Powered By Blogger

Wednesday, September 10, 2014

പറുദീസാ എവിടെ, എങ്ങനെ, എന്തിന്‌ ? ഭൂമി പുസ്തക* വെളിപ്പെടുത്തലുകളില്‍ ചിലത് !

[This blog article gives some information about the revealed truths about Paradise, that my favorite book of life guidance contains. The blog is written in  in Malayalam language. Those who do not understand Malayalam and interested to know about the revealed information about Paradise, may click this link: Paradise is Real! ]

എന്റെ ജീവിതത്തില്‍ പ്രധാന മാര്‍ഗ ദര്‍ശനം തരുന്ന എന്റെ ഇഷ്ട പുസ്തകമായ ഭൂമി പുസ്തകത്തെ പറ്റി കുറെ കാര്യങ്ങള്‍ ഈ പംക്തികളില്‍ കൂടി നേരത്തെ എഴുതിയിരുന്നത് ഓര്‍മിക്കുമല്ലോ. ഈ പുസ്തകത്തില്‍ പറുദീസാ എവിടെ, എങ്ങനെ എന്നതിനെ പറ്റി വളരെ പ്രസക്തമായ വെളിപ്പെടുത്തലുകള്‍ നമുക്ക് നല്‍കി തരുന്നു.

നമ്മളില്‍ പലരും കേട്ടിട്ടുള്ള ഒരു നാമം ആണ് പറുദീസാ അഥവാ പാരദൈസ്. ചിലര്‍ ആദമിന്റെയും ഹവ്വയുടെയും വാസ സ്ഥലമെന്ന് കരുതുന്ന ഏദന്‍ തോട്ടത്തെ പറുദീസാ എന്ന് കരുതുന്നു. അതായത് ആദിമ കാലഘട്ടങ്ങളില്‍ ഭൂമിയില്‍ ഉണ്ടായിരുന്നു എന്ന് കരുതുന്ന ഒരു സ്വര്‍ഗീയ വാസ സ്ഥലം. ചിലര്‍ ആകട്ടെ പറുദീസാ ദൈവത്തിന്റെ ആസ്ഥാനമായ സ്വര്‍ഗം ആണെന്ന് പറയുന്നു. 

എന്നാല്‍ ഭൂമി പുസ്തകം ഈ മനുഷ്യ ചിന്തകളെ കുറെക്കൂടി ഉയര്‍ന്ന തലത്തില്‍ ചിന്തിക്കാന്‍ ആധുനിക മനുഷ്യനെ പ്രേരിപ്പിക്കുന്നു. 

അദൃശ്യരായ ഭൂമി പുസ്തക രചയിതാക്കള്‍ തങ്ങളെ പറ്റി തന്നെയുള്ള വിവരങ്ങള്‍ നമുക്ക് തരുന്നതോടൊപ്പം നമുക്ക് അറിവില്ലാതിരുന്നതും അല്ലെങ്കില്‍ അല്പമായി അറിഞ്ഞിരുന്നതുമായ പല കാര്യങ്ങളെ പറ്റിയും നമുക്ക് കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കുന്നു.

പറുദീസായെ പറ്റി ആധികാരികമായി കൂടുതല്‍ അറിയാന്‍ ഇപ്പോള്‍ ആധുനിക മനുഷ്യര്‍ പ്രാപ്തരാണ്. അതിനാലാണ്  ഈ വെളിപ്പെടുത്തലുകള്‍ ഈ ആധുനിക യുഗത്തില്‍ നമുക്ക്  നല്‍കുന്നതെന്നു ഈ പുസ്തകത്തിലെ പ്രബന്ധ രചയിതാക്കള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

പറുദീസാ എന്ന വാക്ക് മനുഷ്യ ഭാഷയില്‍ ഉപയോഗിച്ചിരുന്നത് കൊണ്ട് ആ വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത് വാസ്തവത്തില്‍ എന്തായിരിക്കണം എന്ന് ഭൂമി പുസ്തക കര്‍ത്താക്കള്‍ ആധുനിക മനുഷ്യന് വിശദീകരിച്ചു തരുന്നു. നമ്മുടെ പൂര്‍വികര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് ആയിരുന്ന ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇപ്പോള്‍ നമുക്ക് കുറേക്കൂടി എളുപ്പം ആയിരിക്കുന്നു. മനുഷ്യ ബുദ്ധി പരിണമിച്ചു വളരെ ഉന്നമനം പ്രാപിക്കുകയും അതില്‍ കൂടി മനുഷ്യന്റെ ശാസ്ത്രീയ അവബോധം പണ്ടത്തേക്കാള്‍ വളരെ അധികം വര്‍ധിക്കുകയും ചെയ്ത ഒരു കാലഘട്ടമാണ് ഇപ്പോള്‍. അതിനാല്‍ ഈ ശാസ്ത്രീയ കാലഘട്ട തുടക്കത്തില്‍ മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും ഉയര്‍ന്ന അറിവുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരും. നൂറ്റാണ്ടുകള്‍ക്കു ശേഷം ഈ അറിവുകള്‍ മനുഷ്യര്‍ സ്വായത്തമാക്കുകയും അതില്‍ കൂടി പഴയ തെറ്റായ ചിന്താഗതികള്‍ ഉപേക്ഷിക്കുകയും ചെയ്യും. സാമൂഹിക ഐക്യം കൈവരുന്നതു പോലെ തന്നെ.

