊർജ്ജ രൂപങ്ങളും ഇവിടെ കാണപ്പെടുന്നു.
നിർമ്മാണം: 'മാസ്റ്റർ ഫിസിക്കൽ കൺട്രോളേഴ്സും' 'മൊറോൺഷ്യ പവർ സൂപ്പർവൈസർമാരും' ചേർന്നാണ് പദാർത്ഥത്തിന്റെയും ഊർജ്ജത്തിന്റെയും ഭ്രമണവേഗതയിൽ മാറ്റം വരുത്തി ഈ സവിശേഷ പദാർത്ഥം നിർമ്മിക്കുന്നത്.
570 പരിവർത്തനങ്ങൾക്ക് തന്റെ ലൗകിക ശരീരം വെടിഞ്ഞ് ആത്മീയ പദവിയിലേക്ക് എത്തുന്നതിന് മുമ്പുള്ള മരണാനന്തര ജീവിതത്തിൽ മൊറോൺഷ്യ ലോകങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരു മനുഷ്യന് വിധേയപ്പെടേണ്ടി വരും . ഈ യാത്രയിൽ നമ്മുടെ വ്യക്തിത്വം വികസിക്കുന്നതിനനുസരിച്ച് നമ്മുടെ ശരീരവും മാറിക്കൊണ്ടിരിക്കും.
മൊറോൺഷ്യ ജീവിതകാലത്ത് ഒരാൾക്ക് ഏകദേശം 570 വ്യത്യസ്ത ശരീരങ്ങൾ ലഭിക്കുന്നു.
ഓരോ ഘട്ടത്തിലും ശരീരം കൂടുതൽ ആത്മീയമാക്കപ്പെടുന്നു.
ഈ മാറ്റങ്ങൾ ഇപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്:
സിസ്റ്റം തലത്തിൽ: 8 മാറ്റങ്ങൾ.
നക്ഷത്രസമൂഹം (Constellation) തലത്തിൽ: 71 മാറ്റങ്ങൾ.
സാൽവിംഗ്ടൺ (Salvington) ലോകങ്ങളിൽ: 491 മാറ്റങ്ങൾ
ഇത്രയും മാറ്റങ്ങൾ കഴിയുമ്പോൾ ഒരു മനുഷ്യൻ ഒരു ആത്മീക വ്യക്തിയായി മാറ്റപ്പെടും. ഈ പരിണാമത്തിന് നീണ്ട കാലം വേണ്ടി വരും. അതിനു ശേഷം ഈ രൂപാന്തരം സംഭവിച്ച ആത്മീയ വ്യക്തി പ്രപഞ്ച പിതാവിന്റെ സന്നിധിയിലേക്കുള്ള പ്രയാണം ആരംഭിയ്ക്കും. ഇതിനിടയിൽ പലതും പഠിയ്ക്കാനും മനസ്സിലാക്കാനും പ്രവർത്തിക്കാനും ഉള്ള അനേകം അവസരങ്ങൾ ഉണ്ടാകും.
വ്യക്തിത്വവും ആത്മാവും തമ്മിലുള്ള ഐക്യം.
ഭൗതിക ജീവിതത്തിൽ നമ്മുടെ ഉള്ളിലുള്ള ദൈവിക ചൈതന്യം (Spirit) നമ്മിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒന്നായാണ് അനുഭവപ്പെടുന്നത്. എന്നാൽ മൊറോൺഷ്യ ജീവിതത്തിൽ ഈ ചൈതന്യം നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറുന്നു. ഭൗതികതയിൽ നിന്ന് ആരംഭിച്ച് 570 പരിവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മൾ പൂർണ്ണമായും ഒരു ആത്മീയ ജീവിയായി പരിണമിക്കുന്നു.
ബൈബിളിൽ വിശുദ്ധ പൗലോസ് സൂചിപ്പിച്ച "സ്വർഗ്ഗത്തിലെ മെച്ചപ്പെട്ടതും ശാശ്വതവുമായ പദാർത്ഥം" എന്നത് ഈ മൊറോൺഷ്യ പദാർത്ഥങ്ങളെയാണെന്ന് ഗ്രന്ഥം വ്യക്തമാക്കുന്നു. ഇത് കേവലം സങ്കല്പമല്ല, മറിച്ച് ദൈവം ശില്പിയായി നിർമ്മിച്ച യഥാർത്ഥവും ശാശ്വതവുമായ ലോകങ്ങളാണ്.
എന്നാൽ ഈ ലോകങ്ങൾക്കും മേലെ ആണ് ദൈവിക സ്വർലോകങ്ങളും പ്രപഞ്ച കേന്ദ്ര ലോകങ്ങളും.
മൊറോൺഷ്യ എന്നത് ഒരു അവസ്ഥയാണ്. മനുഷ്യൻ മൃഗതുല്യമായ ഭൗതികതയിൽ നിന്ന് ദൈവീകമായ ആത്മീയതയിലേക്ക് വളരുന്ന പ്രക്രിയയിലെ ഏറ്റവും സുപ്രധാനമായ ഘട്ടമാണിത്. ഭൗതികതയ്ക്കും ആത്മീയതയ്ക്കും ഇടയിൽ ഉള്ള ഒരു വാസ്തവികത!

No comments:
Post a Comment
Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.