Powered By Blogger

Wednesday, February 29, 2012

വിനാശ കാലേ വിപരീത ബുദ്ധി !

മലയാളികള്‍ക്ക് സുപരിചിതമായ ഒരു പഴഞ്ചൊല്ലാണിത്. ഉടക്ക് ബുദ്ധി മൂലം നാശം സംഭവിക്കുമോ അതോ നാശ കാലത്ത്‌ ഉടക്ക് ബുദ്ധി ഉടലെടുക്കുമോ എന്നോ ഉറപ്പിച്ച് പറയാന്‍ സാധിക്കുകയില്ല. രണ്ടും ശരി തന്നെ എന്ന് അനുഭവങ്ങള്‍ കാണിക്കുന്നു.

ഇങ്ങനെ പറ്റിപ്പോയ സംഭവങ്ങള്‍ നാം നിത്യേന കാണുന്നു. എന്നാല്‍ കണ്ടത് കൊണ്ട് പഠിക്കണമെന്നില്ല.


നമ്മുടെ മലയാളം ടി വി ചാനെലുകള്‍ നിത്യേന പടച്ചു വിട്ടു കൊണ്ടിരിക്കുന്ന സീരിയലുകള്‍ അറിഞ്ഞോ അറിയാതെയോ പ്രേക്ഷകരെ മനസ്സിലാക്കിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഒരു വാസ്തവം ഒരു പക്ഷെ ഈ പരമ സത്യം ആണെന്നത് ചില സീരിയലുകള്‍ കാണുമ്പോള്‍ തോന്നാറുണ്ട്.  എന്നാല്‍ എറിയുന്നത് മിച്ചം.  കൊള്ളുന്നത്‌ ഉന്നം വച്ചവര്‍ക്ക് ആയിരിക്കില്ല എന്നു മാത്രം !

കുറെ കൊല്ലങ്ങള്‍ക്ക് മുമ്പ്‌ സ്വകാര്യ മേഖലയില്‍ ബിസിനെസ്സ്‌ ചെയ്യുന്ന ഒരു കൂട്ടം എന്‍ജിനീയര്‍മാരെ പരിചയപ്പെടാന്‍ ഇടയായി.

പേര് കേട്ട ഒരു ബിസിനസ്‌ ഗ്രൂപ്‌ ഒരു പുതിയ സംരംഭം തുടങ്ങിയതായിരുന്നു. പരിസര മലിനീകരണം നിര്‍മാര്‍ജനം ചെയ്യാന്‍ ഉതകുന്ന പ്ലാന്‍റുകള്‍ രൂപ കല്പന ചെയ്ത് ആവശ്യക്കാര്‍ക്ക് നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു ഈ പുതിയ സംരംഭം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

ബിസിനസ്‌ ഗ്രൂപ്പിന്‍റെ മേധാവി പറ്റിയ ഒരു എന്ജിനീയരെ മറ്റൊരു കമ്പനിയില്‍ നിന്നും ചാക്കിട്ടു പിടിച്ചു. നല്ല ശമ്പളവും വീടും കാറും ലാഭവീതവും ഒക്കെ വാഗ്ദാനം ചെയ്ത് പുതിയ കമ്പനിയുടെ എം ഡി ആയി നിയമിച്ചു. കമ്പനിയുടെ ആസ്ഥാനം ബാംഗ്ലൂര്‍ ആയി തീരുമാനിച്ചു.

പുതിയ എം ഡി അതി ബുദ്ധിമാന്‍. സങ്കേതിക കാര്യങ്ങളേക്കാള്‍ പണമുണ്ടാക്കുന്ന കാര്യങ്ങളുടെ കിടപ്പുകള്‍ കൃത്യമായി ഹരിച്ചു ഗുണിക്കാന്‍ ഇദ്ദേഹത്തിന് മിടുക്ക് കുറച്ചു കൂടുതല്‍ ആയിരുന്നു. എം ഡി ആയി വ്യവസായ പ്രമുഖന്‍ അദ്ദേഹത്തെ നിയമിക്കാനുള്ള കാരണവും ഈ മിടുക്ക് തന്നെ ആയിരുന്നു എന്നു വേണമെങ്കില്‍ പറയാം.