ഈ പ്രപഞ്ചം മുഴുവനും ചലനാത്മകം ആണ്, ഒന്നൊഴികെ. ചലിച്ചു കൊണ്ടിരിക്കുന്ന ഈ അഖിലാണ്ടത്തില്‍ സ്ഥിരമായി നില്‍ക്കുന്ന പ്രപഞ്ച കേന്ദ്രമാണ് വാസ്തവത്തില്‍ പറുദീസാ. പറുദീസാ സകലത്തിന്റെയും ശ്രോതസായ പിതാവായ ദൈവത്തിന്റെയും അദ്ദേഹത്തിന്റെ ദൈവിക സഹചാരികളുടെയും വാസ സ്ഥലം കൂടി ആണ് എന്ന് വിവക്ഷിക്കാം.

ദൈവവും ദൈവിക സഹചാരികളും ജീവനുള്ള സനാതന വ്യക്തിത്വങ്ങള്‍ ആണെങ്കിലും അവരൊന്നും തന്നെ നമുക്ക് അറിയാവുന്ന ദ്രവ്യ ശരീരികള്‍ അല്ല. അവരൊക്കെ ദൈവികമായ അദ്രവ്യ ശരീരികള്‍ അല്ലെങ്കില്‍ ആത്മിക വ്യക്തിത്വങ്ങള്‍ ആണ്. എന്നാല്‍ അവര്‍ വസിക്കുന്ന പറുദീസാ ശരിക്കും ഒരു തരം ദ്രവ്യ ഘടനയില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ പറുദീസാ ദ്രവ്യം ഒറ്റയായതും തുല്യമില്ലാത്തതും ആണ്. മറ്റെങ്ങും അങ്ങനെ ഒരു ദ്രവ്യം ഇല്ല തന്നെ.

പറുദീസാ ദൈവത്തോടൊപ്പം തന്നെ സനാതനം ആണ്. പറുദീസായെ ആരും ശ്രിഷ്ടിച്ചതല്ല എന്ന് ചുരുക്കം. പറുദീസാ ദൈവത്തോടൊപ്പം തന്നെ എന്നും ഇപ്പോഴും ഉണ്ടായിരുന്നു എന്നര്‍ഥം.

പ്രപഞ്ചത്തില്‍ ജീവനുള്ള വ്യക്തിത്വങ്ങളും വ്യക്തിത്വമില്ലാത്ത ജീവ വര്‍ഗങ്ങളും ധാരാളമുണ്ട്. ജീവന്‍ അഥവാ ലൈഫ് എന്ന പ്രതിഭാസവും വ്യക്തിത്വം എന്ന പ്രതിഭാസവും പിതാവായ ദൈവത്തില്‍ നിന്ന് മാത്രം ഉത്ഭവിക്കുന്നു. അത് മൂലമാണ് ദൈവത്തെ പിതാവ് എന്ന് പറയുന്നത്. ജീവന് ആധാരം ജീവന്റെ ശ്രോതസ് ആയ ദൈവം തന്നെ. വ്യക്തിത്വം അഥവാ പേഴ്സണാലിറ്റി എന്നതും ദൈവത്തിന്റെ മാത്രം ദാനമാണ്.

പ്രപഞ്ചത്തില്‍ എല്ലാ ജീവനുകളും വസിക്കുന്നത് ജീവനില്ലാത്ത ദ്രവ്യ നിര്‍മിതി ആയ ഗോളങ്ങളില്‍ ആണ് എന്നതാണ് ഒരു സത്യം. എന്നാല്‍ പ്രപഞ്ചത്തില്‍ ഗോളാകൃതി അല്ലാത്ത ഒരേ ഒരു ജീവ വാസ സ്ഥലം ഉണ്ട്. അതാണ്‌ പ്രപഞ്ച കേന്ദ്രമായ പറുദീസാ. പറുദീസയുടെ ആകൃതി ഏതാണ്ട് ഒരു സിലിന്‍ഡര്‍ പോലെ ആണ്. മൂന്നു ഉപരിതലങ്ങള്‍ അതിനുണ്ട്. മുകള്‍ വശം, അധോവശം, പിന്നെ ചുറ്റു വശം.

