ഇന്ത്യൻ ഭരണസംവിധാനത്തിന്റെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന ബ്യൂറോക്രസിയുടെ ഘടനയെയും അതിന്റെ കാര്യക്ഷമതയെയും കുറിച്ചുള്ള ചർച്ചകൾ ഇന്ന് മുൻപെന്നത്തേക്കാളും സജീവമാണ്. ഒരു വശത്ത് സാമൂഹിക നീതിയും പ്രാതിനിധ്യവും ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത, മറുവശത്ത് രാജ്യത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ കഴിവും കാര്യക്ഷമതയും. ഈ രണ്ട് തത്ത്വങ്ങളും തമ്മിലുള്ള വലിപ്പുമുറുക്കമാണ് പലപ്പോഴും നമ്മുടെ ഭരണരംഗത്തെ നിശ്ചലതയ്ക്ക് കാരണം.
ഓരോ വർഷവും കേന്ദ്ര പൊതുസേവന കമ്മീഷൻ (UPSC) നടത്തുന്ന കടുത്ത മത്സരപ്പരീക്ഷകളിലൂടെ ഏകദേശം നൂറ്റെൺപതോളം ഐ.എ.എസ് ഉദ്യോഗസ്ഥരെയും, ഇരുനൂറോളം ഐ.പി.എസ് ഉദ്യോഗസ്ഥരെയും, മുപ്പതിനും നാൽപ്പതിനും ഇടയിൽ ഐ.എ.എഫ്.എസ് ഉദ്യോഗസ്ഥരെയും നേരിട്ട് തിരഞ്ഞെടുക്കുന്നുണ്ട്. ഈ ഉന്നത പദവികളിലേക്ക് ആളുകളെ നിശ്ചയിക്കുന്നത് രണ്ട് വഴികളിലൂടെയാണ്. മൊത്തം ഒഴിവുകളുടെ മൂന്നിൽ രണ്ട് ഭാഗം (ഏകദേശം അറുപത്തിയാറ് ശതമാനത്തിലധികം) യു.പി.എസ്.സി പരീക്ഷ വഴി നേരിട്ട് തിരഞ്ഞെടുക്കുമ്പോൾ, ബാക്കി വരുന്ന മൂന്നിൽ ഒന്ന് ഭാഗം അതത് സംസ്ഥാന സർവീസുകളിൽ ഇരിക്കുന്ന മിടുക്കരായ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിലൂടെയാണ് നൽകുന്നത്. ഈ സ്ഥാനക്കയറ്റം കേവലം ഒരു സർക്കാർ ശുപാർശയിൽ മാത്രം അധിഷ്ഠിതമല്ല, മറിച്ച് യു.പി.എസ്.സിയുടെ കർശനമായ പരിശോധനകൾക്ക് ശേഷമാണ് ഇത് നടപ്പിലാകുന്നത്.
നേരിട്ടുള്ള ഈ നിയമനങ്ങളിൽ ജാതി, സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണ ക്രമം കൃത്യമായി പാലിക്കപ്പെടുന്നുണ്ട്. ഭരണഘടനാപരമായ വ്യവസ്ഥകൾ അനുസരിച്ച് പട്ടികജാതി വിഭാഗത്തിന് പതിനഞ്ച് ശതമാനവും, പട്ടികവർഗ്ഗ വിഭാഗത്തിന് ഏഴര ശതമാനവും സംവരണം മാറ്റിവെച്ചിരിക്കുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് (OBC) ഇരുപത്തിയേഴ് ശതമാനം സംവരണമുണ്ടെങ്കിലും അതിൽ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന 'ക്രീമിലെയർ' പരിധിക്ക് പുറത്തുള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. കൂടാതെ, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി (EWS) പത്ത് ശതമാനവും ഭിന്നശേഷിക്കാർക്കായി നാല് ശതമാനവും സംവരണം നിലവിലുണ്ട്. ബാക്കി വരുന്ന നാല്പത് ശതമാനത്തോളം സീറ്റുകൾ മാത്രമാണ് പൂർണ്ണമായും ഓപ്പൺ മെറിറ്റിനായി മാറ്റിവെച്ചിരിക്കുന്നത്. ഈ സംവരണം പ്രായപരിധിയിലും പരീക്ഷ എഴുതാനുള്ള അവസരങ്ങളിലും കട്ട്-ഓഫ് മാർക്കുകളിലും വലിയ ഇളവുകൾ നൽകുന്നു.
