Monday, June 1, 2015

ഒരു കോഴയും ഇല്ലാത്ത ഒരു കോഴ പുരാണം!

[ A satirical blog article in Malayalam Language about the benefits of corruption in Indian society!]

ഇന്ന് രാവിലെ ഒരു ചായ കുടി സദസ്സിലെ വാഗ്വിലാസങ്ങള്‍ കേള്‍ക്കാന്‍ ഇടയായി. ഉത്തര ഭാരതത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ മദ്ധ്യ വയസ്കരായ മദ്ധ്യവര്‍ത്തി ഉദ്യോഗസ്ഥര്‍ അധികാരത്തിനായി കുറുക്കു വഴികള്‍ തേടിനടക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ രാഷ്ട്രീയ നേതാക്കളെ കുറിച്ച് രൂപപ്പെടുത്തിയെടുത്ത അഭിപ്രായങ്ങളില്‍ ചിലതൊക്കെ അപ്പോള്‍ വെളിയില്‍ വന്നു തുടങ്ങി.

കുടിക്കുന്നത് ചായ ആയതുകൊണ്ടും പരിസരം ഓഫീസ് ആയതിനാലും സംഭാഷണങ്ങള്‍ അതിരു കടന്നതായിരുന്നില്ല.

പത്തുപതിനഞ്ചു മിനിറ്റ് നേരത്തെ അവരുടെ ഇളം ചൂട് ചര്‍ച്ച അവസാനിച്ചപ്പോള്‍ അതില്‍ ഒരു ഇളം തലമുറ ദേഹം ഒരു പരമ സത്യം അവതരിപ്പിച്ചു. ഹിന്ദിയില്‍ പറഞ്ഞ ആ വാചകങ്ങള്‍ മലയാളത്തില്‍ ആയാല്‍ ആ പറഞ്ഞത് ഇങ്ങനെ: 

"കാശുണ്ടാക്കാനല്ലേ പിന്നെ ഇവന്മാര്‍ വല്ലോം കാശും കളഞ്ഞു ഈ പണിക്കിറങ്ങുമോ? സ്വന്തം കീശ വീര്‍പ്പിക്കാനോ സ്വന്തം കാര്യ സാദ്ധ്യത്തിനോ അല്ലാതെ  നാടിനേം നാട്ടാരേം  നന്നാക്കാന്‍ മാത്രം ആരും ഇപ്പോള്‍ രാഷ്ട്രീയക്കളി നടത്തുന്നില്ല. ഇച്ചിരെ നാക്കും ഇമ്മിണി തൊലിക്കട്ടീം ഉള്ള ആര്‍ക്കും പറ്റിയ ബെസ്റ്റ്‌ തൊഴില്‍ ഇത് തന്നെ. നമുക്കൊക്കെ ഇതിച്ചിരെ കുറവായത് കൊണ്ട് ആ പണിക്ക് പോയില്ല  എന്നതല്ലേ വാസ്തവം? ബിസിനസ്സ് കാര്‍ക്ക് കാശുണ്ടാക്കാന്‍ ഉള്ള സൗകര്യം ചെയ്തു കൊടുത്തിട്ട് അതിന്റെ നല്ല പങ്കു വീതം ചോദിച്ചു വാങ്ങിയാല്‍ അതിലെന്താ തെറ്റ്?" 

ഇന്ത്യയിലെ വിവരദോഷികളും പട്ടിണി പാവങ്ങളും അല്ലാത്ത മനുഷ്യരൊക്കെ ഏതാണ്ട് ഇതുപോലെയൊക്കെ കാര്യങ്ങളെ അപഗ്രഥിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ആരിനി രാഷ്ട്രീയത്തില്‍ വന്നാലും എപ്പോഴും ഒരു കച്ചവട കണ്ണ് അതില്‍ ഇല്ലാതെ ഇരിക്കാന്‍ വഴിയൊന്നുമില്ലെന്നും അവര്‍ക്ക് മനസ്സിലായിരിക്കുന്നു.