മുകള്‍ വശം ദൈവത്തിന്റെ ഇരിപ്പിടവും  ദൈവിക വ്യക്തിത്വങ്ങളുടെയും വാസ സ്ഥലവുമായി വര്‍ത്തിക്കുന്നു. അധോ വശം പ്രപഞ്ചത്തിന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രവും നിയന്ത്രണ കേന്ദ്രവുമായി വര്‍ത്തിക്കുന്നു. ചുറ്റു വശം മഹാ പ്രപഞ്ചത്തിന്റെ എല്ലാ വിധ സമ്പര്‍ക്കത്തിന്റെയും ആശയ വിനിമയത്തിന്റെയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

ഗുരുത്വാകര്‍ഷണം (ഗ്രാവിറ്റി) ആണ്‌ ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പ്രധാന ശക്തി എന്ന് നമ്മുടെ ശാസ്ത്രഞ്ജന്മാര്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. നമ്മുടെ ഭൂമി വടക്ക്-തെക്ക് തിരിഞ്ഞു നില്‍ക്കുന്നതിനു കാരണം പറുദീസയുടെ ഈ ആകര്‍ഷണം മൂലം ആണ് എന്ന് കരുതണം. ഭൂമി മാത്രമല്ല എല്ലാ ഗ്രഹങ്ങളും പറുദീസായിലേക്ക് തിരിഞ്ഞു നോക്കി കറങ്ങി കൊണ്ടിരിക്കുന്നു. ഗുരുത്വാകര്‍ഷണ തരംഗങ്ങളും ഇപ്പോള്‍ ശാസ്ത്രജ്ഞരുടെ പഠന വിഷയം ആയിരിക്കുന്നു. 

പറുദീസായെ ചുറ്റി ഒരു കോടിയിലധികം ഗോളാകൃതിയില്‍ ഉള്ള സ്വര്‍ലോകങ്ങള്‍ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നു. ഇവയാണ് ആദിമവും മൌലികവും ആയ സ്വര്‍ലോക വ്യൂഹം അഥവാ ഹവോന സിസ്റ്റം. ഹവോന സിസ്റ്റം പരിണമിച്ചു ഉണ്ടായതല്ല. ദൈവിക ഇഷ്ട പ്രകാരം പ്രപഞ്ച ശ്രിഷ്ടിക്കു മുമ്പേ തന്നെ ശ്രിഷ്ടിക്കപ്പെട്ടവ ആണ്. ഇവയില്‍ ഉന്നത ശ്രേണിയില്‍ ഉള്ള അനേകം തരം അമരത്വമുള്ള ദൈവിക ലോക പൌരന്മാര്‍ ജീവിക്കുന്നു.

ഹവോനയെയും പറുദീസായെയും ചുറ്റി ഒരു വലിയ  ഇരുണ്ട ദ്രവ്യ  (ഡാര്‍ക്ക്‌ മാറ്റര്‍) മറ ഭ്രമണം ചെയ്യുന്നു. ഇതിനും പുറമെയാണ് നമുക്ക് കാണാന്‍ പറ്റുന്ന ബൃഹത്ത് പ്രപഞ്ചം. നമുക്ക് കുറെയൊക്കെ മനസ്സിലാകുന്ന സമയവും സ്ഥലവും ഉണ്ടായത് ഈ ബൃഹത്ത് പ്രപഞ്ച ശ്രിഷ്ടിയുടെ ആരംഭം മുതലാണ്‌. ഈ ബൃഹത്ത് പ്രപഞ്ചത്തെ ഏഴു മഹാ പ്രപഞ്ചങ്ങള്‍ ആയി വിഭജിച്ചിരിക്കുന്നു. ഇവ ഒന്നായി പ്രപഞ്ച കേന്ദ്രമായ പറുദീസായെയും അതിനു ചുറ്റും ഉള്ള ഹവോനയെയും ഇരുണ്ട ദ്രവ്യ മറയെയും ചുറ്റി ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നു.

മഹാ പ്രപഞ്ചങ്ങള്‍ വാസ്തവത്തില്‍ അനേകായിരം പ്രാദേശീക  പ്രപഞ്ചങ്ങളുടെ  (ലോക്കല്‍ യൂണിവേഴ്സ്)  കൂട്ടങ്ങള്‍ ആണ്. ഈ തദ്ദേശ പ്രപഞ്ചങ്ങള്‍ ആണ് വാസ്തവത്തില്‍ കാണാന്‍ പറ്റുന്ന ദ്രവ്യങ്ങളുടെ സൃഷ്ടിയുടെ ആരംഭ ഘടകം. തദ്ദേശ പ്രപഞ്ച രൂപകല്‍പനയും നിര്‍മാണവും ഭരണവും നിക്ഷിപ്തമായിരിക്കുന്നത്  പിതാവായ ദൈവത്തില്‍ നിന്നും ഉളവായ ദൈവിക വ്യക്തിത്വങ്ങള്‍ ആയ തദ്ദേശ പ്രപഞ്ച നിര്‍മാതാക്കളില്‍ ആണ്. ഈ ദൈവിക വ്യക്തിത്വങ്ങള്‍ ദൈവ പുത്രന്മാരും പ്രാദേശീക പ്രപഞ്ചത്തിന്റെ ദൈവം തന്നെയും ആണ് എന്ന് വിവക്ഷിക്കാം.

