Powered By Blogger

Tuesday, March 19, 2019

റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ പുതിയ കരാറില്‍ തെറ്റു പറ്റിയോ?

Is there anything wrong in the Indian contract to procure Raphael fighter planes?
(Blog article in Malayalam language)


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ തൊണ്ണൂറു കോടിയില്‍ പരം വോട്ടര്‍മാര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ കേന്ദ്ര സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് ഇപ്പോള്‍.

രണ്ടായിരത്തി പത്തൊമ്പത്തിലെ ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നിര്‍ണായകമായ ഒരു മഹാ സംഭവം ആണെന്നതിനാല്‍ അതിന്‍റെ അവസാനം എന്തായി തീരുമെന്ന് അറിയാന്‍ എല്ലാവരും ആകാംക്ഷഭരിതര്‍ ആണിപ്പോള്‍.

ഫ്രാന്‍‌സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ ഇപ്പോഴത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈകൊണ്ട തീരുമാനങ്ങള്‍ അഴിമതിയുടെ മൂര്‍ദ്ധന്യം എന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ യുവാവായ പ്രസിഡന്‍ടും ഭാവി പ്രധാനമന്ത്രിപദകാംക്ഷിയുമായ രാഹുല്‍ ഗാന്ധി നാഴികക്ക് നാല്‍പതു വട്ടം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് നാട്ടുകാര്‍ കേട്ടുകൊണ്ടിരിക്കുന്നു.

തെരഞ്ഞെടുപ്പു വിഷയങ്ങള്‍ പലതും ഉണ്ടെങ്കിലും ഈ റാഫേല്‍ വിമാന വാങ്ങലില്‍ രാജ്യ താത്പര്യത്തിന് വിപരീതമായ എന്തെങ്കിലും ഉണ്ടോ എന്ന് സാധാരണ ജനങ്ങളുടെ പക്ഷത്തു നിന്നും നമുക്കൊന്ന് നോക്കാം.

ആദ്യമായി ഇന്ത്യക്ക് യുദ്ധവിമാനം ഉണ്ടാക്കാന്‍ അറിയാമോ ഇല്ലിയോ  എന്ന കാര്യം ഒന്ന് പരിശോധിക്കാം.

ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ അറിയാവുന്ന ഒരേ ഒരു കമ്പനി മാത്രമേ ഇപ്പോള്‍ ഉള്ളൂ. കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് ലിമിറ്റഡ് എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനി ആണത്.

ഈ കമ്പനി സ്ഥാപിതമായിട്ട് ഏതാണ്ട് എട്ടു പതിറ്റാണ്ട് ആയിരിക്കുന്നു. വര്‍ഷത്തില്‍ പതിനേഴായിരം കോടി രൂപയുടെ ബിസിനസ്  ഈ സര്‍ക്കാര്‍ കമ്പനി ഇപ്പോള്‍ ചെയ്യുന്നു. ഏതാണ്ട് മുപ്പത്തി രണ്ടായിരം ജോലിക്കാര്‍ ജോലി നോക്കുന്ന കമ്പനി ആണിത്.

ഈ കമ്പനിയില്‍ യുദ്ധ വിമാനങ്ങളും ചെറിയ വാണിജ്യ വിമാനങ്ങളും ചെറിയ ഹെലികോപ്ടര്‍കളും ഒക്കെ നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

വിമാനങ്ങള്‍ ഉണ്ടാക്കാന്‍ അറിയാവുന്ന എഞ്ചിനിയര്‍മാരും ടെക്നിഷന്‍മാരും പണിയെടുക്കുന്ന ഇന്ത്യയിലെ ഒരേ ഒരു സ്ഥാപനം ഇതാണ്. ഇത് പൂര്‍ണമായും പൊതു മേഖലയില്‍ ഉള്ള സംരംഭം ആണ്. എന്ന് വച്ചാല്‍ ഇതിന്റെ ഉടമസ്ഥത പൂര്‍ണമായും കേന്ദ്ര സര്‍ക്കാരില്‍ ആണെന്ന് സാരം.

ലോകത്തില്‍ വിമാനം കണ്ടു പിടിക്കപ്പെട്ടിട്ടു നൂറില്‍ പരം വര്‍ഷങ്ങള്‍ ആയി. അതില്‍ എണ്പതു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ സംരംഭം വിമാനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ബിസിനസ് നടത്തി കൊണ്ടുമിരിക്കുന്നു.

