Friday, January 20, 2012

അഴിമതി കുറയണമെങ്കില്‍ വേര് മുറിച്ചിട്ട് കാര്യമില്ല, മണ്ട ഉണക്കണം!

ചിന്തിക്കാന്‍ കഴിവുള്ളവരും, എന്നാല്‍ നിസ്സഹായരുമായ ലക്ഷോപലക്ഷം പൌരന്മാരുടെ മാതൃ രാജ്യമാണ് ഭാരത ദേശം. അങ്ങനെ പറഞ്ഞാല്‍ ചിന്തിക്കാന്‍ കഴിവില്ലാത്തവരും നിസ്സഹായാവസ്ഥയില്‍ അല്ലാത്തവരും ഇവിടില്ല എന്ന് അര്‍ത്ഥമാക്കരുത്.

അഴിമതിയില്‍ കുളിച്ചു മുങ്ങിയ ഒരു ദേശം. അങ്ങനെയാണ് ഇവിടുത്തുകാരും വിദേശികളും ഇന്ത്യയെന്ന ഭാരത വര്‍ഷത്തെ ഇപ്പോള്‍ വിലയിരുത്തുന്നത്. എല്ലാ ഇന്ത്യക്കാരും അഴിമതിക്കാരാണെന്ന് എന്നതല്ല അത് സൂചിപ്പിക്കുന്നത്.

കോഴ കൊടുക്കാതെ ഒരു കാര്യവും നേരെ ചൊവ്വേ നടക്കാത്ത ഭരണ സംവിധാനമുള്ള ഒരു മഹാ രാജ്യം.

 എന്നാല്‍ അത് കൊണ്ട് ഇവിടെ ഉള്ള എല്ലാവരും വലിയ ജീവിത പ്രതിസന്ധി നേരിടുന്നു എന്ന് പറഞ്ഞാല്‍ അതത്ര ശരിയാവില്ല.

ഉടുതുണിക്ക് മറു തുണി ഇല്ലാത്ത ദരിദ്ര ഭാരതീയരുടെ സംഖ്യ മറ്റു പല രാജ്യങ്ങളുടെ ജന സംഖ്യയുടെ പല മടങ്ങ് വരും. എന്നാല്‍ അവരും അവരുടേതായ രീതിയില്‍ ഇവിടെ ജീവിക്കുന്നു. മരിക്കുന്നു. ഒരു പക്ഷെ ജീവിക്കാതെ മരിക്കുന്നു.

എന്നാല്‍ അതുപോലെ തന്നെ ലക്ഷോപലക്ഷം ജന്മിമാരും പുതു പണക്കാരും മുതലാളിമാരും ഭരണക്കാരും രാഷ്ട്രീയക്കാരും അവരെ അനുകരിക്കാന്‍ വെമ്പുന്ന ഇടത്തരക്കാരും പണത്തില്‍ മുങ്ങി മതി മറന്നവരും ഇവിടുണ്ട്.

പണമില്ലെങ്കില്‍ വെറും പിണം എന്ന വിശാസം ഭാരതീയരില്‍ വര്‍ദ്ധിച്ചു വരുന്നു എന്നു തോന്നുന്ന തരത്തിലാണ് ഇന്ന് ഈ രാജ്യത്തിന്റെ സംസ്കാരം ചെന്ന് നില്‍ക്കുന്നത്.

ആ സംസ്കാരത്തിന് വളം വയ്ക്കുന്ന തരത്തിലാണ് ഇന്ന് ഇവിടത്തെ പല കാര്യങ്ങളും നീങ്ങുന്നത്.

അഴിമതിയും കോഴയും ശിക്ഷാര്‍ഹാമാണെങ്കിലും അതൊന്നും ആരും അത്ര കാര്യമായി എടുക്കുന്നില്ല എന്നു വേണമെങ്കില്‍ പറയാം.

പണം എങ്ങനെ വന്നാലും കയ്ക്കില്ല എന്ന മട്ട്. കട്ടിട്ടായാലും കുഴപ്പമില്ല. പിടുത്തം വരാതെ നോക്കിയാല്‍ മതി എന്ന ഒരു ധാരണ വലിയവരിലും ചെറിയവരിലും പടര്‍ന്നു പിടിച്ചിരിക്കുന്നു. കുറ്റം ആരോപിക്കപ്പെടുന്നവന്‍ കുറ്റവാളി അല്ല എന്ന് ആധികാരികമായി പറയുന്നവര്‍ ഈ രാജ്യത്തില്‍ ഉന്നത പദവികളില്‍ വിരാജിക്കുന്നു. അതുകൊണ്ട് തന്നെ കുറ്റകൃത്യം നടത്തി പോലീസ് പിടിയിലും ജയിലിലും ഒക്കെ ആയ വിദ്വാന്മാര്‍ക്കും ആരും അയിത്തം കല്‍പ്പിച്ചിട്ടില്ല.