ഒരു പ്രാദേശീക പ്രപഞ്ചത്തില്‍ നമ്മുടെ സൌര മണ്ഡലം പോലെ അനേകായിരം നക്ഷത്ര ഗ്രഹ കൂട്ടങ്ങള്‍ ഉണ്ടായിരിക്കും. ഇവയൊക്കെ പരിണാമ പരമായ ശ്രിഷ്ടിയിലൂടെ വന്നവയാണ്. എന്നാല്‍ ഇവയുടെ പരിണാമ പ്രക്രിയ ദൈവത്തിന്റെ പരമമായ നിയന്ത്രണത്തിനു വിധേയം ആണ് എന്നത് മറക്കാന്‍ പാടില്ല. എല്ലാ ഗ്രഹങ്ങളും ജീവന്റെ ഉല്പത്തിക്കു യോഗ്യം അല്ല. ജീവന്റെ ഉല്പത്തിക്കു യോഗ്യമായ ഗ്രഹങ്ങള്‍ അതിനു പരിണാമപരമായി യോഗ്യത കൈവരിക്കുമ്പോള്‍ ജീവ വാഹകര്‍ എന്ന ദൈവിക വ്യക്തിത്വങ്ങള്‍ അവിടെ ജീവന്‍ സൃഷ്ടിക്കാന്‍ ആരംഭിക്കും. പ്രാദേശിക പ്രപഞ്ച നിര്‍മാതാവിന്റെ അനുമതിയോടെ.

നമ്മുടെ ഭൂമി, നെബഡോണ്‍ എന്ന പ്രാദേശിക പ്രപഞ്ചത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ പ്രപഞ്ച നിര്‍മാതാവും ദൈവവും ആണ് ഒരിക്കല്‍ ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ക്രിസ്തു യേശു. നെബഡോണ്‍ ഇപ്പോഴും പൂര്‍ണമായും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രാദേശിക പ്രപഞ്ചം ആണ്. ഇത് ഏഴാം മഹാ പ്രപഞ്ചത്തിന്റെ ഒരു ഘടകം ആണ്. ഇപ്പോള്‍ ഈ പ്രാദേശിക പ്രപഞ്ചത്തില്‍ മുപ്പത്തെട്ടു ലക്ഷത്തില്‍ പരം ഭൂലോകങ്ങള്‍ ഉണ്ട്. ഇവയില്‍ ഒക്കെയും മനുഷ്യര്‍ക്ക്‌ സമാനരായ ബുദ്ധിയുള്ള മര്‍ത്യ സമൂഹങ്ങള്‍ ജീവിക്കുന്നു. ഭൂമിയിലെ മനുഷ്യരേക്കാള്‍ പല മടങ്ങ്‌ വികാസം പ്രാപിച്ചവര്‍ ആണ് ഇതില്‍ ഭൂരി ഭാഗത്തിലും. ഇനിയൊരു അറുപത്തിരണ്ടു ലക്ഷം ഭൂമികള്‍ വികാസം പ്രാപിച്ചു വരുന്നു. അവയിലെ മര്‍ത്യ സമൂഹങ്ങള്‍ നമ്മളെക്കാള്‍ വികസനത്തില്‍ പിന്നില്‍ ആയിരിക്കാനാണ് സാധ്യത. കാരണം അവര്‍ നമുക്ക് ശേഷം പരിണമിച്ചു സൃഷ്ടിയായവര്‍ ആകുന്നതു മൂലം.

ഈ ഭൂമിയില്‍ ജീവിച്ചു മരിക്കുന്ന നമുക്കും നമ്മെ പോലെ മറ്റു ഭൂമികളില്‍ വസിക്കുന്ന എല്ലാ മര്‍ത്യ ജാതികള്‍ക്കും അവരവരുടെ ജന്മ ഭൂമി ഒരു ദ്രവ്യ ജീവിത പരീക്ഷണ ശാല ആണ് എന്ന് വേണമെങ്കില്‍ പറയാം. നശിച്ചു പോകുന്ന ദ്രവവസ്തുക്കള്‍ കൊണ്ടാണ് നമ്മുടെ ശരീരങ്ങള്‍ ഉണ്ടായിരിക്കുന്നത്. അതില്‍ നശിച്ചു പോകാത്ത ഒരു  വ്യക്തിത്വം നമുക്ക് ദൈവ ദാനമായി തന്നിരിക്കുന്നു. ഈ വ്യക്തിത്വത്തെ ശരീര മൃത്യു സമയം നാശത്തില്‍ നിന്നും രക്ഷ പെടുത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ പരീക്ഷണ ജീവിതം വിജയം ആയി എന്ന് കരുതാം.