പുതിയ കമ്പനിയുടെ മറ്റു പ്രധാന പോസിഷനുകളില്‍ ഒരു പറ്റം വിദഗ്ദ്ധ എന്‍ജിനിയര്‍മാര്‍ നിയമിതരായി. എന്ത് കൊണ്ടും ഉദ്ദേശിച്ച കാര്യങ്ങള്‍ ഭംഗിയായി നടത്തുവാന്‍ കഴിവും പ്രാപ്തിയുമുള്ള മിടുക്കന്മാര്‍. ഓരോരുത്തരും കമ്പനിയുടെ ഓരോ പ്രവര്‍ത്തന മേഖല കൈകാര്യം ചെയ്യുന്ന രീതിയില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു.

ഈ എം ഡി യെയും അദ്ദേഹത്തിന്‍റെ സഹ പ്രവര്‍ത്തകരെയും ഈ സമയത്താണ് ഞാന്‍ പരിചയപ്പെടുന്നത്. കോടികള്‍ ചിലവുള്ള ഒരു മലിനീകരണ നിയന്ത്രണ പ്ലാന്‍റ് നിര്‍മ്മിച്ചു നല്‍കാനുള്ള കരാര്‍ ഞാന്‍ ജോലി നോക്കുന്ന കമ്പനി ഈ പുതിയ കമ്പനിയ്ക്ക് കൊടുക്കുകയും അതിന്‍റെ ചില മേല്‍നോട്ടം എനിക്ക് നിര്‍വഹിക്കുകയും ചെയ്യേണ്ടിയിരുന്നതില്‍ കൂടിയാണ് ഈ പരിചയം ഉടലെടുത്തത്.

ഈ പുതിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഉതകുന്ന പല കാര്യങ്ങളും ഈ എം ഡി യും അദ്ദേഹത്തിന്‍റെ ഉന്നത സഹപ്രവര്‍ത്തകരും എന്‍റെ അടുത്തു ചര്‍ച്ച ചെയ്യുക പതിവ്‌ ആയിരുന്നു. പല നല്ല ആശയങ്ങളും പെട്ടെന്ന് തന്നെ ഉള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും ഇവര്‍ക്ക് നല്ല കഴിവ് തന്നെ ആയിരുന്നു എന്ന് പറയാം.

അധികം താമസിയാതെ നൂറു കണക്കിന് എന്‍ജിനിയര്‍മാര്‍ പണിയെടുക്കുന്ന ഒരു മഹാ പ്രസ്ഥാനമായി ഈ കമ്പനി വളര്‍ന്നു. കോടികളുടെ ബിസിനസ്‌ കോണ്ട്രാക്ടുകള്‍.

ഈ കമ്പനിയെ അടുത്തു നിരീക്ഷിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഒരു കാര്യം എനിക്ക് വ്യക്തമായിരുന്നു. ഈ എം ഡി യുടെയും അദ്ദേഹത്തിന്‍റെ മൂന്ന് വകുപ്പ് മേധാവികളായ സഹപ്രവര്‍ത്തകരുടെയും അടുത്ത സഹകരണവും ടീം വര്‍ക്കും ആയിരുന്നു അവരുടെ വിജയ രഹസ്യം. ഈ നാലു പേരുടെയും പ്രവര്‍ത്തന പരിചയം പലതായിരുന്നു. എന്നാല്‍ ആ നാല് പരിചയ മേഖലകളെ ഒന്നിപ്പിച്ചു മുമ്പോട്ട്‌ പോകാന്‍ കഴിഞ്ഞപ്പോള്‍ അവരുടെ പ്രവര്‍ത്തനത്തിന് ഫലം അതി വേഗത്തിലായി.