എന്നാല്‍ നാളിതുവരെ ആധുനിക വിമാനങ്ങള്‍ പൂര്‍ണമായി രൂപകല്‍പന ചെയ്തു നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റാന്‍ ഈ സര്‍ക്കാര്‍ കമ്പനിക്കു  കഴിഞ്ഞിട്ടില്ല.

ഈ കമ്പനി പ്രധാനമായും ചെയ്തു കൊണ്ടിരിക്കുന്നത് അമേരിക്കയോ, ഇസ്രയെലോ, റഷ്യയോ ഒക്കെ പോലെ യുള്ള രാജ്യങ്ങളില്‍ നിന്നും കിട്ടുന്ന അറിവ് വച്ച് അവരുടെ രൂപ കല്പന അനുസരിച്ചുള്ള വിമാനങ്ങള്‍ ചിലതൊക്കെ ഇവിടെ വച്ച് തല്ലിക്കൂട്ടുക എന്ന പണിയാണ്.

പൂര്‍ണമായും ഇന്ത്യന്‍ സര്‍ക്കാര്‍ സംരംഭമായി ഒരു നൂറ്റാണ്ടു കാലത്തോളമായി ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്ന ഈ വന്‍ പൊതു മേഖലാ കമ്പനിക്ക് ആരുടേയും സഹായമില്ലാതെ ആധുനിക പോര്‍ വിമാനങ്ങളും വാണിജ്യ വിമാനങ്ങളും മറ്റും ഇപ്പോഴും നിര്‍മിക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നത് ഇന്ത്യക്ക് ആകമാനം നാണക്കേടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കുമോ?

ഇന്ത്യന്‍ വ്യോമ സേനക്ക് ആവശ്യമായ പോര്‍ വിമാനങ്ങള്‍ പലതും അതുകൊണ്ട് തന്നെ വിദേശത്തുനിന്നും വാങ്ങി കൊണ്ടിരിക്കുന്നു.
പോര്‍വിമാനങ്ങളും യുദ്ധക്കോപ്പുകളും വാങ്ങാന്‍ രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ പകുതിയില്‍ അധികം ഇന്ത്യ എന്ന സമാധാനപ്രിയ രാഷ്ട്രം ഓരോ കൊല്ലവും ചിലവഴിച്ചു കൊണ്ടിരിക്കുന്നു എന്ന് കൂടി മനസ്സില്‍ ആക്കുമ്പോള്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ അവിടവിടെ ഇക്കാര്യങ്ങളില്‍ ഇല്ലേ എന്ന് ചിന്തിക്കേണ്ടി വരും.

യുദ്ധ സാമഗ്രി വാങ്ങല്‍ ഇന്ത്യയില്‍  അഴിമതി ഭരിതം എന്ന് കണ്ടെത്തിയത് ഇന്നും ഇന്നലെയും ഒന്നുമല്ല എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

അപ്പോള്‍ സര്‍ക്കാര്‍ ഭരണത്തില്‍ ഉള്ള ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് എന്ന കമ്പനിക്ക്  ഇതുവരെ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ കഴിയാത്തതിന് ആ കമ്പനിയിലെ ജോലിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടെന്നു തോന്നുന്നില്ല.

