ചരിത്രം പലപ്പോഴും യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും കഥയായാണ് നാം പഠിക്കാറുള്ളത്.
എന്നാൽ 1930-കളിൽ ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്‌ലർ അധികാരം പിടിച്ചെടുത്തത് പരിശോധിച്ചാൽ, നിയമം ലംഘിച്ചുകൊണ്ടല്ല, മറിച്ച് നിയമത്തെ ഒരു ആയുധമാക്കി മാറ്റിക്കൊണ്ടാണ് ഒരു ജനാധിപത്യം തകർക്കപ്പെട്ടതെന്ന് നമുക്ക് കാണാം.
ഹിറ്റ്‌ലർ അധികാരം 'പിടിച്ചെടുക്കുക' ആയിരുന്നില്ല, മറിച്ച് വ്യവസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് അതിനെ ഉള്ളിൽ നിന്ന് തകർക്കുകയായിരുന്നു. 1923-ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്ക് ശേഷം, ജനാധിപത്യ മാർഗങ്ങളിലൂടെ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുക എന്ന തന്ത്രമാണ് അദ്ദേഹം സ്വീകരിച്ചത്.
വെയ്മർ റിപ്പബ്ലിക്കിന്റെ ഭരണഘടനയിൽ 'ആർട്ടിക്കിൾ 48' എന്നൊരു പ്രത്യേക വകുപ്പുണ്ടായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ പാർലമെന്റിനെ മറികടന്ന് ഉത്തരവുകളിലൂടെ ഭരിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്നതായിരുന്നു ഇത്. സാമ്പത്തിക തകർച്ചയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും കാലത്ത് ഈ വകുപ്പ് ഒരു സ്ഥിരം സംവിധാനമായി മാറി. ഹിറ്റ്‌ലറെ നിയന്ത്രിക്കാമെന്ന് കരുതിയ മറ്റ് രാഷ്ട്രീയക്കാർ അദ്ദേഹത്തെ ചാൻസലറായി വാഴിച്ചപ്പോൾ, ഈ 'അടിയന്തരാവസ്ഥാ ഭരണം' ഒരു സ്വേച്ഛാധിപത്യത്തിലേക്കുള്ള വാതിലായി മാറി.
ഏകാധിപതികൾ തങ്ങളെത്തന്നെ അവതരിപ്പിക്കുന്നത് രാജ്യത്തെ രക്ഷിക്കാൻ വന്ന ഏക രക്ഷക വേഷം ധരിച്ചാവും. ഹിറ്റ്ലർ ചെയ്തതും അങ്ങനെ ഒക്കെത്തന്നെ. 1933 ഫെബ്രുവരിയിലെ റീഷ്സ്റ്റാഗ് (പാർലമെന്റ് മന്ദിരം) തീപിടുത്തം ഇതിനൊരു അവസരമായി. ഇതൊരു കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന് വരുത്തിതീർത്ത് ഹിറ്റ്‌ലർ പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കി. എതിരാളികളെ നിയമപരമായി തന്നെ ജയിലിലടക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു. പോലീസ്, കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ (Permanent Executive) ഭരണാധികാരിയുടെ താൽപ്പര്യങ്ങൾക്കായി നിലകൊണ്ടപ്പോൾ ജനാധിപത്യത്തിന്റെ കാവൽപ്പുരകൾ തകർന്നു.
ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും, ഭീഷണികളിലൂടെയും വാഗ്ദാനങ്ങളിലൂടെയും 'എനേബിളിങ് ആക്ട്' പാസാക്കാൻ ഹിറ്റ്‌ലർക്ക് കഴിഞ്ഞു. ഇതോടെ നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരം പാർലമെന്റിൽ നിന്ന് ഹിറ്റ്‌ലറുടെ കൈകളിലെത്തി. ചെറിയ മാറ്റങ്ങളിലൂടെ തുടങ്ങി, ഒടുവിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും യൂണിയനുകളെയും നിരോധിച്ചുകൊണ്ട് അദ്ദേഹം അധികാരം ഉറപ്പിച്ചു. ഓരോ ചെറിയ മാറ്റത്തെയും എതിർക്കുന്നതിൽ അധികാരികൾ കാണിക്കുന്ന വിമുഖത ഒടുവിൽ വലിയൊരു വിപത്തായി മാറി.