"ദീപ സ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം!" അത് പറഞ്ഞത് പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ഭരണചക്രം തിരിക്കുന്നവരും തിരിക്കുന്നവരുടെ കൂടെ നടക്കുന്നവര്‍ക്കും പണവും പിണവും അങ്ങനെ പലതും വേണം! കുഞ്ചന്‍ നമ്പ്യാരെ പോലെ അത് പറയേണ്ടിടത്ത് പറയാന്‍ അവര്‍ക്ക് കോഴ ഒന്നും തന്നെ ഇല്ല. സാദാ പൊതു ജനത്തെ ഇതൊക്കെ ഒളിക്കാന്‍ നോക്കുമ്പോള്‍ പോലും!

കടല്‍ വെള്ളം വെയിലത്തുണക്കി കിലോയ്ക്ക് പത്തു പൈസക്ക് വിറ്റാല്‍ ആര്‍ക്കെന്തു ഗുണം? അത് പത്തോ പന്ത്രണ്ടോ രൂപയ്ക്ക് വില്‍ക്കാന്‍ നിയമം ഉണ്ടാക്കി കൊടുത്താല്‍ കിട്ടുന്ന ലാഭത്തിന്റെ പകുതിയെങ്കിലും ആ ലാഭം ഉണ്ടാക്കാന്‍ സഹായിച്ച നിയമ ഉപജ്ഞാതാവിനും പാലകര്‍ക്കും കൊടുക്കുന്നതില്‍ എന്താ തെറ്റ്? ഒരു തെറ്റുമില്ല. അതാണ്‌ ശരി! ഉപ്പെന്ന പ്രകൃതി വിഭവം അങ്ങനെ ചക്കാത്തിനു കൂട്ടാമെന്ന് പണ്ടത്തെ ആ ഗാന്ധി മാത്രമേ പറയൂ. അദ്ദേഹോം അങ്ങനെ പറഞ്ഞത് അന്നത്തെ ഒരു കാര്യം സാധിക്കാന്‍ സാദാ ജനത്തെ ഒന്ന് ഇളക്കി വിടാന്‍ വേണ്ടി അല്ലായിരുന്നു  എന്ന് പറയാന്‍ പറ്റുമോ? 

ഉപ്പ് പോലെയോ അതില്‍ കൂടുതലായോ പല സാദാ ജനങ്ങള്‍ക്കും ഇടയ്ക്കിടെ ദേഹാസ്വാസ്ഥ്യം മാറ്റാന്‍ പണ്ട് സായിപ്പ് കാണിച്ചു കൊടുത്ത ഒരു രഹസ്യമാണ് ഇപ്പോള്‍ വിദേശ മദ്യം എന്നറിയപ്പെടുന്ന ഇന്ത്യന്‍ നിര്‍മിത കളര്‍ ചാരായം. നിര്‍മാണ ചെലവ് കാല്‍ ഗ്ലാസിനു വെറും അഞ്ചു രൂപ. ഉപ്പ് പോലെ അതങ്ങനെ അഞ്ചു രൂപയ്ക്ക് സാദാ ജനത്തിനു കൊടുത്താല്‍ ആര്‍ക്കെന്തു ഗുണം? അത് കൊണ്ട് അമ്പതു രൂപയ്ക്ക് വില്‍ക്കാനുള്ള വില്‍ക്കാനുള്ള നിയമങ്ങളൊക്കെ ഉണ്ടാക്കി കൊടുത്ത് ഫിഫ്ടി ഫിഫ്ടി കാലാ കാലങ്ങളായി കൈപറ്റി കൊണ്ടിരുന്നപ്പോള്‍ അത് കിട്ടാതെ പോയ ചിലര്‍ക്ക് കണ്ണുകടി. ആ കണ്ണ് കടി അങ്ങ് കേരളത്തില്‍ കടി പിടി ആയപ്പോള്‍ മാറി മറിയുന്ന കോഴപ്പണ കണക്കുകള്‍ വെളിയില്‍ വന്നു എന്ന് മാത്രം. അത് കേട്ട് സാദാ ജനം അല്‍പ സ്വല്പം ഞെട്ടിയെങ്കിലും ഇപ്പോള്‍ ആ ഞെട്ടല്‍ മാറിയിരിക്കുന്നു. ജനം വാങ്ങിയവരുടെയും കൊടുത്തവരുടെയും കൂടെ ഉറച്ചു നില്‍ക്കുന്നു എന്ന്  കണ്ടപ്പോള്‍ കോഴ ഒരു കോഴയും ഇല്ലാത്തതായി എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ? 