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ കഴിഞ്ഞ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ കാലത്ത് ഫ്രാന്‍‌സിലെ വന്‍കിട  കമ്പനിയായ ദാസ്സൌല്‍റ്റ് ആവിയഷന്‍  നിര്‍മിക്കുന്ന റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനം എടുക്കുന്നു. രണ്ടായിരത്തി പന്ത്രണ്ട് ജനുവരി മാസം ആയിരുന്നു ഈ തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്റെ ഈ കരാര്‍ അനുസരിച്ച് ഇന്ത്യന്‍ വ്യോമ സേനക്ക് 126 റാഫേല്‍ വിമാനങ്ങള്‍ ദാസ്സൌല്റ്റ് കമ്പനിയില്‍ നിന്നും വാങ്ങാനാണു തീരുമാനം എടുത്തത്. ഇതില്‍ 18 വിമാനങ്ങള്‍ തല്ക്കാല ആവശ്യം നിറവേറ്റാന്‍ ഫ്രാന്‍‌സില്‍ നിന്നും നിര്‍മിച്ചു നല്‍കുകയും ബാക്കി 108 വിമാനങ്ങള്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ഏറോനോടിക്സിന്റെ പങ്കാളിത്തത്തില്‍ നിര്‍മിക്കുകയും ചെയ്യാം എന്നായിരുന്നു ധാരണ.
ഈ കരാര്‍ പ്രകാരം ഒരു വിമാനത്തിനു എത്ര ചെലവ് വരും എന്ന കാര്യത്തില്‍ പല തരം കണക്കുകള്‍ ഉണ്ടെന്നുള്ളത് കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ പലര്‍ക്കും ധാരാളം അവസരങ്ങള്‍ നല്‍കുന്നു. കാരണം വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് പല വര്‍ഷങ്ങളായി ആണ്. അപ്പോള്‍ ഒരു വിമാനത്തിനു എന്ത് ചെലവ് വരും എന്നത് കൃത്യമായി കണക്കു കൂട്ടാന്‍ പറ്റില്ല എന്നത് തന്നെ. ഇതില്‍ തന്നെ ദാസ്സൌല്ടിനു എത്ര കൊടുക്കണം, ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് എത്ര എടുക്കും എന്നൊക്കെ യുള്ള കാര്യങ്ങള്‍ എളുപ്പത്തില്‍ സാധാരണ ജനത്തെ പറഞ്ഞു മനസ്സിലാക്കുക പ്രയാസം തന്നെ.

ഈ ധാരണ ഒക്കെ സര്‍ക്കാര്‍ തലത്തില്‍ ആയെങ്കിലും അത് കേന്ദ്ര സര്‍ക്കാര്‍ അന്തിമമായി ഒപ്പ് വച്ചില്ല. അന്ന് കേരളത്തില്‍ നിന്നുമുള്ള ശ്രീ എ.കെ. ആന്റണി ആയിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി. ഈ അന്തിമ തീരുമാനം നീണ്ടുപോയത്തിനു പല കാരണങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു.

എന്നാല്‍ പ്രധാന കാരണം ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് കമ്പനി ഇന്ത്യയില്‍ വച്ച് നിര്‍മിച്ചു നല്കാന്‍ നിശ്ചയിച്ച 108 വിമാനങ്ങളുടെ ഗുണ മേന്മയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ദാസ്സൌല്‍റ്റ് കമ്പനി വിസമ്മതിച്ചത് ആയിരുന്നു എന്ന് പറയപ്പെടുന്നു.

ഇക്കാര്യത്തില്‍ ഇന്ത്യ ഗവണ്മെന്റ് ഉദ്യോഗസ്ഥരും ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് ഉദ്യോഗസ്ഥരും ദാസ്സൌല്‍റ്റ് കമ്പനിക്കാരും ഒക്കെ എന്തൊക്കെ എഴുത്തുകുത്തുകള്‍ നടത്തി എന്ന് നമുക്ക് സാധാരണ ജനങ്ങള്‍ക്ക് അറിയില്ല. ചുരുക്കത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന റാഫേല്‍ വിമാനങ്ങളുടെ ഗുണ മേന്മ ഒരു ചോദ്യ ചിഹ്നം ആയി എന്ന് കരുതണം.

അതായത് ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ ദാസ്സൌല്‍റ്റ് കമ്പനിക്ക്  പൂര്‍ണ തൃപ്തി ആയിരുന്നില്ല എന്ന് പറയാം.

ഒന്നാലോചിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. കാരണം ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് ദാസ്സൌല്‍റ്റ് പോലെത്തന്നെ വിമാന നിര്‍മാണ കമ്പനി ആയി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒന്ന്‍  ആണെങ്കില്‍ പോലും ഈ കമ്പനി ഇപ്പോഴും വിമാന നിര്‍മിതി എന്ന സാങ്കേതിക വിദ്യ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല എന്ന വസ്തുത തന്നെ. അതിന്റെ കാരണങ്ങള്‍ എന്ത് തന്നെ ആയാലും അതൊരു പോരായ്മ തന്നെ എന്ന് പറയണം.

ഏതായാലും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കാലത്ത് ഈ കരാര്‍ അന്തിമമായി ഒപ്പ് വയ്ക്കപ്പെട്ടില്ല.

