സാധാരണ ഒരു മനുഷ്യര്‍ക്കും വിമര്‍ശനം നേരിടാന്‍ അത്ര എളുപ്പം കഴിയില്ല. ആരെങ്കിലും കുററം പറഞ്ഞാല്‍ പറഞ്ഞവനെ ഒതുക്കിയാലും വാശി തീരില്ല. കളിയാക്കിയാല്‍ അത് ഒട്ടും സുഖിക്കില്ല എന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ.
എന്‍റെ കാര്യത്തിലും ഇത് ഇങ്ങനെ തന്നെ ആയിരുന്നു കുറച്ചു നാള്‍ മുമ്പ് വരെ.
എന്‍റെ കുറവുകള്‍ ആരെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ എവിടെങ്കിലും വച്ചു ആരോടെങ്കിലും പറഞ്ഞെന്നിരിക്കട്ടെ. അത് ഞാന്‍ കേട്ടാല്‍ ആ പറഞ്ഞ ആളെ കൊല്ലാനുള്ള ദേഷ്യം വന്നിരിക്കും. സുഹൃത്താണ് പറഞ്ഞതെങ്കില്‍ ആ സുഹൃത്ത് ബന്ധം അതോടെ തീര്‍ന്നെന്നും ഇരിക്കും. ബന്ധു ജനങ്ങള്‍ ആരെങ്കിലും ആണെങ്കില്‍ വിഷമം വരും.
സ്ഥിതി പലരുടെയും ഇങ്ങനെ തന്നെ ആയതിനാല്‍ പരോക്ഷമായി കുററം പറയാനാണ് പലര്‍ക്കും താത്പര്യം. കുററം പറയുന്നതിനേക്കാള്‍ രസമുള്ള വേറൊരു കാര്യവും പലര്‍ക്കുമില്ല. സ്വന്തം കുററം കേള്‍ക്കെരുത് എന്നേയുള്ളൂ.
നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ പരസ്യമായി കുറ്റാരോപണങ്ങള്‍ ഉന്നയിക്കാനും നേരിടാനും ഉന്നത കഴിവ് നേടിയവര്‍ ആണെന്നാണ് പൊതുവെ ഉള്ള ധാരണ. അവരുടെ ആരോപണ പ്രത്യാരോപണ ലീലാ വിലാസങ്ങള്‍ പൊതുജനത്തെ അറിയിക്കുന്നതാണ് മാധ്യമങ്ങളുടെ പ്രധാന കടമ എന്ന് പൊതുവായി വിശ്വസിക്കപ്പെടുന്ന തരത്തില്‍ വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
എന്നാല്‍ നേതാക്കന്മാര്‍ ആരോപണങ്ങളെ കൂളായി എടുത്തു കളയും എന്ന് ധരിക്കരുത്. രാഷ്ട്രീയം എന്ന് പറയുന്നത് തന്നെ ആരോപണ പ്രത്യാരോപണ കലയാണ് എന്ന് നമ്മളൊക്കെ ധരിച്ചു വച്ചിരിക്കുമ്പോഴും ആ കലയില്‍ അതി പ്രാവീണ്യമുള്ള മഹാന്മാരും മഹതികളും കളിയാക്കലുകളെ വെറുതെ വിട്ടുകളയും എന്നും വിചാരിക്കരുത്.
അങ്ങ് കിഴക്ക് ഒരു ദേശത്തു ഒരു പ്രൊഫസര്‍ അങ്ങനെ കരുതിയത് അദ്ദേഹത്തിനു വലിയ വിനയായി.
പൊതുവെ ഇതാണ് സ്ഥിതി എന്നിരിക്കിലും വിമര്‍ശനവും കളിയാക്കലുകളും അറിയുന്നതും കേള്‍ക്കുന്നതും പലതുകൊണ്ടും നല്ലതാണെന്നാണ് എനിക്ക് കുറെ നാളായി മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു സത്യം.
പുറത്തെ ചൊറി കണ്ണാടിയില്‍ കാണാന്‍ പറ്റില്ലല്ലോ.
അത് മറ്റുള്ളവര്‍ക്കെ കാണാന്‍ പറ്റൂ. അത് കാണുന്നവര്‍ അത് പറഞ്ഞു തന്നാല്‍ അത് നമ്മുടെ കുററം തന്നെ ആണ് പറഞ്ഞത് എന്നാല്‍ തന്നെയും ചൊറി വ്രണമായി തീരുന്നതിനു മുമ്പ് നമുക്ക് അത് തടയാന്‍ സഹായകരമാകും എന്നത് മൂലം ഒരു ഉപകാരമായി കാണുന്നതല്ലേ ബുദ്ധി?
കടിച്ചു കീറുന്ന നായുടെ സ്വഭാവം എടുത്താല്‍ നഷ്ടം പലപ്പോഴും നായിക്കു തന്നെ ആയിരിക്കും.
ഏതായാലും കുററം പറച്ചിലും കളിയാക്കലുകളും രസിക്കാന്‍ ഞാന്‍ ഇപ്പൊ പഠിച്ചു കൊണ്ടിരിക്കുന്നു.
മിനക്കെട്ടു എന്‍റെ കുറ്റവും കുറവുകളും കാര്യമായും കളിയായും പറയാന്‍ ശ്രമിക്കുന്നവരാണ് ഒരു പക്ഷെ എന്‍റെ ഏറ്റവും അടുത്ത മിത്രങ്ങള്‍.
അങ്ങനെയുള്ളവര്‍ ചുറ്റും ഉണ്ടെങ്കില്‍ നിങ്ങള്‍ അതി ഭാഗ്യം ചെയ്തവരാണ് എന്നേ ഞാനിപ്പോ പറയൂ.
അവരുടെ സേവനം ഒന്ന് എന്‍ജോയ് ചെയ്യാന്‍ കഴിയുമോ എന്ന് നോക്കുക.
സാധിച്ചാല്‍ അത് ഒരു വലിയ ജീവിത വിജയത്തിന്റെ മുന്നോടി ആയി തീര്‍ന്നെന്നിരിക്കും.
എന്‍റെ അനുഭവം അതാണ്.
ജീവിത വിജയത്തിന്റെ ഒരു പുതിയ മേഖല.
പരീക്ഷിച്ചു നോക്കുക !
ആശംസകളോടെ,
രാജന്‍ സി മാത്യു
വിമര്‍ശനം സഹിക്കാന്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കഴിവ് കുറവാണ്.അതുമൂലം പൊള്ളയായ മുഖസ്തുതി അധികം ഇഷ്ടപ്പെടുന്നതും സ്ത്രീകളോ സ്ത്രീ സ്വഭാവക്കാരായ പുരുഷന്മാരോ ആയിരിക്കും. ഇത്തരക്കാര്‍ക്ക് ഒരിക്കലും വിമര്‍ശനം സഹിക്കാന്‍ പറ്റില്ല. വിമര്‍ശിക്കുന്നവരെയും കളിയാക്കുന്നവരെയും ഇത്തരം സ്ത്രീ സ്വഭാവക്കാര്‍ വെറുതെ വിടുമെന്നും വിചാരിക്കരുത്. അങ്ങനെയുള്ള ഒരു കഴിവ് വളര്‍ത്തി എടുക്കന്നതിലും നല്ലത് ചാവുന്നതാണ് എന്ന് പോലും അത്തരക്കാര്‍ പറഞ്ഞേക്കും.
ReplyDelete