ഒരു പൈസ പോലും ചെലവില്ലാത്ത തലവേദന ഗുളിക രണ്ടു പൈസക്ക് കമ്പനികള്‍ വിറ്റു കൊണ്ടിരുന്നപ്പോള്‍ ജനത്തിനു ഏതാണ്ട് ഒരു ഇതില്ലായിരുന്നു. അത് മനസ്സിലാക്കിയ ജന പ്രതിനിധികള്‍ വിലയില്ലാത്ത ഗുളികകള്‍ വിലയുള്ളതാക്കി കൊടുത്തപ്പോള്‍ നേട്ടം നേടിയ ഇന്ത്യന്‍ മരുന്ന് കമ്പനികളെ ലോകം ശ്രദ്ധിക്കാന്‍ മാത്രമല്ല ആദരിക്കാനും തുടങ്ങി. ആ നേട്ടത്തിന്റെ ചില്ലറ അല്ലാത്ത പങ്കു ഒരു കോഴയും കൂടാതെ പറ്റിയാല്‍ അതിലെന്നാ ഇത്ര കുഴപ്പം? 

അങ്ങ് കൊച്ചു കേരളത്തില്‍ ഒരു വിവരദോഷി ബിസിനസ്സ് കാരന്‍ കൊടുക്കെണ്ടടത്തൊക്കെ കൊടുക്കാതെ ചുളുവില്‍ ഒരു വിമാനത്താവളം പണിയാന്‍ പോയപ്പോള്‍ എന്ത് പറ്റി എന്ന് കണ്ടറിഞ്ഞ ജനത്തിനു ഇപ്പോള്‍ വളരെ ആശ്വാസം തോന്നിയിരിക്കുന്നു. വീതം കിട്ടാന്‍ അവകാശ മുള്ള ആരെയും അങ്ങനെ അവഗണിക്കരുത്  എന്ന് ഏതു കോത്താഴത്തുകാരനാണ് അറിയാന്‍ മേലാത്തത്? ഇത് അമേരിക്കയല്ല കൂവേ, ഇന്ത്യാ  മഹാരാജ്യം എന്ന ഗണതന്ത്ര രാജ്യമാണ്. 

കോഴ ആരുടേയും കുത്തകയല്ല എന്ന് സാരം! രാഷ്ട്രീയക്കാര്‍ മാത്രമല്ല ഇന്ത്യയില്‍ മനുഷ്യരായിട്ടുള്ളത്. ഉദ്യോഗസ്ഥരും പത്രക്കാരും എഴുത്തുകാരും സമാജ സേവകരും എന്ന് വേണ്ട എല്ലാവരും മനുഷ്യര്‍ തന്നെ. പണം ആര്‍ക്കും പുളിക്കത്തില്ല. കിട്ടാത്തവര്‍ക്ക് കിട്ടാത്തപ്പോള്‍ ചിലപ്പോള്‍ പുളിച്ചേക്കാം, അത്രമാത്രം! ദാ, അവന്‍ കോഴ വാങ്ങി തിന്നുന്നു എന്നു വിളിച്ചു കൂവിയാല്‍ അതിന്റെ അര്‍ഥം അവന്‍ തിന്നുന്നു എന്ന് മാത്രം കരുതിയാല്‍ ശരിയല്ല. എനിക്ക് കിട്ടിയില്ലേ എന്ന് കൂടി ആ കൂവലില്‍ അടങ്ങിയിരിക്കുന്നു. കൂവുന്നവര്‍ക്കെല്ലാം കിട്ടാല്‍ സാധ്യത എന്ന സ്ഥിതി ആയപ്പോള്‍ കൂവുന്നവരുടെ എണ്ണം പണ്ടത്തേതിലും കൂടികൊണ്ടിരിക്കുന്നു എന്നു മാത്രം. 