പിന്നെ വന്നത് നരേന്ദ്ര മോദിയുടെ ബി ജെ പി സര്‍ക്കാര്‍.

വിമാന വാങ്ങല്‍ ഈ സര്‍ക്കാര്‍ പിന്നെ ഏറ്റെടുത്തു അവരുടെതായ രീതിയില്‍ ദാസ്സൌല്‍റ്റ് കമ്പനിയും ഫ്രാന്‍സ്‌ സര്‍ക്കാരും ഒക്കെയായി പലതരത്തില്‍ കൂടിയാലോചനകള്‍ പിന്നീട് നടന്നു. ഒരു പക്ഷെ ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് എന്ന സര്‍ക്കാര്‍ കമ്പനിയില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ ദാസ്സൌല്‍റ്റ് പറഞ്ഞിരിക്കാം.

ഇന്ത്യയില്‍ തന്നെ കൂടുതലും വിമാനങ്ങള്‍ നിര്‍മിച്ചാല്‍ ഇന്ത്യയില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ വരും എന്നത് കണ്ണടച്ച് കളയാന്‍ പറ്റില്ല. ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് എന്ന സര്‍ക്കാര്‍ കമ്പനിയുടെ ഉള്ളിലെ പ്രവര്‍ത്തന പ്രശ്നങ്ങള്‍ അങ്ങനെ പെട്ടെന്ന് പരിഹരിക്കാന്‍ പറ്റുന്ന ഒന്നല്ല. കാരണം അതൊരു സര്‍ക്കാര്‍ സംരംഭം ആണ്. അവരുടെ പ്രവര്‍ത്തന രീതികള്‍ പലതരത്തില്‍ സര്‍ക്കാര്‍ വക ചിട്ടകളാല്‍ നിയന്ത്രിക്കപ്പെട്ട കാര്യങ്ങള്‍ ആണ്. അവര്‍ക്ക് ഒരു കാര്യത്തിലും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല. അതിനാല്‍ അവരുടെ ഓരോ ഘട്ടത്തിലുമുള്ള തീരുമാനങ്ങള്‍ വൈകി പോയെന്നിരിക്കും. അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍‌സില്‍ നിര്‍മിക്കുന്ന വിമാനങ്ങള്‍ക്ക് തുല്യം അല്ലാതെ വന്നെന്നിരിക്കും.

പിന്നെങ്ങനെ ഇന്ത്യയില്‍ ഈ വിമാനങ്ങള്‍ ഗുണ മേന്മ നില നിര്‍ത്തി തന്നെ നിര്‍മിക്കും?

ദാസ്സൌല്‍റ്റ് പറയുന്ന രീതിയില്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ഒക്കെ ചെയ്യുന്ന ഒരു കമ്പനി ഇന്ത്യയില്‍ ഉണ്ടെങ്കിലെ അത് സാധ്യമാകൂ. ഇന്നത്തെ രീതിയില്‍ അങ്ങനെ ചെയ്യാന്‍ ഒരു സ്വകാര്യ കമ്പനിക്കു മാത്രമേ സാധിക്കൂ. അങ്ങനെയുള്ള ഒരു സ്വകാര്യ കമ്പനിക്കു മുന്‍കാല പ്രവര്‍ത്തന പരിചയം ആവശ്യമില്ല. വേണ്ടത് അത് നിറവേറ്റാന്‍ പറ്റിയ സാങ്കേതിക വിദഗ്ദ്ധരെയും മാനേജ്‌മന്റ്‌ ആള്‍ക്കാരെയും ഉള്‍പ്പെടുത്തി ഒരു സംരംഭം തുടങ്ങുക എന്നത് മാത്രം.

അപ്പോള്‍ അതിനു തയ്യാറുള്ള ഇന്ത്യന്‍ ബിസിനസ് ഗ്രൂപുകളെ കണ്ടെത്തി അവരെ ഈ കാര്യം ഏല്‍പ്പിക്കണം. ഇത് ഇന്ത്യ ഗവണ്മെന്റ് ചെയ്യാന്‍ പോയാല്‍ പല വിധ സര്‍ക്കാര്‍ കാര്യം എന്നതു പോലെ കാല താമസം ഉറപ്പ്.