ചരിത്രത്തിലെ മറ്റൊരു വലിയ വൈരുദ്ധ്യം ഏകാധിപതികളുടെ അന്ത്യമാണ്. തങ്ങൾ അജയ്യരാണെന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിക്കുന്ന ഇവർ, ഒടുവിൽ അങ്ങേയറ്റം ദയനീയമായാണ് വീണുപോകുന്നത്.
പറയുന്നവരെ ശിക്ഷിക്കുന്നത് വഴി ഏകാധിപതികൾക്ക് ചുറ്റും പുകഴ്ത്തലുകാർ മാത്രമായി മാറുന്നു. തന്റെ അവസാന നാളുകളിൽ, നിലവിലില്ലാത്ത സൈന്യത്തിന് ഉത്തരവുകൾ നൽകിക്കൊണ്ട് ബങ്കറിനുള്ളിൽ ഹിറ്റ്‌ലർ കഴിഞ്ഞുകൂടിയത് ഇതിന് ഉദാഹരണമാണ്.
ചക്രവർത്തിമാരെപ്പോലെ വേഷമിട്ടിരുന്ന മുസ്സോളിനി, ഒരു സാധാരണ സൈനികന്റെ കോട്ടിട്ട് രാജ്യം വിടാൻ ശ്രമിക്കവേയാണ് പിടിക്കപ്പെട്ടത്.
സദ്ദാം ഹുസൈൻ മണ്ണിലെ ഒരു ചെറിയ കുഴിയിൽ നിന്ന് പിടിക്കപ്പെട്ടതും, സെസെസ്ക്യൂ എന്ന റൊമാനിയൻ ഏകാധിപതി സൈനിക കോടതിയുടെ വിധിക്ക് പിന്നാലെ കൊല്ലപ്പെട്ടതും ചരിത്രത്തിലെ ദയനീയ കാഴ്ചകളാണ്.
ഒരു ഏകാധിപത്യത്തിന്റെ തകർച്ച പലപ്പോഴും അരാജകത്വത്തിന് വഴിമാറുമെങ്കിലും, അവരുടെ ദയനീയമായ അന്ത്യം അവർ വെറുമൊരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു എന്ന യാഥാർത്ഥ്യം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്നു.
ഒരു രാജ്യത്തിന്റെ കരുത്ത് എഴുതപ്പെട്ട നിയമങ്ങളിൽ മാത്രമല്ല, മറിച്ച് ഭരണഘടനാ സ്ഥാപനങ്ങളിൽ ഇരിക്കുന്ന വ്യക്തികളുടെ ആർജ്ജവത്തിലാണ്.
നിയമത്തിലെ പഴുതുകൾ അധികാരമോഹികൾക്കായി തുറന്നുകൊടുക്കാതിരിക്കാൻ ഉദ്യോഗസ്ഥരും നീതിപീഠവും പൗരന്മാരും ജാഗ്രത പാലിക്കണമെന്നാണ് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്.
ചരിത്രം എന്തു തന്നെ ഓർമ്മിപ്പിച്ചാലും അതുകൊണ്ട് തലയിൽ വെളിവില്ലാത്ത കിറുക്കന്മാരുടെ വട്ട് മാറില്ലല്ലോ. മാനസിക രോഗം ജനിതകമായതു കൊണ്ട് ഇന്നത്തെ അവസ്ഥയിൽ വാക്‌സിനേഷൻ ഫലം കാണുകയുമില്ല.
ഭൂരിപക്ഷം അരക്കിറുക്കന്മാർ ആയ സമൂഹത്തിൽ വട്ടില്ലാത്തവരുടെ കാര്യമാണ് കഷ്ടം! ഏകാധിപത്യ ഭരണാധികാരി എന്തു വിക്രാസുകൾ കാണിച്ചാലും അരവട്ടു ഭൂരിപക്ഷത്തിന് ഒന്നും അങ്ങോട്ട് മനസ്സിലാവില്ലല്ലോ! തലമുറകൾ കഴിയുമ്പോൾ വട്ടു മാറി വരുമ്പോൾ അവരിൽ ചിലർ ഈ വട്ടൻ തലമുറയുടെ ചരിത്രം പഠിച്ച് അഭിപ്രായങ്ങൾ പറയുമായിരിക്കാം!

No comments:
Post a Comment
Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.