എന്നാല്‍ ഈ വിജയം അധിക കാലം മുമ്പോട്ട് കൊണ്ടുപോകാന്‍ ഈ കമ്പനിയ്ക്കു കഴിഞ്ഞില്ല. വലുതായി വന്നതിനേക്കാള്‍ വേഗത്തില്‍ അത് പൊട്ടിയെന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

ഈ വിനാശത്തിന് ആരുടെ വിപരീത ബുദ്ധി ആണ് കാരണമായി തീര്‍ന്നത്?

ഇവരുടെ അടുത്ത ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ മറ്റാരെക്കാളും അത് മനസ്സിലാക്കിയ ഒരു വ്യക്തി ഒരു പക്ഷെ ഞാനാകാം.

വളരെ നിസ്സാരമെന്നു പറയാവുന്ന ഒരു കാര്യം ആണ് ഈ കമ്പനിയെ പൊട്ടിച്ചത്.

കമ്പനി വളര്‍ന്നു വലുതായപ്പോള്‍ പുതിയ പല പല വകുപ്പുകള്‍ രൂപം കൊണ്ടു. എച്ച് ആറും ഫിനാന്‍സും ഒക്കെ അതില്‍ പെടും.

കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാന്‍ വേണ്ടിയുള്ള ഇത്തരം വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ആളുകള്‍ കമ്പനിക്ക് തുരങ്കം പണിയുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്.

നമ്മുടെ ബാംഗ്ലൂര്‍ കമ്പനിയിലും അത് തന്നെ സംഭവിച്ചു.

എം ഡി യുടെ അടുത്ത മൂന്ന് വകുപ്പ് മേധാവികളില്‍ ഒരാള്‍ ഔദ്യോകിക യാത്രപ്പടി ബില്‍ ഫിനാന്‍സ് മാനേജര്‍ക്ക് സമര്‍പ്പിച്ചു.

ചട്ട വിരുദ്ധമായ ഒരു തുക കൂടുതല്‍ എഴുതിയതായി കാണിച്ചു ഫിനാന്‍സ്‌ മാനേജര്‍ നോട്ടു എഴുതി  എം ഡി യുടെ അറിവിനായി യാത്രപ്പടി ഫയല്‍ പുട്ട് അപ്പ് ചെയ്തു.

നോക്കണേ ഒരു കാര്യം. സ്വകാര്യ കമ്പനിയിലാണ് ഇത്. സര്‍ക്കാര്‍ സംരംഭം ഒന്നുമല്ല എന്ന് ഓര്‍ക്കുക.

കമ്പനിയുടെ വളര്‍ച്ചയില്‍ മതി മറന്ന നമ്മുടെ എം ഡി പഴയ കാല കാര്യങ്ങള്‍ ഒക്കെ അങ്ങു മറന്നു പോയി.

തികച്ചും  എം  ഡി  യുടെ  നിര്‍വികാരതയോടെ 'കാര്യമാത്ര പ്രസക്തി' യോടെ അദ്ദേഹം കുറ്റക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്നും കാര്യകാരണ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ 'ഉത്തരവ്' ആയി.

പിന്നെ കാര്യങ്ങള്‍ തകൃതിയായി നടന്നു. ഫിനാന്‍സില്‍ നിന്നും എച്ച് ആറിലേക്ക് ഫയല്‍ നീങ്ങി. എം ഡി യുടെ അടുത്ത മുറിയില്‍ ഇരുന്നിരുന്ന നമ്മുടെ ജനറല്‍ മാനേജര്‍ ഈ കാര്യങ്ങള്‍ ഒന്നും അറിഞ്ഞതേയില്ല.

എല്ലാം പരമ രഹസ്യം.

അധികം താമസിയാതെ നമ്മുടെ ജനറല്‍ മാനേജര്‍ക്ക് കാര്യം കാണിക്കല്‍ നോട്ടിസ് കിട്ടി. ചട്ടപ്പടി അല്ലാതെ അഞ്ഞൂറ് രൂപ യാത്രപ്പടി ബില്ലില്‍ എഴുതിയതിന്.