എന്നാല്‍ അതും ദാസ്സൌല്‍റ്റ് കമ്പനി തന്നെ അങ്ങ് ചെയ്താലോ? അത് എളുപ്പം ആയെന്നു വരും.

ഇങ്ങനെ ഒന്നാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെയ്തത്.

ദാസ്സൌല്‍റ്റ് കമ്പനിക്ക് ഇക്കാര്യത്തില്‍ താത്പര്യമുള്ള ചില  ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പ്‌കളെ കേന്ദ്ര സര്‍ക്കാരില്‍ ഉള്ള ആളുകള്‍ ഒരു പക്ഷെ പരിചയപ്പെടുത്തി എന്ന് വരാം. അത് അങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല എന്ന ആദര്‍ശം മുറുകെ പിടിച്ചിരുന്നാല്‍ ബിസിനസ് നടക്കില്ല.

അങ്ങനെ പെട്ടെന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ ധാരണകല്‍ തിരുത്തി കരാര്‍ ഒപ്പ് വച്ച്. പുതിയ കരാറില്‍ അനില്‍ അംബാനിയുടെ നേതൃത്വത്തില്‍ രൂപപ്പ്ടുത്തിയതും ദാസ്സൌല്‍റ്റ് കമ്പനിയുടെ കൂടി പങ്കാളിത്തം ഉള്ള ഒരു കമ്പനി ഇന്ത്യയില്‍ റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഒരുക്കപ്പെട്ടു.

ഒരു പക്ഷെ ഈ കമ്പനിക്കു വേണ്ട സാങ്കേതിക വിദഗ്ദ്ധര്‍ പലരും ഹിന്ദുസ്ഥാന്‍ ഏറോനോടിക്സില്‍ നിന്നും വന്നെന്നും വരാം. പക്ഷെ അവരുടെ പ്രവര്‍ത്തനം പുതിയ ശൈലിയില്‍ ആയിരിക്കും അല്ലെങ്കില്‍ ആയിരിക്കണം.

ഈ പുതിയ കരാര്‍ പ്രകാരം വിമാനത്തിനു വിലയെത്ര എന്ന് ചുമ്മാതെ ഒന്നും അറിയാതെ ചോദിക്കുന്നതും പറയുന്നതിലും ഒരു അര്‍ഥവും ഇല്ല.

എന്നാല്‍ ഈ കരാര്‍ ഇങ്ങനെ പുതുക്കിയപ്പോള്‍ അഴിമതി നടന്നോ എന്നും അതില്‍ ആര്‍ക്കെങ്കിലും വ്യക്തിപരമായ വലിയ സാമ്പത്തിക ലാഭം ഉണ്ടായോ എന്നും നോക്കേണ്ട ജോലി ചെയ്യാന്‍ ഇന്ത്യയില്‍ പല സര്‍ക്കാര്‍ സംവിധാനങ്ങളും ഉണ്ട്.

ഇന്ത്യയില്‍ ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കൊണ്ട് വന്നത് കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ കാലത്താണ്. സ്വകാര്യ കമ്പനികള്‍ ഇന്ന് വലിയ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഒരു പക്ഷെ പൊതു മേഖലയെ ക്കാള്‍ വലിയ കാര്യങ്ങള്‍. ഇന്ന് സ്വകാര്യ മേഖലക്ക് ചെയ്യാന്‍ സാധിക്കും. സ്വകാര്യ മേഖലയും രാജ്യത്തിന്റെ ഉന്നമനത്തിനും തൊഴിലില്ലായ്മ പരിഹാരത്തിനും ഒക്കെ വലിയ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. അവയെ നിയന്ത്രിക്കാന്‍ പല വിധ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണ്ട്.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയിരിക്കെ ഈ റാഫേല്‍ വിമാനനിര്‍മാണ കരാര്‍ ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പു വിഷയം ആക്കുന്നത് ഒരു നല്ല കാര്യം അല്ല എന്നാണ് എനിക്ക് തോന്നുന്നത്.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അനേകം കാര്യങ്ങള്‍ ഇന്ത്യയില്‍ ഇന്നുണ്ട്‌. അതാകട്ടെ ഈ തെരഞ്ഞെടുപ്പില്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്.

അപ്പോള്‍ റാഫേല്‍ കരാര്‍ നമുക്ക് തെറ്റിയോ?

ആലോചിച്ചു നോക്കുക.

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.