അതിനു കഴിയണമെങ്കില്‍ നമ്മുടെ ചെറിയ കാലയളവിലെ ദ്രവ്യ പദാര്‍ത്ഥ ജീവിത കാലത്ത് ചില ദൈവ നിയമങ്ങള്‍ നമ്മള്‍ പാലിക്കേണ്ടതുണ്ട്. അതിനുള്ള പൂര്‍ണ വിവേചന അധികാരവും ദൈവം നമുക്ക് നല്‍കിയിരിക്കുന്നു. ആ  നിയമങ്ങള്‍ എന്തൊക്കെ എന്ന് മനസ്സിലാക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവും ദൈവം തന്നിരിക്കുന്നു. അതിനു മറ്റാരുടെയും സഹായം വേണ്ട എന്ന് ചുരുക്കം.

എന്നാല്‍ അഹങ്കാരവും മടിയും വിദ്വേഷവും അസൂയയും തന്‍കാര്യവും ഒക്കെ നമ്മെ ദൈവ നിയമങ്ങള്‍ പാലിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയേക്കാം. അതിനുപരി അങ്ങനെ തന്നെയുള്ള മറ്റു മനുഷ്യരുടെ ചതിക്കുഴികളിലും നമ്മള്‍ വീണു പോയേക്കാം. നമ്മുടെ ബുദ്ധിയും വിവേകവും ഉപയോഗിക്കുന്നതില്‍ നമുക്ക് വീഴ്ച വരാനും ഇടയുണ്ട്. അങ്ങനെ നമ്മള്‍ ദൈവ ഇഷ്ടം പ്രവര്‍ത്തിക്കാത്തവര്‍ ആയി തീരുന്നു. അങ്ങനെയുള്ളവര്‍  ഭൂമി ജീവിതമെന്ന ഒന്നാം ക്ലാസ്‌ പരീക്ഷയില്‍ പരാജയപ്പെട്ടു പോകുന്നു.

എന്നാല്‍ നന്മയില്‍ ജീവിക്കുന്നവര്‍ ഭൂമി ജീവിതത്തില്‍ നിന്നും അനുഭവ സമ്പത്ത്‌ നേടിയവരായി വിജയം പ്രാപിക്കുന്നു. അങ്ങനെയുള്ള മനുഷ്യര്‍ തങ്ങളുടെ അല്പകാലത്തെ മനുഷ്യ ജീവിത കാലത്ത് ദൈവത്തെ മനസ്സിലാക്കുകയും ദൈവ നിയമങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുകയും ചെയ്തവരായിരിക്കും. അവര്‍ക്ക് ജീവിതത്തില്‍ അറിവില്ലായ്മ നിമിത്തം തെറ്റുകള്‍ സംഭവിക്കുക ഇല്ലെന്നല്ല. എന്നാല്‍ അവര്‍ തെറ്റുകളെ മനസ്സിലാക്കുകയും തെറ്റുകളെ തിരുത്തി നന്മയില്‍ ജീവിക്കാന്‍ ഉത്സുകത ഉള്ളവരും ആയിരിക്കും.

അങ്ങനെ ഉള്ളവരുടെ വ്യക്തിത്വങ്ങള്‍ ദൈവത്തിനു വിലപ്പെട്ടവ ആകുന്നു. അക്കാരണത്താല്‍ തന്നെ അവരുടെ വ്യക്തിത്വങ്ങള്‍ മരണ ശേഷവും നില നില്‍ക്കേണ്ടത്‌ ആവശ്യമായിരിക്കുന്നു. മരണ ശേഷം അങ്ങനെയുള്ളവരുടെ വ്യക്തിത്വങ്ങള്‍ പടി പടി ആയി പുരോഗതി നേടുന്ന അമര്‍ത്യ ശരീരങ്ങള്‍ പ്രാപിച്ചു ഉയര്‍ച്ചയും ഉയര്‍ന്ന തല ജീവിത അനുഭവ സമ്പത്തും നേടി ദൈവത്തിന്റെ ആരോഹണ പുത്രന്മാര്‍ ആയിത്തീരുന്നു. ആരോഹണ പുത്രന്മാര്‍ പില്‍ക്കാലത്ത് ഒരു വന്ദ്യ മുഹൂര്‍ത്തത്തില്‍ ദൈവ സന്നിധി ആയ പറുദീസയില്‍ എത്തിച്ചേര്‍ന്നു ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങളും അധികാരവും പ്രാപിക്കും. അനുഭവ സമ്പത്തില്‍ അഗ്രഗണ്യരായ ആരോഹണ പുത്രന്മാര്‍ വരും കാല ലോകങ്ങളിലെ ദൈവത്തിന്റെ പ്രതിനിധികളും ഭരണ കര്‍ത്താക്കളും ഒക്കെ ആയിത്തീര്‍ന് അമരത്വം നേടി തങ്ങളുടെ ജീവനും വ്യക്തിത്ത്വവും നില നിര്‍ത്തും.