കോണ്ട്രാക്ടര്‍ എന്ന ഒരു കൂട്ടം മനുഷ്യരുണ്ട്. പണി മൊത്തത്തില്‍ എടുത്തു ചെയ്തു കൊടുക്കുന്നവര്‍. എത്ര വിഷമം പിടിച്ച പണിയും ഇക്കൂട്ടര്‍ ഏറ്റെടുക്കാന്‍ തയ്യാര്‍. ഒത്തിരി ഓടി നടക്കണം പണി പറ്റിച്ചു എടുക്കാന്‍. പക്ഷേ, ഉറക്കം കളഞ്ഞു ഓടിയാല്‍ മാത്രം പോര, പണി കൊടുക്കുന്നവരെ കാണേണ്ട പോലെ കാണാനും അറിയണം. അങ്ങനെ ആയാല്‍ പണി കൊടുക്കുന്ന മനുഷ്യര്‍ ദൈവങ്ങളെ പോലെ പ്രസാദിക്കും. അങ്ങനെ പ്രസാദിച്ചാല്‍ പണി കിട്ടുമെന്ന് മാത്രമല്ല, ഒരുകോടി യുടെ പണി പത്തു കോടിക്ക് കിട്ടാം. ഒമ്പത് കോടി ലാഭം. അതില്‍ എട്ടുകോടി വീതിച്ചു കൊടുത്താല്‍ എല്ലാവരും ഹാപ്പി. അങ്ങനെ ആയാല്‍ പണം നാട്ടില്‍ ഒഴുകും. അത് തെറ്റാണോ? 

ഇന്ത്യയില്‍ പണം അങ്ങനെ ഒഴുകുന്നു. പണ്ട് ചിലടത്തു പാലും തേനും ഒക്കെ ഒഴുകിയിരുന്നത്‌ പോലെ. അങ്ങനെ പണം വന്നു അനുഗ്രഹീതര്‍ ആകുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നു. വീടും കൂടും ഇല്ലെങ്കില്‍ പോലും പണത്തിന്റെ വീതം എല്ലാവര്ക്കും കിട്ടുന്നു. പട്ടിണി അങ്ങ് പാട്ടുരായിക്കല്‍ മാത്രം. അതായത് പണമുള്ളവര്‍ പോകാന്‍ മടിക്കുന്ന ഓണം കേറാ മൂലകളില്‍ മാത്രം. ആ വിവര ദോഷികള്‍ അവിടെ കിടക്കുന്നത് കൊണ്ടാണ് ഇന്ത്യയെ സായിപ്പന്മാര്‍ ബഹുമാനിക്കാത്തത്. അല്ലായിരുന്നെങ്കില്‍ ഇന്ത്യ എന്നേ ഈ സായിപ്പന്മാരെ ഒക്കെ ഒരു പാഠം പഠിപ്പിച്ചേനെ!

