Powered By Blogger

Monday, March 25, 2019

തുളസി വിത്തുകള്‍ ഇട്ട ദാഹശമിനിയുടെ ഗുണങ്ങള്‍

This article in Malayalam language talks about the uses and properties of Basil seeds.
നമ്മുടെ നാട്ടില്‍ ഒരു ദിവ്യ ഔഷധ സസ്യം ആയി പരിഗണന കിട്ടുന്ന ഒന്നാണ് തുളസി ചെടി. ഒരു തുളസി തറ ഇല്ലാത്ത വീട് ഹിന്ദുക്കളുടെ ഇടയില്‍ കാണില്ല. തുളസി ചെടിയെ പൂജിക്കുവാന്‍ തക്ക ദിവ്യത്വം അതിനുണ്ട് എന്ന് ആ വിശ്വാസത്തില്‍ ഉള്ളവര്‍ കരുതുന്നു.

ആയുര്‍വേദത്തിലും പരമ്പരാഗത നാട്ടു വൈദ്യത്തിലും തുളസി ഒരു പ്രധാന ഔഷധ ചെടിയാണ്. വിഷ ചികിത്സയില്‍ അതിനു വളരെ പ്രാധാന്യം നല്‍കപ്പെടുന്നു.

തുളസി ചെടി പല തരം ഉണ്ടെങ്കിലും നീല വര്‍ണത്തില്‍ ഇളം തണ്ടുകളും തളിര്‍ ഇലകളും ഉള്ള കൃഷ്ണ തുളസിക്കാണ് പ്രാധാന്യം കൂടുതല്‍. അതിന്റെ ഇല ഞെരുടി മണത്താല്‍ ചുമയും പനിയും ഒക്കെ പമ്പ കടക്കും എന്ന് വിശ്വസിക്കപ്പെടുന്നു. തുളസിയിലയും ചുക്കും കുരുമുളകും ചേര്‍ത്തു വെള്ളം തിളപ്പിച്ച്‌ കുടിച്ചാല്‍ സാധാരണ പനിയൊക്കെ വിട്ടുമാറും എന്ന് അനുഭവസ്ഥര്‍ പറയുന്നു.

കേരളത്തില്‍ മിക്കവാറും എല്ലായിടത്തും തുളസി ചെടി വളരുന്നു. പലയിടത്തും പ്രത്യേകം ശ്രദ്ധ ഒന്നുമില്ലാതെ വളരുന്ന ഒരു കാട്ടു ചെടി പോലെ ആണ് ഇത് കേരളത്തില്‍. ഒരു കാര്‍ഷിക വില എന്ന നിലയില്‍ കേരളത്തില്‍ ഇത് കൃഷി ചെയ്യുന്നതായി കണ്ടിട്ടില്ല.

എന്റെ ചെറുപ്പത്തില്‍ ചില ഉത്സവ സ്ഥലങ്ങളില്‍ സര്‍ബത്ത് വില്പനക്കാര്‍ സര്‍ബത്തില്‍ പൊടിക്കൈകള്‍ പ്രയോഗിക്കുന്നത് കണ്ടതായി ഓര്‍ക്കുന്നു. അങ്ങനെ വില്പന നടത്തുന്ന സര്‍ബത്തില്‍ വഴുവഴുപ്പുള്ള ചില വസ്തുക്കള്‍ ഇട്ടു അന്നൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ അത് എന്തെന്ന് ഒരിക്കലും ആലോചിച്ചിട്ടില്ല.

ഈയിടെ നല്ല ചൂട് ഉള്ള ഒരു ദിവസം കാറില്‍ തിരുവനന്തപുരത്തേക്ക് യാത്ര പോകുന്ന സമയം ഒരു വഴിയോര വില്പനക്കാരന്‍ കുലുക്കി സര്‍ബത്ത് എന്ന് എഴുതി വച്ചത് കണ്ടു വണ്ടി നിര്‍ത്തി. നല്ല ദാഹം ഉണ്ടായിരുന്നു എന്നതു കൊണ്ട് കുലുക്കി സര്‍ബത്ത് എന്താണെങ്കിലും പരീക്ഷിക്കാം എന്ന് തീരുമാനിച്ചു.

ആ വഴിയോര സര്‍ബത്ത് കടയില്‍ അപ്പോള്‍ വേറെ ആരും ഇല്ലായിരുന്നതിനാല്‍ സര്‍ബത്ത് ഉണ്ടാക്കുന്ന രീതികളും അതിലെ കൂട്ടുകളും അതിന്റെ ഗുണങ്ങളും ഒക്കെ അയാള്‍ വവരിച്ചു തന്നത് കേള്‍ക്കാന്‍ അവസരം കിട്ടി.

അയാള്‍ ഉണ്ടാക്കിയെടുത്ത സര്‍ബത്തിലും ആ വഴുവഴുത്ത സാധനം ഇട്ടിട്ടുണ്ടായിരുന്നു. അതിന്റെ ഗുണഗണങ്ങളെ അയാള്‍ വര്‍ണിച്ചു എങ്കിലും അതെന്താണെന്നു പറയാന്‍ അയാള്‍ക്ക് ആയില്ല. ചില കടകളില്‍ വാങ്ങാന്‍ കിട്ടും  എന്ന് അറിയാന്‍ കഴിഞ്ഞു. അതിന്റെ പേര് അയാള്‍ പറഞ്ഞെങ്കിലും മറന്നു പോയി.