പറുദീസയില്‍ എത്തിപ്പെട്ട ഓരോ ആരോഹണ പുത്രനും ദൈവത്തിനു സന്തോഷം നല്‍കുന്നു എന്ന് വേണം കരുതാന്‍. അങ്ങനെയുള്ള ഓരോ ആരോഹണ പുത്രന്റെയും ഉത്ഭവം ഏതെങ്കിലുമൊരു ഭൂമി പോലത്തെ ദ്രവ്യ ഗ്രഹത്തിലെ മനുഷ്യനായി (അല്ലെങ്കില്‍ മനുഷ്യ സമാനന്‍ ആയി) ആയിരിക്കും.

എന്നാല്‍ ഭൂമിയില്‍ മനപ്പൂര്‍വ്വം  തിന്മ  ചെയ്തു കളിച്ചു രസിച്ചു കൂത്താടി നടന്ന മനുഷ്യന്‍ വ്യക്തിത്വം ഇല്ലാത്ത സസ്യങ്ങളെയും മൃഗങ്ങളെയും പോലെ അല്‍പ കാല ജീവിതം നയിച്ച്‌ തങ്ങളുടെ ശരീരവും വ്യക്തിത്ത്വവും ഒരു പോലെ നഷ്ടപ്പെടുത്തിയവര്‍ ആയിത്തീരും.

അങ്ങനെയുള്ളവരെ പറ്റി മനുഷ്യ ജീവിതം നയിച്ച്‌ മനുഷ്യന്റെ ജീവിത പ്രശ്നം പഠിക്കാനെത്തിയ നമ്മുടെ പ്രാദേശിക പ്രപഞ്ച സൃഷ്ടാവ്‌ ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.

"ഒരുവന്‍ ഈ ലോകം മുഴുവനും നേടിയാലും സ്വന്തം ആത്മാവിനെ (അമരത്വമുള്ള വ്യക്തിത്ത്വത്തെ) നഷ്ടപ്പെടുത്തിയാല്‍  അവനു എന്ത് പ്രയോജനം?"

ശരിയല്ലേ? ഈ ലോകത്തില്‍ പല കുതന്ത്രങ്ങളും കൊള്ളരുതായ്മകളും ചെയ്തു മറ്റുള്ളവര്‍ക്ക് ഒരു ശാപം പോലെ സ്വന്തം ലാഭത്തിനായി മാത്രം അടിച്ചു പൊളിച്ചു ജീവിച്ചു എന്ന് കരുതുക. കാട്ടിലെ സിംഹവും ആനയും കരടിയും മഹാ വൃക്ഷങ്ങളും അങ്ങനെ കുറേക്കാലം ജീവിച്ചു മണ്മറഞ്ഞു പോയത് മറന്നു പോയോ? അവരുടെ ജീവിതത്തിനു ക്ഷണ നേരത്തേക്ക് ചില സന്തോഷവും വിജയവും ഉണ്ടായി കാണും. എന്നാല്‍ അവരും കീട കൃമികളും തമ്മില്‍ എന്ത് വ്യത്യാസം? അവര്‍ തിന്നു മദിക്കാനും ഇണ ചേര്‍ന്ന് മദിക്കാനും മാത്രം ജീവിച്ച വെറും ജീവികള്‍!

വ്യക്തിത്വം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തി കളഞ്ഞവര്‍.

മനുഷ്യന്റെ ഭൂമി ജീവിതം അങ്ങനെ ആകരുത് എന്ന് ദൈവം ആഗ്രഹിക്കുന്നു. മനുഷ്യനെ കൊണ്ട് ദൈവത്തിനു സനാതന പദ്ധതികള്‍ ഉണ്ട്. ദൈവം നല്‍കി കൊടുത്ത വിവേകവും ചിന്താക്രമീകരണന്റെ നടത്തിപ്പും ഒക്കെ ഉപയോഗിച്ച് മനുഷ്യ വ്യക്തിത്വങ്ങള്‍ അമരത്വം പ്രാപിച്ചു ദൈവ സന്നിധിയില്‍ (പറുദീസയില്‍) എത്തുന്നതും കാത്തു ദൈവം ഓരോ മനുഷ്യരെയും വീക്ഷിച്ചു കൊണ്ടിരിക്കുന്നു.

പറുദീസാ ഒരു കാല്പനിക സങ്കല്പം അല്ല എന്നറിയുക. അത് വാസ്തവമായും ബൃഹത്ത് പ്രപഞ്ച കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്നു. നമുക്ക് ഭൂമിയില്‍ നിന്നും പ്രകാശ വേഗത്തില്‍ സഞ്ചരിച്ചാലും അവിടെ എത്താന്‍ കോടി കോടി വര്‍ഷങ്ങള്‍ വേണ്ടി വരും. അപ്പോള്‍ പ്രകാശത്തെക്കാളും പല മടങ്ങ്‌ വേഗത്തില്‍ സഞ്ചരിക്കാനുള്ള പ്രാപ്തിയും അമരത്വവും മഹാ ഊര്‍ജ ശ്രോതസ് ആയ ദൈവ സന്നിധിയില്‍ നില്‍ക്കാനുള്ള കഴിവും നമുക്ക് നേടേണ്ടതായിട്ടുണ്ട്. ഭൂമി ജീവിതത്തെ അതി ജീവിക്കുന്നവര്‍ അതാണ്‌ സാധിക്കാന്‍ പോകുന്നത്. മരണത്തിനു ശേഷം ഉടനടി അത് നടക്കില്ല. ഒന്നാം ക്ലാസ്‌ പാസായ ഉടന്‍ തന്നെ പി എച്ച് ഡി കിട്ടുമോ?