ആഗോളതലത്തിൽ നോക്കിയാൽ, ചൈനയിലെ 'ഗുവോകാവോ' പരീക്ഷ, ഫ്രാൻസിലെ ഉന്നത ബ്യൂറോക്രാറ്റുകളെ സൃഷ്ടിക്കുന്ന പുതിയ ഐ.എൻ.എസ്.പി സംവിധാനം, ബ്രിട്ടനിലെ 'ഫാസ്റ്റ് സ്ട്രീം' ശൈലി, ദക്ഷിണ കൊറിയയിലെ കടുത്ത മത്സരപ്പരീക്ഷകൾ എന്നിവയെല്ലാം കഴിവിനെ മാത്രം അടിസ്ഥാനമാക്കി ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതികളാണ്. എന്നാൽ വികസിത രാജ്യങ്ങളിൽ ഇന്ത്യയെപ്പോലെ കർശനമായ ഒരു 'ക്വാട്ടാ സിസ്റ്റം' പൊതുവേ കുറവാണ്. ഫ്രാൻസ് അവരുടെ ഉയർന്ന സിവിൽ സർവീസിലേക്ക് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ കൊണ്ടുവരാൻ പ്രത്യേക പരിശീലന പൂളുകൾ ഒരുക്കുമ്പോൾ, അമേരിക്ക 'അഫർമേറ്റീവ് ആക്ഷൻ' വഴി യോഗ്യതയുള്ളവരിൽ നിന്ന് വൈവിധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നു. ബ്രസീലിൽ മാത്രമാണ് ഇന്ത്യയോട് സാമ്യമുള്ള രീതിയിൽ വംശീയമായ ഇരുപത് ശതമാനം സംവരണം പരീക്ഷകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
ഇവിടെയാണ് ഏറ്റവും നിർണ്ണായകമായ ഒരു ചോദ്യം ഉയരുന്നത്: സാമൂഹിക നീതിക്ക് വേണ്ടി പദവികളും ആനുകൂല്യങ്ങളും നൽകുന്നത് മനസ്സിലാക്കാം, എന്നാൽ അതീവ ബുദ്ധിശക്തിയും സാങ്കേതിക വിജ്ഞാനവും ആവശ്യമായ ഉയർന്ന തലങ്ങളിൽ യോഗ്യതകളിൽ വിട്ടുവീഴ്ച ചെയ്യുന്നത് പരാജയം ചോദിച്ചു വാങ്ങുന്നതിന് തുല്യമല്ലേ? ഉശിരുള്ള കാളയെയും മുടന്തൻ കാളയെയും ഒന്നിച്ച് കെട്ടിയ ഒരു കാളവണ്ടി പോലെയാണ് ഒരേ പദവിയിൽ രണ്ട് വ്യത്യസ്ത യോഗ്യതാ നിലവാരത്തിലുള്ളവർ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥ. ഇത് ഭരണനിർവ്വഹണത്തിന്റെ വേഗതയെയും ഗുണനിലവാരത്തെയും ബാധിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരിക്കൽ ജോലിയിൽ പ്രവേശിച്ചാൽ പ്രകടന മികവ് നോക്കാതെ അറുപത് വയസ്സുവരെ ലഭിക്കുന്ന ജോലി സുരക്ഷിതത്വവും ചുവപ്പുനാടകളും ഈ പ്രതിസന്ധിയെ വീണ്ടും രൂക്ഷമാക്കുന്നു.
രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക നയരൂപീകരണം, ബഹിരാകാശ-ആണവോർജ്ജ ഗവേഷണം, സൈബർ സുരക്ഷ തുടങ്ങിയ അതീവ സുപ്രധാന മേഖലകളിൽ കഴിവിനും വിജ്ഞാനത്തിനും അല്ലാതെ മറ്റൊന്നിനും മുൻഗണന നൽകാൻ കഴിയില്ല. ചെറിയൊരു പാളിച്ച പോലും രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന ഇത്തരം പദവികളിൽ യോഗ്യതയുടെ അളവുകോലുകൾ താഴ്ത്തിക്കൊടുക്കുന്നത് വലിയ അബദ്ധമാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിൽ പോലും ഉയർന്ന ശാസ്ത്ര-സാങ്കേതിക തസ്തികകളെ ഒരു പരിധി വരെ സംവരണ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
വണ്ടി നേരെയും വേഗത്തിലും മുന്നോട്ട് പോകണമെങ്കിൽ രണ്ട് കാളകൾക്കും ഒരേ കരുത്തുണ്ടാകണം. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് തുടക്കത്തിലേ തന്നെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവും നൽകി അവരെ സ്വയം പ്രാപ്തരാക്കുകയാണ് വേണ്ടത്; അല്ലാതെ ഉയർന്ന തസ്തികകളിൽ യോഗ്യത കുറയ്ക്കുകയല്ല പരിഹാരം. ഇതിനൊപ്പം തന്നെ, പരമ്പരാഗത ബ്യൂറോക്രസിയുടെ പോരായ്മകൾ മറികടക്കാൻ പ്രൈവറ്റ് സെക്ടറിലെയും സാങ്കേതിക മേഖലയിലെയും അതിവിദഗ്ദ്ധരായ പ്രൊഫഷണലുകളെ നേരിട്ട് ഉയർന്ന പദവികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന 'ലാറ്ററൽ എൻട്രി' (Lateral Entry) പോലുള്ള പരിഷ്കാരങ്ങൾ കൂടുതൽ വ്യാപകമാക്കേണ്ടതുണ്ട്. കാര്യക്ഷമതയും പ്രതിഭയും മാത്രം മാനദണ്ഡമാകുന്ന ഒരു വ്യവസ്ഥിതിക്ക് മാത്രമേ ഭാരതത്തെ ഉന്നതിയിലേക്ക് നയിക്കാൻ സാധിക്കൂ.

No comments:
Post a Comment
Your comments are welcome. Express your opinions publicly, but responsibly. Comment moderation is applied and inappropriate comments do not get published.