ഈ വഴുവഴുത്ത സര്‍ബത്തില്‍ ഇടുന്ന വസ്തു എന്താണെന്നു അറിയാന്‍ പിന്നീട് ഒരു താത്പര്യം ഉണ്ടായി. അറിവില്ലാത്ത ഏതും എന്തും അറിയാന്‍ ഗൂഗിള്‍ ഉണ്ടായത് ഭാഗ്യം. പല തരത്തില്‍ ഗൂഗിള്‍ വഴി അന്വേഷണം നടത്തി ഈ വസ്തു എന്തെന്ന് കണ്ടു പിടിച്ചു.

അതിനു ഇംഗ്ലീഷില്‍ ബാസില്‍ സീഡ് എന്ന് പറയും എന്ന് മനസ്സിലായി. ഈ വസ്തുവിനു പല ഗുണങ്ങള്‍ ഉണ്ടെന്നും മനസ്സില്‍ ആക്കാന്‍ സാധിച്ചു. ഏതും എന്തും വീട്ടില്‍ എത്തിക്കുന്ന ആമസോണ്‍ ഉണ്ടായത് കൊണ്ട് അധികം താമസിയാതെ ഈ വസ്തു വീട്ടിലും എത്തി.


ഇതൊരു ചെടിയുടെ വിത്തുകള്‍ ആണെന്ന് അപ്പോള്‍ പിടികിട്ടി. എന്നാല്‍ ഈ ചെടി എന്ത് എന്ന് മനസ്സിലാക്കാന്‍ പിന്നെയും അല്പം ഗൂഗിള്‍ പ്രയോഗം നടത്തേണ്ടി വന്നു. കാര്യം പിടി കിട്ടിയപ്പോള്‍ അത്ഭുതം കൊണ്ട് കണ്ണ് തള്ളി.

കാര്യം എന്താണെന്നല്ലേ? ഈ ബാസില്‍ സീഡ് എന്ന ചെറിയ കടുക് മണി പോലെയുള്ള കുരുക്കള്‍ വാസ്തവത്തില്‍ നമ്മുടെ തുളസിയുടെ വിത്തുകള്‍ ആണെന്ന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നത് വെറും സത്യം മാത്രം.

ഈ കറുത്ത കടുക് മണി പോലത്ത വിത്തുകള്‍ ഒരു ടീ സ്പൂണ്‍ എടുത്തു അര ഗ്ലാസ് വെള്ളത്തില്‍ പത്തിരുപതു മിനിറ്റ് ഇട്ടു വച്ചിരുന്നാല്‍ ഇവയുടെ ഷേപ്പ് പാടെ മാറും. ആ വിത്തുകള്‍ വഴുവഴുത്ത വെളുത്ത ജെല്ലി പോലെ ആയിത്തീരും. അതില്‍ ഏതെങ്കിലും പഴച്ചാറും  പഞ്ചസാര സിറപ്പും അല്‍പ്പം ഉപ്പും സോഡയും ഐസും വെള്ളവും ഒക്കെ ചേര്‍ത്ത് കുലുക്കി എടുത്താല്‍ നല്ല ഒന്നാം തരം കുലുക്കി സര്‍ബത്ത് എന്ന ദാഹ ശമിനി തയാര്‍.

എന്നാല്‍ ഈ തുളസി വിത്തുകള്‍ കുതിര്‍ത്തു സര്‍ബത്തില്‍ ഇടുന്നത് കൊണ്ട് എന്ത് പ്രയോജനം?

പ്രയോജനങ്ങള്‍ പലതാണ് എന്ന് അനുഭവ ജ്ഞാനം ഉള്ളവര്‍ പറയുന്നു.

ഒരു സ്പൂണ്‍ കുതിര്‍ത്ത തുളസി വിത്തുകള്‍ സര്‍ബത്തില്‍ ഇട്ടു ദിവസവും കുടിക്കുന്നത് പല വിധത്തില്‍ പ്രയോജനപ്പെടും. പ്രമേഹം, രക്ത സമ്മര്‍ദം എന്നിങ്ങനെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ സര്‍ബത്തില്‍ പഞ്ചസാരയും ഉപ്പും ഇടാതെയോ വളരെ കുറച്ചോ മാത്രം ഇട്ടോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഇനി തുളസി വിത്തുകളുടെ പ്രയോജനം എന്തെന്ന് നോക്കാം.

ഇത് പതിവായി ഉപയോഗിക്കുന്നത് മൂലം തടി കുറയ്ക്കാം. പ്രമേഹത്തിന് കുറവ് വരാന്‍ സഹായിക്കും.

തുളസി വിത്തുകള്‍ ശരീരത്തിന്റെ പ്രതിരോധം വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ പനി, ചുമ എന്നിങ്ങനെയുള്ള രോഗങ്ങളില്‍ പ്രയോജനം ചെയ്യും.

മലബന്ധവും ഗ്യാസ് ട്രബിളും ഉള്ളവര്‍ക്ക് അതിന്റെ പ്രയാസങ്ങള്‍ കുറക്കാന്‍ ഇത് സഹായകരം ആകും എന്ന് പറയപ്പെടുന്നു.

ശരീരത്തിന്റെ ചൂട് കുറയ്ക്കാനും അസിഡിട്ടി കുറയ്ക്കാനും സഹായിക്കും.

അങ്ങനെ പല വിധ പ്രയോജനങ്ങള്‍.

കൂടുതല്‍ കാര്യങ്ങള്‍ മനസ്സില്‍ ആയാല്‍ ഇതില്‍ കൂടെ മറ്റുള്ളവരെ കൂടി അറിയിക്കുക.


No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.