അനുഭവ സമ്പത്തും അറിവും കാര്യ പ്രാപ്തിയും അടിക്കടി ഉയര്‍ന്നു വരുന്ന ഒരു വലിയ വീര സാഹസ ജീവിത യാത്ര മരണമെന്ന കടമ്പ തരണം ചെയ്യുന്ന ഓരോ മനുഷ്യനെയും കാത്തിരിക്കുന്നു.ദൈവത്തിന്റെ മഹാ പ്രപഞ്ചത്തിലെ ഓരോരോ വസ്തുതയും കണ്ടും പഠിച്ചും മുന്നേറാന്‍ ഉള്ള ഒരു വലിയ അവസരം അങ്ങനെയുള്ള മനുഷ്യരെ കാത്തിരിക്കുന്നു.

എന്നാല്‍ കണ്ണുണ്ടായിട്ടും കാണാതെ കണ്ണും പൂട്ടിയിരിക്കുന്ന മടിയന്മാരായ മനുഷ്യര്‍ ഭൂമി തന്നെ എല്ലാം എന്ന മട്ടില്‍ ഭൂമി ജീവിത പരീക്ഷണ ശാലയില്‍ തോല്‍വി മനപ്പൂര്‍വ്വം ഏറ്റുവാങ്ങി തങ്ങളുടെ അമരത്വമുള്ള വ്യക്തിത്വത്തെ നഷ്ടമാക്കുന്നു. ഓരോരോ ഒഴിവു കഴിവ് അവര്‍ അതിനു കാരണമായി പറയും. ദൈവ സന്നിധിയില്‍ എത്താന്‍ കുറുക്കു വഴികള്‍ തേടും. ഒരു പ്രയോജനവും ഇല്ലാത്ത കുറുക്കു വഴികള്‍!

ദൈവം സ്നേഹവും ദയാലുവും ആണെങ്കിലും തന്റെ പ്രപഞ്ച നിയമങ്ങളെ അവസരത്തിനൊത്ത് മാറ്റുകയില്ല എന്നറിക.

ദൈവ നിയമങ്ങള്‍ കഠിനമല്ല. മനുഷ്യന് പാലിക്കാന്‍ വിഷമമുള്ളതും അല്ല. അതില്‍ ഏറ്റവും പ്രധാനം പിതാവായ ദൈവത്തെ സ്നേഹിക്കുക (കാപട്യമില്ലാതെ ആരാധിക്കുക) എന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് ദൈവ മക്കളായ മറ്റു മനുഷ്യരെയും കാപട്യമില്ലാതെ, സ്വയ ലാഭം നോക്കാതെ  സ്നേഹിക്കാന്‍ പറ്റും. മറ്റെല്ലാ നിയമങ്ങളും അപ്പോള്‍ സ്വയം പാലിക്കപ്പെടും. ഇത് പാലിക്കാന്‍ മനുഷ്യന് ഒരു കുറുക്കു വിദ്യയും അനുഷ്ടിക്കേണ്ട ആവശ്യം ഇല്ല തന്നെ.

ഒരു മത മേലധ്യക്ഷന്റെയും മതത്തിന്റെയും പിന്തുണ അതിനു ആവശ്യമില്ല. മതങ്ങളിലെ സത്യവും അസത്യവും അപ്പോള്‍ മനുഷ്യന് സ്വയം മനസ്സിലാകും. അപ്പോള്‍ മത വൈരാഗ്യം ഇല്ലാതെയാവും. നമ്മുടെ അജ്ഞാനം ഓര്‍ത്ത്‌ ചിരിക്കാന്‍ മനുഷ്യന് കഴിവ് കൈ വരും.

ശാസ്ത്രം ദൈവത്തിനു എതിരാണെന്ന് അപ്പോള്‍ തോന്നുകയില്ല. ശാസ്ത്രം തന്നെ ദൈവ നിയമങ്ങളുടെ കണ്ടെത്തല്‍ ആണെന്ന് മനുഷ്യന് അപ്പോള്‍ മനസ്സിലാകും. ശാസ്ത്രവും ആത്മീയതയും തത്വ ചിന്തകളും ഒക്കെ തന്നെ ദൈവ നിയമങ്ങളുടെ കണ്ടെത്തല്‍ മാത്രം ആകും അപ്പോള്‍. അതില്‍ തന്നെ ശരിയും തെറ്റും മനുഷ്യന് വേര്‍തിരിച്ചറിയാനും പറ്റും.