കോഴയെ  അഴിമതിയെന്നും പറയും. കോഴ അഴിയെണ്ണാന്‍ മതിയായ ഒന്നായത് മൂലമാണോ എന്നറിയില്ല. എന്നാല്‍ അതൊക്കെ പണ്ടത്തെ ഒന്നും രണ്ടും കോഴ വാങ്ങിയിരുന്ന കാലത്തെ കഥ. ഇന്നിപ്പോള്‍ കോടിക്കോടികളുടെ കോഴ ആയപ്പോള്‍ അഴിയൊന്നും എണ്ണാന്‍ പോകേണ്ട കാര്യം ഇല്ലാതെ ആയിരിക്കുന്നു.

കോഴയുടെ അര്‍ത്ഥ ശാസ്ത്രം മനസ്സിലാക്കിയ ചില ധന മന്ത്രിമാര്‍ കോഴയില്‍ ഒരു കുഴപ്പവും ഇല്ലെന്നു ഒരു കോഴയും ഇല്ലാതെ സധൈര്യം പറയുന്നത് ഇതൊക്കെ കൊണ്ടാണെന്ന് വിവരമുള്ള സാദാ ജനങ്ങള്‍ക്ക്‌ മനസ്സിലായി കഴിഞ്ഞിരിക്കുന്നു. 

അതുകൊണ്ട് കോഴ പുരാണം വെറും ബോറായി തുടങ്ങിയിരിക്കുന്നു. നിര്‍ത്താം, നമുക്കീ പുരാണം പറച്ചില്‍ നിര്‍ത്താം. നമുക്കൂടെ കോഴ കിട്ടാന്‍ എന്താ വഴിയെന്ന് ചിന്തിച്ചു തുടങ്ങാം. എന്തിനും എവിടെയും കോഴ കിട്ടാന്‍ സാധ്യത തെളിഞ്ഞു വരുന്ന ഇക്കാലത്ത് അതിനെന്താ ഇത്ര പ്രയാസം? 

പണ്ട് കോഴ സര്‍ക്കാര്‍ വക സംരംഭങ്ങളുടെയും ലാവണങ്ങളുടെയും കുത്തക ആയിരുന്നെങ്കില്‍ ഇന്നത്‌ മാറികൊണ്ടിരിക്കുന്നു. സ്വകാര്യ സംരംഭങ്ങളും സ്ഥാപനങ്ങളും കോഴ എന്ന കാശുണ്ടാക്കല്‍ പ്രസ്ഥാനത്തെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സ്വകാര്യ ആശുപത്രികളും വിദ്യാഭ്യാസ സംരംഭങ്ങളും മറ്റും കോഴയെ സ്വാംശീകരിച്ച് വിപുലപ്പെടുത്തികൊണ്ടിരിക്കുന്നു. 

കോഴ വിവിധ മേഖലകളില്‍ പടര്‍ന്നു കയറി പന്തലിച്ചു വളരുന്നു. എല്ലാവര്ക്കും പ്രയോജനം ചെയ്തു കൊണ്ട്. കോഴയെ കൊണ്ട് എങ്ങനെ സ്വന്തം തടി വീര്‍പ്പിക്കാം എന്ന് ബുദ്ധിയുള്ളവര്‍ ആലോചിച്ചു കണ്ടു പിടിച്ചു കൊണ്ടിരിക്കുന്നു.


കോഴ ഒരു കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായം മാത്രമാണ്. കൊടുക്കുന്നത് കുറവും വാങ്ങുന്നത് കൂടുതലും ആയാല്‍ ലാഭം മാത്രം. എല്ലാ ബിസിനെസ്സിലുംഎന്നതുപോലെ കോഴയിലും പറ്റിപ്പ് പറ്റി പോയെന്നിരിക്കും. അതില്‍ ദു:ഖികേണ്ട ഒരു കാര്യവുമില്ല തന്നെ. 

അതാണതിന്റെ ഒരു കിടപ്പ് വശം. 

മനസ്സിലായോ ഒരു കോഴയുമില്ലാതെ പറഞ്ഞ ഈ കോഴ പുരാണം?  

1 comment:

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.