ജനസേവനത്തിന് ഇറങ്ങിയ രാഷ്ട്രീയക്കാരും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും ഇത് ശരിയെന്നു കാണാന്‍ തുടങ്ങിയതോടെ ഭാരതം അഴിമതിയുടെയും കോഴയുടെയും ഈറ്റില്ലം ആയിക്കഴിഞ്ഞു എന്നു പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയാന്‍ വയ്യാത്ത ഒരു സ്ഥിതി ആയിരിക്കുന്നു. അങ്ങനെ അല്ലാത്തവരും അവിടവിടെയൊക്കെ കാണുമെങ്കില്‍ പോലും!

പണ്ടൊക്കെ നക്കാപ്പിച്ച കാശ് ശമ്പളം പറ്റുന്ന താഴേക്കിട ഉദ്യോഗസ്ഥര്‍ കൊച്ചു കൊച്ചു കാര്യങ്ങള്‍ക്ക് ഒന്നും രണ്ടും കോഴ വാങ്ങുന്നതായിരുന്നു അഴിമതി എന്നു സാദാ ജനം പറഞ്ഞിരുന്നത്. അന്ന് കോഴക്കാരെ കണ്ടു പിടിച്ചാല്‍ ശിക്ഷിക്കാനും ശാസിക്കാനും കോഴ വാങ്ങാത്ത മേലുദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നു.

എന്നാല്‍ ഇന്നതല്ല സ്ഥിതി. വേലി തന്നെ വിള തിന്നുന്ന ഒരു അവസ്ഥ.

അഴിമതിക്ക് ശാസിക്കാണോ ശിക്ഷിക്കാനോ സല്‍ഭരണം നടത്താനോ പറ്റാത്ത ഉന്നതര്‍ എല്ലായിടത്തും കയറിപ്പറ്റി ഇരിക്കുന്നുവെന്നു മാത്രമല്ല അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നവരും കുറവല്ലാത്ത ഒരു സ്ഥിതി വിശേഷം ഭാരതത്തില്‍ സംജാതമായിരിക്കുന്നുവെന്നു സംശയിക്കേണ്ടി ഇരിക്കുന്നു.

അങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു അണ്ണാ ഹസാരെ ഗാന്ധിയെ അനുകരിച്ചു പട്ടിണി സമരം നടത്തിയാ ഉടനെ ഒരു ഒറ്റമൂലി നിയമം നടപ്പായി ഈ അഴിമതി ആര്‍ഷ ഭാരതത്തില്‍ നിന്ന് എന്നെന്നേക്കുമായി തുടച്ചു മാറ്റാം കഴിയും എന്ന് കരുതുന്നത് വിഡ്ഢിത്തരമല്ലെമ്കിലും ബുദ്ധിപരമല്ല.

കോഴപ്പണമെന്ന വളം വലിച്ചു വേരുറച്ച ആ വന്‍ അഴിമതി വട മരത്തിന്റെ വേരുകള്‍ അവിടവിടെ ഇടക്കിടെ വെട്ടിയതുകൊണ്ട് ആ മരത്തിനോന്നും സംഭവിക്കാന്‍ പോകുന്നില്ല.

നമുക്ക് തണലായി ഈ മരം തന്നെ വേണ്ടെന്നു വച്ചാല്‍ അത് മൂടോടെ വെട്ടാന്‍ ഒരു പക്ഷെ നമുക്ക് തീരുമാനിക്കാന്‍ കഴിഞ്ഞെന്നു വരും.  അങ്ങനെ ആയാല്‍ ഈ വട വൃക്ഷത്തിന്‍റെ കായ്കള്‍ ഭക്ഷിച്ചു സുഭിക്ഷമായി കഴിയുന്ന വവ്വാലുകള്‍ അതിന്റെ കുരുക്കള്‍ എല്ലായിടത്തും വിതറി നാടൊക്കെ ഈ മരം പടര്‍ന്നു പന്തലിക്കുന്നത് തടയാന്‍ സാധിച്ചേക്കാം.

അഴിമതിയുടെ വേര് വെട്ടിക്കൊണ്ടിരിക്കാതെ മണ്ട ഉണക്കി ഉന്‍മൂല നാശം വരുത്താന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് ചിന്താ ശക്തി നശിച്ചിട്ടില്ലാത്ത ഇന്ത്യക്കാര്‍ ആലോചിക്കുന്നത് നന്നായിരിക്കും.

അതിനു കഴിയുന്നില്ലെങ്കില്‍ അഴിമതിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി അതിലെന്കിലും ലോക ജനതയ്ക്ക് മുമ്പില്‍ ഭാരതത്തെ ഉയര്‍ത്തി പിടിക്കാന്‍ ശ്രമിച്ചാലും മതിയായിരുന്നു !

[ലേഖകന്‍റെ ബ്ലോഗുകളുടെ ലിസ്റ്റ്‌ ഇവിടെ കാണുക ]

No comments:

Post a Comment

Your comments are welcome. Express your opinions publicly, but responsibly. Inappropriate comments promoting vulgarity or hate or spam will likely get deleted when noticed. As a step to promote responsible comments, commenting is restricted to registered users with effect from 12th December 2017.