മനുഷ്യന്റെ അറിവില്ലായ്മയും അഹങ്കാരവും സ്നേഹമില്ലായ്മയും കാരുണ്യമില്ലായ്മയും കൊണ്ട് നരകം പോലെ ആയി തീര്‍ന്ന ഈ നമ്മുടെ ഭൂമി ഒരു കൊച്ചു സ്വര്‍ഗീയ ലോകം പോലെ ആയി തീരും. അതാണ്‌ ദൈവം ആഗ്രഹിക്കുന്നത്. അല്ലാതെ വീടും, കുടുംബവും, രാജ്യവും സ്വന്ത ജീവിതവും, ഈ ലോകം തന്നെയും സ്വയം നരകമാക്കിയിട്ടു അതൊക്കെ ദൈവ പരീക്ഷകള്‍ ആണെന്ന് കരുതരുത്. അറിവ് ആര്‍ജിക്കാനും സ്വയം തീരുമാനങ്ങള്‍ എടുക്കാനും ജീവിക്കാനും ദൈവം തന്ന കഴിവുകള്‍ ജീവിതത്തെ കുഴിയില്‍ ചാടിച്ചു ദൈവത്തെ പഴി പറയുന്നതാവരുത്.

മറ്റുള്ളവരോട് വിദ്വേഷം പാടില്ല. അറിവില്ലാത്ത മറ്റു മനുഷ്യര്‍ ചെയ്യുന്ന ദോഷങ്ങള്‍ ക്ഷമിക്കണം. ക്ഷമിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കണം. എന്നാല്‍ വിവര ദോഷികളും, ചതിയന്മാരും, കാട്ടുമൃഗ തുല്യരുമായ   മനുഷ്യരുടെ കെണിയില്‍  വീഴുകയും അരുത്. 

അങ്ങനെ പലതും ബുദ്ധി പൂര്‍വം ചെയ്തും പ്രവര്‍ത്തിച്ചും നന്മയില്‍ പുരോഗതി പ്രാപിക്കുന്നവര്‍ക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും. അവര്‍ ദൈവത്തെ മനസ്സില്‍ കൊണ്ട് നടക്കുന്നവരും ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അങ്ങനെയുള്ളവര്‍ പറുദീസയില്‍ എത്തിച്ചേരും. ഒരു സംശയവും വേണ്ട. ഭൂമിയിലെ മരണശേഷം വ്യക്തിത്വം നഷ്ടപ്പെടാത്ത മനുഷ്യര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്കായി അനേകം സ്വര്‍ഗ രാജ്യങ്ങള്‍ കാത്തിരിക്കുന്നു. പറുദീസായും അവര്‍ക്കായി കാത്തിരിക്കുന്നു.

അവരുടെ പറുദീസാ യാത്ര അനേകായിരം വര്‍ഷങ്ങള്‍ നീളുന്ന ഒരു വലിയ മോക്ഷ യാത്ര തന്നെ ആയിരിക്കും. അനുഭവങ്ങളാല്‍ അനുഗൃഹീതമായ ഒന്ന്. നമ്മുടെ പ്രാദേശിക പ്രപഞ്ചത്തില്‍ നിന്നും ഉള്ള പറുദീസാ യാത്രക്കാര്‍ ഈ യാത്രയുടെ ഇടയില്‍ ഒരിക്കല്‍ നമ്മുടെ പ്രപഞ്ച സൃഷ്ടാവിന്റെ സന്നിധിയിലും എത്തിപ്പെടും. അദ്ദേഹത്തിന്റെ സന്നിധിയില്‍ കൂടിയല്ലാതെ ഈ പ്രപഞ്ചവാസികള്‍ക്ക് ആര്‍ക്കും തന്നെ പിതാവായ ദൈവത്തിന്റെ പറുദീസയില്‍ എത്താന്‍ സാധിക്കുകയില്ല.

പടിപടിയായി ഉയര്‍ച്ച കൈവരിച്ചു മുന്നേറുന്ന ഈ പ്രക്രിയയുടെ ഏകദേശ വിവരണം ഭൂമി പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത് വായിച്ചറിയുന്നത് ഒരു പക്ഷെ ചിലര്‍ക്കെങ്കിലും പ്രത്യാശ നല്‍കാന്‍ ഇടയാകുന്ന  ഒന്നാണ് എന്നാണു എന്റെ വിശ്വാസം.



*ഭൂമി പുസ്തകം (ഉറാന്ഷ്യ പുസ്തകം) = Bhoomi Pusthakam= The Urantia Book=My favorite book of life guidance.

1 comment:

  1. ഇതെഴുതിയ മാന്യമിത്രമേ.... വാഴ നടുകയായിരുന്നു ഭേദം.

    ReplyDelete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.