കമ്പനിയുടെ പ്രവര്‍ത്തന മേഖലയിലെ ഒരു നേടും തൂണ്‍ ആയ വിദഗ്ധ എന്‍ജിനിയര്‍ ആണ് ഇദ്ദേഹം എന്ന് ഓര്‍ക്കണം. കമ്പനിയുടെ ഇത് വരെയുള്ള എല്ലാ നേട്ടങ്ങള്‍ക്കും കാരണഭൂതരായ നാല് പേരില്‍ ഒരാള്‍.

അദ്ദേഹത്തിനു ആ നോട്ടിസ് സഹിച്ചില്ല. അദ്ദേഹം അതനുസരിച്ചു മറു നോട്ടു എഴുതി ഫയല്‍ മടക്കി.

നീറുന്ന തീയില്‍ അല്പം നെയ്‌ ചേര്‍ത്ത് പേര്‍സണല്‍ വകുപ്പ് എം ഡി യെ കാര്യം ധരിപ്പിച്ചു.

കഥ നീട്ടുന്നില്ല. നമ്മുടെ ജനറല്‍ മാനേജര്‍ കമ്പനിയില്‍ നിന്നും ഔട്ട്‌.

അദ്ദേഹത്തെ നോട്ടമിട്ടിരുന്ന ഒരു പ്രതിയോഗി ഗ്രൂപ്‌ ഈ വിദഗ്ധനെ കയ്യോടെ റാഞ്ചി.

നമ്മുടെ കമ്പനിയുടെ കരാറുകള്‍ ചിലയിടങ്ങളില്‍ നൈപുണ്യ കുറവ് മൂലം അവിടവിടെ പാളാന്‍ തുടങ്ങി.

ഒരു മൂരാച്ചി പോയെന്നു കരുതി കമ്പനി പൊട്ടുമെന്ന് സമ്മതിക്കാന്‍ നമ്മുടെ എം ഡി യുടെ ഈഗോയും തയ്യാര്‍ ആയിരുന്നില്ല.

അധികം താമസിയാതെ എം ഡി യും ഔട്ട്‌. കമ്പനിയുടെ കഥ അവിടെ കഴിഞ്ഞു എന്ന് പറയുന്നതാവും ശരി.

ഈ മഹാ വിപത്തില്‍ നിന്നും ഈ കൂട്ടരെ രക്ഷ പെടുത്താന്‍ ഞാനും ഒരു ചെറിയ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വിനാശം സംഭവിക്കാനിരിക്കുന്ന കാലത്ത് ആരുടെയും മനസ്സില്‍ നല്ല ഉപദേശങ്ങള്‍ കയറില്ല എന്ന് അനുഭവം. 

[രാജന്‍ സീ മാത്യുവിന്‍റെ മലയാളം ബ്ലോഗ്‌ ലിസ്റ്റ് ഇവിടെ കാണുക !]

[This blog is in Malayalam Lanugage. When disaster is to happen, human intellect does not work wisely. The people concerned in the disastrous events seems to close their minds due to egoistic attitudes that they seldom listen to wise advices even. Later when the disaster had caused the havoc in their lives they might happen to brood over if they remain to do so. In the above blog a case study of a company is depicted. The company was prospering. Then a small incident changed everything. There was opportunity to save the situation. But hardcore egos did not allow to act wisely. The company faced bankruptcy and the person who was not willing to budge was humbled to the core !]

1 comment:

  1. Vinasha Kale Vipareetha Budhi. Very true. HR can make and break a company. I have enough personal experience of that, but it is unethical to write it in open web. Suffice to say the most of the guys have the mindset and preemptive ideologies cemented with bookish knowledge from MBA schools. They are next to typical Medical Doctors we find in Kerala, most are so egoistic and consider themselves next God. God save our State.

    ReplyDelete

Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.